Meditation

31st Sunday_Year B_സ്നേഹം ശ്രേഷ്ഠം (മർക്കോ 12:28-34)

സ്നേഹം - ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും. ഇതു മാത്രമാണ് എല്ലാവരുടെയും ആനന്ദവും...

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

“എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?” ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കിയതു കൊണ്ടാണ് അയാൾ ഈ ചോദ്യമുന്നയിക്കുന്നത്. അതുകൊണ്ട്തന്നെ ഒരു കെണിയല്ല ഈ ചോദ്യം, ഒപ്പം നിഷ്കളങ്കവുമല്ല. കാരണം, നിയമത്തെ കുറിച്ച് വ്യക്തമായ ബോധമുള്ള വ്യക്തിയാണ് ഈ ചോദ്യ കർത്താവ്. മാത്രമല്ല അയാൾ ഒരു ഫരിസേയൻ കൂടിയാണ് (cf. മത്താ 22:34-35); ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവൻ.

ഫരിസേയരെ സംബന്ധിച്ച് കൽപനകളിൽ പ്രധാനപ്പെട്ടത് സാബത്ത് പരിശുദ്ധമായി ആചരിക്കുകയെന്ന മൂന്നാമത്തെ കൽപനയാണ്. ആറു ദിവസത്തെ സൃഷ്ടി കർമ്മങ്ങൾക്ക് ശേഷം ഒരു ദിവസം വിശ്രമിച്ചതിലൂടെ ദൈവംപോലും അനുസരിച്ച കല്പനയാണത്. അതുകൊണ്ട് എല്ലാവരും സാബത്ത് വിശുദ്ധമായി ആചരിക്കണം എന്ന രീതിയിലാണ് നിയമങ്ങളുടെ വ്യാഖ്യാനങ്ങൾ അവർ എപ്പോഴും നടത്തിയിരുന്നത്. പക്ഷേ നിയമങ്ങളെക്കുറിച്ചുള്ള യേശുവിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അയാളുടെ ചോദ്യത്തിന് ഉത്തരമായിട്ട് അവൻ പത്തു കല്പനകളൊന്നും ഉദ്ധരിക്കുന്നില്ല. മറിച്ച് നിയമത്തെ സ്നേഹവുമായി കൂട്ടിയിണക്കുകയാണ്. അവൻ പറയുന്നു ദൈവത്തെയും മനുഷ്യരെയും ആത്മാർത്ഥമായി സ്നേഹിക്കുക. സ്നേഹം – ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും. ഇതു മാത്രമാണ് എല്ലാവരുടെയും ആനന്ദവും.

“സ്നേഹിക്കുക” എന്നാണ് അവൻ പറയുന്നത്. “സ്നേഹിക്കണം” എന്ന ഒരു ആജ്ഞ അവിടെയില്ല. സ്നേഹം ഒരു ആജ്ഞയാകുമ്പോൾ അതിന് അതിരുകളുണ്ടാകും. അത് സൂചക രൂപമാണെങ്കിൽ അതിരുകളുണ്ടാകില്ല. അത് അനന്തതയോളം നിൽക്കും. യേശുവിന്റെ വാക്കുകളിൽ “സ്നേഹിക്കുക” എന്ന ക്രിയ സൂചകരൂപത്തിലാണ് (indicative mode).

സ്നേഹിക്കുകയെന്നത് ഒരു ധാർമിക ബാധ്യതയല്ല. അത് ജീവജാലങ്ങൾക്ക് പ്രാണവായുവെന്നത് പോലെയുള്ള അനിവാര്യതയാണ്. അതുകൊണ്ട് ജീവിക്കണോ എങ്കിൽ നീ സ്നേഹിക്കണം. നമ്മുടെ ചരിത്രവും ഭാവിയും നിലനിൽക്കുന്നത് ആരൊക്കെയോ ഇന്നലെ പരസ്പരം സ്നേഹിച്ചതിന്റെ തുടർച്ചയെന്ന പോലെ നമ്മൾ ഇന്ന് പരസ്പരം സ്നേഹിക്കുന്നതു കൊണ്ടു മാത്രമാണ്. യേശു വിശ്വസിച്ചത് സ്നേഹത്തിലാണ്. അതുപോലെതന്നെ നമ്മളും വിശ്വസിക്കേണ്ടത് സ്നേഹത്തിലാണ്; ദൈവമെന്ന സ്നേഹത്തിൽ. ആ സ്നേഹത്തിനു ബദലായി ഒരു കൂട്ടം പ്രബോധനങ്ങളെയോ തത്വങ്ങളെയോ കല്പനകളെയോ കൊണ്ടു വെച്ചാൽ അത് ആശയപ്രേമം മാത്രമാകുകയേയുള്ളൂ.

