Meditation

4rth Sunday_Lent_കുരിശും ക്രൂശിതനും (യോഹ 3:14-21)

കുരിശിനെയും പിച്ചള സർപ്പത്തെയും ഭയപ്പെടേണ്ട കാര്യമില്ല. രണ്ടും ജീവിത പ്രതിസന്ധികളുടെയും രക്ഷയുടെയും പ്രതീകങ്ങളാണ്...

തപസ്സുകാലം നാലാം ഞായർ

നിയമത്തിൽ അഗാധ പാണ്ഡിത്യമുള്ളവനായിരുന്നു നിക്കൊദേമോസ്. അവൻ ഇസ്രായേലിലെ ഗുരുവാണ്. ജ്ഞാനിയായതുകൊണ്ട് അവൻ തുറവിയുള്ളവനായിരുന്നു. അതുകൊണ്ടാണ് എന്തൊക്കെയോ അറിയുവാനും മനസ്സിലാക്കുവാനുമായി അവൻ യേശുവിന്റെ അടുക്കൽ വരുന്നത്. സത്യം തേടുന്നവരുടെ പ്രതീകമാണവൻ. യഥാർത്ഥ ജ്ഞാനികൾ തുറവിയുള്ളവരായിരിക്കും. അവർ സത്യം തേടി ഏത് ഇരുളിലൂടെയും സഞ്ചരിക്കും. ഇതാ, നിക്കൊദേമോസ് ഇരുളിന്റെ മറവിൽ വഴിയും സത്യവും ജീവനുമായ യേശുവിനരികിൽ എത്തിയിരിക്കുന്നു.

വീണ്ടും ജനിക്കാനാണ് യേശു അവനോട് ആവശ്യപ്പെടുന്നത്. എന്തിന്? ദൈവരാജ്യം കാണാൻ വേണ്ടി. അതെ, ചില കാഴ്ചകൾ ലഭിക്കണമെങ്കിൽ പല കാഴ്ചപ്പാടുകളും മാറ്റേണ്ടിവരും എന്നു തന്നെയാണ് യേശു പറയുന്നത്. എല്ലാത്തിനെയും മുറുകെ പിടിക്കരുത്. ചിലതൊക്കെ നമ്മൾ വിട്ടു കളയണം. എന്നിട്ട് ദൈവത്തിന്റെ കണ്ണുകൾകൊണ്ട് കാര്യങ്ങളെ കാണാൻ ശ്രമിക്കണം. അപ്പോൾ നമ്മൾ കാണും എല്ലാം സ്നേഹമയമെന്ന്. അതാണ് ദൈവരാജ്യം.

ഒരു നുകം എല്ലാവരും വഹിക്കുന്നുണ്ട്. അതിൽ പരാതിക്കോ പരിഭവത്തിനോ അർത്ഥമില്ല. ആ ഭാരത്തെ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. ഇവിടെയാണ് വീണ്ടും ജനിക്കേണ്ടതിൻ്റെ ആവശ്യകത വരുന്നത്. പുനർജനനമെന്നത് ജീവിതത്തെക്കുറിച്ച് ഒരു അവബോധമുണ്ടാകുക എന്നതാണ്. അത് ആനന്ദമാണ്. ഭാഗ്യമല്ല. അതൊരു തിരഞ്ഞെടുപ്പാണ്. സ്നേഹിച്ചുകൊണ്ട് ജീവിതം ആനന്ദപ്രദമാക്കാനുള്ള തിരഞ്ഞെടുപ്പ്. ആ ആനന്ദത്തിൻ്റെ രഹസ്യമാണ് നിക്കൊദേമോസിന് യേശു വെളിപ്പെടുത്തിക്കൊടുക്കുന്നത്. അത് ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ്: “തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു… ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്” (3:16-17).

ദൈവത്തിന്റെ ഏറ്റവും സുന്ദരമായ ചിത്രമാണ് നിക്കൊദേമോസിന് യേശു കാണിച്ചു കൊടുക്കുന്നത്. ലോകത്തെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരു പിതാവ്! തന്റെ ഏകജാതനെ പോലും നൽകുന്ന പിതാവ്! ഇനിയുള്ള ചോദ്യം നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല, ഏത് ദൈവത്തിൽ വിശ്വസിക്കുന്നു എന്നതാണ്. കാരണം സ്നേഹിക്കുന്ന ദൈവത്തിന് മാത്രമേ കുരിശിനെ അംഗീകരിക്കാൻ സാധിക്കു.

ഉത്ഥിതനല്ല, ക്രൂശിതനാണ് ക്രൈസ്തവികതയുടെ പ്രതീകം. കാരണം, കുരിശിലാണ് യേശുവിന് നമ്മോടുള്ള സ്നേഹത്തിന്റെ പൂർണ്ണത അടങ്ങിയിരിക്കുന്നത്. ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റു എന്നതല്ല നമ്മുടെ വിശ്വാസത്തിൻ്റെ വ്യത്യസ്തത, അവൻ മരിച്ചു എന്നതാണ്. അതുകൊണ്ട് ക്രൂശിത രൂപത്തിൻ മുന്നിൽ നിന്നും നമ്മൾ ഉദ്ഘോഷിക്കേണ്ടത് അവൻ എത്രമാത്രം സഹിച്ചു എന്നല്ല, അവൻ നമ്മെ എത്രമാത്രം സ്നേഹിച്ചു എന്നാണ്. അപ്പോഴും ഓർക്കണം, കുരിശിനോടുള്ള സ്നേഹം സഹനത്തിനോടുള്ള സ്നേഹമല്ല. സഹനത്തിലൂടെയും രക്ഷ നൽകുന്ന ദൈവസ്നേഹമാണത്. കാരണം കുരിശിലൂടെ ആരെയും ശിക്ഷിക്കാൻ വന്നവനല്ല, രക്ഷിക്കാൻ വന്നവനാണ് യേശു. ലോകം കൽപ്പിച്ച എല്ലാ വിധിയേയും കുരിശിലൂടെയാണ് അവൻ വിധിച്ചത്. അതിനാൽ കുരിശ് ഇനി ഒരു വിധിയല്ല. ഒരു ശിക്ഷയുമല്ല. അത് രക്ഷയാണ്.

കുരിശ് ഒരു ഓർമ്മപ്പെടുത്തലാണ്. അളവറ്റ ദൈവസ്നേഹത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. സ്നേഹത്തിന്റെ അളവ് അളവില്ലായ്മയാണ്. മോശ മരുഭൂമിയിൽ പിച്ചള സർപ്പത്തെ ഉയർത്തിയതുപോലെയുള്ള ഒരു ഉയർത്തപ്പെടലാണ് ആ സ്നേഹം. ആ സ്നേഹത്തെ ഒന്ന് വീക്ഷിച്ചാൽ മാത്രം മതി രക്ഷ പ്രാപിക്കും. പുനർജനനം ദൈവരാജ്യത്തെ കാണാൻ വേണ്ടിയാണെങ്കിൽ, രക്ഷ നോട്ടത്തിന്റെ കാര്യമാണ്. നോട്ടവും കാഴ്ചയും. രണ്ടും പതിയേണ്ടത് മറ്റാരിലുമല്ല, ക്രൂശിതനിലായിരിക്കണം എന്നു മാത്രം.

സഹനത്തിന്റെ ഉള്ളിലാണ് ദൈവം ആനന്ദം സൂക്ഷിച്ചിരിക്കുന്നത്. മരണത്തിനുള്ളിൽ ജീവൻ എന്നതുപോലെ. ദൈവം നമുക്കുവേണ്ടി കുരിശ് ഒഴിവാക്കും എന്ന് വിചാരിക്കരുത്. കുരിശിലാണ് രക്ഷ. സഹനത്തിൽ നിന്നല്ല, സഹനത്തിലാണ് അവൻ രക്ഷയാകുന്നത്. ഓർക്കണം, നമ്മെ കൊല്ലാൻ സാധിക്കാത്തതെന്തും നമ്മെ ശക്തിപ്പെടുത്തുകയാണ് എന്ന കാര്യം. സഹനമാണ് നമ്മെ ഭയപ്പെടുത്തുന്നതെങ്കിൽ അതിനെ നേരിടാനുള്ള ആത്മധൈര്യമാണ് വിശ്വാസം. കുരിശിനെയും പിച്ചള സർപ്പത്തെയും ഭയപ്പെടേണ്ട കാര്യമില്ല. രണ്ടും ജീവിത പ്രതിസന്ധികളുടെയും രക്ഷയുടെയും പ്രതീകങ്ങളാണ്. അവയിൽ നിന്നും ഒളിച്ചോടാൻ നമുക്ക് സാധിക്കില്ല. അവയെ നമ്മൾ നേരിടേണ്ടിയിരിക്കുന്നു. നിലത്തു നോക്കിയാൽ അവയെ കാണില്ല, കാണണമെങ്കിൽ കണ്ണുകൾ ഉയർത്തണം. എങ്കിൽ മാത്രമേ അവയ്ക്ക് പിന്നിലുള്ള നിത്യതയെ കൂടി ദർശിക്കാൻ സാധിക്കു. നിരാശയുടെയും അവിശ്വാസത്തിന്റെയും വിഷപ്പാമ്പുകൾ നമ്മെ കൊത്തുമ്പോൾ ക്രൂശിതനിലേക്ക് നമ്മൾ കണ്ണുകൾ ഉയർത്തണം. കാരണം, അവൻ മാത്രമാണ് സ്വർഗ്ഗം നമുക്കായി നൽകിയിരിക്കുന്ന ഏക വൈദ്യൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker