Categories: Meditation

5th Sunday_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ഭൂതകാലത്തെ ഇരുളടഞ്ഞ താളുകളിലും ഇന്നനുഭവിക്കുന്ന തോൽവികളുടെ മുൻപിലും പകച്ചു നിൽക്കരുത്...

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ് പകർന്നു നൽകുന്നത്. “നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്” (v.14). നിങ്ങളും പ്രകാശമാണ്. അതെ, മനുഷ്യന്റെയും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന്.

നിങ്ങൾ വെളിച്ചമാകാൻ പരിശ്രമിക്കണം എന്നല്ല യേശു പറയുന്നത്. ഇതിനകംതന്നെ നിങ്ങൾ വെളിച്ചമാണെന്നാണ്. വെളിച്ചം ഒരു കടമയാണോ? അല്ല. ദൈവം നിശ്വാസമായി മാറുന്നവരിലുള്ള സ്വാഭാവികതയാണത്. നിഗൂഢവും ശാലീനവും വൈകാരികവുമായ ഏതോ തലത്തിൽ ദൈവത്തെ ഉള്ളിൽ വഹിക്കുന്ന നമ്മളും വെളിച്ചത്തിൽ നിന്നുള്ള വെളിച്ചമാണെന്നാണ് സുവിശേഷം ഉറപ്പ് നൽകുന്നത്. അത് അനുദിനമെന്നോണം വിശ്വാസപ്രമാണത്തിൽ നമ്മൾ ഏറ്റു പറയുന്നുമുണ്ട്: Deum de Deo, lumen de lúmine (ദൈവത്തിൽ നിന്നുള്ള ദൈവം, പ്രകാശത്തിൽ നിന്നുള്ള പ്രകാശം).

നമ്മൾ വെളിച്ചമോ ഉപ്പോ അല്ല എന്ന കാര്യം അനുഭവത്തിലൂടെ നമുക്കറിയാം. എന്നിട്ടും സുവിശേഷം നമ്മെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്താണ് അത് നമ്മോട് പറയുന്നത്? ഉപരിതലത്തിലെ കാഴ്ചകളിലോ തൊലിപുറത്തെ അനുഭൂതികളിലോ ഒതുങ്ങി നിൽക്കരുത്. ആഴത്തിലേക്ക്, ഹൃദയത്തിന്റെ രഹസ്യകോശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നമുക്ക് സാധിക്കണം. അവിടെ ഒത്ത നടുവിൽ കത്തുന്ന ഒരു ചെരാതും ഒരു പിടി ഉപ്പും കാണാൻ കഴിയും. ശുദ്ധമായ കൃപയാണത്. പൊങ്ങച്ചമല്ല ആ വിളക്കും ഉപ്പ് തരികളും, ഉത്തരവാദിത്തമാണ്.

“നിങ്ങളാണ് പ്രകാശം”. ഞാനോ നീയോ അല്ല, നിങ്ങളാണ്. നോക്കുക, ബഹുവചനമാണിത്. ഞാനും നീയും പരസ്പരം കണ്ടുമുട്ടുമ്പോൾ, നമ്മൾ പരസ്പരം സ്നേഹിക്കുമ്പോഴാണ് ജീവിതത്തിന്റെ തേജസും രസവും സംരക്ഷിക്കപ്പെടുന്നത്. ഒറ്റയ്ക്ക് കത്തുന്ന സൂര്യനല്ല നമ്മൾ. സൂര്യനിൽ ആശ്രയിക്കുന്ന കുഞ്ഞു നക്ഷത്രങ്ങളാണ്. സഹജബോധമില്ലെങ്കിൽ ഈ കുഞ്ഞു നക്ഷത്രങ്ങൾ മെല്ലെമെല്ലെ തമോഗർത്തങ്ങളായി മാറും. അവ പിന്നീട് തമസ്സുമാത്രം പ്രസരിപ്പിച്ച് ജീവിതത്തിന്റെ രസം മുഴുവൻ തല്ലിക്കെടുത്തും.

എങ്ങനെയാണ് നമ്മൾ പീഠത്തിന്മേൽ വിളക്കു കൊളുത്തി വയ്ക്കേണ്ടത്? അതിനുത്തരം ഏശയ്യാ പ്രവാചകൻ നൽകുന്നുണ്ട്: “വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുക. അപ്പോൾ, നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും” (58:10). ഭൂതകാലത്തെ ഇരുളടഞ്ഞ താളുകളിലും ഇന്നനുഭവിക്കുന്ന തോൽവികളുടെ മുൻപിലും പകച്ചു നിൽക്കരുത്. നിന്റെ ഇടതും വലതും ഉള്ളവരുടെ ജീവിതത്തിലേക്ക് നന്മയായി ഇറങ്ങിച്ചെല്ലുക. അവർക്ക് നിന്റെ ഉള്ളിലെ പ്രകാശം പകർന്നു കൊടുക്കുക. അപ്പോൾ നിന്നിലെ കനലുകൾ ആളിക്കത്തും. വാക്കുകൊണ്ടും നോട്ടം കൊണ്ടും ചിന്തകൊണ്ടും മറ്റുള്ളവരെ സുഖപ്പെടുത്തുക, അപ്പോൾ നിന്റെ ജീവിതവും സുഖപ്പെടും.

“നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” (v.13). ഉപ്പ്: സൂര്യന്റെ തീക്ഷ്ണമായ വിളിയോട് കടൽ ജലം നൽകുന്ന മറുപടിയുടെ പ്രതിഫലനമാണത്. അനന്തമായ ദിവ്യ പ്രകാശം നമ്മെ തീക്ഷ്ണമായി ആകർഷിക്കുമ്പോൾ നമ്മിൽ സംഭവിക്കുന്ന ആൽക്കെമിയാണ് ഉപ്പുരസം. ഉപ്പ് അടച്ചുവയ്ക്കാനുള്ളതല്ല. അത് ഭക്ഷണമേശയിലേക്ക് ഇറങ്ങണം, ഭക്ഷണത്തിൽ അലിഞ്ഞുചേരണം, സ്വയം നൽകണം.

ഉപ്പ് സ്വാദ് നൽകുന്നു. സ്വാദ് അഥവാ രസം അറിവാണ്. അതുകൊണ്ടാണ് പൗലോസപ്പോസ്തലൻ “ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു” എന്നു പറയുന്നത് (1 കോറി 2:2). ക്രിസ്തുവിന്റെ രുചിയാണ് ഈ അറിവ്. ഉപ്പു പോലെ ക്രിസ്തു നമ്മുടെ ഉള്ളിൽ അലിഞ്ഞുചേരുമ്പോൾ മാത്രമേ നമുക്ക് അത് മനസ്സിലാകൂ. ആ സ്വാദ് പിന്നീട് നമ്മുടെ അഭിരുചിയായി മാറും. അപ്പോൾ നമുക്ക് അപ്പം പോലെ മുറിക്കപ്പെടാൻ സാധിക്കും. ജീവിതത്തിന്റെ എല്ലാ ഇഴകളിലേക്കും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ചിന്തകൊണ്ടും തുളച്ചുകയറാൻ സാധിക്കും. എന്നിട്ട് അവിടെ നമ്മൾ ക്രിസ്തുവിന്റെ സ്വാദായി മാറും.

ഉപ്പ് സംരക്ഷണത്തിന്റെ കൂടി പ്രതീകമാണ്. “നിങ്ങൾ ലോകത്തിന്റെ തേനാണ്” എന്ന് യേശു പറയുന്നില്ല. എല്ലാവരെയും സുഖിപ്പിക്കണം എന്നല്ല യേശു പറയുന്നത്. എല്ലാവർക്കും സ്വീകാര്യനാകണം എന്നുമല്ല. ഉപ്പ് ഒരു ശക്തിയാണ്. നമ്മുടെ തിരഞ്ഞെടുപ്പുകളിലേക്ക് തുളച്ചുകയറേണ്ട സഹജവാസനയുടെ പ്രതീകമാണത്. ഈയൊരു സഹജവാസന ഉണ്ടെങ്കിൽ മാത്രമേ തകർന്നുകൊണ്ടിരിക്കുന്ന ധാർമിക മൂല്യങ്ങളുടെ മുമ്പിൽ എതിർപ്പിന്റെ സ്വരമായി നിൽക്കാൻ സാധിക്കു, മൗലീകമായ നന്മകളെ സംരക്ഷിക്കാനും സാധിക്കു. ഹൃദയനൈർമല്യത്തെ തകർക്കുന്ന കപടസദാചാരങ്ങളെ ഇല്ലാതാക്കാനും സാധിക്കു.

vox_editor

Recent Posts

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…

4 days ago

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

  വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…

1 week ago

4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം

സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…

1 week ago

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…

2 weeks ago

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

3 weeks ago