21st Sunday Ordinary Time_Year A_ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?
ഒരു ശരീരത്തിൽ നിന്ന് ശിരസ്സിനെ വിച്‌ഛേദിച്ചുകൊണ്ട് ആ ശരീരത്തെ ജീവനുള്ളതായി കാണാൻ ആർക്കും സാധിക്കുകയില്ല...
ആണ്ടുവട്ടം ഇരുപത്തിയൊന്നാം ഞായർ
ഒന്നാം വായന : ഏശയ്യ 22:19-23
രണ്ടാം വായന : റോമ 11:33-36
സുവിശേഷം : വി. മത്തായി 16:13-20
ദിവ്യബലിക്ക് ആമുഖം
“എനിക്ക് യേശുവിൽ വിശ്വാസമുണ്ട് എന്നാൽ സഭയിൽ വിശ്വാസമില്ല” എന്നു പറയുന്ന ചില ക്രിസ്ത്യാനികൾ ഉണ്ട്, അതോടൊപ്പം യേശുവിനെ വെറും ഒരു മനുഷ്യനും പ്രവാചകനും മാത്രമായി കാണുന്നവരുമുണ്ട്. ഇവർക്കുള്ള മറുപടിയാണ് ഇന്നത്തെ സുവിശേഷം. വി.മത്തായിയുടെ സുവിശേഷത്തിൽ വെളിവാക്കപ്പെടുന്ന ദൈവപുത്രനായ യേശുവിന്റെ ആധികാരികതയെ, ഏശയ്യാ പ്രവാചകൻ പഴയനിയമത്തിൽ മുൻകൂട്ടി പറയുന്നത് നാം ഒന്നാം വായനയിൽ ശ്രവിക്കുന്നു. ദൈവവചനം ശ്രവിക്കാനും, ദിവ്യബലയർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവവചന പ്രഘോഷണം
കേസറിയാ ഫിലിപ്പിയിൽ വെച്ചുള്ള പത്രോസ് അപ്പോസ്തലന്റെ വിശ്വാസ പ്രഖ്യാപനമാണ് നാമിന്ന് ശ്രവിച്ചത്. ‘മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?’ എന്ന് യേശുവിന്റെ ചോദ്യത്തിന് വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന പ്രവാചകൻമാരുമായി താരതമ്യപ്പെടുത്തി കൊണ്ട്, യേശുവിനെ സ്നാപകയോഹന്നാനായും ഏലിയായായും ജെറമിയായായും പ്രവാചകന്മാരിൽ ഒരുവനുമായി ജനങ്ങൾ കാണുന്നത്, എന്ന് ശിഷ്യന്മാർ യേശുവിനെ അറിയിക്കുന്നു. അപ്പോഴാണ് യേശുവിന്റെ മർമ്മപ്രധാനമായ രണ്ടാമത്തെ ചോദ്യം: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” ശിമയോൻ പത്രോസ് തന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള ഉത്തരം യേശുവിനു നൽകുന്നു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”. യേശുവിന്റെ കാലത്ത് ജീവിച്ചിരുന്ന പണ്ഡിതരായ നിയമജ്ഞരും ഫരിസേയരും മഹാപുരോഹിതന്മാരും തിരിച്ചറിയാത്തകാര്യം മുക്കുവനായ പത്രോസ് തിരിച്ചറിയുന്നു. അവന്റെ തിരിച്ചറിവ് മനുഷ്യ പ്രയത്നത്താലോ, സ്വന്തം കഴിവിനാലോ അല്ല, മറിച്ച് ദൈവീക വെളിപാടിലൂടെയാണ്. അതുകൊണ്ടാണ് യേശു പത്രോസിനോട് പറയുന്നത്: “മാംസ രക്തങ്ങളല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തി തന്നത്”.
യേശു യഥാർത്ഥത്തിൽ ആരാണെന്ന് പത്രോസ് ശ്ലീഹാ മനസ്സിലാക്കിയെന്ന് വ്യക്തമായപ്പോൾ, സുവിശേഷത്തിലെ രണ്ടാംഘട്ടം ആരംഭിക്കുകയാണ്. യേശു ശിമയോനെ പത്രോസ് എന്ന് വിളിക്കുന്നു. “ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും” എന്ന് പറഞ്ഞുകൊണ്ട്, സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകളും അധികാരവും നൽകുന്നു. ഇന്നത്തെ സുവിശേഷത്തെ സസൂഷ്മം നിരീക്ഷിക്കുകയാണെങ്കിൽ, അതിലെ മുഖ്യപ്രമേയങ്ങൾ ‘യേശുവും, സഭയും’ ആണെന്ന് നമുക്ക് മനസ്സിലാക്കാം.
ഈ അറിവിന്റെ വെളിച്ചത്തിൽ രണ്ട് ചോദ്യങ്ങൾ നാം അഭിമുഖീകരിക്കേണ്ടതുണ്ട്.
1) യേശു എനിക്ക് ആരാണ്?
കാലാകാലങ്ങളായി ഈ സുവിശേഷഭാഗം ശ്രവിക്കുമ്പോഴൊക്കെ, നാം പ്രസംഗത്തിൽ ശ്രവിക്കുന്ന ഒരു ചോദ്യമാണിത്. യേശു എനിക്ക് ആരാണ്? എന്ന ചോദ്യം അനേകം നൂറ്റാണ്ടുകളായി ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും, ഉത്തരം കണ്ടെത്തുകയും, ഗവേഷണം നടത്തപ്പെടുകയും ചെയ്യുന്ന ഒരു ചോദ്യമാണ്. ഒരല്പം ആവർത്തനവിരസത ഉണ്ടെങ്കിലും, ഈ ചോദ്യം നമുക്ക് ഈ വർഷവും സ്വയം ചോദിക്കാം, കാരണം ജീവിതത്തിലെ ഓരോ വർഷവും നാം വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, ‘യേശു എനിക്ക് ആരാണ്?’ എന്ന ചോദ്യത്തിന് നാം നൽകുന്ന ഉത്തരവും വ്യത്യസ്തമായിരിക്കും. മതബോധന വിദ്യാർത്ഥിയായിരിക്കുമ്പോൾ ഈ ചോദ്യത്തിന് നാം നൽകിയ ഉത്തരം അല്ല പിന്നീട് യുവാവ് ആയിരിക്കുമ്പോൾ നാം നൽകുന്നത്. ആ ഉത്തരമല്ല പിന്നീട് കുടുംബസ്ഥനാകുമ്പോൾ നൽകുന്നത്. ഇതേ ഉത്തരം ആയിരിക്കുകയല്ല വാർദ്ധക്യത്തിൽ ‘യേശു എനിക്ക് ആരാണ്’ എന്ന ചോദ്യത്തിന് നാം നൽകുന്നത്. നമ്മുടെ ഉത്തരം ആരംഭിക്കേണ്ടത്, പത്രോസ് അപ്പോസ്തലന്റെ ഉത്തരത്തെ അടിസ്ഥാനമാക്കി വേണം: “യേശു ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ്”. ഈ യാഥാർത്ഥ്യം വളരെ വ്യക്തമായി തന്നെ നാം വിശ്വാസപ്രമാണം ചൊല്ലുന്ന വേളയിൽ പ്രഖ്യാപിക്കുന്നുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യേശു എനിക്ക് ആരാണ്? എന്ന ചോദ്യത്തിന് നമുക്ക് ഉത്തരം നൽകാം. ഈ ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യത്തെ നാം അഭിമുഖീകരിക്കുന്നത്.
2) തിരുസഭ എനിക്ക് ആരാണ്?
ഇന്നത്തെ സുവിശേഷത്തിൽ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ ചോദ്യം ഇതാണ്. തിരുസഭയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ “യേശു പത്രോസിന് അധികാരം നൽകുന്ന” സുവിശേഷം ശ്രവിക്കുമ്പോൾ നമുക്കീ ചോദ്യത്തിനും ഉത്തരം നൽകാം. കാലാകാലങ്ങളായി യേശുവിനെ ഈ ലോകത്തിന് പകർന്നുനൽകിയത് തിരുസഭയാണ്. പത്രോസ് ശ്ലീഹായുടെ ‘യേശുവിന്റെ ദൈവപുത്രത്വത്തെ’ തിരിച്ചറിഞ്ഞ വിശ്വാസത്തിന്റെ പുറത്താണ് യേശു തന്റെ സഭ സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ, തിരുസഭ ഒരു മാനുഷിക പ്രസ്ഥാനമല്ല, മറിച്ച് ദൈവിക യാഥാർത്ഥ്യമാണ്. പത്രോസ് ശ്ലീഹായ്ക്ക് ലഭിക്കുന്നത് സ്ഥാനമാനവും, പദവിയും, അധികാരവുമായി നമുക്ക് തോന്നാമെങ്കിലും, അത് അതിനേക്കാളുപരി കർത്തവ്യവും, ഉത്തരവാദിത്വവും, സഹനവുമാണ്.
ഇന്നത്തെ ഒന്നാമത്തെ വായനയിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നാം ശ്രവിച്ചു: “ദാവീദ് ഭവനത്തിലെ താക്കോൽ അവന്റെ തോളിൽ ഞാൻ വച്ചു കൊടുക്കും. അവൻ തുറന്നാൽ ആരും അടക്കുകയോ, അവൻ അടച്ചാൽ ആരും തുറക്കുകയോ ഇല്ല”. പഴയനിയമത്തിലെ ദാവീദ് ഭവനത്തിന്റെ രക്ഷയുടെ താക്കോൽ യേശുവിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. യേശുവാകട്ടെ ഈ താക്കോൽ പത്രോസ് ശ്ലീഹാക്ക് കൈമാറുകയാണ്. തിരുസഭയിലൂടെ നമുക്കെല്ലാവർക്കും രക്ഷ കൈവരുവാൻ വേണ്ടിയാണിത്.
ഒരു മുറിയിലേക്ക് നാം പ്രവേശിക്കണമെങ്കിൽ താക്കോൽ നമുക്ക് ആവശ്യമാണ്, അതുപോലെ നമുക്ക് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കണമെങ്കിൽ യേശു കൈമാറ്റം ചെയ്ത ഈ താക്കോലുകൾ തിരുസഭയിലൂടെ നമ്മെ സഹായിക്കും. തിരുസഭയെ യേശുവിൽ നിന്ന് പിരിക്കാൻ ആർക്കും സാധിക്കുകയില്ല, കാരണം സഭയുടെ ശിരസ്സ് ക്രിസ്തുവാണ്. ഒരു ശരീരത്തിൽ നിന്ന് ശിരസ്സിനെ വിച്‌ഛേദിച്ചുകൊണ്ട് ആ ശരീരത്തെ ജീവനുള്ളതായി കാണാൻ ആർക്കും സാധിക്കുകയില്ല.
ഈ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് യേശുവിൽ വിശ്വസിക്കുന്ന അതേ തീക്ഷ്ണതയോടെ, തിരുസഭയെ സ്നേഹിക്കാൻ നമുക്ക് പരിശ്രമിക്കാം. അങ്ങനെ തിരുസഭ എനിക്ക് ആരാണെന്ന ചോദ്യത്തിനും വ്യക്തിപരമായ ഉത്തരം കണ്ടെത്താം.
ആമേൻ.