Categories: Meditation

20th Sunady_ഭക്ഷിക്കുക, പാനംചെയ്യുക (യോഹ 6:51-58)

മാംസം ധരിച്ച വചനത്തെ ഭക്ഷിക്കുക എന്നു പറഞ്ഞാൽ വചനമായി മാറുക എന്നതും കൂടിയാണ്...

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ

എട്ടു വാക്യങ്ങളുള്ള ഒരു സുവിശേഷഭാഗം. അതിൽ എട്ടു പ്രാവശ്യം ആവർത്തിക്കപ്പെടുന്നുണ്ട്; യേശുവിന്റെ ശരീരം ഭക്ഷിക്കുന്നതിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും. ആദ്യ വായനയിൽ വചനഭാഗം ആവർത്തനവിരസവും ഏകതാനവുമാണെന്നു തോന്നാം. അപ്പോഴും ഓർക്കണം, ഇതാണ് യോഹന്നാന്റെ രചനാശൈലി. ആ ഏകതാനത ദൈവികമാണ്. അതിലൂടെയാണ് ശക്തമായ ഒരു ഉള്ളടക്കത്തെ സുവിശേഷകൻ രൂപപ്പെടുത്തുന്നത്. പദങ്ങൾ പരിമിതമാണ്. അപ്പോഴും അർത്ഥപുഷ്ടിയുള്ളവയാണവ. അവ ആവർത്തിക്കുന്തോറും അവയുടെ അർത്ഥതലവും വികസിക്കുകയാണ്. നിശ്ചലമായ ജലാശയത്തിലേക്ക് ഒരു കല്ല് വീഴുമ്പോൾ ഉണ്ടാകുന്ന വൃത്തതരംഗങ്ങൾ പോലെ.

“എന്റെ മാംസം ഭക്ഷിക്കുക, എന്റെ രക്തം പാനംചെയ്യുക. അപ്പോൾ നിങ്ങൾക്ക് നിത്യജീവൻ ഉണ്ടാകും”. എട്ടു പ്രാവശ്യമാണ് നിത്യജീവനെ അന്നത്തിനോട് ചേർത്തുവയ്ക്കുന്നത്. അതെ, മരിക്കാതിരിക്കാൻ ഭക്ഷിക്കണം. പക്ഷേ എന്തിനെയാണ്, ആരെയാണ് ഭക്ഷിക്കേണ്ടത് അല്ലെങ്കിൽ സ്വാംശീകരിക്കേണ്ടത്? എല്ലാ ഉറപ്പുകളെയും എല്ലാ ചിന്തകളെയും അവൻ തകിടം മറിക്കുന്നു. മരണത്തിലേക്ക് തെന്നിമാറുന്ന നമ്മുടെ അസ്തിത്വത്തെ അവൻ വഴിമാറ്റി വിടുന്നു. ഒഴുക്ക് ഇനി താഴേക്കല്ല, മുകളിലേക്കാണ്. അത് ഇനി വിലയംപ്രാപിക്കാൻ പോകുന്നത് സ്വർഗ്ഗത്തിലാണ്. ദൈവത്തിൽ ജീവിക്കാൻ അവനിതാ, സ്വയം പകുത്തു നൽകുന്നു.

“സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല”. ഭാവി ജീവിതത്തെക്കുറിച്ചല്ല, വർത്തമാനത്തെക്കുറിച്ചാണ് അവൻ പറയുന്നത്. നിത്യജീവൻ ഒരു അന്ത്യ പ്രതിഫലമല്ല. ധാർമികതയ്ക്കു ലഭിക്കുന്ന ഒരു ഭാവി സമ്മാനവുമല്ല. വേതനത്തിന്റെയോ ശമ്പളത്തിന്റെയോ ഗണത്തിൽ പെടുന്നതുമല്ല അത്. നിത്യജീവൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സത്യവും നീതിയുക്തവുമായ ജീവിതമാണത്. മരണത്തിനതീതമായ നന്മകൾ നിറഞ്ഞ അവസ്ഥയാണത്. യേശുവിന്റെ ജീവിതം പോലെയുള്ള ഒരു ജീവിതമാണത്.

മാംസവും രക്തവും എന്നത് യേശുവിന്റെ പൂർണ്ണമായ മനുഷ്യത്വത്തെ സൂചിപ്പിക്കുന്ന വാചകമാണ്. അവയിൽ എല്ലാമുണ്ട്. മരത്തിന്റെ ഗന്ധമുള്ള ആ മരപ്പണിക്കാരന്റെ കൈകൾ, അവന്റെ കണ്ണുനീർ, വികാരങ്ങൾ, ആലിംഗനങ്ങൾ, മുറിവേറ്റ പാദങ്ങൾ, സുഗന്ധവും സൗഹൃദവും നിറഞ്ഞ അവന്റെ ഭവനം… വരികളുടെയിടയിലൂടെ വായിക്കാവുന്ന മറ്റൊരു വിസ്മയവും കൂടി ഇവിടെയുണ്ട്. അത് പ്രവചനാതീതമാണ്. യേശുവിനെ ഭക്ഷിക്കുകയെന്നാൽ അവന്റെ ജ്ഞാനം, വിശുദ്ധി, അവനിലുള്ള മഹനീയത സ്വാംശീകരിക്കുക എന്നതാണ്. അതായത് യേശുവിന്റെ മനുഷ്യത്വവും അവന്റെ രീതിയും നമ്മുടെ ബന്ധങ്ങളിൽ പുളിമാവായി നിറയണം. അമ്മയുടെ ഉദരത്തിൽ കഴിയുന്ന ഒരു കുഞ്ഞ് അവളുടെ രക്തത്താൽ പോഷിപ്പിക്കപ്പെടുന്നതുപോലെ, നമ്മുടെ മാനുഷികതയുടെ പോഷണം യേശുവാകണം.

യേശു സംസാരിക്കുന്നത് കുർബാനയുടെ കൗദാശികതയെക്കുറിച്ചല്ല, തന്റെ അസ്തിത്വത്തിന്റെ കൗദാശികതയെക്കുറിച്ചാണ്. അവൻ പറയുന്നത് വ്യക്തമാണ് തന്റെ ഓരോ തുള്ളിയും ഓരോ നാരുകളും തിന്നുകയും കുടിക്കുകയും ചെയ്യുക. അവൻ്റെ ജീവിതത്തിൻ്റെ ഊഷ്മളമായ ഒഴുക്ക് നമ്മുടെ സിരകളിലൂടെ ഒഴുകാൻ അവൻ ആഗ്രഹിക്കുന്നു. അവന്റെ ധൈര്യം നമ്മുടെ ഹൃദയങ്ങളിൽ വേരൂന്നതിനുവേണ്ടി അവൻ കൊതിക്കുന്നു. അങ്ങനെ അവൻ ജീവിച്ചതുപോലെ നമ്മളും ജീവിക്കാൻ.

മാംസം ധരിച്ച വചനത്തെ ഭക്ഷിക്കുക എന്നു പറഞ്ഞാൽ വചനമായി മാറുക എന്നതും കൂടിയാണ്. അത് ദൈവത്തെ പോലെയാകുന്നതിനു തുല്യമാണ്. തോട്ടത്തിലെ പഴം കഴിച്ചാൽ ദൈവത്തെ പോലെയാകാൻ സാധിക്കുമെന്നു പറഞ്ഞ പ്രലോഭകനെ പോലെയല്ല ഇത്. ക്രിസ്തുവിനെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക എന്നതിനർത്ഥം അവനെ ഒരു അളവുകോലായി, പുളിമാവായി, ഊർജമായി സ്വാംശീകരിക്കുക എന്നതാണ്.

അങ്ങനെയാകുമ്പോൾ യേശുവിനെ ഭക്ഷിക്കുക എന്നത് കുർബാന സ്വീകരണം മാത്രമല്ല, നമ്മെത്തന്നെ കൂട്ടായ്മയുടെ കൂദാശയാക്കുക എന്നതാണ്. അപ്പോൾ അടിസ്ഥാന വിഷയം നാം അവനിലേക്ക് പോകുന്നതല്ല, അവനാണ് നമ്മിലേക്ക് വരുന്നത്. എങ്കിലും തന്നിലേക്ക് വരുന്നവരെ ഹൃദയത്തോട് ചേർത്തുനിർത്തുന്നവനാണവൻ. നമ്മൾ വരുന്നത് കണ്ട് സന്തോഷിക്കുന്നവൻ. എന്നിട്ട് അവൻ നമ്മുടെ വിശപ്പുകളെ മനസ്സിലാക്കി പറയും: “എടുത്തു കഴിക്കൂ”. അതെ, അവൻ നമ്മെ അന്വേഷിക്കുന്നവനാണ്, കാത്തിരിക്കുന്നവനാണ്, സ്വയം പകുത്തുനൽകുന്നവനാണ്.

“എടുക്കുക, ഭക്ഷിക്കുക!” ഓരോ തവണയും നമ്മെ അത്ഭുതപ്പെടുത്തുന്ന കുർബാനവചനങ്ങളാണവ. ഒരു സ്നേഹപ്രഖ്യാപനം പോലെ നമ്മുടെ കരങ്ങളിൽ സമ്മാനമായി, നാവിൽ അപ്പമായി, ചോദനയുടെ ആഴങ്ങളിൽ രക്തമായി, കോശമായി, ശ്വാസമായി, ചിന്തയായി മാറുന്ന ദിവ്യകാരുണ്യം. നമ്മുടെ ജീവിതമായി മാറുന്നു അവന്റെ ജീവിതം. നമ്മുടെ മാംസം അവന്റെ മാംസത്തോടു ചേരുന്നു. നമ്മുടെ രക്തം അവന്റെ രക്തത്തിൽ അലിയുന്നു. “ഇനിമുതൽ ഞാനല്ല, എന്നിൽ ക്രിസ്തു വസിക്കുന്നു” എന്ന് പൗലോസപ്പോസ്തലനെ പോലെ അപ്പോൾ നമ്മളും പറയും.

vox_editor

Recent Posts

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

15 hours ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

15 hours ago

കോഴിക്കോട് രൂപതയ്ക്ക് അതിരൂപതാ പദവി; ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്

ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…

1 week ago

Palm Sunday_2025_സഹനമല്ല, സ്നേഹമാണ് രക്ഷിച്ചത് (ലൂക്കാ 22:14-23: 56)

ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…

1 week ago

കാരിത്താസ് ലെന്റ്‌ കേരള ക്യാമ്പയിൻ “ചേതന” ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു

  ജോസ്‌ മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…

3 weeks ago

3rd Sunday_Lent_കരുണയുടെ അവസരങ്ങൾ (ലൂക്കാ 13: 1-9)

തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…

4 weeks ago