Meditation

29th Sunday_ശുശ്രൂഷകനും ദാസനും (മർക്കോ 10: 35-45)

ഒറ്റിക്കൊടുക്കുന്നവന്റെ പോലും കാലുകൾ കഴുകിയ ദൈവമാണ് യേശു...

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

ജറുസലേമിലേക്കുള്ള യാത്രയിലാണ് യേശു. ശിഷ്യരോട് മൂന്നാമതും പറഞ്ഞു കഴിഞ്ഞു അവിടെ ചെല്ലുമ്പോൾ കാത്തിരിക്കുന്നത് സഹനവും മരണവും ആണെന്ന കാര്യം. എന്നിട്ടും അവർ സ്വപ്നം കാണുന്നത് അധികാരവും പ്രബലസ്ഥാനവും ആണ്. സെബദീപുത്രന്മാരാണ് ഇപ്പോൾ ശ്രേഷ്ഠത തേടി അവനെ സമീപിച്ചിരിക്കുന്നത്. ഗുരുവിന്റെ മാനസശിഷ്യരാണവർ. അവർ അപേക്ഷിക്കുന്നതെന്തും യേശു ചെയ്തുകൊടുക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അമിതമായ സ്വാതന്ത്ര്യമാണോ അഹങ്കാരമാണോ എന്നു തിരിച്ചറിയാൻ പറ്റാത്ത ഒരവസ്ഥ. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ യേശു പെരുമാറണമത്രേ. യേശുവിനെ നിർബന്ധിക്കുകയാണവർ. സ്നേഹം ആവശ്യപ്പെടുകയേയുള്ളു ആരെയും നിർബന്ധിക്കില്ല എന്ന കാര്യം അവർക്കറിയില്ല.

യേശു, തന്റെ ജീവിതത്തിലുടനീളം, ശിഷ്യരുടെ ഇച്ഛകളെ പരിവർത്തനം ചെയ്യാനാണ് ശ്രമിച്ചത്. ശുശ്രൂഷയിലൂടെ മാത്രമേ അധികാരത്തിന്റെ ലാവണ്യമനുഭവിക്കാൻ സാധിക്കു എന്നാണ് അവൻ അവരെ പഠിപ്പിച്ചത്. എത്രത്തോളം ദൈവീക രഹസ്യങ്ങൾ അറിയാമെന്നു വിചാരിച്ചാലും വിനയം ഇല്ലാത്ത മോഹമെല്ലാം ഇടർച്ചമാത്രമാണ്. യേശുവിന്റെ ദൈവികതയെ വ്യക്തമായി തിരിച്ചറിഞ്ഞവരാണ് സെബദീപുത്രന്മാർ. എന്നിട്ടും അവരുടെ പ്രാർത്ഥനകൾ പതിരാകുന്നുണ്ടെങ്കിൽ അതിനർത്ഥം അനുപമമായതിനെ ആഗ്രഹിക്കാൻ അവർക്ക് സാധിച്ചില്ല എന്നതാണ്.

ഗുരു എന്തിനാണ് ജറുസലേമിലേക്കു പോകുന്നതെന്നത് ശിഷ്യന്മാർക്ക് അറിയില്ല. അവർ ഇത്തിരിയോളം ഊഹിക്കുക പോലും ചെയ്യുന്നില്ല. എല്ലാവർക്കും വേണ്ടത് പ്രബലസ്ഥാനം തന്നെയാണ്. അതുകൊണ്ടാണ് അമർഷത്തിന്റെ അന്തരീക്ഷം അവരുടെയിടയിൽ ഉടലെടുക്കുന്നത്. ശിഷ്യരുടെ ഈ സ്വഭാവം ഗുരുവിന് ഒരു പുതുമയല്ല. അവൻ ഒരിക്കൽ കൂടി ശുശ്രൂഷയുടെ മാഹാത്മ്യത്തെക്കുറിച്ച് വിശദീകരിക്കുന്നു, പഠിപ്പിക്കുന്നു, വ്യക്തമാക്കുന്നു. ശിഷ്യരുടെ ആഗ്രഹവും അമർഷവും ഗുരുവിന്റെ പഠിപ്പിക്കലുമെല്ലാം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.

“നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്”. ഈ ഒറ്റ വാചകത്തിൽ ലോകയുക്തിയുടെ വിപരീതം ഉൾക്കൊള്ളുന്നുണ്ട്. എന്താണ് യേശുവിന്റെ യുക്തി? “നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം”. ഇതാണ് യേശുവിന്റെ ജീവിതചര്യ. ഇതുതന്നെ ആയിരിക്കണം നമ്മുടേതും. യേശു നമ്മെ ശുശ്രൂഷകരാകാൻ വിളിച്ചിരിക്കുന്നത് നമ്മൾ വില കുറഞ്ഞവരായതുകൊണ്ടല്ല, അതിലൂടെ ദൈവത്തെ വെളിപ്പെടുത്തി തരാനാണ്. ഇത് അവസാനത്തെ ഇടമാണ്. നിരയിലെ ഏറ്റവും പിന്നിലെ സ്ഥാനം. പക്ഷേ അവിടെ നിന്നാൽ മാത്രമേ നമുക്ക് യേശു കാണുന്നതുപോലെ ജീവിതത്തെയും സ്വർഗ്ഗത്തെയും കാണാൻ സാധിക്കു.

ശുശ്രൂഷകൻ എന്നതിന് διάκονος (diakonos) എന്ന പദവും, സേവകൻ എന്നതിന് δοῦλος (doulos) എന്ന പദവുമാണ് സുവിശേഷകൻ ഉപയോഗിച്ചിരിക്കുന്നത്. ശുശ്രൂഷകൻ ഒരു ഡീക്കനാണ്. അൾത്താരയും ഭക്ഷണമേശയും ഒക്കെ ഈ പദത്തിനോടൊപ്പം ചേർന്നുവരുന്നുണ്ട്. ദൈവത്തിന്റെ യുക്തിയിൽ ജീവിതത്തെ സേവിക്കുന്നവർ, ആ യുക്തിയെ അനുകൂലിക്കുന്നവർ, തങ്ങളിലെ സ്വർഗത്തെ മൂർത്തമായ പ്രവൃത്തികളാക്കുന്നവർ. സൈനികർക്കും ജനറലിനും ഇടയിൽ വിവരങ്ങൾ കൈമാറുന്നതിനുള്ള ചുമതലയുള്ള ഓട്ടക്കാരനാണ് δοῦλος (doulos). അവൻ അടിമയാണ്. സാമൂഹിക ശ്രേണിയിലെ ഏറ്റവും താഴെയുള്ള പടിയാണ് അവൻ. അതായത് യേശുവിനെ അനുഗമിക്കുക എന്നതിനർത്ഥം ആരെക്കാളും ശ്രേഷ്ഠനാണെന്ന് സ്വയം കരുതാതിരിക്കുകയും (δοῦλος) ജീവിതത്തെ സേവനമായി സ്വയം സമർപ്പിക്കുകയും ചെയ്യുക എന്നതാണ് (διάκονος).

“മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ”. ഇതാണ് ദൈവത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ നിർവചനം. ദാസൻ ആകുന്ന ദൈവം. ആ ദാസ്യത്തിൽ നമ്മുടെ ജീവിതവും ഉൾപ്പെടുന്നു. മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ സേവിക്കാനല്ല, മനുഷ്യനെ സ്നേഹിക്കാനും സേവിക്കാനുമാണ് ദൈവം ഉള്ളത്. തന്റെ മുന്നിൽ മുട്ടുകുത്താൻ ദൈവം ആരോടും ആവശ്യപ്പെടുന്നില്ല. മറിച്ച് മനുഷ്യരുടെ മുൻപിൽ മുട്ടുകുത്തി തൂവാലയെടുത്ത് കാലുകൾ കഴുകുന്നവനാണ് ദൈവം. ഒറ്റിക്കൊടുക്കുന്നവന്റെ പോലും കാലുകൾ കഴുകിയ ദൈവമാണ് യേശു. ഓരോ മുറിവുകളെയും ആർദ്രതയോടെ തഴുകുകയും കെട്ടുകയും ചെയ്യുന്ന നല്ല സമരിയക്കാരനായ ദൈവം. അവന്റെ സിംഹാസനം മുകളിലല്ല, താഴെ നമ്മുടെ ഇടയിലാണ്. സെബദീപുത്രന്മാർ അവന്റെ വലത്തുവശത്തും ഇടത്തു വശത്തും ഉപവിഷ്ടരാകാനാണ് ആഗ്രഹിച്ചത്. പക്ഷേ ഗോൽഗോത്തായുടെ വിരിമാറിലെ കുഞ്ഞാടിന്റെ ബലിയിൽ ഇടതും വലതും ആയിരിക്കാനാണ് അവരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല. അതെ, ഗുരുവിനെപ്പോലെ സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുള്ളതാണ് നമ്മുടെയും ജീവിതം.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker