Categories: Meditation

27th Sunday_Year B_”ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16)

കണ്ണടച്ചു ഉൾക്കൊള്ളാൻ വിശുദ്ധഗ്രന്ഥം ഒരു മന്ത്രത്തകിടല്ല, അതിന് ബുദ്ധിയും ഹൃദയവും ആവശ്യമാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

യേശുവിനെ പരീക്ഷിക്കാനാണ് ഫരിസേയർ ഒരു ചോദ്യം ഉന്നയിക്കുന്നത്: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? ഉത്തരം എളുപ്പമാണ്: അതെ, നിയമാനുസൃതമാണ്. അതാണ് മോശ അനുവദിച്ചിരിക്കുന്നത്. പക്ഷേ, അവന്റെ ഉത്തരം വ്യത്യസ്തമാണ്: “നിങ്ങളുടെ ഹൃദയ കാഠിന്യം കൊണ്ടാണ്‌ മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്‌” (v.5). യേശു വിഭാവനം ചെയ്യുന്ന ആത്മസംഘർഷത്തിലേക്കാണ് നമ്മൾ ഇനി കടക്കാൻ പോകുന്നത്. ഹൃദയചോദന വേണോ, നിയമം വേണോ? ഇതാണ് നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന ചോദ്യം. അവൻ തന്റെ മറുപടിയിലൂടെ ഒരു വലിയ കാര്യം സ്ഥിരീകരിക്കുന്നു: എല്ലാ നിയമങ്ങൾക്കും ദൈവീക ഉൽഭവമില്ല, ചിലപ്പോൾ അത് ഹൃദയകാഠിന്യത്തിന്റെ പ്രതിഫലനമാകാം. മനുഷ്യത്വത്തിന് മുകളിൽ നിയമം വന്നാൽ ആ നിയമം ദൈവനിന്ദയാണ്. അങ്ങനെ വരുമ്പോൾ നിയമത്തിന്റെ അക്ഷരത്തിനോട് അവിശ്വസ്തനായി അതിന്റെ ആത്മാവിനോട് വിശ്വസ്തനാകാൻ നമുക്ക് സാധിക്കണം. കാത്തുസൂക്ഷിക്കേണ്ടതും ആരാധിക്കേണ്ടതും മാനവികതയുടെ തീയേയാണ്, ചാരത്തെയല്ല. ഓർക്കണം എപ്പോഴും, കണ്ണടച്ചു ഉൾക്കൊള്ളാൻ വിശുദ്ധഗ്രന്ഥം ഒരു മന്ത്രത്തകിടല്ല, അതിന് ബുദ്ധിയും ഹൃദയവും ആവശ്യമാണ്.

മനസ്സിനെ മനസ്സിലാക്കലാണ് വ്യാഖ്യാനം. അക്ഷരങ്ങളിൽ നിന്നും ആത്മാവിലേക്കുള്ള സഞ്ചാരമാണത്. വരികളിൽ മാനവികത ഇല്ലാതെ വരുമ്പോൾ വരികൾക്കപ്പുറത്തുള്ള ഹൃദയസ്പന്ദനത്തെ കണ്ടെത്തലാണ് യഥാർത്ഥ വ്യാഖ്യാനം. അപ്പോൾ സ്രഷ്ടാവിന്റെ മനസ്സ് മനസ്സിലാകും. യേശു ചെയ്യുന്നതും അതുതന്നെയാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ഉണ്ടായിരുന്ന ദൈവമനസ്സിനെയാണ് അവൻ അന്വേഷിക്കുന്നത്. അത് നിയമങ്ങൾക്കതീതമായ യുക്തിയാണ്. ആ യുക്തിയിൽ പുരുഷനും സ്ത്രീയും രണ്ടല്ല, ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ വിഭജനത്തിന്റെയോ ഉപേക്ഷാപത്രത്തിന്റെയോ നിയമമില്ല.

ഭാര്യയെ ഉപേക്ഷിക്കാമോ എന്ന ചോദ്യത്തിന് മനുഷ്യനെ പുരുഷനും സ്ത്രീയും ആയിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്ന ഉത്തരമാണ് അവൻ നൽകുന്നത്. അസമത്വത്തിന്റെ പുരുഷ ഭാവനയ്ക്ക് വിരുദ്ധമായിട്ട് ദൈവ മുമ്പിലെ സമത്വചിത്രമാണ് അവൻ ചൂണ്ടിക്കാണിക്കുന്നത്. ഭാര്യയെ തള്ളിക്കളയാൻ അവൾ നിനക്ക് താഴെയല്ല, നീ അവൾക്കു മുകളിലുമല്ല. നിങ്ങൾ ഒറ്റ ശരീരമാണ്. ഭാര്യ ഒരു ബാഹ്യപ്രശ്നമല്ല, അവൾ നിന്റെ ആന്തരിക ഉള്ളടക്കമാണ്; അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും (ഉത്‌പ 2:3). ആ ഉള്ളടക്കത്തെ സ്വത്വത്തിൽ നിന്നും പിഴുതെറിയുകയെന്നത് പൈശാചികമായ പ്രവർത്തിയാണ്. അതുകൊണ്ടാണ് ഒരു കല്പനയെന്നപോലെ അവൻ പറയുന്നത്: “ദൈവം സംയോജിപ്പിച്ചത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ” (v.9).

ചില നിയമങ്ങളുണ്ട് അതിനെ പുരുഷകാഴ്ചപ്പാടിലൂടെയാണ് ചരിത്രം ഇത്രയും നാളും വ്യാഖ്യാനിച്ചിട്ടുള്ളത്. അങ്ങനെയുള്ള വ്യാഖ്യാനത്തിൽ പുരുഷൻ സ്വയം മാറി നിൽക്കുകയാണ് പതിവ്. അതിലൊന്നാണ് വ്യഭിചാരത്തെ കുറിച്ചുള്ള നിയമം. വിവാഹത്തിന്റെ ചിന്താപരിസരങ്ങളിൽ കടന്നുവരുന്ന നിയമമാണിത്. വ്യഭിചാരം എന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത് സ്ത്രീമാത്രമാണ്. പുരുഷനോ? അവൻ ശിക്ഷകനാണ്. ഈയൊരു പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍വച്ച്‌ വീണ്ടും അവനോടു ചോദിക്കുന്നത് (v.10). യേശു നൽകുന്ന മറുപടി ശ്രദ്ധേയമാണ്; വ്യഭിചാരം ഒരു നിയമവിഷയം മാത്രമല്ല, അതൊരു ധാർമികവിഷയം കൂടിയുമാണ്. അത് ബാഹ്യം എന്നതിനേക്കാളുപരി ആന്തരികമായ യാഥാർത്ഥ്യമാണ്. ധാർമികമായ കാഴ്ചപ്പാടിൽ വ്യഭിചാരത്തിൽ പുരുഷനും സ്ത്രീയ്ക്കും തുല്യസ്ഥാനമാണുള്ളത്. അതുകൊണ്ട് ഉപേക്ഷയുടെ പ്രത്യയശാസ്ത്രം ദാമ്പത്യത്തിൽ ഒത്തുപോകില്ല.

ദാമ്പത്യത്തെക്കുറിച്ച് പറയുമ്പോൾ മാറ്റി നിർത്താൻ പറ്റാത്ത ഒരു ഘടകമാണ് കുഞ്ഞുങ്ങൾ. അതുകൊണ്ടാണ് കുഞ്ഞുങ്ങൾ കഥാപാത്രങ്ങളായി ഈ സുവിശേഷഭാഗത്തിൽ കടന്നുവരുന്നത്. ശിഷ്യരിൽ ആരൊക്കെയോ കുഞ്ഞുങ്ങളെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നു. അതു കണ്ട് യേശു കോപിക്കുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ കോപിക്കുന്ന യേശുവിനെ നമുക്ക് കാണാൻ സാധിക്കു. ഇന്നിതാ, അവൻ കോപിക്കുന്നു. കാരണം, നമ്മൾ തടഞ്ഞുനിർത്തുന്നത് ദൈവരാജ്യത്തിന്റെ പ്രതിനിധികളെയാണ്. നമ്മുടെ ഭവനങ്ങളെ ദൈവരാജ്യമാക്കിമാറ്റുന്നവരാണ് കുഞ്ഞുങ്ങൾ. അവരോടുള്ള എല്ലാ നിഷേധാത്മകമായ പ്രവർത്തികളും ഭൂമിയെ നരകതുല്യമാക്കും. ശിശുമനസ്സ് അറിയുന്നവർ ഉപേക്ഷയുടെ ചിന്തകളെ ഊട്ടി വളർത്തില്ല, മറിച്ച് കുടുംബത്തെ ദൈവരാജ്യമായി പടുത്തുയർത്തും.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago