21st Sunday_ഇടുങ്ങിയ വാതിൽ (ലൂക്കാ 13:22-30)
ഒരേയൊരു വാതിലാണ് നമ്മുടെ മുന്നിലുള്ളത്. അത് തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കുമാണ്...
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ
ഒരു ഇടുങ്ങിയ വാതിൽ. അതിനു മുന്നിൽ തിങ്ങിനിറഞ്ഞ നമ്മെയെല്ലാം സൂക്ഷ്മമായ വേദന പിടികൂടുന്നു. വാതിൽ അടഞ്ഞു കഴിഞ്ഞിരിക്കുന്നു. വേദന ക്രൂരമായ നിരാശയാകുന്നു. ഉള്ളിൽ നിന്നും ഒരു പരിചിതമായ ശബ്ദം: “നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അറിയുന്നില്ല” (v.27). അതെ, ജീവിതകാലം മുഴുവൻ നമ്മൾ തിരഞ്ഞവന്റെ ശബ്ദമാണത്. ഇപ്പോഴിതാ, അവൻ നമ്മെ അകറ്റുകയാണോ? അതെ. ഇതായിരിക്കാം നമ്മുക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം.
നമുക്ക് കർത്താവിനെ അറിയാം. പക്ഷേ, കർത്താവിന് നമ്മെ അറിയാമോ? ഇന്നോ നാളെയോ അവനുമായി ഒരു കണ്ടുമുട്ടൽ ഉണ്ടായാൽ നമ്മെ അവൻ തിരിച്ചറിയുമോ? തിരിച്ചറിയുമായിരിക്കും. ഇത്തിരിയോളമെങ്കിലും ദൈവീകത നമ്മൾ ജീവിതത്തിൽ ചാലിച്ച് ചേർക്കുകയാണെങ്കിൽ. എല്ലാവരെയും ചേർത്തുനിർത്തുന്നവൻ നമ്മിൽ നിന്നും തേടുന്നത് ആ ചേർത്തുനിർത്തലിന്റെ അടയാളങ്ങളാണ്, കൂട്ടായ്മയുടെ വിത്തുകളാണ്, നമ്മൾ പങ്കിട്ട അപ്പങ്ങളാണ്, വിശാലമായി തുറന്നിട്ട നമ്മുടെ വാതിലുകളാണ്. നിത്യതയുടെ പടിവാതിൽക്കൽ നിന്നുകൊണ്ട് അവൻ നിന്റെ ഉള്ളം തേടുകയാണ്. ഉണ്ടോ സ്വയം പ്രതിഫലിപ്പിക്കാൻ ഇത്തിരിയോളമെങ്കിലും സ്നേഹം?
ദൈവികചോദന ഒരു തളിരായെങ്കിലും നമ്മുടെ ഉള്ളിലുണ്ടെങ്കിൽ, അവൻ നമ്മെ തിരിച്ചറിഞ്ഞിരിക്കും. അവൻ പറയും: “എനിക്ക് നിന്നെ അറിയാം”. അപ്പോൾ അവനും നമ്മളും ഒരേ സ്വരത്തിൽ പറയും; “ഞങ്ങൾക്ക് പരസ്പരം അറിയാം”. അപ്പനും മക്കളും എന്നപോലെ, കടലും തിരകളുമെന്നപോലെ, സൂര്യനും കിരണങ്ങളുമെന്നപോലെ ഞങ്ങൾക്കറിയാം. അതേ, സ്നേഹത്തിനു മാത്രമേ എല്ലാം അറിയാൻ സാധിക്കൂ.
ഒരേയൊരു വാതിലാണ് നമ്മുടെ മുന്നിലുള്ളത്. അത് തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കുമാണ്. ആ വാതിലോ ഇടുങ്ങിയതാണ്. അതിലൂടെ പ്രവേശിക്കാൻ പരിശ്രമം ആവശ്യമാണ്. എന്തുകൊണ്ട് ഇടുങ്ങിയ വാതിൽ? രക്ഷിക്കപ്പെട്ടവരുടെ എണ്ണം നിയന്ത്രിക്കാനാണോ? അല്ല. ക്രിസ്തുവാണ് ഇടുങ്ങിയ വാതിൽ. ഇന്നിനും നിത്യതയ്ക്കും മധ്യേയുള്ള ഏക വാതിലാണവൻ. ആ വാതിൽ ഇടുങ്ങിയത് തന്നെയാണ്, കാരണം അത് തുറക്കുന്നത് നമ്മുടെ എല്ലാ പ്രയാണങ്ങളും അവസാനിക്കുന്ന ഇടത്തിലേക്കാണ്. ആ ഇടം ശുശ്രൂഷിക്കാൻ വന്നവന്റെ ഇടമാണ്, സ്വയം ശൂന്യവൽക്കരിച്ചവന്റെ ഇടമാണ്. അതേ ഇടം തന്നെയാണ് അവൻ കരങ്ങളിലെടുത്ത് എല്ലാവരുടെയും മധ്യേ നിർത്തിയ കുഞ്ഞിന്റെ ഇടവും. മുതിർന്നവരുടെ നടുവിൽ ആ ഇടം ചെറുതാണ്. ആ ഇടം തന്നെയാണ് ഇടുങ്ങിയ വാതിലും. ആ വാതിൽ സ്വയം ബലിയാകാൻ മതിയായ ഒരു കുരിശുമരത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
വാതിൽ ഇടുങ്ങിയതാണ്. പക്ഷേ, അകം അതിവിശാലമാണ്. അവിടെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നുമുള്ള ജനങ്ങളുണ്ട്. അവന്റെ കൂടെയുള്ളവർ എന്ന് അഭിമാനിക്കുന്ന നമ്മളെക്കാൾ മെച്ചമുള്ളവരാണോ അവർ? അല്ലായിരിക്കാം. എന്നിട്ടും, നോക്കുക, അവർ സൂചിക്കുഴയിലൂടെ പ്രവേശിക്കുന്ന ഒട്ടകത്തെ പോലെ അകത്ത് കയറിയിരിക്കുന്നു. നമ്മളോ? പുറത്തും നിൽക്കുന്നു. എവിടെപ്പോയി നമ്മൾ കൊട്ടിഘോഷിച്ച അഭിമാനം? എവിടെപ്പോയി അവനോടൊപ്പം നമ്മൾ ചിലവഴിച്ച ദിനങ്ങളും അനുഭവങ്ങളും? അപ്പോൾ ഒരു കാര്യം വ്യക്തമാണ്, അവനോടൊപ്പം നമ്മൾ ഉണ്ടായിരുന്നു എന്നത് അകത്തു പ്രവേശിക്കാനുള്ള യോഗ്യതയല്ല. എന്തൊക്കെയോ ഒരു ഇടുങ്ങിയ തലം അതിനപ്പുറത്തുണ്ട്. അത് ചെറുതാകലിന്റെ തലമാണ്. മുമ്പന്മാർ പിമ്പന്മാരായി മാറുന്ന യുക്തിയാണ്.
വാതിൽ ഇടുങ്ങിയതാണ്. പക്ഷെ, അകം അതിമനോഹരമാണ്. അവിടെ ആഘോഷമുണ്ട്. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്‍മാരും അടങ്ങിയ വലിയ കുടുംബമാണത്. വിലാപത്തിന്റെയും പല്ലിറുമ്മലിന്റെയും ചുഴലിക്കാറ്റുകൾ അവിടെ വീശില്ല. ആശയക്കുഴപ്പങ്ങൾ വർണ്ണാഭമായി അനുഭവപ്പെടില്ല. അത് വ്യത്യസ്തമായ ഒരു ലോകമാണ്. അവിടെ നമ്മൾ അപരിചിതരല്ല, പരസ്പരം അറിയുന്ന സഹോദരർ മാത്രമാണ്.