Meditation

3rd Sunday Lent_Year C_എവിടെ ദൈവം? (ലൂക്കാ 13:1-9)

അവനെ സംബന്ധിച്ച് നാളത്തെ എന്റെ സാദ്ധ്യതകളാണ് ഫലരഹിതമായ എന്റെ ഇന്നലെയേക്കാൾ വലുത്...

തപസ്സുകാലം മൂന്നാം ഞായർ

മരണം ഒരു ആഖ്യാനമാകുന്നു, അതും സുവിശേഷത്തിൽ: “ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്‌തംകൂടി പീലാത്തോസ്‌ കലര്‍ത്തിയ വിവരം, ആ സമയത്ത്‌ അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു” (v.1). നിഷ്കളങ്കരുടെ മരണം; ഒത്തിരി സങ്കീർണ്ണങ്ങളായ ചോദ്യങ്ങളുണ്ടിവിടെ: എന്തു കുറ്റമാണ് അവർ ചെയ്തത്? ദൈവമാണോ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്?

യേശു ദൈവത്തിനെയും കൊല്ലപ്പെട്ടവരെയും പ്രതിരോധിക്കുന്നു: ബലിരക്തത്തിൽ നിഷ്കളങ്കരുടെ രക്തം കൂട്ടികലർത്താൻ ദൈവമല്ല പീലാത്തോസിന്റെ കരങ്ങളിൽ ആയുധംവെച്ച് കൊടുത്തത്, ദൈവമല്ല സിലോഹായിലെ ഗോപുരത്തെ വീഴ്ത്തിയതും. മരണത്തെ ദൈവശിക്ഷയായി കരുതാൻ തക്കതായ രഹസ്യ പാപങ്ങൾ ഒന്നും തന്നെ മനുഷ്യരില്ലില്ല.

“എവിടെ ദൈവം?”; നിഷ്കളങ്കരുടെ നൊമ്പരങ്ങളുടെ മുമ്പിൽ എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. ഉറപ്പായിട്ടും ദൈവം ഇവിടെയുണ്ട്. ഇരയ്ക്കും ആരാച്ചാർക്കും ഇടയിൽ നിൽക്കുന്ന ഒരു കാഴ്ചക്കാരനായിട്ടല്ല, ഇരയോടൊപ്പം നൊമ്പരപ്പെടുകയും ക്രൂശിക്കപ്പെടുന്നവനുമായിട്ട്. ഒരു കൊലയാളിയുടെയും ആയുധം അവൻ തകർക്കില്ല, ഒരു കുഞ്ഞിനെയും അവൻ കുത്തിനോവിക്കുകയുമില്ല. അപ്പോഴും ഒരു കാര്യം നമ്മളറിയണം; ദൈവം നമ്മുടെ ജീവിതത്തിലും ഇടപെടും, സ്നേഹം പോലെ ശക്തമായും അശക്തമായും. സ്നേഹമാണ് അവന്റെ സർവ്വശക്തി, സ്നേഹത്തിന് കഴിയുന്നതു മാത്രമേ അവനും ചെയ്യാൻ കഴിയൂ. അത് ഭയത്തിൽ ധൈര്യമായും അക്രമത്തിൽ അഹിംസയായും ഭക്തിയിൽ യുക്തിയായും മാനസാന്തരത്തിൽ കരുണയായും വെളിപ്പെടും. അതുകൊണ്ടുതന്നെ എവിടെ ദൈവമെന്ന് ചോദിച്ചാൽ അവൻ നിന്റെ കണ്ണീരിന്റെ ഏറ്റവും അടിത്തട്ടിലുണ്ട് എന്ന് മാത്രമേ ഉത്തരം നൽകാൻ സാധിക്കൂ. അവൻ അവിടെയുണ്ട്, പ്രത്യാശയുടെയും ഉത്ഥാനത്തിന്റെയും കാവൽക്കാരനായി എണ്ണമറ്റ കുരിശുകളിൽ നഗ്നനായി… ക്രൂശിതനായി.

“പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും” (v.3). മറ്റുള്ളവരുടെ പ്രശ്നങ്ങളുമായിട്ടാണ് ജനങ്ങൾ യേശുവിന്റെ അരികിലേക്ക് വരുന്നത്, പക്ഷേ അവൻ തുറന്നുകാട്ടുന്നത് അവരുടെ ഉള്ളം തന്നെയാണ്. മറ്റുള്ളവരുടെ നൊമ്പരവും സഹനവും മരണവും നമ്മൾ കാണുന്നു, എല്ലാം ചിത്രങ്ങളായും ചരിത്രമായും നമ്മുടെ മുന്നിൽ നിൽക്കുന്നു, നമ്മെ സ്പർശിക്കാതെ അവ കടന്നു പോകുകയും ചെയ്യുന്നു. നമ്മെ ഒന്നും ബാധിക്കുന്നില്ല. പക്ഷെ ഓർക്കുക, ഒരു മനുഷ്യനൊമ്പരവും വ്യർത്ഥമല്ല, ഒന്നും സന്ദേശം നൽകാതെ കടന്നു പോകുന്നുമില്ല; ഹൃദയ പരിവർത്തനമില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അവ നമ്മിലും സംഭവിക്കാം.

നൊമ്പരങ്ങളുടെ മുമ്പിലിരുന്നുകൊണ്ട് എവിടെ ദൈവമെന്ന് ചോദിക്കാൻ എളുപ്പമാണ്, പക്ഷേ ചോദിക്കേണ്ടത് എവിടെ മനുഷ്യനെന്നാണ്. മനുഷ്യനിൽ മാറ്റമില്ലെങ്കിൽ ഈ ഭൂമി ഒരു രക്തക്കളമായി അനന്തതയോളം നിലനിൽക്കും. നമ്മളും നശിക്കും. സിലോഹയിലെ ഗോപുരം വീണു മരിച്ചവരെ പോലെയല്ല, അഹിംസയുടെയും അനീതിയുടെയും മുമ്പിൽ നമ്മൾ തീർത്ത മൗനകൂടാരത്തിൽ ശ്വാസംമുട്ടി. സഹജരുടെ നൊമ്പരങ്ങളുടെ മുമ്പിൽ ഇടപെടേണ്ടത് നമ്മളാണ്, ദൈവമല്ല.

ഇന്നത്തെ സുവിശേഷത്തിന്റെ രണ്ടാം ഭാഗം കർഷക മുഖമുള്ള ക്ഷമാശീലനായ ദൈവത്തെ ചിത്രീകരിക്കുന്നുണ്ട്: “ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം” (vv. 8-9). ഒരു വർഷം കൂടി, ഒരു ദിനം കൂടി… അങ്ങനെ പ്രത്യാശ കലണ്ടറിലെ താളുകൾ മറിക്കുന്നു… ജീവിതം പിന്നെയും തളിരണിയുന്നു.

“മേലില്‍ അതു ഫലം നല്‍കിയേക്കാം”. ചിലപ്പോഴല്ല, മേലിൽ ആണ്. സംശയമല്ല, ഉറപ്പുള്ള ചെറിയ ഒരവസരമാണ്. അണയാൻ പോകുന്ന തിരിയാണെങ്കിലും ചതഞ്ഞരഞ്ഞ ഞാങ്ങണയാണെങ്കിലും ദൈവത്തിന് ഉറപ്പുണ്ട്, തിരി ആളികത്തുമെന്നും ഞാങ്ങണകൾ തളിർത്തു വളരുമെന്നും. എന്റെ ഫലരഹിതമായ മൂന്നു വർഷത്തെ പരിഗണിക്കാതെ ഒരു വർഷം കൂടി അവൻ എനിക്ക് തരുന്നു. എല്ലാ കുറവുകൾക്കും ഉപരി അവൻ എന്നിൽ വിശ്വസിക്കുന്നു. അവനെ സംബന്ധിച്ച് നാളത്തെ എന്റെ സാദ്ധ്യതകളാണ് ഫലരഹിതമായ എന്റെ ഇന്നലെയേക്കാൾ വലുത്.

മരണം കാണിച്ചു ഭയപ്പെടുത്താത്ത, ജീവനിൽ പ്രതീക്ഷയർപ്പിക്കുന്ന ഈ ദൈവത്തിലുള്ള വിശ്വാസമാണ് പരിവർത്തനം അല്ലെങ്കിൽ പശ്ചാത്താപം. ദൈവം എന്നിൽ വിശ്വസിക്കുന്നു, ഞാൻ അവനിലും വിശ്വസിക്കുന്നു. വിശ്വാസങ്ങളുടെ ഈ പരസ്പര കണ്ടുമുട്ടലിൽ നിന്ന് മാത്രമേ രക്ഷ സാധ്യമാകുകയുള്ളൂ. രക്ഷ എന്നാൽ ഫലം നൽകലാണ്. ഫലശൂന്യതയിൽ രക്ഷയില്ല. അതിലുള്ളത് ആത്മരതിയാണ്. അത് നരകമാണ്. തനിക്കായി മാത്രം വളരുന്ന വൃക്ഷങ്ങൾ ഒരിക്കലും ഫലം നൽകിയിട്ടില്ല, രക്ഷ നേടിയിട്ടുമില്ല.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker