24th Sunday_2024_”നീ ക്രിസ്തുവാണ്” (മർക്കോ 8: 27-35)
ദൈവത്തെ കൈപിടിച്ചു നടത്തി സ്വയം ദൈവമാകാൻ ശ്രമിച്ച ഒരുവനാണ് ഇവിടെ ഇപ്പോൾ പത്രോസ്...
ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ
പതിനാറ് അധ്യായങ്ങളുള്ള മർക്കോസിന്റെ സുവിശേഷത്തിലെ വഴിത്തിരിവാണ് എട്ടാം അധ്യായം. വലിയ നിരാശയുടെ പശ്ചാത്തലത്തിലൂടെയാണ് യേശു കടന്നുവന്നിരിക്കുന്നത്. ഫരീസേയരും നിയമജ്ഞരും അവനെതിരാണ്. ജനങ്ങൾക്ക് അത്ഭുതങ്ങൾ മാത്രം മതി. ശിഷ്യരും ഏകദേശം അതേ അവസ്ഥയിലാണ്.
എല്ലാം ഉപേക്ഷിച്ചു വന്നവരാണ് അവന്റെ ശിഷ്യർ. ഇപ്പോൾ ഗുരുവിനോടൊപ്പം യാത്രയിലാണ്. നിശബ്ദമല്ല ഈ യാത്ര, സംവാദപൂർണ്ണമാണ്. ഇതാ, ആരും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഗുരു ചോദിക്കുന്നു: “ഞാൻ ആരെന്നാണ് ആളുകൾ പറയുന്നത്?” ശിഷ്യരുടെ ജീവിതത്തിൽ അവർ അഭിമുഖീകരിച്ച ആദ്യ ചോദ്യമൊന്നുമല്ല ഇത്. ആകുലതയാണോ കൗതുകമാണോ ഈ ചോദ്യത്തിന് പിന്നിലുള്ള ചേതോവികാരം? ജനങ്ങൾ എന്തു കരുതുന്നു എന്നത് യേശുവിന് ഒരു ആകുലതയല്ല. അവന് പ്രതിച്ഛായാഭയമില്ല. അവനറിയാം ജനങ്ങളുടെ പ്രതികരണങ്ങൾ എപ്പോഴും രസകരമായിരിക്കുമെന്ന്. ഇതാ, അവർ മരിച്ചവരുടെ പേരുകൾ ആവർത്തിക്കുന്നു!
ഏലിയായും, സ്നാപകയോഹന്നാനും പിന്നെ പ്രവാചകരും. ദുരൂഹസാഹചര്യങ്ങളിൽ അപ്രത്യക്ഷരായ ചില കഥാപാത്രങ്ങൾ. എവിടെ അവരുടെ മൃതദേഹങ്ങൾ? അറിയില്ല ആർക്കും. മരിച്ചവരും ആയിട്ടാണ് അവർ യേശുവിനെ താരതമ്യം ചെയ്യുന്നത്. വിശ്വാസം മരണവുമായുള്ള അനുഭവത്തിന്റെ കഥയായി മാറുന്നു. ഇവിടെയാണ് വിശ്വാസവും ജീവിതവും തമ്മിലുള്ള ദ്വന്ദ്വത ആരംഭിക്കുന്നത്. മരണത്തിന് ഒരിക്കലും നമ്മുടെ സ്വത്വത്തെ മാറ്റാൻ കഴിയില്ല.
ശീലമല്ല ശിഷ്യത്വം. ശീലം ആചാരമാണ്. ആചാരം പലതിന്റെയും ആവർത്തനമാണ്. ആരൊക്കെയോ പറഞ്ഞതും ചെയ്തതിന്റെയുമായ ആവർത്തനം. അത് അനുഭവമല്ല. അതു ബോധ്യവുമല്ല. അങ്ങനെ വരുമ്പോൾ ആവർത്തനം വിരസത ഉണ്ടാക്കും. എന്നിട്ടും അത് വിമർശനാതീതമായി നിൽക്കാൻ ശ്രമിക്കും. അതല്ല യേശുവിന് വേണ്ടത്. അതുകൊണ്ടാണ് പോയിന്റ് ബ്ലാങ്കിൽ അവൻ മറ്റൊരു ചോദ്യം ഉന്നയിക്കുന്നത്: “എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?” കൂടെ നടന്നവരോടും അത്ഭുതങ്ങൾ കണ്ടവരോടും ആണ് ഈ ചോദ്യം.
ഒരു “എന്നാൽ” (δὲ) ചേർത്താണ് യേശു ആ ചോദ്യം ഉന്നയിക്കുന്നത്. കേട്ടുകേൾവികളിൽ തൃപ്തനാകേണ്ടവനല്ല ശിഷ്യൻ. കേട്ടുകേൾവികളിലൂടെ ആരെയും നമുക്ക് സ്നേഹിക്കാൻ സാധിക്കില്ല. ഒരു നിർവചനവും അല്ല യേശുവിന് വേണ്ടത്. അവനെ കണ്ടുമുട്ടിയതിനുശേഷം ശിഷ്യരുടെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നതാണ്. പ്രണയികൾ പരസ്പരം ചോദിക്കുന്ന ചോദ്യം പോലെയാണ് അവൻ്റെ ചോദ്യവും. കൗതുകമല്ല ആ ചോദ്യം. സ്നേഹമാണ്. സ്നേഹം പകർന്നു നൽകിയ മാറ്റമായിരിക്കും അപ്പോൾ ഉത്തരം. ആ ചോദ്യത്തിൽ നേരത്തെ പാക്കേജ് ചെയ്ത ഉത്തരങ്ങൾ ഒന്നും ഉണ്ടാവുകയില്ല.
ചില ഉത്തരങ്ങളുണ്ട്. അവ 100% ശരിയായിരിക്കാം. പക്ഷേ അതിൽ ആത്മാവ് ഉണ്ടായിരിക്കില്ല. “നീ ക്രിസ്തുവാണ്” എന്ന പത്രോസിന്റെ മറുപടി ശരിയായ ഒരു പ്രസ്താവനയാണ്. പക്ഷേ അതുമാത്രമല്ല യേശു അവനിൽ നിന്നും ആഗ്രഹിക്കുന്നത്. പദങ്ങളുടെ പിന്നിലെ സ്നേഹത്തെയാണ്. അതുകൊണ്ടായിരിക്കാം ഉത്ഥിതനായതിനു ശേഷം ആ ചോദ്യം അവൻ നേരിട്ട് ചോദിക്കുന്നത്: “നീ എന്നെ സ്നേഹിക്കുന്നുവോ?” മറ്റൊരു രീതിയിൽ പറഞ്ഞാൽ നിന്റെ ഹൃദയത്തിൽ ഞാൻ ഉണ്ടോ എന്നാണ്. ഓർക്കുക, നമ്മുടെ ഹൃദയത്തെ ഒരാളുടെ ഭവനമോ ശവകുടീരമോ ആക്കി മാറ്റാൻ നമുക്ക് സാധിക്കും.
“നീ ക്രിസ്തുവാണ്”. ദൈവശാസ്ത്രപരമായി ഈ ഉത്തരം പൂർണമാണ്. എങ്കിലും അപൂർണ്ണമാണ്. പ്രവാചകന്മാർ പ്രഖ്യാപിച്ച വിമോചകനാണ് ക്രിസ്തു അഥവാ മിശിഹാ. മിശിഹാ മാത്രമല്ല യേശു. അവൻ എല്ലാറ്റിനുമുപരിയായി ദൈവപുത്രനാണ്! മർക്കോസിന്റെ സുവിശേഷത്തിൽ ശതാധിപൻ കുരിശിൽ കീഴിൽ വച്ച് ആ സത്യം പ്രഖ്യാപിക്കുന്നുണ്ട്.
“നീ ക്രിസ്തുവാണ്” എന്നു പ്രഖ്യാപിച്ച പത്രോസ് പിന്നീട് സഹനത്തെയും കുരിശിനെയും നിരാകരിക്കുന്നതായിട്ടാണ് സുവിശേഷകൻ ചിത്രീകരിക്കുന്നത്. പീഢകളുടെ മുമ്പിൽ ഇടർച്ചയായി മാറുന്നു പത്രോസ്. അതൊരു തെളിവാണ്. അവന്റെ വിശ്വാസം അനുഭവമല്ലായിരുന്നു, മറിച്ച് അനുമാനമായിരുന്നു എന്നതിന്റെ തെളിവ്. ദൈവം ഒരു അനുമാനമായാൽ. അവനെ നമ്മുടെ വഴിയിൽ നമുക്ക് നടത്താം. അവനെ ശാസിക്കാം. അവനെ പ്രബുദ്ധരിക്കാം. നമ്മുടെ ഇഷ്ടം അനുസരിച്ച് ദൈവത്തിനോട് പെരുമാറാൻ പറയാം. ഇങ്ങനെയൊക്കെയാണ് നമ്മുടെ പ്രാർത്ഥനകൾ പോലും. പത്രോസിനെ പോലെയാണ് നമ്മളും. ദൈവത്തെ കൈപിടിച്ചു മാറ്റിനിർത്തി എന്തു ചെയ്യണമെന്ന് നമ്മൾ നിർദ്ദേശിക്കുന്നു.
ഒരു മനുഷ്യനെ പോലും യേശു സാത്താൻ എന്നു വിളിച്ചിട്ടില്ല. അവനെ കൈപിടിച്ച് നടത്താൻ ശ്രമിച്ച പത്രോസിനെ അല്ലാതെ. ദൈവത്തെ കൈപിടിച്ചു നടത്തി സ്വയം ദൈവമാകാൻ ശ്രമിച്ച ഒരുവനാണ് ഇവിടെ ഇപ്പോൾ പത്രോസ്. ദൈവം ആകാൻ ശ്രമിക്കുന്നവൻ സാത്താനാണ്. ദൈവത്തിനു വഴി കാണിച്ചുകൊടുക്കാൻ നമുക്കെന്ത് യോഗ്യതയാണുള്ളത്. അവൻ നമ്മെ നയിക്കട്ടെ. ആ വഴിയെ നമുക്ക് സഞ്ചരിക്കാം. അത് കുരിശിലേക്കുള്ള വഴിയായിരിക്കാം. അത് കാൽവരിയാത്രയായിരിക്കാം. എങ്കിലും ഒളിച്ചോടുകയില്ല നമ്മൾ. കാരണം അവിടെ നമ്മുടെ കൂടെ ദൈവപുത്രനും ഉണ്ടാകും.