Meditation

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ദൈവം ഇനി നമ്മിൽ നിന്ന് ത്യാഗങ്ങൾ ആവശ്യപ്പെടുന്നില്ല, മറിച്ച് നമുക്കുവേണ്ടി തന്നെത്തന്നെ ത്യാഗം ചെയ്യുന്നു...

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ ആഘോഷിക്കുകയാണ്. ഭൂമിയുടെ ഒരു കോണിൽ നിന്നും മറുകോൺ വരെയുള്ള കത്തോലിക്കാ കൂട്ടായ്മയുടെ അടയാളമാണ് ഈ ദേവാലയം. കല്ല് കൊണ്ടുള്ള ദേവാലയത്തെയല്ല നമ്മൾ ആഘോഷിക്കുന്നത്, മനുഷ്യനെ തന്റെ ഭവനമാക്കി, മുഴുവൻ ഭൂമിയെയും തന്റെ സഭയാക്കി മാറ്റിയ ദൈവത്തിന്റെ മഹത്തായ ഭവനത്തെയാണ്.

കൈയിൽ ഒരു ചാട്ടവാറുമായി നിൽക്കുന്ന യേശുവാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. നമ്മൾ പ്രതീക്ഷിക്കാത്ത യേശു. അതെ എന്നു പറയേണ്ടിടത് അതെയൊന്നും, ഇല്ല എന്നു പറയേണ്ടിടത്ത് ഇല്ല എന്നും പറയുന്നു ധീരൻ. തന്റെ നിലപാടുകളിലും പോരാട്ടങ്ങളിലും ആർദ്രതയോടെ ആംഗ്യങ്ങളും പദങ്ങളും ഉപയോഗിക്കുന്ന വികാരഭരിതനായ ഗുരുനാഥൻ. ഒരിക്കലും നിഷ്ക്രിയാനാകാത്ത, നിരാശനാകാത്ത, രാജിയാകാത്ത ഒരു വിപ്ലവകാരി. വിശ്വാസത്തിൽ ഒരു സമൂലമായ മാറ്റം വരുത്തി, അതിലൂടെ ലോകത്തെ മാറ്റാൻ ആഗ്രഹിച്ച ഒരു വിശുദ്ധജന്മം. സാമൂഹ്യനന്മയിലൂടെയല്ല, പ്രവചനപരമായ പ്രവൃത്തികളിലൂടെ മാറ്റം കൊതിച്ച ഒരു സത്യപ്രവാചകൻ. അങ്ങനെ അവൻ ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ പുറത്താക്കുന്നു.

ഒരുപക്ഷേ ഒരു മണിക്കൂറിന് ശേഷം, ആ വ്യാപാരികൾ, അവരുടെ പറന്നുപോയ പ്രാവുകളെയും ചിതറിയ നാണയങ്ങളെയും വീണ്ടെടുത്ത്, വീണ്ടും കച്ചവടം തുടങ്ങിയിട്ടുണ്ടാകാം. അപ്പോൾ എല്ലാം മുമ്പത്തെപ്പോലെയാണോ? അല്ല, അവന്റെ പ്രവൃത്തി നമ്മിൽ എത്തിയിരിക്കുന്നു, ഒരു പ്രവചനമായി, ഒരു താക്കീതായി. വിശ്വാസത്തിൽ നിന്ന് ലാഭം ഉണ്ടാക്കാനുള്ള അപകടസാധ്യതയിൽ നിന്ന് അത് നമ്മെയും, നമ്മുടെ ദേവാലയങ്ങളെയും പിന്തിരിപ്പിക്കുന്നു.

വിശ്വാസത്തെ ഒരു കച്ചവടമാക്കിയതിനാണ് യേശു വ്യാപാരികളെ പുറത്താക്കുന്നത്; ദൈവം ഒരു കച്ചവട വസ്തുവായി മാറുന്നു. കൗശലക്കാർ ലാഭത്തിനായി അവനെ ഉപയോഗിക്കുന്നു, ഭക്തർ പ്രീതി നേടാൻ അവനെ തേടുന്നു: ഞങ്ങൾ നിന്നോട് പ്രാർത്ഥിക്കുന്നു, നീ ഞങ്ങൾക്ക് കൃപകൾ നൽകുക; ഞങ്ങൾ നിനക്കായി ബലിയർപ്പിക്കുന്നു, നീ ഞങ്ങൾക്ക് രക്ഷ നൽകുക. അങ്ങനെ ഒരു ബൈലാറ്ററൽ ഉടമ്പടിയിലൂടെ ദൈവവും ഭക്തനും തമ്മിൽ ഒരു കച്ചവടം ഉറപ്പിക്കുന്നു. ആ കച്ചവടത്തിൽ നിന്നും ഇടനിലക്കാരായ പുരോഹിതർ ലാഭം കൊയ്യുന്നു.

കുരിശിൽ യേശു സ്ഥാപിച്ച യൂണിലാറ്ററൽ ഉടമ്പടിയിലൂടെ ആത്മീയതയിലെ ഈ കച്ചവടത്തെ അവൻ ദേവാലയത്തിൽ നിന്നും പുറത്താക്കുകയാണ്. ദൈവം ഇനി നമ്മിൽ നിന്ന് ത്യാഗങ്ങൾ ആവശ്യപ്പെടുന്നില്ല, മറിച്ച് നമുക്കുവേണ്ടി തന്നെത്തന്നെ ത്യാഗം ചെയ്യുന്നു. അവൻ ഒന്നും ആവശ്യപ്പെടുന്നില്ല, അവൻ എല്ലാം നൽകുന്നു. അതായത്, ദൈവവുമായുള്ള ഒരു ബൈലാറ്ററൽ ഉടമ്പടിയാണ് ആത്മീയത എന്ന കള്ളവ്യാപാരങ്ങളിൽ നിന്നും നമ്മൾ പുറത്തുകടക്കേണ്ടിയിരിക്കുന്നു. സഭ സുന്ദരിയും വിശുദ്ധയുമാകുന്നത് അവളുടെ സമ്പത്തും സാമ്പത്തിക വിഭവങ്ങളും വർദ്ധിപ്പിക്കുന്നതിലൂടെയല്ല, മറിച്ച് ജറുസലേം ദേവാലയത്തിൽ യേശു ചെയ്തപോലെയുള്ള പ്രവൃത്തിയിലൂടെയാണ്. അതായത്, കച്ചവടക്കാരെ പുറത്താക്കുക, ദരിദ്രരെ അകത്തേക്ക് ക്ഷണിക്കുക. കച്ചവടമല്ല, കാലുകഴുകലാണ് സഭയുടെ ആത്മീയതയും അടിത്തറയും.

“എന്നാല്‍, അവന്‍ പറഞ്ഞത് തന്‍റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്” (യോഹ 2 : 21). ശരീരം എന്ന ആലയം… ദൈവത്തിന്റെ ആലയം നമ്മളാണ്, അത് മനുഷ്യന്റെ മാംസമാണ്. മറ്റെല്ലാം അലങ്കാരമാണ്. ദൈവത്തിന്റെ വിശുദ്ധ ആലയം ദരിദ്രരാണ്, അവരുടെ മുമ്പിൽ നാം “നമ്മുടെ ചെരിപ്പുകൾ അഴിച്ചുമാറ്റണം”, കത്തുന്ന മുൾപടർപ്പിനു മുമ്പിലെ മോശയെപ്പോലെ. കാരണം, “അത് വിശുദ്ധ ഇടമാണ്,” ദൈവത്തിന്റെ വാസസ്ഥലം.

നമുക്ക് ചുറ്റും അംബരചുംബികളായ മനോഹരമായ ദേവാലയങ്ങളുണ്ട്. ഓർക്കുക, അവയൊന്നും ശാശ്വതമല്ല. ഒരു കല്ല് പോലും അവശേഷിക്കില്ല. പക്ഷേ നമ്മൾ എന്നേക്കും ദൈവത്തിന്റെ ഭവനമായി നിലനിൽക്കും. കാരണം, നമ്മിലാണ് ദൈവത്തിന്റെ കൃപയുള്ളത്. എല്ലാ ജീവജാലങ്ങളിലും ദൈവത്തിന്റെ സാന്നിധ്യവുമുണ്ട്. അതുകൊണ്ടുതന്നെ മതിലുകളുടെ ഉള്ളിലെ “കൃപകളിൽ” നിന്ന് പാവപ്പെട്ടവരിലെ ദൈവസാന്നിധ്യത്തിലേക്കും പവിത്രതയിലേക്കും നമ്മൾ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ വാസസ്ഥലമായ നമ്മുടെ നഗരങ്ങളിലെ തെരുവുകളിലും, വീടുകളിലും, തൊഴിലിടങ്ങളിലും, ജീവനോടുള്ള ആദരവോടെ, കത്തുന്ന മുൾപടർപ്പിനു മുമ്പിലെ മോശയെപ്പോലെ, നമ്മുടെ ചെരിപ്പുകൾ അഴിച്ചുമാറ്റി, അവരുടെ ജീവിതത്തിലൂടെ നമുക്ക് നടക്കാൻ കഴിയുമെങ്കിൽ, നമ്മൾ ഒരൊറ്റ, വലിയ കത്തീഡ്രലിനുള്ളിലാണ് നടക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ നമ്മൾ തിരിച്ചറിയും ലോകം മുഴുവൻ സ്വർഗ്ഗമാണ്, ദൈവത്തിന്റെ സ്വർഗ്ഗം.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker