Kerala

3rd Sunday_Lent_കരുണയുടെ അവസരങ്ങൾ (ലൂക്കാ 13: 1-9)

തപസ്സുകാലം മൂന്നാം ഞായർ

ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ തീർത്ഥാടനക്കാലത്ത് സംഭവിച്ച ഒരു കാര്യമാണ്. തീർത്ഥാടകരായി വന്ന ഗലീലിയക്കാർ ഉണ്ടാക്കിയ കോലാഹലങ്ങൾ തടയാൻ പീലാത്തോസ് ചിലരെ വധിക്കുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് ചരിത്രപരമായ ഒരു തെളിവും നമുക്കില്ലെങ്കിലും റോമൻ ക്രൂരതയുടെ പശ്ചാത്തലത്തിൽ അത് വിശ്വസനീയമാണ്. രണ്ടാമത്തെ സംഭവം സിലോഹയിലെ ഗോപുരം ഇടിഞ്ഞുവീണു മരിച്ചവരെ കുറിച്ചാണ്. തികച്ചും ആകസ്മികമായ ഒരു വസ്തുതയാണത്. അതിൽ രാഷ്ട്രീയ അവകാശവാദങ്ങൾക്ക് കഴമ്പില്ല. സമീപകാല സംഭവത്തെ ഒരു ഉദാഹരണമാക്കി മാറ്റി തന്റെ പ്രഘോഷണത്തെ ബലപ്പെടുത്താൻ യേശു തുനിയുന്നില്ല എന്നതാണ് അവന്റെ സ്വഭാവ ലാവണ്യം. ജീവിതത്തിൽ നൊമ്പരങ്ങളും നിർഭാഗ്യങ്ങളും സംഭവിക്കുന്നത് മനുഷ്യന്റെ പാപം മൂലമാണെന്നും ദൈവത്തിന്റെ ശിക്ഷയാണെന്നും ഉള്ള അന്നത്തെ ചിന്താരീതിയോട് യേശു കൂട്ടുകൂടുന്നില്ല. ദൈവമല്ല ഗോപുരത്തെ തകർത്തതും പീലാത്തോസിന്റെ കരങ്ങളെ ആയുധമാക്കിയതും. മരണം വിതയ്ക്കുന്നവനല്ല ദൈവം. ചരിത്രത്തിന്റെ അച്ചുതണ്ട് പാപവുമല്ല.

സങ്കടനാളുകളിൽ നമ്മൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “എവിടെ ദൈവം?” ദൈവം ആ നൊമ്പരത്തിലുണ്ട്. അവനാണ് അതിന്റെ ഉള്ളടക്കം. അപ്പോഴും ഇരയ്ക്കും ആരാച്ചാർക്കും ഇടയിൽ അവനെ പ്രതിഷ്ഠിക്കാൻ ശ്രമിക്കരുത്. അവൻ അവിടെ ഇല്ല, അവൻ സർവ്വശക്തനാണെങ്കിലും. കാരണം, സ്നേഹമാണ് അവന്റെ സർവ്വശക്തി. അതുകൊണ്ടാണ് അവൻ ജീവിതത്തെ ഒരു കോടതിമുറിയായി കാണാത്തത്. തൻ്റെ നിത്യതയെ വിധിക്കാനും കുറ്റംകണ്ടെത്താനും ശിക്ഷിക്കാനും പാഴാക്കില്ല അവൻ. നമ്മുടെ നൊമ്പരങ്ങളുടെ മുമ്പിൽ നിസ്സംഗനായ ഒരു കാഴ്ചക്കാരനും അല്ല ദൈവം.

പാപം-ശിക്ഷ, പുണ്യം-അനുഗ്രഹം എന്നീ സമവാക്യങ്ങളുടെ അതിരുകളെ നിശ്ചയിക്കുക പ്രയാസമുള്ള കാര്യമാണ്. നല്ലവർക്ക് പ്രതിഫലം നൽകുകയും തിന്മയെ ശിക്ഷിക്കുകയും ചെയ്യുന്ന ദൈവം പഴയനിയമത്തിലെ ഏറ്റവും പുരാതനമായ യുക്തിയുടെ ഭാഗമാണ്, എന്നാൽ ദൈവത്തെക്കുറിച്ചുള്ള ആ യുക്തിയാണ് നസ്രത്തിലെ യേശു തകർത്തത്. അവൻ നശിപ്പിച്ചത് പാപം-ശിക്ഷ എന്ന സമവാക്യത്തെയാണ്. കാരണം, ദൈവം ഒരു ശിക്ഷകൻ മാത്രമല്ല. എല്ലാം നിയന്ത്രിക്കുന്നവനെ ഒരു ശിക്ഷകനായി മാത്രം ചിത്രീകരിക്കുന്നതിനേക്കാൾ വലിയ ദൈവനിന്ദ വേറെയില്ല.

നൊമ്പരത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞ സമകാലിക സംഭവങ്ങൾക്ക് മുന്നിൽ യേശു വിധിയെ പഴിക്കുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. മറിച്ച് ആ സംഭവത്തെ മാനസാന്തരത്തിനുള്ള ഒരു ക്ഷണമായി വ്യാഖ്യാനിക്കുകയാണ്; “പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും” (13: 3). അതായത് ദൈവം ശിക്ഷിക്കും എന്നാണോ? അല്ല! നമ്മൾ ചെയ്യുന്ന എല്ലാത്തിനും അനന്തരഫലങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്. ഇതൊരു അപലപനമല്ല, അനന്തരഫലമാണ്. ജീവിതം നമ്മുടെ കൈകളിലാണ്, നമ്മുടെ തിരഞ്ഞെടുപ്പുകളിലാണ്. നമ്മുടെ തീരുമാനങ്ങളാണ് ജീവിതത്തിന്റെ ദിശയെ നിർണയിക്കുന്നത്. നമ്മിൽ മാറ്റമില്ലെങ്കിൽ, സ്വർഗീയമായ വഴികൾ നമ്മൾ സ്വീകരിക്കുന്നില്ലെങ്കിൽ, ഭൂമി നാശത്തിലേക്ക് വീഴും. കാരണം, അത് സ്ഥാപിച്ചിരിക്കുന്നത് ഹിംസയുടെയും അനീതിയുടെയും മണലിലാണ്.

മാനസാന്തരത്തിലേക്കുള്ള നിരന്തരമായ ക്ഷണമാണ് സുവിശേഷം. നമ്മെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും ദൈവത്തെ കുറിച്ചുമുള്ള നമ്മുടെ ചിന്തകളിൽ ഉള്ള മാറ്റമാണത്. മാനസാന്തരം അഥവാ മെറ്റാനോയിയ എന്നത് വിശ്വാസത്തിന്റെ ഒരു പര്യായം കൂടിയാണ്. വിശ്വാസം എന്നത് നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും സമൂലമായ പരിവർത്തനമാണ്. അതായത് സുവിശേഷം ജീവിതമായി മാറുന്നില്ലെങ്കിൽ അത് വെറും കൂട്ടിവച്ച വാക്കുകൾ മാത്രമാണ്. ജീവിതമാകാത്ത സുവിശേഷം ഒരു ചെറുകഥ മാത്രമായി അവശേഷിക്കും.

ഒരു അത്തിവൃക്ഷത്തിന്റെ ഉപമയോടെയാണ് ഇന്നത്തെ സുവിശേഷ ഭാഗം അവസാനിക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമില്ലാത്ത ഒരു മരമാണ് അത്തിമരം. എന്നിട്ടും കൃഷിക്കാരൻ പറയുകയാണ്: “യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം” (13: അത്തിമരം നമ്മൾ തന്നെയാണ്. ഫലം കായ്ക്കാനും ഫലഭൂയിഷ്ഠമാകാനും സന്തോഷത്തോടെ ജീവിക്കാനും ഇനിയും അവസരമുണ്ട്.

അത്തിമരത്തിലെ ഫലം തേടിവരുന്ന യജമാനൻ മനുഷ്യനെ അന്വേഷിക്കുന്ന ദൈവമാണ്. കൃഷിക്കാരൻ യേശുവാണ്. കരുണയാണ് അവൻ മനുഷ്യന് വേണ്ടി യാചിക്കുന്നത്. ഒരു വർഷം കൂടി, ഒരു ദിനം കൂടി. ഒരു നിമിഷം കൂടി… അവസാന അവസരമാണ്. അല്ലാത്തപക്ഷം വെട്ടിക്കളയും. ഈ ഉപമയ്ക്ക് മറ്റൊരുതലം കൂടിയുണ്ട്. ഇനിയും ഫലം തരാത്ത ഒരു അത്തിയാണ് നമ്മൾ എന്ന നിരാശയുടെ ചിന്തനകൾ മനസ്സിൻ്റെ വക്കോളം നിറയുമ്പോൾ, എല്ലാ നല്ല നിയോഗങ്ങളും പാളി പോകുമ്പോൾ, നമ്മെത്തന്നെ തളരാൻ അനുവദിക്കരുത്, നമുക്ക് ഉപമയിലെ അത്തിമരത്തെ നോക്കാം: മൂന്ന് വർഷമായി അത് ഒരു ഫലവും നൽകിയില്ല, പക്ഷേ കൃഷിക്കാരൻ യജമാനനോട് സമയം ചോദിക്കുന്നു. നമുക്കായി അവസരം യാചിക്കുന്നവനാണ് നമ്മുടെ കർത്താവ്! അസാധാരണമാണ് അത്തിമരത്തോടുള്ള കൃഷിക്കാരന്റെ സ്നേഹം: അവൻ ക്ഷമയുള്ളവനാണ്, എങ്ങനെ കാത്തിരിക്കണമെന്ന് അവനറിയാം, അവൻ തൻ്റെ സമയവും ജോലിയും അതിനായി സമർപ്പിക്കുന്നു. യേശു, ഒരു കർഷകനെപ്പോലെ, ഞാൻ എന്ന അത്തിമരത്തെ പരിപാലിക്കുന്നു, എന്നിൽ പ്രവർത്തിക്കുന്നു, എന്നെ വെട്ടിയൊരുക്കുന്നു, എന്നെ വളമിടുന്നു.

“മേലില്‍ അതു ഫലം നല്‍കിയേക്കാം” (13: 9). കർഷകന്റെ പ്രതീക്ഷയാണത്. “മേലിൽ” എന്നത് “ഒരുപക്ഷേ”, “ചിലപ്പോൾ” എന്ന സാധ്യത സംജ്ഞയാണ്. ആ സാധ്യത തന്നെയാണ് ദൈവകരുണയുടെ അത്ഭുതം. കരുണ, ക്ഷമ, കാത്തിരിപ്പ് എന്നിവയുടെ നിറവാണ് ദൈവത്തിന്റെ നീതി. ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ അത്തിമരമാകുന്ന നമ്മെ പരിചരിക്കുന്ന കർഷകനാണ് യേശു. നിരന്തരം നമ്മുക്കായി മാധ്യസ്ഥം വഹിക്കുകയാണവൻ: “ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം”. ഇത് നീതിയുടെതല്ല, കരുണയുടെ യുക്തിയാണ്. ഈ യുക്തിയാണ് ക്രൈസ്തവീകതയുടെ അടിത്തറ.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker