Meditation

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ

അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത്. നമുക്കറിയാം, പല സാഹിത്യകൃതികളും അന്ധതയെ വാചീകവും പ്രതീകാത്മകവുമായ പ്രമേയമായി അവതരിപ്പിച്ചിട്ടുണ്ടെന്ന കാര്യം. ഉദാഹരണത്തിന് അമേരിക്കൻ എഴുത്തുകാരൻ Cormac McCarthy യുടെ Outer Dark, പോർച്ചുഗീസ് എഴുത്തുകാരൻ José Saramago യുടെ Blindness തുടങ്ങിയവ അന്ധത പ്രമേയമായ കൃതികളാണ്. മലയാളത്തിൽ കെ ആർ മീരയുടെ നേത്രോന്മീലനം ഉണ്ട്. അന്ധത ശാരീരികം മാത്രമല്ല, മാനസികവും ആത്മീയവും കൂടിയാണെന്ന് അവരും പറഞ്ഞുവയ്ക്കുന്നു. ഇന്നത്തെ സുവിശേഷത്തിൽ അന്ധതയുടെ ഈ തലങ്ങളെ കാണാൻ സാധിക്കും. യേശു സുഖപ്പെടുത്തുന്നത് ജന്മനാ അന്ധനായ ഒരുവനെയാണ്. അവന്റെ അന്ധത ശാരീരികമാണ്. അപ്പോഴും മറ്റ് നിരവധി “പ്രതീകാത്മക” അന്ധരെ കൂടി സുവിശേഷം ചിത്രീകരിക്കുന്നുണ്ട്. നമുക്ക് അവരെ ആത്മീയ അന്ധതയുള്ളവർ എന്ന് വിളിക്കാം.

ഇന്നത്തെ സുവിശേഷത്തിൽ ആരൊക്കെയാണ് ഈ ആത്മീയ അന്ധതയുള്ളവർ?
“റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കന്‍മാരുടെയോ?”

(യോഹ 9 : 2) ചോദ്യം ശിഷ്യന്മാരുടെതാണ്. ഈ ചോദ്യത്തിലുണ്ട് അവരുടെ അന്ധത. ദൈവത്തെക്കുറിച്ചുള്ള വികലമായ അല്ലെങ്കിൽ അന്ധമായ ഒരു വീക്ഷണമാണത്. മാതാപിതാക്കൾ ചെയ്ത തിന്മയ്ക്ക് നിരപരാധികളായ കുട്ടികളെ ശിക്ഷിക്കുന്ന ശിക്ഷകനെപ്പോലെയാണ് ദൈവത്തെ അവർ മനസ്സിലാക്കിയിരിക്കുന്നത്.

യേശുവിന്റെ നിർദ്ദേശം അനുസരിച്ച് സീലോഹാ കുളത്തിൽ പോയി കഴുകി കഴിഞ്ഞപ്പോൾ ആ അന്ധന് കാഴ്ച ലഭിക്കുന്നു. ആ അത്ഭുതത്തിന്റെ അസാധാരണ സ്വഭാവവും സൗന്ദര്യവും കാണാൻ കഴിയാത്ത ചില അന്ധരായ അയൽക്കാരെ സുവിശേഷം ചിത്രീകരിക്കുന്നുണ്ട്. ഒരാളുടെ രോഗശാന്തിയിൽ സന്തോഷിക്കുന്നതിനുപകരം, അയാളെ നിരവധി അർത്ഥശൂന്യമായ ചോദ്യങ്ങളാൽ ശല്യപ്പെടുത്തുന്നവരാണവർ. ആത്മീയ അന്ധതയുള്ളവർ ഈ അയൽക്കാരെ പോലെ ആയിരിക്കും. അവർക്ക് അത്ര പെട്ടെന്ന് ദൈവീക ഇടപെടലിനെ തിരിച്ചറിയുവാൻ സാധിക്കില്ല.

മൂന്നാമത്തെ കഥാപാത്രം ഫരിസേയരാണ്. ഒരു അത്ഭുതം പ്രഖ്യാപിക്കുന്നതിനുപകരം, യേശുവിനെ കുറ്റം വിധിക്കാൻ കാരണങ്ങൾ തേടുന്ന അന്ധരാണവർ. ആഴത്തിൽ ആത്മീയ അന്ധത അനുഭവിക്കുന്നവരാണ് അവർ. മനുഷ്യത്വത്തിനു മുകളിൽ സാബത്തിന് പ്രാധാന്യം കൊടുക്കുകയും ദൈവപുത്രനെ പാപി എന്നു വിളിച്ച് അവന്റെ പ്രവൃത്തികളെ നിരാകരിക്കുകയുമാണ് അവർ ചെയ്യുന്നത്. ആഴമായ അന്ധതയുള്ളവർക്ക് മാത്രമേ യേശുവിനെ നിരാകരിക്കുവാൻ സാധിക്കു. ആ അന്ധത ആത്മീയം മാത്രമല്ല, സ്വത്വാത്മകം കൂടിയാണ്. അതുകൊണ്ടുതന്നെ അവരിൽ നിന്നും ഒരിക്കലും പ്രകാശം വമിക്കുകയില്ല. നിരസനവും നിഷേധാത്മകവും ആയിരിക്കും അവരുടെ ചിന്തകൾ. അവർ ഒരിക്കലും കാഴ്ചയെയും പ്രകാശത്തെയും അംഗീകരിക്കില്ല.

ജന്മനാ അന്ധനായ മകനെക്കാൾ അന്ധരാണ് ഇന്നത്തെ സുവിശേഷത്തിലെ മാതാപിതാക്കൾ. മകന്റെ ആനന്ദത്തിൽ ആഹ്ലാദിക്കേണ്ടതിനു പകരം അവർ അവനിൽ നിന്ന് അകന്നു നിൽക്കുന്നു. യേശുവിൽ വിശ്വാസം പ്രകടിപ്പിച്ചാൽ യഹൂദർ തങ്ങളെ കുറ്റം വിധിക്കുമോ എന്ന ഭയത്താൽ മാത്രമല്ല, അവരുടെ മകനെക്കുറിച്ചുള്ള ലജ്ജയാലും അവർ അന്ധരാണ്. ജന്മനായുള്ള രോഗങ്ങളും അന്ധതയും മാതാപിതാക്കളുടെ പാപം നിമിത്തമാണെന്ന അന്നത്തെ കാഴ്ചപ്പാട് അവരുടെ മാനസികാവസ്ഥയെ നല്ലപോലെ ബാധിച്ചിട്ടുണ്ട്. അതൊരു കുറ്റബോധമായി അവരുടെ ഉള്ളിൽ ഉണ്ട്. ആ കുറ്റബോധത്തെ സുവിശേഷകൻ പരോക്ഷമായി തുറന്നുകാട്ടുന്നുണ്ട്. “അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്ധനായി ജനിച്ചു എന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നു എന്നും അവന്‍റെ കണ്ണുകള്‍ ആരു തുറന്നു എന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുവിന്‍. അവനു പ്രായം ആയല്ലോ. തന്നെക്കുറിച്ച് അവന്‍ തന്നെ പറയും” (യോഹ 9 : 20-21).

ഈ ആത്മീയ അന്ധരായവരുടെ ലോകത്ത്, ഏറ്റവും ചെറിയ അന്ധൻ ജന്മനാ അന്ധനാണ്. അവന് കണ്ണുകൾക്ക് മാത്രമാണ് കാഴ്ച ഇല്ലാത്തത്. അവന്റെ ആത്മാവിൽ വെളിച്ചമുണ്ട്. അവൻ പറയുന്നു: “യേശു എന്‍റെ കണ്ണുകളില്‍ ചെളി പുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു”

(യോഹ 9 : 15). ദൈവത്താൽ ശാപിക്കപ്പെട്ടവൻ എന്ന് നാട്ടുകാർ കരുതിയവൻ ദൈവത്തിന്റെ അനുഗ്രഹമായി അവരുടെ മുമ്പിൽ സ്വയം വെളിപ്പെടുത്തുന്നു. ഇരുളിന്റെ തടവറയിൽ അകപ്പെട്ട പാപിയെന്ന് നാട്ടുകാർ മുദ്രകുത്തിയവൻ വെളിച്ചത്തിന്റെ പൂർണ്ണതയിൽ കാഴ്ചയുടെ ലാവണ്യമായി അവരുടെ മുൻപിൽ നിൽക്കുന്നു. ദൈവം പാപികളുടെ പ്രാർത്ഥന കേൾക്കില്ല എന്ന് പറഞ്ഞവരുടെ മുമ്പിൽ ജന്മനാ അന്ധനായിരുന്നവൻ അനുഗ്രഹത്തിന്റെ നിറക്കാഴ്ചയായി മാറുന്നു. കാരണം, അവനറിയാം ദൈവത്തെ ആരാധിക്കുകയും അവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍റെ പ്രാര്‍ഥന ദൈവം ശ്രവിക്കുമെന്ന് (യോഹ 9 : 31). എന്നിട്ട് അവൻ സാക്ഷ്യപ്പെടുത്തുന്നു, ലോകം ആരംഭിച്ചതുമുതൽ, ജന്മനാ അന്ധനായ ഒരാളുടെ കണ്ണുകൾ ആരെങ്കിലും തുറന്നതായി കേട്ടിട്ടില്ല. പക്ഷേ യേശുവിന് അത് സാധിച്ചു. അവന്റെ അനുഭവമാണ് അവന്റെ സാക്ഷ്യം. പക്ഷേ ആത്മീയ അന്ധരായ ഫരിസേയർ അത് അംഗീകരിക്കുന്നില്ല. അവർ അവരുടെ അന്ധതയുടെ വലയത്തിൽ നിന്നും അവനെ പുറത്താക്കുന്നു.

പുറത്ത്, ആ മനുഷ്യൻ യേശുവിനെ കണ്ടുമുട്ടുന്നു. അപ്പോൾ അവൻ ഭൂമിയിലേക്കുള്ള തന്റെ വരവിന്റെ ഉദ്ദേശ്യം അവനോട് വെളിപ്പെടുത്തുന്നു: “കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന് ന്യായവിധിക്കായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്” (യോഹ 9 : 39). ആത്മീയമെന്ന് നമ്മൾ കരുതുന്ന ഇടം ചിലപ്പോൾ അന്ധതയുടെ ഇടങ്ങൾ ആയിരിക്കാം. യേശുവിനെ കണ്ടുമുട്ടണമെങ്കിൽ നമ്മൾ അവയിൽ നിന്നും പുറത്തു കടക്കണം. അപ്പോൾ മാത്രമേ നമുക്കും അവന്റെ ആഗമനോദ്ദേശം മനസ്സിലാകൂ. ഓർക്കുക, സ്നേഹം അന്ധമാണെങ്കിൽ, സ്നേഹമില്ലാത്തത് അതിലും വലുതാണ്. അവിടെ നമ്മൾ ഒരു നിമിഷം പോലെ നിൽക്കരുത്, പുറത്തു കടക്കണം. അപ്പോൾ കണ്ടുമുട്ടും വീണ്ടും അവനെ; നമ്മുടെ അന്ധതയിൽ നമ്മെ സ്പർശിച്ചവനെ.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker