Meditation

30th Sunday_സ്നേഹിക്കുക (മത്താ 22: 34-40)

നിന്റെ അയൽക്കാരന് ദൈവത്തിന് സമാനമായ രൂപവും സാദൃശ്യവുമുണ്ട്...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല, ജീവിക്കാനുള്ള ആവശ്യകതയാണ്. അതെ, നിത്യതയോളം ജീവിക്കാനുള്ള ഏക ആന്തരിക ഇന്ധനമാണത്.

സ്നേഹത്തിലാണ് യേശു വിശ്വസിച്ചിരുന്നത്. അതിൽ മാത്രമാണ് അവൻ ആശ്രയിച്ചതും. അതിലാണ് തന്റെ ലോകത്തെ അവൻ പടുത്തുയർത്തിയതും. സ്നേഹിക്കപ്പെടുന്നു എന്ന അവബോധത്തിൽ നിന്നാണ് നിങ്ങൾ സ്നേഹിക്കൂ എന്ന് യേശു പറയുന്നത്. സ്നേഹിക്കപ്പെടുക എന്നതാണ് എല്ലാ നിയമത്തിന്റെയും അടിസ്ഥാനം. ഈ അടിത്തറയിൽ നിന്നാൽ മാത്രമേ ജീവിതത്തിന്റെ വൈപരീത്യാവസ്ഥകളെയും നമുക്ക് സ്നേഹിക്കാൻ സാധിക്കു. മരണവും അപ്പോൾ ഒരു സ്നേഹവിഷയമാകും.

ജീവിതത്തെ അതിന്റെ പൂർണ്ണതയോടെ ആസ്വദിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? സ്നേഹിക്കുക. പൂർണ്ണഹൃദയത്തോടെ പൂർണ്ണാത്മാവോടെ, പൂർണ്ണമനസോടെ… പൂർണ്ണതയിലേക്കുള്ള ഒരു ക്ഷണമാണിത്. നമുക്കറിയാം, ദൈവത്തിനു മാത്രമേ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാൻ സാധിക്കുവെന്ന്. കാരണം, ദൈവം സ്നേഹം തന്നെയാണ്. നമുക്കുള്ളത് ഇടർച്ചയുടെ ചരിത്രമാണ്. വൈരുദ്ധ്യങ്ങളുടെ ഇടയിലെ തപ്പിത്തടയൽ പോലെയാണ് നമ്മുടെ ജീവിതം. വിശ്വാസത്തിന്റെയും സംശയത്തിന്റെയും തുലാസിനിടയിൽ അകപ്പെട്ടു കിടക്കുമ്പോൾ എങ്ങനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കും? ഇരുളിനും വെളിച്ചത്തിനുമിടയിലെ വിടവായി ജീവിതം മാറുമ്പോൾ എങ്ങനെ പൂർണ്ണാത്മാവോടെ സ്നേഹിക്കും? ഒറ്റവാക്കിൽ ഉത്തരമില്ല. സ്നേഹം സഹനം അറിയുന്നുണ്ട്. കൂടുതൽ സ്നേഹിച്ചവന് കുരിശ് അന്യമായിരുന്നില്ല എന്നതാണ് ചരിത്രം.

ഏതാണ് അതിപ്രധാനമായ കൽപന എന്ന് ചോദിച്ചവന് സ്നേഹിക്കാനായി മൂന്നുപേരെ നൽകുകയാണ് യേശു ചെയ്യുന്നത്. ആരൊക്കെയാണവർ? ദൈവം, അയൽക്കാരൻ, പിന്നെ നിന്നെ തന്നെയും. നിത്യതയുടെ അതിരുകളിലേക്കാണ് യേശു അവനെ കൊണ്ടുപോകുന്നത്. അതിന്റെ ഉമ്മറപ്പടിയുടെ കാവൽക്കാരനാക്കി മാറ്റുകയാണ് അവനെ. അവിടെ അവനോടൊപ്പം ദൈവമുണ്ട്, സഹജരുണ്ട്, സകല ജീവജാലങ്ങളുമുണ്ട്.

രണ്ടാമത്തെ കൽപ്പനയും ആദ്യത്തെതിന് തുല്യമാണ്. അയൽക്കാരനെ സ്നേഹിക്കുക, ദൈവത്തെ സ്നേഹിക്കുന്നതിന് തുല്യമാണ്. നിന്റെ അയൽക്കാരന് ദൈവത്തിന് സമാനമായ രൂപവും സാദൃശ്യവുമുണ്ട്. അവനും സ്നേഹം ആവശ്യമുണ്ട്. അവനും സ്നേഹിക്കപ്പെടേണ്ടിയിരിക്കുന്നു.

നിന്നെപ്പോലെ തന്നെയാണ് നിന്റെ അയൽക്കാരനെ സ്നേഹിക്കേണ്ടത്. പുറത്തുള്ള ഒരു യാഥാർത്ഥ്യവുമായിട്ടല്ല ആ സ്നേഹത്തെ താരതമ്യം ചെയ്തിരിക്കുന്നത്. നിന്റെ ഉള്ളിലുള്ള ആന്തരിക ശക്തിയുമായിട്ടാണ്. സ്നേഹമെന്നത് നിന്നെ സംബന്ധിച്ച് സ്വാതന്ത്ര്യവും നീതിയും അന്തസ്സും ലാളനയുമാണെങ്കിൽ, നിന്റെ അയൽക്കാരനും അവയ്ക്കുള്ള അവകാശമുണ്ട്. നീ എന്താണ് നിനക്ക് വേണ്ടി ആഗ്രഹിക്കുന്നത് അത് നീ മറ്റുള്ളവർക്ക് വേണ്ടിയും ചെയ്യണം. നിനക്ക് നിന്റെ ജീവിതത്തിന്റെ ലാവണ്യമനുഭവിക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റുള്ളവരെ സ്നേഹിക്കാനും നിനക്ക് സാധിക്കില്ല. സഹജനെ സ്നേഹിക്കാൻ സാധിക്കാത്തവർ ആത്മരതിയുടെ കൂടാരങ്ങളിൽ സ്വയം നരകമായി കത്തിയെരിഞ്ഞു കൊണ്ടിരിക്കും.

സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്. സ്വർഗ്ഗം ഒരു സ്വപ്നമാകുമ്പോൾ വിശക്കുന്നവന്റെ പശിയും നഗ്നന്റെ ഉടുപ്പും രോഗിയുടെ ഏകാന്തതയുമൊക്കെ ഒരു കണക്കെടുപ്പെന്നപോലെ അവസാനം വരുന്നത്. ഇത് സുവിശേഷത്തിൽ മാത്രമുള്ള കാര്യമല്ല, പഴയനിയമത്തിലും ഇവയൊക്കെയുണ്ട്. അയൽക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യാസ്തമയത്തിനു മുമ്പ് തിരിയെക്കൊടുക്കണം എന്ന പുറപ്പാടിന്റെ പുസ്തകത്തിലെ ഉടമ്പടി നിയമവും സ്നേഹം എന്ന കൽപ്പനയുടെ പച്ചയായ വ്യാഖ്യാനമാണ്. ഈ കൽപനയെ മാറ്റിനിർത്തി ജീവിതത്തെ അതിന്റെ സങ്കീർണതയോടെ കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുകയില്ല.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker