Sunday Homilies

22nd Sunday Ordinary Time_Year A_കുരിശിന്റെ ദൈവശാസ്ത്രം

കുരിശ് എടുക്കുക എന്നാൽ സഹനത്തിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു മാനസികവിഭ്രാന്തി അല്ല...

ആണ്ടുവട്ടം ഇരുപത്തിരണ്ടാം ഞായർ

ഒന്നാം വായന: ജെറമിയ 20:7-9
രണ്ടാം വായന: റോമാ 12:1-2
സുവിശേഷം: വി.മത്തായി 16:21-27.

ദിവ്യബലിക്ക് ആമുഖം

“നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ റോമാക്കാർക്കുള്ള ഉപദേശത്തോടുകൂടിയാണ് (രണ്ടാം വായന) തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. ലോകത്തിന് അനുരൂപപ്പെടാതെ സ്വന്തം കുരിശും എടുത്ത്, സ്വയം പരിത്യജിച്ച്, ദൈവേഷ്ടത്തിന് മുൻതൂക്കം നൽകി ജീവിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ സുവിശേഷത്തിൽ പത്രോസ് ശ്ലീഹായുമായുള്ള സംഭാഷണത്തിൽ യേശു വ്യക്തമാക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശു പിതാവായ ദൈവത്തിന്റെ സ്നേഹം മനുഷ്യരെ അറിയിച്ചു, ദൈവരാജ്യം പ്രസംഗിച്ചു, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു, ശിഷ്യന്മാരുടെ ഒരു കൂട്ടായ്മ തനിക്കുചുറ്റും സൃഷ്ടിച്ചു, യേശുവിനെ അനുഗമിക്കുന്നവരും ധാരാളമുണ്ടായിരുന്നു. ഈ അവസരത്തിൽ ഇനിയുള്ള തന്റെ ഭാവി പദ്ധതിയെപ്പറ്റി യേശു പറയുന്നതും, അതിനെ തുടർന്നുണ്ടായപത്രോസ് അപ്പോസ്തലന്റെ മനുഷ്യസഹജമായ പ്രതികരണവും, ആ പ്രതികരണത്തിന് യേശു നൽകുന്ന മറുപടിയുമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിച്ചത്. ക്രൈസ്തവ ജീവിതത്തിന്റെ മർമ്മപ്രധാനമായ ആത്മീയ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ സുവിശേഷത്തിൽ നിന്ന് നമുക്ക് ചില പാഠങ്ങൾ പഠിക്കാം.

സാത്താനെ എന്റെ മുമ്പിൽ നിന്ന് പോകൂ

ഇന്നത്തെ സുവിശേഷത്തിൽ നമ്മെയെല്ലാം അത്ഭുതപ്പെടുത്തുന്ന വാക്യമാണ് പത്രോസിനെതിരെ യേശു ഉപയോഗിക്കുന്ന “സാത്താനെ എന്റെ മുമ്പിൽ നിന്ന് പോകൂ” എന്ന വാക്കുകൾ. ഏറ്റവും പുതിയ ബൈബിൾ പരിഭാഷ “സാത്താനെ എന്റെ പുറകിൽ വന്നു നിൽക്കൂ” എന്നാണ് ഈ വാക്യത്തെ പരിഷ്കരിച്ചിരിക്കുന്നത്. യേശുവിന്റെ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും വഴിമുടക്കി നിൽക്കാനല്ല, മറിച്ച് യേശുവിന്റെ പദ്ധതികളെ മനസ്സിലാക്കുന്ന, യേശുവിന്റെ അനുയായി യേശുവിന്റെ പുറകിൽ നിൽക്കാനാണ് പത്രോസ് അപ്പോസ്തലനോട് യേശു പറയുന്നത്.

യേശുവിന്റെ ഭാവിപദ്ധതി എന്തായിരുന്നു? യേശു ജറുസലേമിലേയ്ക്ക് പോകുന്നു, ശ്രേഷ്ഠന്മാരിൽ നിന്നും, പ്രധാന പുരോഹിതന്മാരിൽ നിന്നും, നിയമജ്ഞരിൽ നിന്നും വളരെയേറെ സഹിക്കും, വധിക്കപ്പെടും എന്നാൽ മൂന്നാം ദിവസം ഉയർപ്പിക്കപ്പെടും. ഇതായിരുന്നു യേശുവിന്റെ പദ്ധതിയും വാക്കുകളും. ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നത് യേശുവിന്റെ വാക്കുകൾ അവസാനം വരെ, “മൂന്നാം ദിവസം ഉയർപ്പിക്കപ്പെടും” എന്നുവരെ കേൾക്കാനുള്ള ക്ഷമ പത്രോസ് അപ്പോസ്തലൻ കാണിച്ചില്ല എന്നതാണ്. ഒരു വിധത്തിൽ നാമെല്ലാവരും കാണിക്കുന്ന മാനുഷിക പ്രതികരണം തന്നെയാണ് അപ്പോസ്തലനും കാണിക്കുന്നത്. സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഒരു വിഷമവും വരാൻ പാടില്ല എന്ന സാധാരണ മാനുഷിക വികാരം. എന്നാൽ, ഇതിന് പിന്നിലെ ദൈവിക പദ്ധതിയെ മനസ്സിലാക്കാൻ അപ്പോസ്തലന് സാധിക്കാതെ പോയി. ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും ദൈവം സ്നേഹിക്കുന്നു, എല്ലാവരുടെയും രക്ഷ ദൈവം ആഗ്രഹിക്കുന്നു. അത് യേശുവിന്റെ പീഡാനുഭവത്തിലൂടെയും, കുരിശു മരണത്തിലൂടെയും ഉത്‌ഥാത്തിലൂടെയും മാത്രമേ സാധ്യമാവുകയുള്ളൂ. ഇതാണ് ദൈവത്തിൻറെ പദ്ധതി. ഇത് മനുഷ്യന്റെ പദ്ധതിയ്ക്ക് വിപരീതമാണ്. പലപ്പോഴും “സഹനവും, പീഡാനുഭവവും, മരണവും ഇല്ലാത്തതാണ്” മാനുഷിക പദ്ധതികൾ.

ഇന്നത്തെ സുവിശേഷഭാഗം നമ്മെ വലിയൊരു ആത്മീയ യാഥാർത്ഥ്യം പഠിപ്പിക്കുകയാണ്. നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ പദ്ധതിക്കാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. ദൈവത്തിന്റെ ഇഷ്ടത്തിന് എതിരായി നമ്മുടെ ഇഷ്ടങ്ങൾ വരുമ്പോഴൊക്കെ യേശു പറയുന്നത് “നീ എന്റെ പുറകിൽ വന്നു നിൽക്കുക” എന്ന് തന്നെയാണ്. നാം യേശുവിന്റെ പുറകിൽ നിന്ന് യേശുവിനെ അനുഗമിക്കുമ്പോഴേ നമ്മുടെ ചിന്തകളും പദ്ധതിയും ദൈവത്തിന്റെ പദ്ധതിയുമായി അനുരൂപപ്പെടുകയുള്ളൂ. ഇത് പ്രയാസമേറിയ കാര്യമാണ്, അതുകൊണ്ടാണ് “സ്വർഗ്ഗസ്ഥനായ പിതാവേ…” എന്ന പ്രാർത്ഥനയിൽ “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണെ…” എന്ന് പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചത്. അതോടൊപ്പം നമുക്ക് ഓർമ്മിക്കാം, നമ്മുടെ അനുദിന ജീവിതത്തിൽ ദൈവീക സ്നേഹത്തിനും, പദ്ധതിക്കുമെതിരായി ആരെങ്കിലും, അഥവാ നമ്മുടെ സ്വന്തം ചിന്തകൾ തന്നെ, നമ്മെ പ്രലോഭിപ്പിച്ചാൽ, അവർക്കെതിരായി/അതിനെതിരായി “സാത്താനെ, നീ യേശുവിനെ പുറകിൽ പോയി നിന്ന് അവനെ അനുഗമിക്കുക” എന്ന് പറയാനുള്ള ധൈര്യം നമുക്കുണ്ടാകണം.

കുരിശിന്റെ ദൈവശാസ്ത്രം

പത്രോസ് ശ്ലീഹായ്ക്ക് മറുപടി കൊടുത്ത ശേഷം, എല്ലാ ശിഷ്യന്മാരോടുമായി യേശു പറയുകയാണ്: “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നെ തന്നെ പരിത്യജിച്ച്, തന്റെ കുരിശും എടുത്ത് എന്നെ അനുഗമിക്കട്ടെ”. സുഖവും സൗഭാഗ്യവും എങ്ങനെ സ്വന്തമാക്കാം, എങ്ങനെ പെട്ടെന്ന് പണക്കാരനാകാം, വെറും മൂന്നു മാസം കൊണ്ട് എങ്ങനെ നൂറിരട്ടി ഐശ്വര്യം കൈവരുത്താം… തുടങ്ങി കപടതയുടെയും അന്ധവിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ, അനുയായികളെ ആകർഷിക്കാൻ മന്ത്രത്തിലൂടെയും തന്ത്രത്തിലൂടെയും വ്യാജവാഗ്ദാനങ്ങളിലൂടെയും ലക്ഷക്കണക്കിന് അനുയായികളെ സമ്പാദിക്കുന്ന കപട ആത്മീയതയുടെ ലോകത്ത്, നാം വേറിട്ടൊരു ശബ്ദം കേൾക്കുന്നു; അതാണ് യേശുവിന്റെ സ്വരം. യേശുവിനെ അനുഗമിക്കുന്നവൻ, അഥവാ ഒരു ക്രിസ്ത്യാനിയായിരിക്കുന്നവൻ സ്വയം പരിത്യജിച്ച് തന്റെ കുരിശും എടുത്ത് യേശുവിനെ അനുഗമിക്കണം. കപടമായ വാഗ്ദാനങ്ങളില്ല, എളുപ്പവിദ്യയില്ല; യഥാർത്ഥമായ അനുദിന ജീവിതം, പച്ചയായ ജീവിതം നയിക്കുന്ന ക്രിസ്ത്യാനിയായി ജീവിക്കുക.

കുരിശ് എടുക്കുക എന്നാൽ സഹനത്തിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു മാനസികവിഭ്രാന്തി അല്ല, മറിച്ച് സ്വന്തം ജീവിതത്തിൽ യേശുവിനെ അനുകരിക്കലാണ്. മടിയെയും അലസതയെയും മാറ്റിവെച്ച് കഠിനാധ്വാനം ചെയ്തു പഠിക്കുന്ന വിദ്യാർത്ഥിയും, സ്വന്തം കുടുംബത്തിന് താങ്ങാകുവാൻ പ്രയത്നിക്കുന്ന യുവതീയുവാക്കളും, പരസ്പരം വിശ്വസ്തത പുലർത്തുന്ന ദമ്പതികളും, മക്കളുടെ നല്ല ഭാവിക്കായി ഉരുകിത്തീരുന്ന അപ്പനും അമ്മയും, വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്ന മക്കളും മരുമക്കളും, അർഹരായ ബന്ധുക്കളെയും അയൽക്കാരെയും സുഹൃത്തുക്കളെയും സഹായിക്കുന്നവരും, സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ച് മേലധികാരികളെ അനുസരിക്കുകയും ബ്രഹ്മചര്യം അനുഷ്ഠിക്കുകയും ചെയ്യുന്ന വൈദികരും സന്യസ്തരുമെല്ലാം അനുദിന ജീവിതത്തിലെ കുരിശു വഹിക്കലിന്റെയും, സ്വയം പരിത്യജിക്കലിന്റെയും ഉദാഹരണങ്ങളാണ്. ഈ കുരിശു വഹിക്കുന്നതിലൂടെ മാത്രമേ ജീവൻ കരസ്ഥമാവുകയുള്ളൂ. കുരിശെടുത്ത് യേശുവിനെ അനുഗമിക്കുക എന്നത് സമയബന്ധിതമായ കാര്യമല്ല, മറിച്ച് ഓരോ ദിവസവും അനുഷ്ഠിക്കേണ്ട തുടർ പ്രക്രിയയാണത്.

സ്വന്തം ജീവിതത്തിലെ കുരിശിനെ കുറിച്ച് “എനിക്ക് എന്തുകൊണ്ട് ഈ കുരിശ് ലഭിച്ചു”, “ഇതെനിക്ക് ചുമക്കുവാൻ വളരെ ബുദ്ധിമുട്ടാണ്” എന്ന് പരാതിപ്പെടുന്നവർക്കായി ഒരു കഥയുണ്ട്. ‘ഒരിക്കൽ ഒരു മനുഷ്യൻ സ്വന്തം കുരിശിനെ കുറിച്ച് നിത്യവും പരാതി പറയുന്നുണ്ടായിരുന്നു. ഇത് കണ്ട അവന്റെ കാവൽമാലാഖ അവനെ സ്വർഗ്ഗത്തിലെ കുരിശുകൾ നിറഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വ്യത്യസ്ത വലിപ്പത്തിലും ഭാരത്തിലും ധാരാളം കുരിശുകൾ ഉണ്ടായിരുന്നു. അവന് അതിൽ നിന്ന് ഇഷ്ടമുള്ള കുരിശ് തെരഞ്ഞെടുക്കാം. അവൻ വളരെ സമയത്തെ അന്വേഷണത്തിനുശേഷം തനിക്കിഷ്ടപ്പെട്ട കുരിശെടുത്ത് മാലാഖയുടെ അടുക്കൽ വന്നു. മാലാഖ കുരിശിന്റെ മറുഭാഗം അവനെ കാണിച്ചുകൊടുത്തു. അവിടെ അവന്റെ പേര് എഴുതിയിട്ടുണ്ടായിരുന്നു. അത് അവൻ ഇത്രയും കാലം ചുമന്ന് കൊണ്ടിരുന്ന കുരിശു തന്നെയായിരുന്നു.

ഉപസംഹാരം

നമ്മുടെ ജീവിതത്തിലെ കുരിശുകളെ കുറിച്ച് പരാതിപ്പെടാതെ, സന്തോഷപൂർവ്വം അതും വഹിച്ചുകൊണ്ട് നമുക്ക് യേശുവിനെ അനുഗമിക്കാം.

ആമേൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker