Categories: Meditation

25th Sunday_അവസാനത്തവനും ശുശ്രൂഷകനും (മർക്കോ 9:30-37)

കൂടെയുള്ളവന്റെ സഹനത്തെ അവഗണിക്കാൻ ഏറ്റവും എളുപ്പവഴി അതാണ്; ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ നിൽക്കുക...

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ

ഒരേ പാതയിൽ സഞ്ചരിക്കുന്നവർ. പക്ഷേ ഹൃദയങ്ങൾ വ്യത്യസ്ത വഴികളിലാണ്. യേശുവും ശിഷ്യരും തമ്മിലുള്ള പ്രതിസന്ധിയുടെ മറ്റൊരു തലമാണിത്. അവന്റെ ലക്ഷ്യം കാൽവരിയാണ്. അത് പീഡകളുടെയും മരണത്തിന്റെയും ഇടമാണെന്ന് അവൻ ശിഷ്യരോട് പറയുന്നു. പക്ഷേ അവർക്ക് അത് മനസ്സിലാകുന്നില്ല. സഹനത്തിന്റെയും മരണത്തിന്റെയും ഭാഷ പോലും തിരിച്ചറിയാൻ സാധിക്കാത്തവരാണ് അവന്റെ ശിഷ്യർ. അവർക്ക് മനസ്സിലാക്കാൻ ആഗ്രഹമില്ല, അതുകൊണ്ടാണ് അവർ അവനോട് അതെക്കുറിച്ച് ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത്. അവർ കേട്ട ഭാവം പോലും നടിക്കുന്നില്ല. കൂടെയുള്ളവന്റെ സഹനത്തെ അവഗണിക്കാൻ ഏറ്റവും എളുപ്പവഴി അതാണ്; ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ നിൽക്കുക.

തന്റെ ജീവൻ നൽകുന്നതിനെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചുമാണ് യേശു സംസാരിക്കുന്നത്. പക്ഷേ ശിഷ്യരുടെ വിഷയം തങ്ങളിൽ ആരാണ് വലിയവൻ എന്നാണ്. മരണത്തിന്റെ മുമ്പിലും കൂട്ടത്തിൽ വലിയവൻ ആരാണ് എന്നതാണ് ശിഷ്യരുടെ വിഷയം. അപ്പോഴാണ് സ്വർഗ്ഗരാജ്യം ഒരു വിഷയമാകുന്നത്. റബ്ബിനിക് ദൈവശാസ്ത്രം സ്വർഗ്ഗത്തിലുള്ളവരെ ഏഴു ക്ലാസുകളായി തിരിക്കുകയും ആരാണ് ഏറ്റവും ഉയർന്ന ക്ലാസിൽ പ്രവേശിക്കുകയെന്നും ചർച്ച ചെയ്യുന്നുണ്ട്. ഖുമ്റാൻ കൂട്ടായ്മയിലും മരണാനന്തര ജീവിതത്തെ ശ്രേണികരിക്കുന്നുണ്ട്.

ഇവിടെ അല്ലെങ്കിൽ അവിടെ ഒന്നാം സ്ഥാനത്ത് എത്തുക എന്നതുതന്നെയാണ് ചില ആത്മീയതയുടെ സഹജമായ ആവശ്യം. ജീവിതം അരക്ഷിതമാകുമ്പോൾ എങ്ങനെയെങ്കിലും അംഗീകാരവും ഒന്നാം സ്ഥാനവും ലഭിക്കുക എന്ന ചിന്ത സർവ്വസാധാരണമാകും. കൂട്ടത്തിൽ ആരാണ് വലിയവൻ എന്ന ചിന്ത ശിഷ്യരുടെ ഇടയിൽ അന്നും ഇന്നും ഉണ്ട്. നമ്മുടെ ശക്തി-ദൗർബല്യത്തെ കുറിച്ചു തന്നെയാണ് നമ്മുടെ ആശങ്ക. എന്റെ ജീവിതനാടകത്തിലെ കേന്ദ്രകഥാപാത്രം ഞാൻ തന്നെയാകണം, അതിലേക്ക് ആരും കടന്നുവരണ്ട എന്നു തന്നെയാണ് ഇപ്പോഴും നമ്മൾ ചിന്തിക്കുന്നത്. അവിടെയാണ് ചില തകിടംമറിച്ചുകളൊക്കെ ജീവിതത്തിൽ സംഭവിക്കുന്നത്. ചെറുതെന്ന് കരുതിയ പലതും അപ്പോൾ വലുതാവുന്നത് നമ്മൾ കാണും.

അവർ കഫർണാമിലെത്തിയപ്പോൾ യേശു അവരോട് ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണു നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? നിശബ്ദതയാണ് ഉത്തരം. കാരണം അവർക്കറിയാമായിരുന്നു അത് അർത്ഥശൂന്യമായ ചർച്ചയായിരുന്നു എന്ന കാര്യം. നമുക്കറിയാം സ്നേഹത്തിന് വിരുദ്ധമായ ചിന്തകളും വാക്കുകളും പ്രവർത്തികളും ഏതേന്ന്. എങ്കിലും നമ്മൾ അതിൽ തന്നെ തൂങ്ങിക്കിടക്കും. എന്നിട്ടും യേശു ശിഷ്യരെ കുറ്റപ്പെടുത്തുന്നില്ല. അവരുടെ മൗനത്തിനുള്ളിലെ തെറ്റിനെ അവൻ തിരുത്താൻ ശ്രമിക്കുന്നു. ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിർത്തുന്നു. അതുമതി. അതിലെല്ലാം അടങ്ങിയിട്ടുണ്ട്.

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം”. ഒന്നാമൻ ആകണ്ട എന്നല്ല യേശു പറയുന്നത്. ഒന്നാമൻ ആകാനുള്ള ആഗ്രഹത്തെ വിലക്കുന്നുമില്ല അവൻ. മറിച്ച് അതിനെ അവൻ പ്രോത്സാഹിപ്പിക്കുകയാണ്. ഒന്നാമൻ ആകുക എന്നത് ഒരു പാപമല്ല. ഒന്നാമൻ ആകാൻ സാധിക്കും. എങ്ങനെ? അതിനുള്ള വഴി വ്യത്യസ്തമാണ്: മറ്റുള്ളവരുടെ ചെലവിൽ അല്ല നമ്മൾ ഒന്നാമൻ ആകേണ്ടത്, മറ്റുള്ളവർക്ക് വേണ്ടിയാകണം. അതുകൊണ്ടാണ് യേശു പറയുന്നത് ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനാകണം എന്ന്. അവസാനസ്ഥാനത്ത് ഇരിക്കാൻ മനസ്സുള്ളവർ മാത്രമാണ് യഥാർത്ഥത്തിൽ ഒന്നാമൻ. അങ്ങനെയുള്ളവർക്ക് ഏതു സ്ഥാനത്തും ഇരിക്കാൻ സാധിക്കും. ഒന്നാം സ്ഥാനത്തുതന്നെ ഇരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് എല്ലാ സ്ഥാനത്തും ഇരിക്കാനും പറ്റില്ല. അവരാണ് അസംതൃപ്തർ.

മനുഷ്യന്റെ ചായ്‌വ് എപ്പോഴും ഭരിക്കാനും ആജ്ഞാപിക്കാനുമാണ്. സേവനം നമ്മുടെ ജനിതകത്തിലില്ല. പക്ഷേ സേവനത്തിന്റെ ഒരു ചരിത്രം സൃഷ്ടിക്കാനാണ് യേശു ആവശ്യപ്പെടുന്നത്. അതൊരു എതിർ സംസ്കാരമാണ്. രാജാവല്ല, ഒരു ശിശുവാണ് എന്നും മധ്യേ നിൽക്കേണ്ടത്. അപ്രതിരോധത്തിന്റെയും ദുർബലതയുടെയും ആശ്രയത്വത്തിന്റെയും പ്രതീകമാണത്. വലിയ തർക്കം ഒന്നും വേണ്ട. ഒരു കുഞ്ഞിനെപ്പോലെ ലളിതമാകാൻ ശ്രമിക്കുക. അതു മാത്രം മതി. അവിടം സ്വർഗ്ഗരാജ്യം ആകും.

നീ സ്നേഹിക്കുന്നു എന്നതുകൊണ്ട് ഒരു ആധിപത്യവും അവളുടെയൊ അവന്റെയൊ മേൽ സ്ഥാപിക്കേണ്ട കാര്യമില്ല. ബന്ധങ്ങളിൽ ആധിപത്യത്തെ ആഘോഷമാക്കുന്നവർ സ്വന്തം അപകർഷതയെ മറക്കാൻ വിഫല ശ്രമം നടത്തുന്നവരാണ്. കൂടെയുള്ളവരുടെ പരിമിതികളും കുറവുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബന്ധങ്ങളിൽ നരകം സൃഷ്ടിക്കുന്നതിനും തുല്യമാണ്. കൂടെയുള്ളവർ എന്നും കൂട്ടിനു വേണോ? എങ്കിൽ ഏറ്റവും അവസാനത്തതിനെ ആലിംഗനം ചെയ്യുക. കൂടെയുള്ളവർ ആരും ഒഴിവാക്കപ്പെട്ടതായി തോന്നാതിരിക്കാൻ എല്ലാവരുടെയും ശുശ്രൂഷകനാകുക. എവിടെ എളിമയുണ്ടോ, അവിടെ ദൈവമുണ്ട്. എവിടെ ദൈവമുണ്ടോ, അവിടെ സ്നേഹമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

7 hours ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

4 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

5 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

5 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago

ഇടുക്കി രൂപത കെ.സി.വൈ.എം എസ്.എം.വൈ.എം ന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…

1 week ago