Categories: Meditation

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

യേശു ആരെയും നിന്ദിക്കുന്നില്ല, കുറ്റപ്പെടുത്തുന്നില്ല, വിശദീകരണങ്ങൾ ചോദിക്കുന്നില്ല...

പെസഹാക്കാലം മൂന്നാം ഞായർ

ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്. അവൻ കർത്താവിന്റെ ഉത്ഥാനത്തെ സംശയിക്കുന്നില്ല. അവൻ കർത്താവിനെ കണ്ടതാണല്ലോ. എങ്കിലും എവിടെയൊക്കെയോ ഒരു കുറവ് അവന് തോന്നുന്നു. അവന് വിശ്വാസമുണ്ട്, പക്ഷേ അവന്റെ ഹൃദയം ശാന്തമല്ല, സമാധാനത്തിലുമല്ല. അവന് സന്തോഷമില്ല.

ഗുരുവിനെ തള്ളിപ്പറഞ്ഞതിന്റെ നൊമ്പരം ഇപ്പോഴും വിങ്ങുകയാണ്. സ്വയം ക്ഷമിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുവിധത്തിൽ പറഞ്ഞാൽ അവൻ തള്ളിപ്പറഞ്ഞത് അവനെ തന്നെയായിരുന്നു. വെറുമൊരു ഭൃത്യന്റെ മുന്നിലാണ് അവൻ ഭീരുവായി മാറിയത്. ഇപ്പോൾ അപകർഷതാബോധം കൊണ്ട് ഉഴലുകയാണവൻ. ഉള്ളിലേക്ക് ചിന്തകൾ ആഞ്ഞടിക്കുന്നു; താൻ ഒന്നിനും കൊള്ളാത്തവനാണെന്നും ക്ഷമിക്കാനാവാത്ത കുറ്റം ചെയ്തവനാണെന്നും.

അങ്ങനെയാണ് ഏറ്റവും ദുഃഖകരമായ ഒരു തീരുമാനം പത്രോസ് എടുക്കുന്നത്: അവൻ വീണ്ടും മീൻ പിടിക്കാൻ പോകുന്നു. മൂന്നു വർഷമായി അവൻ അവസാനമായി മീൻ പിടിക്കാൻ പോയിട്ട്. എല്ലാ സാഹസികതയുടെ അവസാനമെന്നപോലെ അവൻ മീൻപിടുത്തത്തിലേക്ക് മടങ്ങുന്നു. ഉപേക്ഷിച്ചതിലേക്ക് വീണ്ടും മടങ്ങുന്നു. യേശുവിനോടൊപ്പം ഉള്ള ജീവിതം മനോഹരമായ ഒരു സാഹസികതയായിരുന്നു. മറക്കാനാവാത്തതുമാണത്. പക്ഷേ ഇപ്പോൾ അതിനൊരു പൂർണ്ണവിരാമമായിരിക്കുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സമയമായി. മുള്ളുകൾക്കിടയിൽ വീണ വിത്തുപോലെയാണ് പത്രോസ്. സ്വന്തം ദുർബലതയുടെയും സംശയങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയിൽ ഞെരുങ്ങിയ ജീവിതം. അവസാനം ആ കയ്പേറിയ തിരിച്ചറിവുമായി അവൻ മീൻ പിടിക്കാൻ പോകുന്നു.

“വലതുവശത്തേക്ക് വലയിടുക.” ആരോ തീരത്തു നിന്നും വിളിച്ചു പറയുന്നു. നിഷ്ഫലതയുടെ നിശബ്ദതയിലേക്കാണ് ആ സ്വരം വന്നു വീഴുന്നത്. യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ ആ സ്വരത്തെ തിരിച്ചറിയുന്നു: “അത് കർത്താവാണ്!”

നമ്മുടെ ജീവിതത്തിൽ മാറ്റം തുടങ്ങുന്നത് അത്ഭുതത്തോടെ, “അത് കർത്താവാണ്!” എന്നു നമുക്കും പറയാൻ കഴിയുന്ന ദിവസമായിരിക്കും. നമ്മുടെ ചരിത്രത്തെ സൃഷ്ടിക്കുന്ന ചെറുകഥകളിൽ നമുക്ക് ആ സ്വരത്തെ ഗ്രഹിക്കാൻ കഴിയുമ്പോൾ ജീവിതം മാറും.

യോഹന്നാനാണ് യേശുവിനെ തിരിച്ചറിയുന്നത്. യേശു പ്രത്യക്ഷമാകുന്നതിനു മുൻപേ അവനെ കണ്ടവനാണ് യോഹന്നാൻ. കല്ലറയിൽ വെച്ച് അത് സംഭവിച്ചിരുന്നു: യോഹന്നാൻ “കണ്ടു, വിശ്വസിച്ചു” (യോഹ 20:1-8). ആ കാഴ്ച സ്നേഹത്തിന്റെ കാഴ്ചയാണ്. ആ കാഴ്ചയുള്ളവന് മാത്രമേ ഇരുളിലും സ്വരം തിരിച്ചറിയാൻ സാധിക്കു.

പത്രോസിന് യേശുവിനോട് സ്നേഹവും വിശ്വാസവുമുണ്ട്. പക്ഷെ അവൻ തന്റെ മാനസിക ക്രമങ്ങളിൽ സ്വയം കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ടാണ് അവൻ പിന്നിലേക്ക് പോകുന്നത്. പഴയ ആശയങ്ങളിൽ മുഴുകി അവൻ നിശ്ചലനാകുന്നു, ഉള്ളിൽ സ്വയം ഇല്ലാതാകുന്നു. ആ മൃദുല ജീവിതത്തിനു മേൽ കാഠിന്യത്തിന്റെ മേലങ്കി അണിയിക്കുന്നു. സ്വയം കഠിനനാകാൻ അവൻ പാടുപെടുന്നു.

യേശു ആകട്ടെ തന്നെ ഉപേക്ഷിച്ചവരുടെ അടുത്തേക്ക് മടങ്ങിവരുന്നു. തന്റെ മുമ്പിൽ മുട്ടുകുത്താൻ ആവശ്യപ്പെടുന്നതിനുപകരം, അവൻ പ്രാതൽ ഒരുക്കി കാത്തിരിക്കുന്നു. ശിഷ്യന്മാരുടെ നിരാശയും ദുർബലതയും പരിഗണിക്കാതെ അവൻ ഇപ്പോഴും ഒരു ദാസനായി ഇറങ്ങിവരുന്നു.

എത്ര മനോഹരമായ കൂടിക്കാഴ്ച! ഒരു നിന്ദന വാക്കല്ല, കുഞ്ഞുമക്കളെ എന്ന വിളിയാണ്. അത് ദൈവത്തിന്റെ ശൈലിയാണ്: ആർദ്രത, വിനയം, കരുണ. യേശു ആരെയും നിന്ദിക്കുന്നില്ല, കുറ്റപ്പെടുത്തുന്നില്ല, വിശദീകരണങ്ങൾ ചോദിക്കുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം എല്ലാവരും നിധി പോലെ വിലയുള്ളവരാണ്. യേശുവിനെ ഒരിക്കലും തള്ളിപ്പറയാതിരിക്കുന്നതിലല്ല നമ്മുടെ വിശുദ്ധി അടങ്ങിയിരിക്കുന്നത്, മറിച്ച് എല്ലാ ദിവസവും അവനുമായുള്ള നമ്മുടെ സൗഹൃദം പുതുക്കുന്നതിലാണ്. കഴിഞ്ഞതൊന്നും അവന് ഒരു വിഷയമല്ല. അവൻ കാണുന്നത് നമ്മുടെ വർത്തമാനമാണ്. “നീ ഇപ്പോൾ പിടിച്ച മീൻ കൊണ്ടുവരൂ”. നീ ഇന്ന് എന്തായിരിക്കുന്നുവോ, അതാണ് അവനു വേണ്ടത്.

സൗഹൃദത്തിന്റെയും ലാളിത്യത്തിന്റെയും ഈ അന്തരീക്ഷത്തിലാണ് യേശുവും പത്രോസും തമ്മിലുള്ള അത്ഭുതകരമായ സംഭാഷണം നടക്കുന്നത്. ഉത്തരങ്ങൾ അറിയാവുന്ന യേശു എന്തിനാണ് ചോദ്യങ്ങൾ ചോദിക്കുന്നത്? ഒരുപക്ഷേ ചോദ്യങ്ങൾ നമുക്ക് ഉപയോഗപ്രദമായതുകൊണ്ടാകാം. യേശുവിനെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കേണ്ടത് പത്രോസാണ്.

യേശു പത്രോസിനെ “യോഹന്നാന്റെ പുത്രൻ” എന്നു വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നു. നീ എന്നെ സ്നേഹിക്കുന്നുവോ? പിന്നീടുള്ളത് ശുദ്ധമായ കവിതയാണ്. പത്രോസ് നടത്തുന്നത് സ്നേഹത്തിന്റെ മാനുഷിക വ്യാകരണമാണ്. ആ സ്നേഹവിവർത്തനത്തിനു മുൻപിൽ യേശു തന്റെ കാഴ്ചപ്പാടുകൾ താഴ്ത്തി പൊരുത്തപ്പെടുന്നത് കാണാൻ എത്ര മനോഹരമാണ്. യേശുവിന് പത്രോസിന്റെ വിശ്വാസവഞ്ചനയോ ബലഹീനതകളോ ഒന്നും പ്രശ്നമല്ല. തന്നെ കഴിയുന്നത്ര സ്നേഹിക്കണമെന്നു മാത്രമാണ് അവൻ ആവശ്യപ്പെടുന്നത്. അവന് അതു മാത്രം മതി!

സ്നേഹം അധികമാണെങ്കിൽ, ഇത്തിരി വാത്സല്യമെങ്കിലും. പ്രണയം ഭയാനകമാണെങ്കിൽ, ഇത്തിരി സൗഹൃദമെങ്കിലും. ഇങ്ങനെയാണ് അവൻ നമ്മോടും ചോദിക്കുന്നത്.

“കർത്താവേ, നീ എല്ലാം അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നിനക്കറിയാം.” ഒടുവിലിതാ, പത്രോസ്! ഇപ്പോൾ പത്രോസ് തന്റെ ദുർബലത, ഭയം, പരാജയങ്ങൾ എന്നിവയെല്ലാം അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി അവന് മറ്റുള്ളവരെ നയിക്കാൻ കഴിയും. യേശുവിനെ അനുഗമിക്കാനും കഴിയും. യോഹന്നാന്റെ സുവിശേഷത്തിൽ പത്രോസിനോടല്ലാതെ യേശു ആരോടും എന്നെ അനുഗമിക്കുക എന്ന് പറയുന്നില്ല. ബലഹീനതയുടെ ചുഴി നീന്തി കടക്കുകയും നൊമ്പരങ്ങളുടെ കനലുകളിലൂടെ നടക്കുകയും ചെയ്തു, ഉള്ളം പൊള്ളിക്കൊണ്ട് ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു പറഞ്ഞവനാണ് പത്രോസ്. ആ സ്നേഹം യഥാർത്ഥമാണ്. ആ സ്നേഹത്തിൽ “ഞാൻ” ഇല്ല “നീ” മാത്രമാണ്. അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആത്മസമർപ്പണമാണ്. ആ ആത്മസമർപ്പണമാണ് അനുഗമിക്കൽ.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago