അപ്പോ. പ്രവ. – 12:1-11
2 തിമോ. – 4:6-8,17-18
“ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു.”
സ്വർഗ്ഗത്തിൽ നിന്നും മനുഷ്യരക്ഷയ്ക്കായി ഭൂമിയിലേക്ക് ലോകരക്ഷകൻ ഇറങ്ങി വന്നത് നമുക്കുവേണ്ടി ബലിയായവനാണ്. ഈ ബലിയുടെ തുടരാവകാശികളാണ് ക്രിസ്തുവിന്റെ അനുയായികളായ നാം. നമ്മെ തന്നെ പൂർണമായി ദൈവത്തിനും , സഹോദരങ്ങൾക്കും വിട്ടുകൊടുക്കേണ്ടവരാണ് നാം ഓരോരുത്തരും അതായത് സ്വയം മുറിക്കപ്പെടേണ്ടവർ.
സ്നേഹമുള്ളവരെ, സ്വയം ബലിയായി തീർന്നവൻ നമ്മെ ബലിയാകാനായി വിളിക്കുകയാണ്. ബലിയെന്തെന്ന് ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നവൻ. സ്വയം മുറിഞ്ഞുകൊണ്ട് ബലിയായിത്തീർന്ന് നമ്മോട് ബലിയായി മുറിയാൻ പറഞ്ഞവൻ
ബലിയാകുക എന്നത് നിസ്സാരകാര്യമല്ല, മറിച്ച് വിശേഷമായതും, ബുദ്ധിമുട്ടേറിയതുമായ ഒരു കാര്യമാണ്. കർത്താവിന്റെ ശിഷ്യന്മാർ ക്രിസ്തുവിന്റെ ബലിയെ കുറിച്ച് മനസ്സിലാക്കിയതിനാൽ ആ ബലിയിൽ പങ്കുകാരാകുകയാണ്.
ക്രിസ്തുമക്കളായതിനാൽ ബലിയായി തീരാൻ നാം തയ്യാറാകേണ്ടതുണ്ട്. ബലിയിൽ നാം ചെറുതാകുകയും, നമ്മെത്തന്നെ ത്യജിക്കുകയും ചെയ്യേണ്ടതുണ്ട്. വിട്ടുവീഴ്ചയ്ക്കും, ചെറുതാകാനും മനസ്സ് കാണിക്കാത്തവർക്ക് ബലിയാകാൻ സാധ്യമല്ല. സാധ്യമായ ഒരു ബലിയായി മാറാൻ നമുക്ക് കഴിയണം. ചെറുതാകാനും, ത്യജിക്കാനും മനസ്സുള്ള ഒരു ബലിയായി മാറാനായി ശ്രമിക്കാം.
സ്നേഹനാഥ, സ്വയം ത്യജിച്ചുകൊണ്ട് നല്ല ബലിയായി മാറാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.