ദൈവത്തെ പൂർണ്ണമായി സ്നേഹിക്കണം എന്നാണ് ഗുരു പറയുന്നത്. മൂന്നു പ്രാവശ്യം അവൻ ഇതാവർത്തിക്കുന്നുണ്ട്. അതായത് ദൈവത്തിനോടുള്ള നമ്മുടെ സ്നേഹം അളവില്ലാത്ത സ്നേഹം തന്നെയായിരിക്കണമെന്നാണ്. ദൈവത്തിനോടുള്ള സ്നേഹം അപൂർണമായ അളവിലാകുമ്പോൾ നമ്മുടെ ഹൃദയത്തിലെ ഇടങ്ങൾ ചുരുങ്ങാൻ തുടങ്ങും. അങ്ങനെ വരുമ്പോൾ ദൈവത്തോടൊപ്പം അവിടെ എല്ലാവരെയും ചേർത്തുനിർത്താൻ പറ്റാതെ വരും. അത് സഹജരെ ഒഴിവാക്കിയുള്ള ആത്മീയതയാകും. അത് പിന്നീട് ആത്മരതിയായി മാറും. ഹൃദയങ്ങളെ തനിക്കു മാത്രമായി സ്വന്തമാക്കുന്ന ഒരു അസൂയാലുവല്ല നമ്മുടെ ദൈവം, എല്ലാവരെയും ഉൾക്കൊള്ളുന്നതിനായി അവയെ വലുതാക്കുന്നവനാണ്.

സ്നേഹം വിവേകപൂർണമായിരിക്കണം. അതുകൊണ്ടാണ് പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ ഗുരു പറയുന്നത്. സ്നേഹം ഒരിക്കലും അജ്ഞതയിൽ അധിഷ്ഠിതമാകരുത്. മനസ്സിലാക്കലിന്റെ ഒരു പ്രക്രിയ എപ്പോഴും അവിടെയുണ്ടാകണം. എന്നിട്ട് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങണം. അതിന് ശക്തിയും ധൈര്യവും വേണ്ടിവരും. അതാണ് പൂർണാത്മാവോടും കൂടെയുള്ള സ്നേഹം. എപ്പോഴും ഓർമ്മ വേണം, സ്നേഹത്തിന് നിന്നെ ശക്തനാക്കാനും ദുർബലനാക്കാനും സാധിക്കും. ചില നിമിഷങ്ങളിൽ സ്നേഹത്തിനു മുമ്പിൽ നീ ബലഹീനനാകുമ്പോൾ അതേ സ്നേഹം തന്നെ മലകൾ മാറ്റാനുള്ള ശക്തിയും നിനക്ക് നൽകും.

ഒരേ ഒരു ചോദ്യമാണ് നിയമജ്ഞൻ യേശുവിനോട് ചോദിച്ചത്. എന്നാൽ അവൻ നൽക്കുന്നത് രണ്ടുത്തരങ്ങളാണ്. രണ്ടാമത്തെ ഉത്തരം തീർത്തും വിചിത്രമാണ്, പക്ഷേ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അവൻ നൽകുന്ന ഉത്തരങ്ങൾ രണ്ടാണെങ്കിലും കല്പന ഒന്നു തന്നെയാണ്. അവൻ പറയുന്നുണ്ട് രണ്ടാമത്തേത് ആദ്യത്തേതിന് തുല്യമാണെന്ന്. അതായത് മനുഷ്യരെ സ്നേഹിക്കുകയെന്നത് ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യമാണ്. ദൈവതുല്യനാണ് നിന്റെ അയൽക്കാരൻ. ഇതാണ് യേശുവിന്റെ വിപ്ലവം. നിന്റെ അയൽക്കാരന് നിന്റെ ദൈവത്തിന്റെ മുഖവും സ്വരവും ഹൃദയവുമുണ്ട്. അതുകൊണ്ടുതന്നെ വർഗീയതയുടെ പ്രഘോഷണങ്ങൾക്ക് ഇവിടെ ഒരു സ്ഥാനവുമില്ല. യേശുവിനെ അടുത്തറിയുന്നവർക്ക് വെറുപ്പിനെ ആലിംഗനം ചെയ്യാൻ സാധിക്കുകയുമില്ല. കാരണം, അവന്റെ കാഴ്ചപ്പാടിൽ നമ്മൾ കണ്ടുമുട്ടുന്ന ഓരോരുത്തരും വിശുദ്ധമായ ഇടങ്ങളാണ്. അവരിലേക്ക് അടുക്കുമ്പോൾ മോശ മുൾപ്പടർപ്പിനരികിൽ ചെരിപ്പുകൾ അഴിച്ചിട്ടതുപോലെ നമ്മളും ചെരുപ്പുകൾ അഴിക്കണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker