തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണം; ഫ്രാന്‍സീസ് പാപ്പാ
തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണം; ഫ്രാന്‍സീസ് പാപ്പാ
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണമെന്ന് ഫ്രാന്‍സീസ് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിക്കുന്നു. സിനഡിന് മുന്നോടിയായി ഇറ്റലിയുടെ പലഭാഗങ്ങളിൽ നിന്ന് കാൽനടയായി തീർഥാടനയാത്ര നടത്തി വത്തിക്കാനിൽ എത്തിച്ചേർന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
തിന്മയെ ചെറുക്കാതിരിക്കുമ്പോള്‍ നാം തിന്മയെ നിശബ്ദമായി ഊട്ടിവളര്‍ത്തുകയാണ്. തിന്മയെ തള്ളിക്കളുയകയെന്നാല്‍ പ്രലോഭനങ്ങളോടും പാപത്തോടും സാത്താനോടും “ഇല്ല” എന്നു പറയുകയാണ്. സമൂര്‍ത്തമായിട്ടാണെങ്കില്‍ അതിനര്‍ത്ഥം മരണത്തിന്‍റെ സംസ്കാരത്തിനോടു “അരുത്” പറയലാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നല്ലക്രൈസ്തവനാകുന്നതിന് തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ മാത്രം പോരാ; നന്മയെ ഉള്‍ക്കൊള്ളുകയും നന്മചെയ്യുകയും വേണം. ചുരുക്കത്തിൽ, നന്മയുടെ വക്താക്കളാകുക. നന്മചെയ്യുന്നതില്‍ നായകരാകുവാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. അതിന്, തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ എല്ലാം ശരിയായി എന്നു കരുതരുത്; ചെയ്യാമായിരുന്ന നന്മ പ്രവര്‍ത്തിക്കാതിരിക്കുന്നവര്‍ തെറ്റുകാരാണ്. പകയില്ലാത്തതുകൊണ്ടായില്ല പൊറുക്കണം. വിദ്വേഷം പുലര്‍ത്താതിരുന്നാല്‍ പോരാ ശത്രുക്കള്‍ക്കായി പ്രാര്‍ത്ഥിക്കണം. പിളര്‍പ്പിന് കാരണമാകാതിരുന്നാല്‍പ്പോരാ, അശാന്തിയുള്ളിടത്ത് ശാന്തി കൊണ്ടുവരണം. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാതിരുന്നാല്‍ പോരാ മറിച്ച് പരദൂഷണം കേള്‍ക്കുമ്പോള്‍ അതിനു തടയിടാന്‍ കഴിയണം. ജല്പനങ്ങള്‍ തടയുക. അത് നന്മ പ്രവര്‍ത്തിക്കലാണ്. തെറ്റിനെ എതിര്‍ത്തില്ലെങ്കില്‍ നാം അതിനെ നിശബ്ദമായി ഊട്ടിവളര്‍ത്തുകയാണ്. തിന്മ പടരുന്നിടത്ത് ഇടപെടേണ്ടത് ആവശ്യമാണ്. തിന്മയെ ചെറുക്കുന്ന ധീരരായ ക്രൈസ്തവരുടെ അഭാവമുള്ളിടത്താണ് തിന്മ പടരുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പരിശുദ്ധ പിതാവ് യുവജനങ്ങളോടുള്ള അഭിസംബോധന അവസാനിപ്പിച്ചത് ഇങ്ങനെയാണ് :
പ്രിയ യുവജനമേ, ഈ ദിനങ്ങളില്‍ നിങ്ങള്‍ ഏറെ സഞ്ചരിച്ചു. സ്നേഹത്തില്‍ നീങ്ങാന്‍ നിങ്ങള്‍ പരിശീലനം നേടിക്കഴിഞ്ഞു. നിങ്ങള്‍ ഉപവിയില്‍ ചരിക്കുക. “യുവജനങ്ങളും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ അടുത്ത സമ്മേനത്തിലേക്ക് നാം നടന്നടുക്കുകയാണ്. ”തിന്മയോടു വിസ്സമതവും നന്മയോടു സമ്മതവും പറയാന്‍ പരിശുദ്ധ കന്യകാമറിയം അവളുടെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്താല്‍ നമ്മെ സഹായിക്കട്ടെ.