4th Sunday of Easter_Year A_കർത്താവാണ് എന്റെ ഇടയൻ
Bios (ബിയോസ്)- Psyche (സൈക്കോ) എന്നീ തലത്തിലുള്ള ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് സിവിൽ ഭരണാധികാരികളുടെ കടമയാണ്...
പെസഹാകാലം നാലാം ഞായർ
ഒന്നാം വായന: അപ്പോ.പ്രവ. 2:14a,36-41
രണ്ടാം വായന: 1പത്രോസ് 2:20-25
സുവിശേഷം: വി.യോഹന്നാൻ 10:1-10
വചന വിചിന്തനം
ദൈവവിളി ഞായർ ആഘോഷിക്കുന്ന ഇന്ന് ‘നല്ലിടയന്റെ സുവിശേഷ’മാണ് നാം ശ്രവിക്കുക. യേശുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിലൂടെ വിശുദ്ധ യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നു. നസറത്തുകാരനായ യേശു ആരാണ്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷം.
പ്രധാനപ്പെട്ട മൂന്ന് വസ്തുതകൾ നമുക്കീ തിരുവചനങ്ങളിൽ ശ്രദ്ധിക്കാം:
1) എന്താണ് നല്ലിടയനായ യേശു ചെയ്യുന്നത്?
അവൻ ആടുകളെ ഒരുമിച്ചു കൂടുന്നു, സംരക്ഷിക്കുന്നു (യോഹ.11:18)
2) എന്തിനുവേണ്ടിയാണ് യേശു അപ്രകാരം ചെയ്യുന്നത്?
ആടുകൾക്ക് ജീവൻ ഉണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകാനും വേണ്ടിയാണ്.
3) എങ്ങനെയാണ് യേശു മറ്റുള്ളവർക്ക് ജീവൻ നൽകുന്നത്?
തന്റെ സ്വന്തം ജീവിതം ബലിയായി നൽകിക്കൊണ്ടാണ് തന്നിൽ വിശ്വസിക്കുന്നവർക്ക് യേശു ജീവൻ സമർത്ഥമായി നൽകുന്നത്.
ഇന്നത്തെ സുവിശേഷത്തിലെ അവസാന വാക്യം “ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവൻ ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്”. ‘ജീവൻ’ എന്ന വാക്കു കൊണ്ട് ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത്? ബൈബിളിൽ ‘ജീവൻ’ എന്ന മലയാളം വാക്കിന് ഗ്രീക്ക് മൂല പദത്തിൽ നിന്ന് മൂന്ന് വ്യത്യസ്ത വാക്കുകൾ ഉപയോഗിക്കുന്നു.
1) Bios (ബിയോസ്) എന്ന ഗ്രീക്ക് വാക്ക് പ്രധാനമായും ശാരീരിക ജീവനെ കുറിക്കാൻ ഉപയോഗിക്കുന്നു. (വി.ലൂക്കാ 8:14).
2) Psyche (സൈക്കേ) എന്ന വാക്ക് മാനസികമായ ജീവനെ (ജീവിതത്തെ) കുറിക്കുന്നു. ബുദ്ധി, വികാരം, മനസ്സ് ഇതെല്ലാം ഈ വാക്ക് കൊണ്ട് അർത്ഥമാക്കാം (വി.മത്തായി 16 :25).
3) Zoe (സ്സോയെ) ഈ വാക്ക് നിത്യമായ, ദൈവീകമായ ജീവനെ കുറിക്കുന്നു (വി.യോഹന്നാൻ 10:10,1:4). നാമിന്ന് ശ്രവിച്ച സുവിശേഷത്തിൽ ജീവൻ എന്ന വാക്കിന് Zoe (സ്സോയെ) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് യേശു ഇവിടെ ദൈവീക നിത്യജീവനെ കുറിച്ചാണ് പറയുന്നത്.
നാം നമ്മുടെ അമ്മയുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെട്ട് ഒരു ശിശുവായി ജനിക്കുമ്പോൾ, നമുക്ക് Bios (ബിയോസ്)- Psyche (സൈക്കോ) ജീവനുണ്ട്. എന്നാൽ ജ്ഞാനസ്നാനത്തിലൂടെയും, യേശുവിൽ വിശ്വസിക്കുന്നതിലൂടെയുമാണ് നാം Zoe (സ്സോയെ) അഥവാ ദൈവീക നിത്യജീവൻ പങ്കാളിയാകുന്നത്.
ഈ കൊറോണാ കാലത്ത് നാം നമ്മുടെ മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി കൊണ്ട്, സിവിൽ മേലധികാരികൾ നൽകിയ നിയന്ത്രണങ്ങളെ സ്വീകരിക്കാൻ കാരണം – Bios (ബിയോസ്)- Psyche (സൈക്കോ) എന്നീ തലത്തിലുള്ള ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് സിവിൽ ഭരണാധികാരികളുടെ കടമ ആയതുകൊണ്ടാണ്. അതോടൊപ്പം Zoe (സ്സോയെ) അഥവാ വിശ്വാസികളുടെ ദൈവിക ജീവൻ സംരക്ഷിക്കേണ്ടതിന്റെ കടമ തിരുസഭയ്ക്കാണ്. അതുകൊണ്ടുതന്നെ സഭയുടെ നിർദ്ദേശാനുസരണം നമ്മുടെ ഭാവങ്ങളെ ഗാർഹികസഭയാക്കി മാറ്റി നമ്മുടെ വിശ്വാസ ജീവിതം ശക്തിയുത്തം മുന്നോട്ടു കൊണ്ടുപോകണമെന്ന് പറയുന്നത്.
