Meditation

19th Sunday_എവിടെയാണ് നിന്റെ നിക്ഷേപം? (ലൂക്കാ 12:32-48)

നമ്മിലുള്ള ദൈവത്തിന്റെ വിശ്വാസമാണ് നമ്മുടെ വിജയം...

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ

യേശുവാണ് “അധികാരം സമം ശുശ്രൂഷ” എന്ന ചിന്ത ആദ്യമായി മണ്ണിലവതരിപ്പിച്ചത്. അതിന് മുമ്പൊക്കെ അധികാരം എന്നത് അടിച്ചമർത്തലിന് തുല്യമായിരുന്നു. അത് നാഗരികതയുടെ പര്യായവുമായിരുന്നു. ക്രൈസ്തവീകതയാണ് ശുശ്രൂഷയെ മനുഷ്യനും ദൈവവും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ സവിശേഷമായ ഒന്നാക്കി മാറ്റിയത്. നമ്മൾ ദൈവത്തിന്റെ ശുശ്രൂഷകരും, ദൈവം നമ്മുടെ ശുശ്രൂഷകനുമാകുന്ന നവീന ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം: “അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന്‌ അവരെ പരിചരിക്കുകയും ചെയ്യും” (v.37).

മൂന്ന് തവണയാണ് “ഒരുങ്ങിയിരിക്കുക” എന്ന ആഹ്വാനം ഈ സുവിശേഷ ഭാഗത്തിൽ മുഴങ്ങുന്നത്. എന്തിന് വേണ്ടിയാണ് നമ്മൾ ഒരുങ്ങിയിരിക്കേണ്ടത്? എന്തോ വരാൻ പോകുന്നു എന്ന് പ്രതീക്ഷിച്ചല്ല, ആരുടെയോ വരവിനു വേണ്ടി ആയിരിക്കണം. രാത്രിയുടെ അന്ത്യയാമത്തിൽ ഒരു കണ്ടുമുട്ടൽ സാധ്യമാകും. വരുന്നത് ജീവൻ അപഹരിക്കുന്ന മരണദൂതനല്ല, മറിച്ച് ദാസരുടെ ദാസനായ, നമ്മുടെ മുന്നിൽ കുനിയുകയും നമ്മെ കരുതുകയും ചെയ്യുന്ന, നമ്മുടെ ജീവിതത്തെ സന്തോഷിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന, നമ്മെ സ്നേഹിക്കുന്ന ഒരു ദൈവമാണ്.

ചില കണക്കെടുപ്പുകൾ സംഭവിക്കുക രാത്രിയുടെ അന്ത്യയാമത്തിലാണ്. അവിടെ വിശ്വസ്തത എന്നത് നമ്മുടെ പ്രവൃത്തിയോ കടമയോ അല്ല, അവിടെ അർഹത, അവകാശം എന്നീ സങ്കൽപ്പങ്ങൾക്കും സ്ഥാനമില്ല. കാരണം, കടന്നുവരുന്നവൻ ആഗ്രഹിക്കുന്നത് ഉണർന്നിരിക്കുന്ന ഹൃദയം മാത്രമാണ്. യജമാനൻ വരുന്നതുവരെ ഉണർന്നിരിക്കാനാണ് കൽപന. അങ്ങനെ ഉണർന്നിരിക്കുന്നവൻ കൂടെയുള്ളവർക്കും പകർന്നു നൽകുന്നത് ആനന്ദത്തിന്റെ അനുഭവങ്ങളുമായിരിക്കും.

“യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്‍മാര്‍ ഭാഗ്യവാന്മാര്‍” (v.37). അവർ ഭാഗ്യവാന്മാരാണ്. ഒരു രാത്രിയെ അതിജീവിച്ചു എന്നതിലല്ല, യജമാനൻ അവരെ വിശ്വസിച്ച് തന്റെ വീട് നോക്കാൻ ഏൽപ്പിച്ചു എന്നതിലാണ്. മനുഷ്യനിൽ വിശ്വസിക്കുന്ന ദൈവത്തിന്റെ ചിത്രം ഇവിടെയുണ്ട്.

നമ്മിലുള്ള ദൈവത്തിന്റെ വിശ്വാസമാണ് നമ്മുടെ വിജയം. ദൈവം വിശ്വസിക്കുന്ന മനുഷ്യൻ – ഇതിനേക്കാൾ വലിയ ഭാഗ്യം വേറെയുണ്ടോ? ഭൃത്യന്റെ വിശ്വസ്തത ദൈവത്തിന്റെ വിശ്വാസത്തോടുള്ള പ്രതികരണമാണ്. അതുകൊണ്ടാണ് അവൻ വീട്ടുജോലിക്കാർക്ക് യഥാസമയം സന്തോഷത്തോടെ ഭക്ഷണം കൊടുക്കുന്നത്. അവൻ അവിടെ പരസ്പരബന്ധം സ്ഥാപിക്കുന്നു. ഇതാണ് അവന്റെ നിക്ഷേപം. വസ്തുക്കളല്ല, വ്യക്തികളാണ് യഥാർത്ഥ നിക്ഷേപം. അവിശ്വസ്തനായ ഭൃത്യനെ സംബന്ധിച്ചിടത്തോളം, നിക്ഷേപം എന്നത് മറ്റുള്ളവരുടെ മേലുള്ള അധികാരവും, ആജ്ഞാപിക്കാനുള്ള കഴിവും തത്ഫലമായുണ്ടാകുന്ന നേട്ടങ്ങളുമാണ്. സ്വന്തം ഹൃദയത്തെ വസ്തുക്കളിൽ പ്രതിഷ്ഠിച്ച അവൻ യജമാനനുമായുള്ള അന്ത്യയാമത്തിലെ കണ്ടുമുട്ടലിൽ നേരിടേണ്ടിവരുക തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ അപകീർത്തിപ്പെടുത്തിയതിന്റെ വേദനാജനകമായ തിരിച്ചറിവായിരിക്കും. അവിടെ അവശേഷിക്കുക വഴിതെറ്റിയ ഒരു ജീവിതത്തിന്റെ നിലവിളി മാത്രമായിരിക്കും.

“നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും” (v.34). നിഷ്കളങ്കരുടെ പ്രതീക്ഷകളും നിസ്വരുടെ നൊമ്പരങ്ങളുമല്ലാതെ മറ്റൊരു നിക്ഷേപത്തെ നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ? നമ്മുടെ കൂടെയുള്ളവരാണ് നമ്മുടെ നിക്ഷേപം; സ്നേഹിക്കാനും പ്രതീക്ഷിക്കാനും അന്വേഷിക്കാനുമുള്ള നിക്ഷേപം. നിക്ഷേപം വ്യക്തികളാണെങ്കിൽ തന്നെത്തന്നെ ദാസനാക്കുന്ന ദൈവവും നമ്മുടെ നിധിയാകും. കാരണം, വ്യക്തികളിൽ ഭാവിയുടെ പ്രതീക്ഷയുണ്ട്, നന്മകളോടുള്ള അഭിനിവേശമുണ്ട്, സുന്ദരമായ പുഞ്ചിരിയുണ്ട്, നിഷ്കളങ്കമായ സ്നേഹമുണ്ട്. നമ്മുടെ ജീവിതം ജീവിതമാകുക നമ്മളല്ല അതിന്റെ ഉടമസ്ഥൻ എന്ന ബോധ്യത്തിൽ എത്തുമ്പോൾ മാത്രമാണ്. യഥാർത്ഥ യജമാനൻ വലിയൊരു ദേശാടനത്തിനുശേഷം തിരിച്ചുവരുന്ന ഒരു നിമിഷമുണ്ട്, അന്നാണ് എല്ലാം തീരുമാനിക്കപ്പെടുന്നത്. അന്ന് “അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന്‌ അവരെ പരിചരിക്കുകയും ചെയ്യും” (v.37).

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker