ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ
തീർത്തും ആസൂത്രിതമായ ഒരു കെണി. സീസറിനു നികുതി കൊടുക്കുന്നത് ഉചിതമാണോ? നീ ഈ അടിച്ചമർത്തപ്പെട്ട ജനതയുടെ കൂടെയാണോ അതോ റോമിനൊപ്പമാണോ? ഇതാണ് ചോദ്യത്തിനകത്തെ ചോദ്യം. ഉത്തരം ഏതു കൊടുത്താലും അതിനോടൊപ്പം എണ്ണപ്പെടാൻ പോകുന്നത് മുന്നിലേക്കുള്ള ദിനങ്ങളും കൂടിയായിരിക്കും. ഒന്നുങ്കിൽ സാമ്രാജ്യത്തിനെതിരെ വിപ്ലവത്തിന് കോപ്പുകൂട്ടുന്നവൻ എന്നു മുദ്രകുത്തി മരണശിക്ഷയെ നേടിയെടുക്കാം. അല്ലെങ്കിൽ റോമിന് കുടപിടിക്കുന്നവൻ എന്ന പേരിൽ മതതീവ്രവാദികളിൽ നിന്നും ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാം. അതെ, ചില ചോദ്യങ്ങളങ്ങനെയാണ് അതിന്റെ പിന്നാലെ മരണവും കടന്നുവരും.
ചില സാന്നിധ്യങ്ങൾ നിലനിൽപ്പിന് വെല്ലുവിളിയാകുമ്പോൾ ആജന്മശത്രുക്കൾ പോലും മിത്രങ്ങളാകും. അങ്ങനെ ശത്രുക്കൾ മിത്രങ്ങളായി മാറുന്ന ഒരു രംഗം ഈ സുവിശേഷ ഭാഗത്തിന്റെ വരികളുടെയിടയിലുണ്ട്. യേശുവിനെ തോൽപ്പിക്കാൻ ഫരീസേയരും ഹേറോദോസ് പക്ഷക്കാരും ഒരുമിക്കുന്നു. അതങ്ങനെയാണ്, തിന്മകൾ നിരൂപിച്ചുകൊണ്ടുള്ള ഏത് കൂട്ടുകെട്ടിനും എതിർപക്ഷത്ത് സ്ഥാനം പിടിക്കുന്നത് എപ്പോഴും യേശു മാത്രമായിരിക്കും. ആ സത്യം ഇന്നും നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ദുരന്ത പർവ്വം.
യേശു കെണിയിൽ വീഴുന്നില്ല. പക്ഷേ കെണിയിൽ വീഴ്ത്താൻ വന്നവരെ അവൻ കപടനാട്യക്കാരേ എന്ന് വിളിക്കുന്നുണ്ട്. അവർക്കെല്ലാം നാട്യമാണ്. അഭിനയം. വെറും കോമാളികൾ. അവരുടെ അഭിനയം യേശു പൊളിച്ചടുക്കുന്നു. അവൻ ചോദിക്കുന്നു; “നികുതിക്കുള്ള നാണയം എന്നെ കാണിക്കുക” (v.19). ഓർക്കണം, നമ്മൾ ജെറുസലേം ദേവാലയത്തിലാണെന്നും വിശുദ്ധി കുടികൊള്ളുന്ന ഇടത്തിലാണെന്ന കാര്യം. ഏകദൈവ സാന്നിധ്യമായ ദേവാലയത്തിൽ മാനുഷികമായ ഒരു രൂപവും ചിത്രവും അനുവദനീയമല്ല. കാരണം യഹൂദ പാരമ്പര്യമനുസരിച്ച് അവകൾ വിഗ്രഹാരാധനയ്ക്ക് തുല്യമാണ്. നാണയത്തിലുള്ളത് വിജാതിയ രൂപമാണ്. അതുകൊണ്ടാണ് ദേവാലയ കവാടങ്ങളിൽ നാണയ മാറ്റക്കാരുള്ളത്. എന്നിട്ടും ഇതാ, ആ നാണയങ്ങളുമായി ദേവാലയത്തിനകത്ത് ആത്മീയതയുടെ കുത്തക കൈവശമാക്കിയിരിക്കുന്നവർ കടന്നിരിക്കുന്നു. ദൈവകൽപനകൾ പ്രാവർത്തികമാക്കാൻ വാശിപിടിക്കുകയും അതിനു വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നവർ. അതുകൊണ്ടുതന്നെയാണ് യേശു അവരെ കപടനാട്യക്കാർ എന്ന് വിളിക്കുന്നത്. അതെ, കപടനാട്യക്കാർ എല്ലാവരും കോമാളികളായിരിക്കും. ആ കോമാളികളുടെ മുഖംമൂടിയാണ് യേശു ഒറ്റ ചോദ്യത്തിലൂടെ എടുത്തു മാറ്റുന്നത്.
“സീസറിനുള്ളത് സീസറിനു കൊടുക്കുക”. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ എന്നതായിരുന്നു അവരുടെ ചോദ്യം. മലയാളം ബൈബിളിൽ ചോദ്യത്തിലേയും ഉത്തരത്തിലേയും ക്രിയകൾ “കൊടുക്കുക” എന്നാണ് കാണുന്നത്. പക്ഷേ ഗ്രീക്ക് ബൈബിളിൽ രണ്ട് വ്യത്യസ്ത ക്രിയകളാണ് ഉപയോഗിച്ചിരിക്കുന്നത്. സീസറിനുള്ളത് സീസറിനു “കൊടുക്കുക” എന്നല്ല യേശു പറയുന്നത്, മറിച്ച് സീസറിന് “മടക്കി കൊടുക്കുക” എന്നാണ് പറയുന്നത്. മടക്കി കൊടുക്കുക എന്ന് പറയുമ്പോൾ സീസറിൽ നിന്നും നിങ്ങൾ എന്തൊക്കെയോ സ്വീകരിച്ചിട്ടുണ്ട് എന്ന് വിവക്ഷിതമാകുന്നുണ്ട്. അങ്ങനെയാകുമ്പോൾ അവിടെ വലിയൊരു പട്ടിക തന്നെയുണ്ട്: വിദ്യാഭ്യാസം, ആരോഗ്യം, നീതി, സംസ്കാരം… അങ്ങനെ വലിയൊരു പട്ടിക. രാഷ്ട്രത്തിന്റെ സേവനം നിനക്ക് ലഭിക്കുന്നുണ്ടോ എങ്കിൽ നികുതിയായി നീ മടക്കി കൊടുക്കണം. അവിടെ ഫരിസേയ മനോഭാവത്തിന് ഒരു പ്രാധാന്യവുമില്ല. എങ്ങനെ നികുതി കൊടുക്കാതിരിക്കാം എന്ന ചിന്ത കപട ജീവിതത്തിനാണ് കുട പിടിക്കുന്നത്. ആ ചിന്ത ദേവാലയങ്കണങ്ങളിലും ഉണ്ടെന്നു കാണുമ്പോഴാണ് പലരുടെയും ആത്മീയജീവിതം വെറുമൊരു മരീചിക മാത്രമാണെന്നു മനസ്സിലാകുക.
“ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കുക”. ഈ ഭൂമിയും അതിലെ സകല ചരാചരങ്ങളും ദൈവത്തിന്റേതാണ്. നമ്മൾ ദൈവത്തിന്റേതാണ്. നമ്മുടെ ജീവൻ ദൈവത്തിന്റേതാണ്. അതിന്റെ ഉടമസ്ഥർ നമ്മളാരും തന്നെയല്ല. ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലുമാണ് ഓരോ മനുഷ്യരും ഈ ഭൂമിയിലേക്ക് വരുന്നത്. ആ നാണയത്തിന്റെ ഒരു വശം മനുഷ്യരൂപമാണെങ്കിൽ മറുവശത്ത് അദൃശ്യനായി നിൽക്കുന്നത് ദൈവരൂപമാണ്. മനുഷ്യനിൽനിന്നും സ്വീകരിച്ചതിന് പ്രത്യുപകാരമായി നീ പലതും മടക്കി കൊടുക്കുന്നുണ്ടെങ്കിൽ ദൈവം നിനക്കു നൽകുന്ന സ്നേഹത്തിനും കരുണയ്ക്കും നീ എന്ത് മടക്കി കൊടുക്കും. ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കുക. നീയാണ് ദൈവത്തിനുള്ളത്. നിനക്ക് സ്വയം നൽകാൻ സാധിക്കണം.
വസ്തുക്കൾ സീസറിനും ജനങ്ങളെ ദൈവത്തിനും കൊടുക്കുക അതാണ് സുവിശേഷത്തിന്റെ യുക്തി. സ്വർണ്ണവും വെള്ളിയും രാജാവിനും മനുഷ്യഹൃദയങ്ങളെ ദൈവത്തിനും നേടി കൊടുക്കാൻ സാധിക്കുന്ന ഒരു മിഷൻ ആത്മീയതയാണ് ഇന്നിന്റെ ആവശ്യം. പക്ഷേ പലപ്രാവശ്യവും ഈയുള്ളവൻ വിചാരിക്കാറുണ്ട്. ഈയൊരു യാഥാർത്ഥ്യം തകിടം മറിഞ്ഞുകിടക്കുന്ന അവസ്ഥയിലല്ലേ ഇന്നത്തെ നമ്മുടെ മിഷൻ പ്രവർത്തനങ്ങളെന്നു. സ്വർണവും വെള്ളിയും ദൈവത്തിനും മനുഷ്യഹൃദയങ്ങൾ രാജാവിനും അടിയറവെക്കുന്ന അവസ്ഥാന്തരങ്ങൾ. പ്രഘോഷകർക്ക് ഫാൻസ് അസോസിയേഷൻസുകൾ ഉണ്ടാകുമ്പോൾ ദൈവം നേർച്ചപ്പെട്ടികളുടെ മൂലകളിൽ ഒതുങ്ങും. ദൈവമെന്ന ആർദ്രതയുടെ മുന്നിലല്ലാതെ ഒരു ശക്തിയുടേയും മുന്നിൽ തലകുനിക്കേണ്ടവനല്ല നീയെന്ന സന്ദേശം വരികൾക്കിടയിലൂടെ സുവിശേഷം വ്യക്തമാക്കുന്നുണ്ട്. നീ ദൈവത്തിന്റേതു മാത്രമാണ്. ബോധിപ്പിക്കേണ്ടത് അവനെ മാത്രമാണ്. ഏതെങ്കിലും ബാഹ്യശക്തികളിൽ നിന്നും നീ എന്തെങ്കിലും സ്വീകരിക്കുന്നുണ്ടെങ്കിൽ അതേ അനുപാതത്തിൽ തന്നെ മടക്കി നൽകി കൊണ്ട് ജീവിതം ദൈവോന്മുഖമാക്കി മുന്നോട്ടു കൊണ്ടുപോകുക. അതെ, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.