30th Sunday_രണ്ടു പ്രാർത്ഥനകൾ (ലൂക്കാ 18: 9-14)
യഥാർത്ഥ പ്രാർത്ഥന ദൈവമുമ്പാകെ വ്യാജമായി നിൽക്കാതെ നമ്മെത്തന്നെ വീണ്ടും കണ്ടെത്താൻ അനുവദിക്കും...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ
ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം ചേർത്തു വായിച്ചാൽ പ്രാർത്ഥനയെക്കുറിച്ചുള്ള സംഗ്രഹമെന്നു പറയാവുന്ന ഉപമ. ഒരു കഥ, രണ്ട് കഥാപാത്രങ്ങൾ: ഫരിസേയനും ചുങ്കക്കാരനും. അവർ പ്രാർത്ഥിക്കാൻ ദേവാലയത്തിൽ പോകുന്നു. ദൈവത്തിന്റെയും മറ്റുള്ളവരുടെയും തങ്ങളുടെതന്നെയും മുമ്പാകെ നിൽക്കാനുള്ള രണ്ട് വ്യത്യസ്ത വഴികളാണവർ. ദൈവമുമ്പാകെ നാം എങ്ങനെ നിൽക്കുന്നു അതാണ് നമ്മൾ. ചുരുക്കത്തിൽ, “നിങ്ങൾ എങ്ങനെ പ്രാർത്ഥിക്കുന്നുവെന്ന് എന്നോട് പറയൂ, നിങ്ങൾ ഏതുതരം ദൈവത്തിലാണ് വിശ്വസിക്കുന്നതെന്ന് ഞാൻ നിങ്ങളോട് പറയാം.” നമ്മൾ പ്രാർത്ഥിക്കുന്നത് നസറായനായ യേശു വെളിപ്പെടുത്തിയ ദൈവത്തോടാണോ, അതോ നമ്മൾ സ്വയം സൃഷ്ടിച്ച അന്ധവിശ്വാസങ്ങളുടെയും ശീലങ്ങളുടെയും മിശ്രിതത്തോടാണോ? തങ്ങളുടെതന്നെ മാനസിക കൽപനകളെ ദൈവമായി കരുതുന്നവർക്ക് പ്രാർത്ഥന ഒരു ഭയാനകമായ അനുഭവമാകും. അങ്ങനെയുള്ള പ്രാർത്ഥനകൾക്ക് നസറായനായ യേശുവിന്റെ ദൈവവുമായി യാതൊരു ബന്ധവുമുണ്ടാകില്ല.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, പത്ത് കൽപ്പനകളെ സൂക്ഷ്മമായി പാലിക്കുന്നവരാണ് ഫരിസേയർ. അതുകൊണ്ടുതന്നെ അവർ സ്വയം കരുതുന്നത് നീതിമാന്മാരെന്നാണ്. മറ്റുള്ളവരിൽ നിന്നും സ്വയം വേർപെട്ടു നിൽക്കുന്നവരാണവർ. ഫരിസേയർ എന്ന വാക്കിൻ്റെ അർത്ഥംതന്നെ വേർപ്പെട്ടവർ എന്നാണ്. ചുരുക്കത്തിൽ, അക്കാലത്തെ വിശുദ്ധരും മതപരമായ മാതൃകയുമായിരുന്നു അവർ.
ഫരിസേയൻ നിന്നുകൊണ്ട് ഒരു നീണ്ട പ്രാർത്ഥന നടത്തുന്നു. ലൂക്കാ പറയുന്നു: “ഫരിസേയൻ നിന്നുകൊണ്ട് സ്വയം ഇങ്ങനെ പ്രാർത്ഥിച്ചു”. (ഗ്രീക്കിൽ, ഇത് “അവൻ തന്നോടുതന്നെ പ്രാർത്ഥിച്ചു” എന്നാണ് ταῦτα πρὸς ἑαυτὸν προσηύχετο). അവൻ നടത്തുന്നത് ഒരു കൃതജ്ഞതാ പ്രാർത്ഥനയാണ്, പക്ഷേ എല്ലാം സ്വയം കേന്ദ്രീകൃതമാണ്; അവൻ ദൈവത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. താൻ ചെയ്യുന്നതെല്ലാം ശരിയാണെന്ന ബോധ്യമുള്ളതുകൊണ്ട് അവന് ആരെയും, ദൈവത്തെപ്പോലും ആശ്രയിക്കേണ്ടതില്ല. അവന് ഇതിനകം അവൻ്റെതായ യോഗ്യതകളുണ്ട്. അവ മതി അവന് ഒരു നീതിമാനാകാൻ. അവന്റെ പ്രാർത്ഥനയുടെ ആദ്യ ഭാഗത്തിൽ, അവൻ ചെയ്യാത്ത കാര്യങ്ങളുടെ പട്ടിക നിരത്തുന്നു. പിന്നീട് രണ്ടാം ഭാഗത്തിൽ, അവൻ ചെയ്യുന്ന കാര്യങ്ങളും (അവനോട് ആവശ്യപ്പെടുന്നതിലും കൂടുതൽ അവൻ ചെയ്യുന്നു). ചുരുക്കത്തിൽ, അവന്റെ ജീവിതവും പ്രാർത്ഥനകളും ഒരു കുറവും ഇല്ലാത്തതാണ്, കുറ്റമറ്റതാണ്. ഒരു വിധത്തിൽ പറഞ്ഞാൽ, ഫരിസേയൻ ഒരു വലിയ മതവിശ്വാസിയാണ്.
ചുങ്കക്കാർ റോമാക്കാരുടെ സുഹൃത്തുക്കളായിരുന്നു, സഹകാരികളായിരുന്നു, അതിനാൽ യഹൂദന്മാർ അവരെ വെറുത്തു. മാത്രമല്ല, അവർ ദൈവത്തെയും ദരിദ്രരെയും വഞ്ചിക്കുന്നവരാണ്. ദേവാലയത്തിൽ ചുങ്കക്കാരൻ തന്റെ അകലം പാലിക്കുന്നു. ദൈവത്തിൽ നിന്ന് അകലെയുള്ളവർക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലത്ത് അവൻ മുട്ടുകുത്തുന്നു. അവന്റെ പ്രാർത്ഥന വളരെ ഹ്രസ്വമാണ്. അവനും പറയുന്നത് സത്യമാണ്. അവൻ ഒരു പാപിയാണ്. അതുകൊണ്ടുതന്നെ തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവനറിയാം. അവന് ദൈവത്തിന്റെ കരുണ ആവശ്യമാണ്. വാസ്തവത്തിൽ, ചുങ്കക്കാരൻ ക്ഷമ യാചിക്കാൻ പോലും യോഗ്യനല്ല. കാരണം, അവനിൽ മാനസാന്തരത്തിന്റെ പല ഘട്ടങ്ങളും ഇല്ല. മതാത്മകമായ ഭാഷയിൽ മാനസാന്തരം എന്നത് ഒരു നീണ്ട തയ്യാറെടുപ്പാണ്. അതിനുശേഷം മാത്രമേ ഒരാൾക്ക് ദൈവത്തിന്റെ ക്ഷമ നേടാൻ കഴിയൂ. മാത്രമല്ല ചുങ്കക്കാരെ സംബന്ധിച്ച് അവർ ആ ജോലി ഉപേക്ഷിക്കുകയും മോഷ്ടിച്ച എല്ലാത്തിന്റെയും 120 ശതമാനം തിരികെ നൽകുകയും ചെയ്യണം. ചുരുക്കത്തിൽ, ഒരു ചുങ്കക്കാരന്റെ മാനസാന്തരം എന്നത് പ്രതീക്ഷയില്ലാത്ത ഒരു കേസായിരുന്നു.
രണ്ടുപേരുടെയും മനോഭാവം ഒന്നാണ്, പക്ഷെ യേശു പറയുന്നു ഒരാൾ മാത്രമേ നീതീകരിക്കപ്പെട്ടവനായി തിരികെ പോയുള്ളൂ എന്ന്: ചുങ്കക്കാരൻ. അയാൾ ഒരു പ്രായശ്ചിത്തവും ചെയ്യാതെ ദൈവത്തെ പ്രസാദിപ്പിച്ചിരിക്കുന്നു. ജീവിതത്തെ പ്രാർത്ഥനയും പരിത്യാഗവുമായി കരുതിയ ഫരിസേയനെ ദൈവം നീതീകരിക്കുന്നില്ല. നിയമത്തെ സൂക്ഷ്മമായി പാലിച്ചിട്ടും അവൻ അവഗണിക്കപ്പെടുന്നു.
വളരെ നന്നായിട്ടാണ് ഫരിസേയൻ തന്റെ പ്രാർത്ഥന ആരംഭിക്കുന്നത്. പക്ഷേ ആ പ്രാർത്ഥന പിന്നീട് മറ്റുള്ളവരുമായുള്ള താരതമ്യമായി മാറുന്നു. യഥാർത്ഥ പ്രാർത്ഥന ദൈവമുമ്പാകെ വ്യാജമായി നിൽക്കാതെ നമ്മെത്തന്നെ വീണ്ടും കണ്ടെത്താൻ അനുവദിക്കും. മറുവശത്ത്, ചുങ്കക്കാരൻ സ്വയം തിരിച്ചറിയുന്നു: ഒരു പാപി. അവൻ തന്റെ സാഹചര്യത്തെയും യാഥാർത്ഥ്യത്തെയും അംഗീകരിക്കുന്നു, സ്വയം വഞ്ചിക്കുന്നില്ല. ദൈവമെന്ന സ്വത്ത് സ്വന്തമാക്കാൻ നാം ദൈവമുമ്പാകെ ദരിദ്രരാണെന്ന് അംഗീകരിക്കണം. ഫരിസേയനിൽ നിന്ന് വ്യത്യസ്തമായി, ചുങ്കക്കാരന് താൻ രോഗിയാണെന്ന് അറിയാം, അവന് ദിവ്യവൈദ്യനെ ആവശ്യമുണ്ട്.
ഫരിസേയൻ തന്റെ പ്രവൃത്തികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നു; അവൻ തന്റെ ഒരു ഭാഗം മാത്രമേ കാണുന്നുള്ളൂ. അവൻ തന്റെ ഇരുണ്ട വശം നിരസിക്കുന്നു. താനും ചുങ്കക്കാരനെപ്പോലെ ഒരു പാപിയാണെന്ന് സമ്മതിക്കാൻ അവന് കഴിയുന്നില്ല. ആത്യന്തികമായി, മറ്റുള്ളവരിൽ അവൻ വിധിക്കുന്നത്, തന്നിൽത്തന്നെയുള്ള കാര്യങ്ങളെയാണ്. ഫരിസേയൻ മതനിയമങ്ങൾ പാലിക്കുന്നു; അവൻ സത്യസന്ധനാണ്, പക്ഷേ അസന്തുഷ്ടനാണ്. “ഞാൻ ഉപവസിക്കുന്നു, ഞാൻ ദശാംശം നൽകുന്നു, ഞാൻ അങ്ങനെയല്ല…” ഫരിസേയൻ “ഞാൻ, ഞാൻ, ഞാൻ” എന്നാവർത്തിക്കുന്നത് നിർത്തുന്നില്ല. അവൻ തൻ്റെ പ്രാർത്ഥനയിൽ ഏറ്റവും പ്രധാനപ്പെട്ട വാക്ക് മറന്നുപോയി. ആ വാക്കാണ് നീ അഥവാ നിങ്ങൾ.
നമ്മുടെ പ്രാർത്ഥന ഭക്തിയുള്ളതായിരിക്കണമെന്നില്ല, മറിച്ച് അത് സത്യമുള്ളതായിരിക്കണം. നമ്മുടെ ജീവിതത്തിലെ അടഞ്ഞ ഇരുളറകൾ തുറക്കുകയും, നമ്മെക്കുറിച്ച് നമ്മൾക്ക് ഇഷ്ടപ്പെടാത്തതും നേരിടാൻ ആഗ്രഹിക്കാത്തതുമായ എല്ലാം പ്രകാശിപ്പിക്കാൻ ദൈവത്തെ അനുവദിക്കുകയും ചെയ്യുക എന്നതാണ് പ്രാർത്ഥന. നമ്മൾ യഥാർത്ഥത്തിൽ ആരാണെന്ന അവബോധം വേദനാജനകമാണ്. അപ്പോഴും ഓർക്കണം, ദൈവം ഒന്നിനെയും ഭയപ്പെടുന്നില്ല. നമ്മൾക്ക് ലജ്ജ തോന്നുന്നിടത്ത് അവൻ പ്രവേശിക്കട്ടെ, കാരണം അവൻ സ്നേഹമാണ്.



