5th Sunday of Easter_Year A_പ്രശ്നങ്ങളുള്ള ഇടവക
ഒരു ഇടവകയിലെ വ്യത്യസ്ത സംസ്കാര പാരമ്പര്യങ്ങളെ എങ്ങനെയാണ് കാത്തുസൂക്ഷിക്കേണ്ടതെന്ന് നാം പഠിക്കുന്നു...
പെസഹാ കാലം അഞ്ചാം ഞായർ
ഒന്നാം വായന: അപ്പൊ.പ്രവ. 6:1-7
രണ്ടാം വായന: 2 പത്രോസ് 2 :4-9
സുവിശേഷം: വി.യോഹന്നാൻ 14:1-12.
വചന വിചിന്തനം
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശു തന്റെ പീഡാസഹനത്തിനും, മരണത്തിനും, ഉത്ഥാനത്തിനും മുൻപ് ശിഷ്യന്മാരോട് നടത്തുന്ന “വിടവാങ്ങൽ” പ്രസംഗത്തിന്റെ ആദ്യഭാഗമാണ് നാം ഇന്നത്തെ സുവിശേഷത്തിൽ ശ്രവിക്കുന്നത്. ഈ സുവിശേഷം ഭാഗത്തെ നമുക്ക് വിചിന്തന വിധേയമാക്കാം.
1) നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ
എന്തുകൊണ്ടാകണം ശിഷ്യന്മാരുടെ ഹൃദയം അസ്വസ്ഥമാക്കുന്നത്? ശിഷ്യന്മാർ യേശുവിന്റെ സഹനവും, മരണവും കാണാൻ പോവുകയാണ്. മനുഷ്യനായി അവതരിച്ച യേശുവിന്റെ സംരക്ഷണയിലും സാന്നിധ്യത്തിലും ഇത്രയും കാലം കഴിഞ്ഞവർ, ഇനി ഉത്ഥിതനായ യേശുവിനെ തിരിച്ചറിയേണ്ട സാഹചര്യത്തിലേക്ക് പോവുകയാണ്. ഇത്തരം സംഭവങ്ങളും ജീവിതാനുഭവങ്ങളും അവരുടെ ഹൃദയത്തിൽ ഭയം വിതയ്ക്കും എന്ന് തീർച്ചയാണ്. അതോടൊപ്പം ആദിമസഭയിലെ ജീവിതവുമായി ഇതിന് ബന്ധമുണ്ട്. ആദിമ സഭയിലെ വിശ്വാസികൾ പീഡനവും, ഞെരുക്കവും അനുഭവിച്ചു. പലവിധ സാമൂഹ്യ സമ്മർദ്ദങ്ങളെയും നേരിടേണ്ടിവന്നു. അവരുടെ വിശ്വാസം വെല്ലുവിളിക്കപ്പെട്ടു. ഈ രണ്ടു യാഥാർത്ഥ്യങ്ങളിൽ നിന്നും ഒരു കാര്യം നമുക്ക് മനസ്സിലാക്കാം; യേശുവിൽ വിശ്വസിക്കുന്നതിനെ പ്രതി നമുക്ക് ഞെരുക്കങ്ങൾ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിന്റെയും ജീവന്റെയും നിലനിൽപിനെ പ്രതികൂലമായി ബാധിക്കുന്ന, നമ്മെ സമ്മർദ്ദത്തിലാക്കുന്ന സംഭവവികാസങ്ങൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ, ഇന്ന് നമ്മുടെ ജീവനും ലോകത്തിനും ഭീഷണിയാകുന്ന മഹാമാരി പടരുമ്പോൾ, യേശു നമ്മോടു പറയുകയാണ്: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.
2) വഴിയും സത്യവും ജീവനും ഞാനാണ്
ശിഷ്യന്മാരെ ആശ്വസിപ്പിച്ചതിനുശേഷം അവർക്കും (നമുക്കും) യേശു ഉറപ്പു നൽകുകയാണ്.
ഒന്നാമത്തെ ഉറപ്പ്; “എന്റെ പിതാവിന്റെ ഭവനത്തിൽ ധാരാളം വാസസ്ഥലങ്ങൾ ഉണ്ട്”.
രണ്ടാമത്തെ ഉറപ്പ്; “ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന്, ഞാൻ വീണ്ടും വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകും”.
ദൈവപിതാവിന്റെ പക്കൽ നിന്ന് നമുക്ക് ലഭിക്കുന്ന ഉറപ്പുകളെ യേശു വെളിപ്പെടുത്തിയപ്പോൾ, തോമസ് അപ്പോസ്തലന് ആ വാസസ്ഥലത്തേക്കുള്ള. വഴിയെക്കുറിച്ച് സംശയമായി: “കർത്താവേ നീ എവിടേക്ക് പോകുന്നു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും” എന്ന തോമസിന്റെ സംശയത്തിന് “വഴിയും, സത്യവും, ജീവനും ഞാനാണ് എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്ന് യേശു ഉത്തരം നൽകുന്നു.
അതോടൊപ്പം പീലിപ്പോസ് ദൈവത്തെ കാണാനുള്ള അതിയായ ആഗ്രഹം മൂലം “കർത്താവേ പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരിക, ഞങ്ങൾക്ക് അതു മതി” എന്ന് യേശുവിനോട് ആവശ്യപ്പെടുമ്പോൾ “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു” എന്ന മറുപടി നൽകിക്കൊണ്ട് പിതാവായ ദൈവത്തിന്റെ മുഖമാണ് പുത്രനായ യേശുവെന്ന് വെളിപ്പെടുത്തുന്നു.
‘യേശു ആരാണ്’ എന്ന ചോദ്യം യേശുവിന്റെ ഉത്ഥാനാനന്തര ദിനം മുതൽ ഇന്നുവരെ വ്യത്യസ്ത തലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഓരോരുത്തരും അവരുടെ അറിവുകൾക്കും അഭിരുചിക്കും അനുസരിച്ച് യേശുവിനെ ചിത്രീകരിക്കാറുണ്ട്. എന്നാൽ വി.യോഹന്നാൻ യേശുവിന്റെ വാക്കുകളിലൂടെ തന്നെ ആധികാരികമായി യേശുആരാണെന്ന് പ്രഖ്യാപിക്കുകയാണ്. നമുക്കും വിശ്വാസ തലത്തിലും, പ്രത്യേകിച്ച് ബൗദ്ധിക തലത്തിലും യേശു ആരാണ് എന്ന സന്ദേഹം ഉണ്ടാകുമ്പോൾ ഈ തിരുവചനങ്ങളെ ഓർമ്മിക്കാം.
ഒന്നാം വായന
സഭയിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടായിട്ടുണ്ട്. ചരിത്രത്തിൽ സഭ പലവിധത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലെ മാറ്റങ്ങൾക്കും അതിന്റേതായ കാരണങ്ങളുമുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുന്നതും അത്തരത്തിലുള്ള ഒരു മാറ്റമാണ്. ആദിമസഭയിൽ ശിഷ്യരുടെ സംഖ്യ വർദ്ധിച്ചപ്പോൾ, പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഹെബ്രായർക്ക് എതിരെ പിറുപിറുക്കുന്നു. അതുകൊണ്ട് അപ്പോസ്തലന്മാർ സഭയിൽ ആദ്യമായി ഡീക്കന്മാരെ തിരഞ്ഞെടുക്കുകയാണ്.
ഇന്നത്തെ ഒന്നാം വായനയിൽ നിന്ന് നമുക്ക് പല പാഠങ്ങളും പഠിക്കാനുണ്ട്:
1) ആദ്യ മാറ്റം വരുന്നത് ഒരു പ്രതിസന്ധിയിലൂടെയാണ്. എന്നാൽ പ്രതിസന്ധിയല്ല, മറിച്ച് ‘അപ്പോസ്തലന്മാർ ഈ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്തു’ എന്നതാണ് പ്രധാനം.
2) സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും വച്ച് പ്രാർഥനയ്ക്കും, വചന ശുശ്രൂഷയ്ക്കും അപ്പോസ്തലന്മാർ പ്രഥമ സ്ഥാനം നൽകി.
3) ഇടവക സമൂഹത്തിൽ എങ്ങനെയാണ് ഒരു പ്രവർത്തന ഗ്രൂപ്പിനെ രൂപീകരിക്കേണ്ടത് എന്ന് പഠിപ്പിക്കുന്നു. ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നത് ഈ തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരും ഗ്രീക്ക് നാമധാരികൾ ആണ്. കാരണം ഗ്രീക്ക് വിധവകൾ അവഗണിക്കപ്പെടുന്നു എന്നാണ് അവിടെ പരാതി. പരാതിക്കാരും ഗ്രീക്കുകാരാണ്.
4) ഒരു ഇടവകയിലെ ഭൂരിപക്ഷം (യഹൂദ ക്രിസ്ത്യാനികൾ) ന്യൂനപക്ഷത്തോട് (ഗ്രീക്ക് ക്രിസ്ത്യാനികൾ) എങ്ങനെയാണ് പെരുമാറേണ്ടതെന്ന് നാം പഠിക്കുന്നു.
5) ഒരു ഇടവകയിലെ വ്യത്യസ്ത സംസ്കാര പാരമ്പര്യങ്ങളെ എങ്ങനെയാണ് കാത്തുസൂക്ഷിക്കേണ്ടതെന്ന് നാം പഠിക്കുന്നു.
6) സഭയിലെ ഉപവി പ്രവർത്തികളുടെ (charity) പ്രാധാന്യത്തെക്കുറിച്ചും, അതെങ്ങനെയാണ് നിർവഹിക്കപ്പെട്ടതെന്നും നാം പഠിക്കുന്നു. പ്രാർഥനയും, വചന ശുശ്രൂഷയും, അതോടൊപ്പം ജീവകാരുണ്യ പ്രവർത്തികളും സഭയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. സഭയെ സമൂഹം തിരിച്ചറിയുന്നതും ഇതിലൂടെയാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ നമ്മുടെ പ്രാർത്ഥനകൾ ഗാർഹിക സഭയിലേക്ക് ഒതുങ്ങിയപ്പോൾ സമൂഹത്തിന് നാം നൽകുന്ന ജീവകാരുണ്യ പ്രവർത്തികൾക്ക് വലിയ പ്രാധാന്യം കൈവന്നു.
വഴിയും സത്യവും ജീവനുമായ, പിതാവായ ദൈവത്തിന്റെ മുഖമായ യേശുവിൽ വിശ്വസിച്ചു കൊണ്ട് നമ്മുടെ വിശ്വാസ ജീവിതം നമുക്ക് മുന്നോട്ടു കൊണ്ടുപോകാം. നമ്മുടെ വിശ്വാസ കൂട്ടായ്മയിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, അപ്പോസ്തലന്മാർ ആദിമസഭയിലെ പ്രതിസന്ധി പരിഹരിച്ച രീതി നമുക്ക് മാതൃകയാക്കാം.
ആമേൻ.