യേശു പറയുന്ന സമൃദ്ധമായ ദൈവീക ജീവൻ നമുക്ക് ഉണ്ടാകാൻ ഇന്നത്തെ സുവിശേഷത്തിൽ നിന്ന് മൂന്നു കാര്യങ്ങൾ നമുക്ക് പഠിക്കാം:
1) യേശുവാകുന്ന വാതിലിലൂടെ കടന്നുപോകുക
വാതിൽ ഒരു ഭവനത്തിന് എത്ര സുപ്രധാനമാണെന്ന് നമുക്കറിയാം. ഒരു വാതിൽ പോലുമില്ലാത്ത ഭവനം ഉപയോഗശൂന്യമാണ്. വാതിൽ ഭനത്തിനുള്ളിലെ സുരക്ഷയിലേയ്ക്കും, സംരക്ഷണത്തിലേയ്ക്കും, വ്യക്തിസ്വാതന്ത്ര്യത്തിലേക്കും പ്രവേശിക്കാൻ നമ്മെ സഹായിക്കുന്നു. അതുപോലെ തന്നെ പുതിയ സാധ്യതകളിലേക്കും, മറ്റുള്ളവരിലേക്കും, പുറത്തേക്കും എത്താൻ വാതിൽ ഉപയോഗിക്കുന്നു. യേശുവിനെ നമ്മുടെ ജീവിതമാകുന്ന ഭവനത്തിന്റെ വാതിൽ ആക്കുക. നമ്മുടെ ഓരോ ചിന്തകളും, പ്രവർത്തികളും, ദിനങ്ങളും യേശുവാക്കുന്ന വാതിലിലൂടെ കടത്തിവിടുക. അവന്റെ വചനങ്ങളിലൂടെ നമ്മുടെ ചിന്തകളെ ശുദ്ധീകരിക്കുക. അപ്പോൾ നമ്മുടെ ജീവിതത്തിലും നാം സംരക്ഷണവും, സ്വാതന്ത്ര്യവും, സാധ്യതകളും, സുരക്ഷിതത്വം അനുഭവിക്കും. കള്ളനും കൊള്ളക്കാരനും നമ്മുടെ ജീവിതത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല.
2) യേശു എന്ന ഇടയനുമായുള്ള ബന്ധം എന്നെ മറ്റൊരു ഇടയനാക്കി മാറ്റുന്നു
യേശുവിന്റെ കാലത്ത് ആടുകളെ നോക്കുന്ന ജോലി വളരെ സുപ്രധാനമായ ജോലിയാണ്, കാരണം ആടുകളാണ് അവരുടെ സമ്പത്ത്. ഇടയ ധർമ്മത്തെക്കുറിച്ച് ഓരോ ഇടയനും ബോധവാന്മാരായിരുന്നു. യേശുവിനെ ഇടയനായി സ്വീകരിക്കുമ്പോൾ നാം രണ്ടു തലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഒന്ന്, നാം യേശുവിന്റെ ആടാണ്, അതോടൊപ്പം എന്റെ കുടുംബത്തിലും, സമൂഹത്തിലും, എന്റെ സഹോദരനും ഞാൻ ഇടയനാണ്. രണ്ട്, അവരെ ഭരിക്കാനല്ല, മറിച്ച് അവരെ ശ്രദ്ധിക്കാനും, പരിപാലിക്കാനും, സംരക്ഷിക്കാനും, മനസ്സിലാക്കാനുള്ള ചുമതല എനിക്കുണ്ട്.
3) സ്വന്തം പേരറിയുക, വിളിക്കുമ്പോൾ ശ്രദ്ധിക്കുക, പിൻചെല്ലുക
ഒരു വ്യക്തിയുടെ പേരിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം. ഒരു പേരിന് പുറകിലുള്ളത് വ്യക്തിത്വം തന്നെയാണ്. അതുകൊണ്ടാണ് ഒരു പേര് കേൾക്കുമ്പോൾ ആ വ്യക്തിയെയും, ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ പറയുമ്പോൾ അയാളുടെ പേരും ഓർമ്മവരുന്നത്. നമ്മുടെ ജീവിതവും പേരും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ദൈവവിളി ഞായർ ആചരിക്കുമ്പോൾ നമുക്ക് നമ്മുടെ സ്വന്തം പേരും, നമ്മുടെ ജീവിതവും ഓർമ്മിക്കാം. സ്വന്തം പേര് അറിയുക എന്നാൽ, സ്വന്തം ജീവിതത്തെക്കുറിച്ചും വിളിയെ കുറിച്ചും ബോധവാന്മാരാക്കുക എന്നാണ്. സ്വന്തം പേര് അറിയുന്നവനേ, ആ പേര് വിളിക്കുമ്പോൾ അത് ശ്രദ്ധിക്കാനും, ആ വിളിക്ക് മറുപടി കൊടുക്കാനും സാധിക്കുകയുള്ളൂ. സ്വന്തം ജീവിതം അറിയുന്നവനേ, യേശു വിളിക്കുമ്പോൾ ശ്രദ്ധിക്കാനും, യേശുവിനെ പിന്തുടരാനും സാധിക്കുകയുള്ളൂ. നമുക്കും നമ്മുടെ പേരിനെക്കുറിച്ച് – പേരിലൂടെ നാം നയിക്കുന്ന ജീവിതത്തെക്കുറിച്ച് ബോധവാന്മാരാകാം. യേശു നമ്മെ പേരുചൊല്ലി വിളിക്കുമ്പോൾ നമുക്ക് അവന്റെ സ്വരം തിരിച്ചറിയാം, അവനെ അനുഗമിക്കാം. നമുക്ക് ജീവൻ ഉണ്ടാകും, അത് സമൃദ്ധിയായി ഉണ്ടാവുകയും ചെയ്യും.
ആമേൻ.