29th Sunday Ordinary Time_Year A_സീസറിനുള്ളതും ദൈവത്തിനുള്ളതും
മറ്റുള്ളവർക്ക് നാം കൊടുക്കേണ്ടത് കൊടുക്കുക എന്നർത്ഥം...
ആണ്ടുവട്ടം ഇരുപത്തിയൊമ്പതാം ഞായർ
ഒന്നാം വായന: ഏശയ്യാ 45:1,4-6
രണ്ടാം വായന: തെസ്സലോനിക്കാ 1:1-5
സുവിശേഷം: വി.മത്തായി 22:15-21.
ദിവ്യബലിക്ക് ആമുഖം
“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന യേശുവിന്റെ വാക്കുകളാണ് ഇന്നത്തെ തിരുവചനങ്ങളുടെ കേന്ദ്രബിന്ദു. യേശു ഇത് പറയുവാനുണ്ടായ സാഹചര്യവും നാം ഇന്നത്തെ സുവിശേഷത്തിൽ ശ്രവിക്കുന്നു. അതോടൊപ്പം, ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ തന്റെ പദ്ധതികൾക്കായി ദൈവം നിയോഗിക്കുന്നതിനെക്കുറിച്ചുള്ള ഏശയ്യാ പ്രവാചകന്റെ വാക്കുകളും നാമിന്നത്തെ ഒന്നാമത്തെ വായനയിൽ ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
കഴിഞ്ഞ കുറേ ഞായറാഴ്ചകളിൽ നാം യേശു പറഞ്ഞ വ്യത്യസ്തമായ ഉപമകളാണ് ശ്രവിച്ചതെങ്കിൽ, ഇന്ന് ശ്രവിച്ചത് യേശുവിന്റെ ജീവിതത്തിലെ ഒരു സംഭവമാണ്. ഫരിസേയരുടെ അനുയായികളും, ഹേറോദോസ് പക്ഷക്കാരും ചേർന്ന് യേശുവിനെ വാക്കിൽ കുരുക്കാൻ നോക്കുകയാണ്. ഇവരുടെ ചോദ്യത്തിന് അവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് യേശു വിദഗ്ധമായി മറുപടി നൽകുകയും ചെയ്യുന്നു. ഈ സംഭാഷണങ്ങൾക്കിടയിലൂടെ യേശുവിന് നമ്മോട് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.
ബിബ്ലിക്കൽ വ്യാഖ്യാനം
ഇസ്രായേലിലെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലമനുസരിച്ച്, ഫരിസേയരും ഹേറോദോസ് പക്ഷക്കാരും ഒരുമിച്ചു ചേരുന്നവരല്ല. എന്നാൽ, യേശുവിന് സമൂഹത്തിലും ജനങ്ങളുടെ ഇടയിലും ലഭിക്കുന്ന സ്ഥാനം കണ്ട് അസൂയാലുക്കളായ അവർ, യേശുവിനെ പൊതുശത്രുവായി കണ്ട് ഒരുമിച്ചു ചേർന്ന് യേശുവിനെ കെണിയിൽപ്പെടുത്താൻ നോക്കുകയാണ്. അവരുടെ വാക്കുകൾ കൊണ്ടുള്ള കെണിയുടെ ആദ്യഭാഗമായി അവർ യേശുവിനെ “ഗുരോ” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പുകഴ്ത്തുകയാണ്. “ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ, നിർഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നു ഞങ്ങൾ അറിയുന്നു” – ഇതായിരുന്നു അവരുടെ ആദ്യവാക്കുകൾ. തുടർന്നാണ് പ്രശ്നം അവതരിപ്പിക്കപ്പെടുന്നത് – “സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ, അല്ലയോ?” “അതെ” അല്ലെങ്കിൽ “അല്ല” എന്ന് ഉത്തരം പറയേണ്ട സങ്കീർണ്ണമായ ചോദ്യമാണിത്. “അതെ” എന്ന് ഉത്തരം പറഞ്ഞാൽ, യേശു യഹൂദരോട് സ്വന്തം (ജനത്തിനോട്) സ്നേഹമില്ലാത്തവനാണെന്ന് തെളിയും. കാരണം റോമൻ ഭരണത്തെയും, അവർ നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിരുന്ന നികുതിയെയും യഹൂദർ അത്യന്തം വെറുത്തിരുന്നു. മനസ്സില്ലാ മനസ്സോടെയാണ് അവർ അത് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ, യേശു അതിനെ അനുകൂലിച്ച് സംസാരിച്ചാൽ ജനങ്ങളുടെ ഇടയിലും മനസ്സിലുമുള്ള യേശുവിനെ സ്ഥാനം നഷ്ടപ്പെടും. “നിയമാനുസൃതമല്ല” എന്ന് ഉത്തരം നൽകിയാൽ, സീസറിനെതിരെ (ചക്രവർത്തിക്കെതിരെ) സംസാരിക്കുകയും, സീസറിന് നികുതി നൽകേണ്ടതില്ല എന്ന് പറയുകയും ചെയ്തു എന്ന കുറ്റമാരോപിച്ച് റോമാ സാമ്രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ കുറ്റവാളിയാക്കി യേശുവിനെ ചിത്രീകരിക്കാൻ സാധിക്കും. അവരുടെ ദുഷ്ടത മനസ്സിലാക്കി യേശു അവരെ “കപടനാട്യക്കാരേ” എന്ന് വിളിക്കുകയും, നികുതി പണം യേശുവിനെ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
അവർ യേശുവിനെ കാണിച്ച “ദനാറ” എന്നത് ഒരു വെള്ളിനാണയമാണ്. അതിന്റെ ഒരു വശത്ത് റോമൻ ചക്രവർത്തിയായ തിബേരിയൂസ് സീസറിന്റെ ചിത്രവും, മറുവശത്ത് “അഗസ്റ്റസിന്റെ ഉന്നത ദിവ്യപുത്രനായ തിബേരിയൂസ് സീസർ” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് “ഈ രൂപവും ലിഖിതവും ആരുടേതാണ്” എന്ന യേശുവിന്റെ ചോദ്യത്തിന് “സീസറിന്റേത്” എന്നവർ ഉത്തരം നൽകുന്നു. അവരുടെ ചോദ്യത്തിന് “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശുവും ഉത്തരം നൽകുന്നു. യേശുവും ഫരിസേയരും തമ്മിലുള്ള ഈ തർക്ക സംഭാഷണത്തിൽ നിന്ന് നമുക്കെന്താണ് പഠിക്കാനുള്ളത് എന്ന് നോക്കാം.
ദൈവത്തിനുള്ളത് ദൈവത്തിന്
യേശുവിന്റെ എതിരാളികൾ ഉന്നയിച്ച ചോദ്യം സീസറിനെ കുറിച്ചും നികുതിയെ കുറിച്ചും മാത്രമായിരുന്നു. എന്നാൽ, യേശു അവർക്ക് നൽകിയ ഉത്തരത്തിൽ “ദൈവത്തിനുള്ളത് ദൈവത്തിന് നൽകാനും പറയുന്നുണ്ട്”. കാരണം, എതിരാളികൾ മറന്നു പോയകാര്യം അതായിരുന്നു – യേശു ദൈവപുത്രനാണെന്ന കാര്യം. യഥാർത്ഥത്തിൽ ദൈവത്തിന് കൊടുക്കാനുള്ള ബഹുമാനവും, ഭക്തിയും, ആദരവും, ആരാധനയും നിങ്ങൾ കൊടുക്കുന്നില്ല എന്ന് യേശു അവരോട് പരോക്ഷമായി പറയുകയാണ്. ദൈവത്തിനുള്ളത് ദൈവത്തിന് കൊടുക്കാൻ പറയുമ്പോൾ നാം ഓർമ്മിക്കേണ്ടത് ദൈവത്തിന്റേതല്ലാതായിട്ട് എന്താണ് ഉള്ളതെന്നാണ്. നികുതിപ്പണം രാഷ്ട്രത്തിനാണെങ്കിൽ, നികുതിയടയ്ക്കുന്ന മനുഷ്യൻ ദൈവത്തിനുള്ളതാണ്. ഈ പ്രപഞ്ചവും, ഭൂമിയും അതിലെ സർവ്വ സൃഷ്ടിജാലങ്ങളും, മനുഷ്യനും, ജീവിതവും, മരണവും, മരണാനന്തര ജീവിതവും ദൈവത്തിന്റെ കരങ്ങളിലാണ്. നമ്മുടെ മുഴുവൻ ജീവിതവും, സമയവും, കഴിവുകളും ദൈവത്തിന് സമർപ്പിക്കപ്പെടേണ്ടതാണ്. കാരണം, നാം ദൈവത്തിൻറെ സ്വന്തമാണ്. യേശു തന്റെ മറുപടിയിലൂടെ ആത്യന്തികമായി നമ്മെ ഓർമ്മിപ്പിക്കുന്നതും അതാണ് – “മനുഷ്യൻ ദൈവത്തിന്റെ സ്വന്തമാണ്, ദൈവത്തിനുള്ള ആരാധന നാം ദൈവത്തിന് നൽകണം”.
സീസറിനുള്ളത് സീസറിന്
കാലങ്ങളായി സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം കാണിക്കാൻ പലരും ഉപയോഗിക്കുന്ന വാക്യം കൂടിയാണിത്. എല്ലാ ഭൗതീക അധികാരങ്ങളും ദൈവത്തിന്റെ കീഴിലാണ് എന്ന കാര്യം നാം മറക്കരുത്. ഇന്നത്തെ ഒന്നാം വായനയിൽ, യഹൂദപാരമ്പര്യത്തിൽപ്പെടാത്ത പേർഷ്യൻ (വിജാതീയ) രാജാവായ സൈറസിനെ ഇസ്രായേൽ ജനത്തെ ബാബിലോൺ പ്രവാസത്തിൽ നിന്ന് മോചിപ്പിക്കാനും, ജറുസലേം ദേവാലയം പുന:രുദ്ധരിക്കാനും ദൈവം നിയോഗിക്കുന്നത് നാം കാണുന്നു. യഹൂദപാരമ്പര്യത്തിൽപ്പെട്ടവനല്ലെങ്കിൽ പോലും സൈറസ് ചക്രവർത്തിയെ “അഭിഷിക്തൻ” എന്നുതന്നെയാണ് ഏശയ്യാ പ്രവാചകൻ വിശേഷിപ്പിക്കുന്നത്. ഭൗതിക അധികാരങ്ങളിലൂടെ ദൈവം തന്റെ ജനത്തിന്റെ ഗതി നിയന്ത്രിക്കുന്നതാണ് നാമിവിടെ കാണുന്നത്. എപ്പോഴാണോ അധികാരികൾ ദൈവനിഷേധികളാകുകയും, ദൈവിക മൂല്യങ്ങളെ കാറ്റിൽ പറത്തുകയും ചെയ്യുന്നത് അപ്പോഴൊക്കെ നാം ദൈവത്തെയാണ് അനുസരിക്കേണ്ടത് (അപ്പൊ.പ്രവർത്തനം 5:29).
“സീസറിനുള്ളത് സീസറിന് കൊടുക്കുക” എന്ന തിരുവചനത്തിന് ഒരു സാമൂഹ്യ ശാസ്ത്രപരമായ വ്യാഖ്യാനം കൂടിയുണ്ട്. ഒരു ‘ജനാധിപത്യ രാജ്യത്തെ സീസർ’ എന്ന് പറയുന്നത് ‘ജനങ്ങളാണ്’. അതായത്, “ജനത്തിനുള്ളത് ജനത്തിന് കൊടുക്കുക” എന്നുള്ളതാണ്. വളരെ ലളിതമായി പറഞ്ഞാൽ, മറ്റുള്ളവർക്ക് നാം കൊടുക്കേണ്ടത് കൊടുക്കുക എന്നർത്ഥം. ഇവിടെ നമുക്ക് നാം ജീവിക്കുന്ന സമൂഹത്തെയും, നമുക്ക് ചുറ്റുമുള്ളവരെയും ഓർമ്മിക്കാം. നമ്മുടെ ഇടവകയിലെ വിശ്വാസികൾ മാത്രമല്ല നാനാജാതി മതസ്ഥരെയും നമുക്ക് ഓർമ്മിക്കാം. അവർക്ക് കൊടുക്കേണ്ട പുഞ്ചിരിയും, സഹകരണവും, സമാധാനവും, സഹവർത്തിത്വവും, പരിഗണനയും കൊടുക്കുവാൻ നമുക്ക് ശ്രദ്ധിക്കാം.
ഉപസംഹാരം
സമൂഹം, രാഷ്ട്രം, ദൈവവിശ്വാസം തുടങ്ങിയ ജീവിത യാഥാർത്ഥ്യങ്ങളിൽ നാം പുലർത്തേണ്ട ശ്രദ്ധയും, ഓരോന്നിനും നൽകേണ്ട മുൻഗണനകളും ഇന്നത്തെ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. അതുമാത്രമല്ല, തർക്കസംഭാഷണങ്ങളിലും, സംവാദങ്ങളിലും ഒരു ക്രിസ്ത്യാനി വച്ച് പുലർത്തേണ്ട ജാഗ്രതയും, വിവേകവും നാമിന്ന് യേശുവിന്റെ വാക്കുകളിൽ കണ്ടു. ദൈവത്തിനുള്ളത് ദൈവത്തിന് കൊടുക്കുക എന്നതിന്റെ അർഥം ‘സ്വന്തം ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയാണ്’ എന്ന ആത്മീയ സത്യം നമുക്കോർമ്മിക്കുകയും, അത് ജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്യാം.
ആമേൻ.