തിരുവനന്തപുരം: കേരള കത്തോലിക്കാസഭ 2018 യുവജനവർഷമായി ആചരിക്കുമെന്നു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം.
നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ കെസിവൈഎം രൂപീകരിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചുള്ള റൂബി ജൂബിലി യൂത്ത് അസംബ്ലിയിലാണ് ആർച്ച്ബിഷപ് യുവജനവർഷാചരണം പ്രഖ്യാപിച്ചത്. ദൈവസാന്നിധ്യത്തിലൂടെ നമ്മുടെ ജീവിത സാഹചര്യം സ്വർഗീയമാക്കി മാറ്റാനാകും. സത്പ്രവൃത്തികളിലൂടെ ജീവിതം ശോഭനമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ യേശുവിന്റെ കരുണകൊണ്ട് അതിജീവിക്കണമെന്നു കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാനും ബത്തേരി ബിഷപ്പുമായ ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു
ക്രിസ്തു പകർന്നു നൽകിയ ആദർശങ്ങളെയും മൂല്യങ്ങളെയും മുറുകെപ്പിടിച്ച് യുവജന പ്രസ്ഥാനം ആദർശാധിഷ്ഠിതവും വിശ്വാസത്തിൽ ഉറപ്പിച്ചതുമായ കൂട്ടായ്മ രൂപപ്പെടുത്തണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷതവഹിച്ചു. സിഎൽസി ജനറൽ സെക്രട്ടറി ശോഭി.കെ. പോൾ, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ സുമം എസ്ഡി, ഐക്കഫ് ഡയറക്ടർ ഫാ. ബാബുപോൾ, ഐസിവൈഎം പ്രസിഡന്റ് സിജോ അന്പാട്ട് എന്നിവർ പ്രസംഗിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടർ റവ.ഡോ. മാത്യു ജേക്കബ് തിരുവാലിൽ ഒഐസി ആമുഖപ്രഭാഷണം നടത്തി.കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ ചെന്പക്കര സ്വാഗതവും സംസ്ഥാന സെക്രട്ടറി ജിഫിൻസാം നന്ദിയും പറഞ്ഞു
Related