Categories: Sunday Homilies

33rd Sunday Ordinary_Year A_മറ്റുള്ളവരുടെ താലന്തുകളിൽ അസൂയപ്പെടുന്നതെന്തിന്?

നമ്മുടെ കഴിവുകളും, മനോഭാവവും, ശക്തിയും, ആരോഗ്യവും, ബോധ്യവും, ജീവിതവുമെല്ലാം നമുക്ക് ലഭിച്ച താലന്തുകൾ തന്നെയാണ്...

ആണ്ടുവട്ടം മുപ്പത്തിമൂന്നാം ഞായർ
ഒന്നാം വായന: സുഭാഷിതങ്ങൾ 31: 10-13,19-20, 30-31
രണ്ടാം വായന: 1 തെസ്സലോനിക്ക 5:1-6
സുവിശേഷം: വി.മത്തായി 25:14-30.

ദിവ്യബലിക്ക് ആമുഖം

പ്രിയ സഹോദരീ സഹോദരന്മാരെ,
“മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണർന്ന് സുബോധമുള്ളവരായിരിക്കാം” എന്ന രണ്ടാം വായനയിലെ വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ തെസ്സലോനിക്കാർക്കുള്ള ഉദ്ബോധനത്തോടുകൂടിയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. ഉണർന്നു സുബോധമുള്ളവരായിരിക്കുക എന്നത് ആത്മീയമായ ഒരു ക്രിയാത്മക ജീവിതമാണെന്ന് വി. മത്തായിയുടെ സുവിശേഷത്തിൽ “താലന്തുകളുടെ ഉപമ”യിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു. ഒന്നാം വായനയിലാകട്ടെ “ഉത്തമയായ ഭാര്യ”യുടെ ഗുണഗണങ്ങളെക്കുറിച്ച് സുഭാഷിതങ്ങളുടെ പുസ്തകം വിരിക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

കഴിഞ്ഞ ഞായറാഴ്ച 10 കന്യകമാരുടെ ഉപമയിയിൽ നാം ശ്രവിച്ചത് ‘ജാഗരൂകരായി യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നതിനെക്കുറിച്ച്’ ആണെങ്കിൽ, ഇന്നത്തെ സുവിശേഷത്തിൽ താലന്തുകളുടെ ഉപമയിൽ നാം ശ്രവിച്ചത് ‘യേശുവിന്റെ രണ്ടാംവരവ് വരെ എങ്ങനെയാണ് കാത്തിരിക്കേണ്ടത്’ എന്നാണ്. നാം ആരാധനാക്രമവത്സരത്തിന്റെ അവസാനത്തോടും, ആഗമന കാലത്തിന്റെ ആരംഭത്തോടും അടുക്കുന്ന ഈ ദിവസങ്ങളിൽ ഈ സുവിശേഷത്തിന് വളരെയധികം പ്രസക്തിയുണ്ട്. നമുക്കീ തിരുവചനത്തെ വിചിന്തനം ചെയ്യാം.

താലന്തുകൾ

ഇന്നത്തെ ഉപമയിലെ യജമാനൻ തന്റെ ഭൃർത്യന്മാർക്ക് ഓരോരുത്തരുടെയും കഴിവനുസരിച്ച് ഒരുവന് അഞ്ചും, മറ്റൊരുവന് രണ്ടും, വേറൊരുവന് ഒന്നും താലന്തുകൾ നൽകുന്നു. ഒരു താലന്തെന്നത് 6000 ദനാറയാണ്. ഒരു ദനാറ എന്നത് ഒരു വ്യക്തിയുടെ ഏകദേശം ഒരു ദിവസത്തെ വേതനമാണ്. അങ്ങനെയെങ്കിൽ, ഒരു താലന്ത് സമ്പാദിക്കാൻ പതിനാറര വർഷം അധ്വാനിക്കണം, പത്ത് താലന്ത് സമ്പാദിക്കാൻ 165 വർഷങ്ങൾ വേണ്ടിവരും. അതായത്, ഈ ഉപമയിൽ യജമാനൻ വ്യക്തികൾക്ക് ഏൽപ്പിക്കുന്ന താലന്തുകൾ അസാധാരണ തുകയാണെന്നർത്ഥം.

‘താലന്ത്’ എന്ന വാക്കിൽ നിന്നാണ് പിൽക്കാലത്ത് ഗ്രീക്ക്-ലാറ്റിൻ ഭാഷകളിലൂടെ ടാലന്റ് (Talent) അഥവാ ‘കഴിവുകൾ’ എന്നർത്ഥമുള്ള ഇംഗ്ലീഷ് വാക്ക് വരുന്നത്. അതായത് നമ്മുടെ കാലത്ത് ദൈവം നമ്മെ ഏൽപ്പിക്കുന്നത് ധനമാകുന്ന താലന്തല്ല മറിച്ച് നമ്മുടെ കഴിവുകളും, മനോഭാവവും, ശക്തിയും, ആരോഗ്യവും, ബോധ്യവും, ജീവിതവുമെല്ലാം നമുക്ക് ലഭിച്ച താലന്തുകൾ തന്നെയാണ്. അതോടൊപ്പം ദൈവരാജ്യ നിർമ്മിതിക്കായി നമുക്ക് ലഭിച്ചിരിക്കുന്ന വിശ്വാസവുമുണ്ട്. തന്റെ യാത്രയുടെ മടങ്ങിവരവിൽ യജമാനൻ ഭൃത്യന്മാരോട് കണക്കു ബോധിപ്പിക്കാൻ പറഞ്ഞതുപോലെ, നമ്മുടെ ജീവിതാവസാനം യേശുവിനെ കാണുമ്പോൾ നമ്മുടെ ജീവിതത്തിലെ താലന്തുകളുടെ കണക്കും യേശു നമ്മോട് ആവശ്യപ്പെടും.

താലന്തുകളുടെ എണ്ണം

ഓരോരുത്തരുടെയും കഴിവനുസരിച്ച് താലന്തുകൾ ലഭിച്ചതായി നാം സുവിശേഷത്തിൽ കാണുന്നു. എല്ലാവർക്കും തുല്യമായിട്ടല്ല; ഒരാൾക്ക് അഞ്ച്, മറ്റൊരുവന് രണ്ട്, വീണ്ടും മറ്റൊരു ഭൃത്യന് ഒന്ന്. അതുപോലെ നമ്മുടെ ജീവിതവും, ജീവിതകാലയളവും, നമുക്ക് ലഭിച്ചിരിക്കുന്ന താലന്തുകളും വ്യത്യസ്തമായിരിക്കാം. എത്ര ലഭിച്ചു എന്നതിലല്ല, മറിച്ച് ലഭിച്ചതുകൊണ്ട് നാം എന്തു ചെയ്തു എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ മറ്റൊരുവനെ ലഭിച്ചിരിക്കുന്ന താലന്തിനെയും, ജീവിതത്തെയും നോക്കി അസൂയപ്പെടുന്നത് ഒരു കാര്യവുമില്ല; മറിച്ച് സ്വന്തം താലന്തിനെ വർധിപ്പിക്കുന്നതിലാണ് ഒരുവൻ ശ്രദ്ധിക്കേണ്ടത്.

ദുഷ്ടനും മടിയനുമായ ഭൃത്യൻ

യജമാനനിൽ നിന്ന് ലഭിച്ച താലന്തിനെ വർദ്ധിപ്പിക്കാതെ മണ്ണിൽ മറച്ചുവച്ച ഭൃത്യനെ യജമാനൻ വിളിക്കുന്നത് ‘ദുഷ്ടനും മടിയനുമായ ഭൃത്യാ’ എന്നാണ്. യേശുവിന്റെ കാലത്ത് മണ്ണിനടിയിൽ സമ്പാദ്യം മറച്ചുവയ്ക്കുന്നത് ഏറ്റവും സുരക്ഷിതമായ സംരക്ഷണ രീതിയായിരുന്നു. അന്നത്തെ റബ്ബിനിക് നിയമമനുസരിച്ച് ഇങ്ങനെ മണ്ണിനടിയിൽ സൂക്ഷിക്കപ്പെട്ട വസ്തുവിന്മേൽ അത് കുഴിച്ചിട്ടവന് യാതൊരു ഉത്തരവാദിത്വവും, ബാധ്യതയുമില്ല. അതുതന്നെയാണ് അവൻ ചെയ്ത തെറ്റും; സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി, അവന്റെ സുരക്ഷിതത്വം മാത്രം നോക്കി, സ്വാർത്ഥനായി. യജമാനന്റെ കാര്യത്തിൽ യാതൊരു താൽപര്യവും കാണിച്ചില്ല. ജീവിതമാകുന്ന താലന്തിനെയും, ജീവിതത്തിലെ താലന്തുകളെയും സ്വാർത്ഥകാര്യങ്ങൾക്ക് വേണ്ടി മാത്രം കുഴിച്ചിടാതെ ദൈവത്തിനുവേണ്ടിയും, ദൈവേഷ്ടത്തിനുവേണ്ടിയും, സഹോദരങ്ങൾക്ക് വേണ്ടിയും ജീവിക്കുകയും, ക്രിയാത്മകമാക്കുകയും വേണം.

താലന്ത് മണ്ണിൽ കുഴിച്ചിട്ട ഭൃത്യൻ അപ്രകാരം ചെയ്തത് “പേടി” കാരണമായിരുന്നു. തന്റെ യജമാനനെ കുറിച്ച് തെറ്റായ രീതിയിൽ മനസ്സിലാക്കിയതായിരുന്നു. അവന്റെ പേടിക്ക് കാരണം. ദൈവ മക്കൾക്ക് വേണ്ടത് പേടിയല്ല, സ്വാതന്ത്ര്യമാണ്. താലന്ത് ഇരട്ടിയാക്കിയ ആദ്യ രണ്ട് ഭൃത്യന്മാരും ഈ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് പേടി ഇല്ലാതെ തങ്ങളുടെ താലന്തുകൾ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ട് ഇരട്ടിയാക്കാൻ അവർക്ക് സാധിച്ചത്. ദൈവം നമുക്ക് താലന്തുകൾ നൽകിക്കൊണ്ട് നമ്മിൽ അർപ്പിച്ച വിശ്വാസം നമ്മുടെ ആത്മവിശ്വാസമായി മാറണം. താലന്തുകൾ എത്ര ഇരട്ടിയാക്കി എന്നതിനേക്കാളുപരി നാം അതിനുവേണ്ടി പരിശ്രമിച്ചോ എന്നതാണ് പ്രധാനം. മടിയനായ ഭൃത്യന്റെ ഭാഗത്ത് ഇല്ലാതെപോയതും ഈ പരിശ്രമമാണ്.

ഉപയോഗിക്കാതെയും, പരിശീലിക്കാതെയുമിരിക്കുന്ന താലന്തുകൾ കാലഹരണപ്പെട്ട് അവസാനം എല്ലാം നഷ്ടപ്പെടുന്ന “ഇല്ലാത്തവനിൽ നിന്ന് ഉള്ളത് പോലും എടുക്കപ്പെടുന്ന” അവസ്ഥയിലേക്ക് എത്തുമെന്ന് യേശു മുന്നറിയിപ്പ് നൽകുന്നു.

ഉപസംഹാരം

നമ്മെ ഓരോരുത്തരെയും ആത്മീയമായും, ദൈവശാസ്ത്രപരമായും, ഭൗതികമായും വിലയിരുത്താനുള്ള സമയമാണിത്. യേശുവിന് വേണ്ടിയുള്ള കാത്തിരിപ്പാകുന്ന ജീവിതത്തിൽ ഏത് ഭൃത്യന്റെ പ്രവർത്തിയുമായിട്ടാണ് എന്റെ ജീവിതം രൂപപ്പെടുന്നതെന്ന് നമുക്ക് ആത്മശോധന ചെയ്യാം. “നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക” എന്ന് പറഞ്ഞുകൊണ്ട് യേശു നമ്മെ അവന്റെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കണമെങ്കിൽ താലന്തുകളെ വർദ്ധിപ്പിക്കാൻ നാം പരിശ്രമിച്ചേ മതിയാകൂ.

ആമേൻ.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago