Meditation

32nd Sunday_പ്രഹസനമല്ല വിശുദ്ധി (മർക്കോ 12:38-44)

ആത്മീയതയെ പ്രകടനമാക്കുന്ന പ്രഹസന പ്രേമികളോട് മാത്രമാണ് യേശു രോഷാകുലനാകുന്നത്...

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

രണ്ടു വ്യത്യസ്ത ചിത്രങ്ങൾ. ഒരുവശത്ത് നിയമജ്ഞരും ധനവാന്മാരും. മറുവശത്ത് ദരിദ്രയായ ഒരു വിധവ. യേശു ദേവാലയത്തിലാണ്. അവൻ എല്ലാം നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷിക്കണം, എന്നാലേ പലതും കാണാൻ സാധിക്കു. നല്ല നിരീക്ഷണം ഉണ്ടെങ്കിൽ മാത്രമേ ചില ആധുനിക നിയമജ്ഞരുടെ വഞ്ചനകളിൽ നിന്നും നമുക്കും രക്ഷപ്പെടാൻ സാധിക്കൂ.

പ്രഹസനത്തിന്റെ പ്രയോക്താക്കളാണ്. നിയമജ്ഞർ. ജീവിതംതന്നെ അഭിനയമാക്കി മാറ്റിയവർ! നീളമുള്ള വസ്ത്രം ധരിക്കുകയും, പൊതുസ്ഥലങ്ങളിൽ അഭിവാദനവും വിരുന്നുകളിൽ അഗ്രാസനങ്ങളും ആഗ്രഹിക്കുന്നവർ. അതിലുപരി വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും പ്രാർത്ഥനകളെ പച്ചക്കള്ളം ആക്കുകയും ചെയ്യുന്നവർ. ആത്മീയത നഷ്ടപ്പെട്ട മതാത്മകതയുടെ പര്യായങ്ങളാണവർ. അവർക്ക് ജീവിതം ഒരു പ്രദർശനമാണ്. ഇന്നലകളുടെ ശേഷിപ്പുകളായ അവർ ഇന്നും നമ്മുടെയിടയിലുണ്ട്. ആത്മീയതയെ പ്രകടനമാക്കുന്ന പ്രഹസന പ്രേമികളോട് യേശുവിന് ഒരു കരുണയുമില്ല. അങ്ങനെയുള്ളവരോട് മാത്രമാണ് യേശു രോഷാകുലനാകുന്നത്.

വേദഗ്രന്ഥ പണ്ഡിതരാണ് നിയമജ്ഞർ. ദൈവീക പരിജ്ഞാനം ലഭിച്ചവർ. അവരുടെ അധരങ്ങളിൽ ദൈവം ഉണ്ട്. പക്ഷേ അവരുടെ പ്രവൃത്തികളിൽ ഇല്ല. വചനം അവർക്ക് മനപ്പാഠമാണ്. പക്ഷേ ജ്ഞാനത്തിൽ അവർ അജ്ഞരാണ്. ദൈവം അവർക്ക് ഒരു അനുഭവമല്ല, മറിച്ച് പാഠവും സംസ്കാരവും യുക്തിയും മാത്രമാണ്. സുവിശേഷം നൽകുന്ന വിചിന്തനം ഇതാണ്: ദൈവത്തെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചും ഉള്ള അറിവ് മാത്രമല്ല ആത്മീയത, ആർദ്രതയായി സഹജരിലേക്ക് പകർന്നു നൽകുന്ന ഹൃദയത്തുടിപ്പും കൂടിയാകണം അത്.

മനുഷ്യനെ അവഗണിച്ചുള്ള മതാത്മകത യേശു ഒരിക്കലും അംഗീകരിക്കുന്നില്ല. ആത്മീയത മനുഷ്യനെ സേവിക്കാനാണ്. മനുഷ്യനല്ല ആത്മീയതയെ സേവിക്കേണ്ടത്. മനുഷ്യനെ മാനിക്കാത്ത മതങ്ങളുടെ കാപട്യങ്ങളെ തുറന്നുകാട്ടാൻ സമൂഹം ധൈര്യം കാണിക്കണം. നമ്മുടെ എല്ലാവരുടെ ഉള്ളിലുണ്ട് ചില നിയമജ്ഞ മനോഭാവങ്ങൾ. അവ കാപട്യങ്ങളുടെ വ്യത്യസ്ത ഭാവങ്ങളാണ്. മൂടി വച്ചിരിക്കുന്ന വിഷകുംഭങ്ങളാണവ. കാപട്യവും പ്രഹസനവും സ്നേഹത്തിന്റെ വിപരീതങ്ങളാണ്. സ്നേഹമുള്ളിടത്ത് അഭിനയം ഉണ്ടാകില്ല. സ്നേഹം മറച്ചുവയ്ക്കലല്ല, സ്വത്വത്തിന്റെ പങ്കുവയ്ക്കലാണ്.

ദരിദ്രയായ ഒരു വിധവയാണ് രണ്ടാമത്തെ ചിത്രം. ദേവാലയത്തിലെ ഭണ്ഡാരത്തിന് എതിർവശത്തുനിന്നുള്ള കാഴ്ചയാണത്. യേശു നിരീക്ഷിക്കുകയാണ്. ഭണ്ഡാരത്തിൽ “എത്ര” ഇടുന്നു എന്നല്ല, “എങ്ങനെ” ഇടുന്നു എന്നാണ് അവൻ ശ്രദ്ധിക്കുന്നത്.

ജറുസലേം ദേവാലയത്തിൽ പതിമൂന്ന് ഭണ്ഡാരങ്ങൾ ഉണ്ടായിരുന്നുവത്രേ. അവയിൽ പന്ത്രണ്ടെണ്ണത്തിനും ഒരോ ഉദ്ദേശ്യമുണ്ടായിരുന്നു (ദരിദ്രർക്കായി, ആരാധനയ്ക്കായി, പുരോഹിതർക്കായി…). പതിമൂന്നാമത്തേത് പൊതു ഭണ്ഡാരമാണ്. അവിടെ പ്രത്യേക സൂചനകളൊന്നുമില്ല. ആർക്കും എന്തും അവിടെ നിക്ഷേപിക്കാവുന്നതാണ്. പലരുടെയും പൊങ്ങച്ചം കാണിക്കുന്ന ഇടമാണത്. ഭക്തിയെ ഒരു പ്രഹസനമാക്കി ദൈവത്തെ പോലും വാങ്ങിക്കാൻ സാധിക്കുന്ന ഇടം! ആത്മീയതയിൽ ഇതിനേക്കാൾ വലിയ ഒരു പ്രലോഭനം ഇല്ല.

ഇതാ, ദരിദ്രയായ ഒരു വിധവ. ഭിക്ഷയാണ് അവളുടെ ഏക വരുമാനം. കയ്യിലുള്ളത് രണ്ടു ചെമ്പു നാണയങ്ങൾ മാത്രം. ഒരു ഭിക്ഷാടന ദിനത്തിന്റെ ആകെ വരുമാനം. അവൾ തനിക്കുള്ളതെല്ലാം നൽകുന്നു. അവളുടെ സാമൂഹികവസ്ഥയായിരിക്കാം അവളെ ദാരിദ്ര്യത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. നിയമപരമായ ഒരു പരിരക്ഷയും അവൾക്കില്ല. അവളുടെ ഭാവി സുരക്ഷിതവുമല്ല. അവളുടെ ഏക ആശ്രയം ദൈവം മാത്രമാണ്.

പണമല്ല ഇവിടെ വിഷയം. അതിനുള്ളിലെ ഹൃദയമാണ്. ദൈവത്തിനു വേണ്ടത് ഭണ്ഡാരത്തിലെ നേർച്ചയല്ല, നിർമ്മലമായ ഹൃദയമാണ്. മതത്തിന് ദൈവത്തെ ഒരു ഭണ്ഡാരപ്രിയനായി കാണാനാണ് ഇഷ്ടം. അങ്ങനെയാകുമ്പോൾ നേർച്ചകൾ കൊടുത്തു അവനെ സുഖിപ്പിച്ചു നിർത്തി നമ്മുടെ കാര്യങ്ങളിൽ നിന്നും അവനെ ഒഴിവാക്കി നിർത്തുകയും ചെയ്യാം. അങ്ങനെയുള്ള ഇടങ്ങളിൽ സ്നേഹത്തിന് അളവുകൾ നിശ്ചയിക്കുകയും ബന്ധങ്ങളെ പൈസ കൊണ്ടു തുലനം ചെയ്യുകയും ചെയ്യും.

എല്ലാം ദൈവകരങ്ങളിൽ ഏൽപിക്കുന്ന വിധവ ശിഷ്യത്വത്തിന്റെ മാതൃകയാണ്. നിശബ്ദയാണ് അവൾ. നിസ്സഹായതയുടെ വിമ്മിട്ടത്തിലും നിരുപമ സ്നേഹത്തെ നേടിയവളാണ് അവൾ. മറക്കരുത് നമ്മളും, ആത്മീയത ഒരു ആർഭാടമല്ല. അതിനെ ഒരു പ്രഹസനമാക്കുകയും അരുത്. സുവിശേഷത്തിലെ വിധവയെ പോലുള്ളവർ നമ്മുടെ വീടകങ്ങളിലും ഉണ്ട്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്നേഹംകൊണ്ട് ജീവിതത്തെ ബലിയാക്കി മാറ്റുന്നവരാണ് അവർ. അങ്ങനെയുള്ളവരെ ആരും കാണില്ല, പക്ഷേ യേശു കാണും. അവൻ അവരെ അംഗീകരിക്കുകയും ചെയ്യും. വിശുദ്ധി എന്നത് പൈസ കൊടുത്താൽ കിട്ടുന്ന നന്മയല്ല, ഹൃദയസ്പർശിയായ ചെറിയ പ്രവൃത്തികളിൽ വിരിയുന്ന വസന്തമാണ്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker