ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ
ലളിതമാണ് മർക്കോസിന്റെ സുവിശേഷം. വിപൂലീകരിച്ചുള്ള ആഖ്യാനങ്ങളൊന്നും അതിലില്ല. വലിയ സംഭവങ്ങളെ പോലും ഒറ്റവരിയിൽ ഒതുക്കുകയെന്നത് മർക്കോസിന്റെ രചനാശൈലിയാണ്. സുവിശേഷത്തിന്റെ പ്രാരംഭ ഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാന വിഷയം. യേശുവിന്റെ പരസ്യ ജീവിതത്തിന്റെ ആദ്യ ദിനമാണിത്. രണ്ടു കാര്യങ്ങൾ ഇവിടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
1. 40 ദിവസത്തെ പ്രാർത്ഥനയ്ക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് അവൻ ദൈവത്തിന്റെ സുവിശേഷവുമായി ജനങ്ങളിലേക്ക് ഇറങ്ങുന്നത്.
ഇവിടെ ഒരു സന്ദേശം നമുക്കുണ്ട്. ആത്മീയ ഒരുക്കമില്ലാതെ സുവിശേഷം പ്രഘോഷിക്കാൻ ഇറങ്ങരുത്.
2. സ്നാപകൻ ബന്ധനസ്ഥനായതിനു ശേഷമെന്ന് സുവിശേഷകൻ പ്രത്യേകം പറയുന്നുണ്ട്. വ്യക്തികളെ ബന്ധനസ്ഥനാക്കാം. പക്ഷേ അവരുടെ നന്മകളെ സാധിക്കില്ല. അത് പടർന്നു പന്തലിക്കും. യോഹന്നാനിൽ നിന്നും യേശുവിലേക്ക് പടർന്നത് പോലെ.
ഇനി നമുക്ക് സുവിശേഷത്തിന്റെ സന്ദേശത്തിലേക്ക് ഇറങ്ങിച്ചെല്ലാം. പ്രധാനമായും 3 സന്ദേശങ്ങളാണ് അടങ്ങിയിട്ടുള്ളത്; ദൈവരാജ്യം, അനുതാപം, ദൈവവിളി.
1. ദൈവരാജ്യം
യോഹന്നാൻ ബന്ധനസ്ഥനായതിനു ശേഷമാണ് യൂദയായിലെ മരുഭൂമിയിലാരുന്ന യേശു സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്ക് വരുന്നത്. സ്നാപകനെ കാരാഗൃഹത്തിടച്ച ഹെറോദേസ് അന്തിപ്പാസിന്റെ ഭരണ പ്രദേശമാണ് ഗലീലി. അവിടേക്കാണ് അവൻ ദൈവ രാജ്യത്തിന്റെ സുവിശേഷവുമായി വരുന്നത്.
ദൈവരാജ്യമാണ് യേശുവിന്റെ പ്രഘോഷണങ്ങളിലെ പ്രധാന സന്ദേശം. മർക്കോസിന്റെ സുവിശേഷത്തിൽ 14 പ്രാവശ്യം ഈ വാക്ക് ആവർത്തിക്കുന്നുണ്ട്. പഴയനിയമത്തിൽ, പ്രത്യേകിച്ച് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ, ദൈവരാജ്യം എന്ന സങ്കല്പം വിവക്ഷിതമാക്കുന്നത് ദൈവ ഭരണത്തിൽ പ്രശോഭിതമായ ഇസ്രായേലിന്റെ സമാധാനവും നീതിയും നിറഞ്ഞു നിൽക്കുന്ന കാലത്തെയാണ്. യേശുവിന്റെ പ്രഘോഷണത്തിലെ ദൈവരാജ്യത്തെ രണ്ട് രീതിയിൽ വ്യാഖ്യാന വിധേയമാക്കാം.
1) യേശുവിന്റെ വചനവും പ്രവർത്തനവും അവനിൽ വിശ്വസിക്കുന്നവരിൽ ദൈവ ഭരണം സ്ഥാപിക്കും.
2) എല്ലാ ജനതകളിലും ദൈവ ഭരണം സംസ്ഥാപിതമാകുന്ന ഒരു ജഗദ്വീഷകമായ വിധിയാണ്.
ആദ്യത്തേത് വർത്തമാനത്തെയും വ്യക്തിപരതയേയുമാണ് സൂചിപ്പിക്കുന്നു. രണ്ടാമത്തേത് ഭാവിയെയും സമൂഹത്തെയും. അങ്ങനെ നോക്കുമ്പോൾ ക്രിസ്തു പ്രഘോഷിക്കുന്ന ദൈവരാജ്യം ഇന്നലെയുടെ ഒരു വിശേഷമല്ല. അതൊരു ഗൃഹാതുരതയുമല്ല. അത് ഇന്ന് നീ എടുക്കുന്ന തീരുമാനങ്ങളിലൂടെ നാളേക്ക് നൽകുന്ന മനോഹരമായ സമ്മാനമാണ്. യേശുവിലാണ് ദൈവ രാജ്യത്തിന്റെ പൂർണത. ആ ദൈവരാജ്യം നിന്റെ ജീവിതത്തിലുണ്ടാകണമെങ്കിൽ ഇന്ന് നീയൊരു തീരുമാനമെടുക്കണം: അതിൽ പ്രവേശിക്കണമോ അതോ പുറത്തു നിൽക്കണമോ?
2. അനുതാപം
ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയാണ്. ദൈവരാജ്യം എല്ലാവർക്കുമായിട്ടുള്ള ദൈവത്തിന്റെ സമ്മാനമാണ്. പക്ഷേ ആ സമ്മാനം സ്വീകരിക്കാൻ നീ യോഗ്യനാണോ? അവിടെയാണ് അനുതാപത്തിന്റെ ആവശ്യകത വരുന്നത്. മനോഭാവത്തിലുള്ള മാറ്റത്തിനെയാണ് പുതിയ നിയമത്തിൽ അനുതാപം അഥവാ മെറ്റനോയിയ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. നിന്റെ ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളുടെയും സാഹചര്യങ്ങളുടെയും മൂല്യങ്ങളെ അളക്കുന്നതിനായി നീ ഇന്നുവരെ ഉപയോഗിച്ചിരുന്ന അളവുകോലുകൾ എല്ലാം വലിച്ചെറിഞ്ഞ് ദൈവത്തിന്റെ അളവുകോലുകൾ ഉപയോഗിക്കാൻ ശീലിക്കുമ്പോഴാണ് യഥാർത്ഥ അനുതാപം സാധ്യമാകുക. ഇത് യുക്തിക്ക് അതീതമായ ഒരു പുതിയ ലോജിക് സ്വീകരിക്കലാണ്. ഈ ലോജിക് തന്നെയാണ് മലയിലെ പ്രസംഗത്തിലെ സുവിശേഷഭാഗ്യങ്ങളിലും യേശു ഉപയോഗിക്കുന്നത്. “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടേതാണ്…”
3) ദൈവവിളി
സമീപസ്ഥമായിരിക്കുന്ന ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനായി നിനക്ക് ചെയ്യാവുന്ന സമൂലമായ പ്രവർത്തിയാണ് യേശുവിന്റെ വിളിയോട് പ്രതികരിക്കുകയെന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തിൽ കഫർണാമിലെ മുക്കുവരായ നാല് സഹോദരങ്ങളെ വിളിക്കുന്ന രംഗം നമ്മൾ കാണുന്നുണ്ട്. പഴയനിയമത്തിൽ ഏലിയാ പ്രവാചകൻ ഏലീശായെ വിളിക്കുന്ന രംഗവുമായിട്ട് അതിനു സാമ്യമുണ്ട്.
ബൈബിളിൽ കാണുന്ന എല്ലാ ദൈവീക വിളികളെ പോലെ തന്നെ ഈ ശിഷ്യന്മാരുടെ വിളികളെയും മൂന്നു ഭാഗങ്ങളായി തിരിക്കാവുന്നതാണ്.
1) പശ്ചാത്തലം: കടൽക്കരയും മീൻപിടുത്തക്കാരും
2) വിളി: “എന്നെ അനുഗമിക്കുവിൻ”
3) മറുപടി: ഉടനെ അവർ എല്ലാം ഉപേക്ഷിച്ചു അവനെ അനുഗമിച്ചു.
അഞ്ചു വാക്യങ്ങളിലാണ് (vv. 16-20) സുവിശേഷകൻ ആദ്യ ശിഷ്യൻമാരുടെ വിളിയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഈ അഞ്ചു വാക്യങ്ങളിൽ രണ്ടു പ്രാവശ്യം “ഉടനെ” എന്ന വാക്ക് സുവിശേഷകൻ ഉപയോഗിക്കുന്നുണ്ട്. തിടുക്കമാണ് ഈ വാക്യങ്ങളിലെ സവിശേഷത. യേശുവിന്റെ വിളിയും ശിഷ്യന്മാരുടെ മറുപടിയുമെല്ലാം ഝടുതിയിലാണ് സംഭവിക്കുന്നത്. സമയം പൂർത്തിയായിരിക്കുന്നു. ഇനിയെല്ലാം ഉടനെ വേണം. അനുതപിച്ച് അവനെ അനുഗമിക്കുക. അവനാണ് ദൈവരാജ്യത്തിലെക്കുള്ള വഴി. അല്ല. അവനാണ് ദൈവരാജ്യം തന്നെ. അതിനായി നീ സ്വന്തമെന്ന് കരുതുന്ന പലതിനെയും പലരെയും ഉപേക്ഷിക്കേണ്ടിവരുമെങ്കിൽ തന്നെയും അത്യന്തികമായി അത് മനുഷ്യരിലേക്കുള്ള വഴിയാണ്. അതുകൊണ്ടാണ് “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്നവൻ പറഞ്ഞത്. നിന്നിൽ യഥാർത്ഥ അനുതാപമുണ്ടോ, എങ്കിൽ നിനക്കും എല്ലാം ത്യജിച്ച് അവനെ അനുഗമിക്കാൻ സാധിക്കും. അപ്പോൾ ദൈവരാജ്യം നിന്റെ ഭവനത്തിലും സംസ്ഥാപിതമാകും.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.