17th Sunday_പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13)
സാന്ദ്രമായ വിശ്വാസ ശൃംഖലയാൽ മൂടപ്പെട്ടിരിക്കുന്ന ഇടമാണ് നമ്മുടെ ലോകം. അത് പ്രാർത്ഥനയുടെയും ഇടമാണ്...
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
“കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ രണ്ട് ഉപമകൾ പറയുന്നത്: “നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ… നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക?…”. യാചനകൾക്ക് പിന്നിലുള്ള സൗഹൃദവും നൽകലുകൾക്ക് പിന്നിലുള്ള പിതൃസ്നേഹവും ചിത്രീകരിക്കുന്ന സുന്ദരമായ ഉപമകൾ. ഒപ്പം, എങ്ങനെ പ്രാർത്ഥിക്കണമെന്ന ചെറുപാഠവും. അതാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. പ്രാർത്ഥന – സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ചാരുത പകരുന്ന സുന്ദര രഹസ്യം.
“സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്‌പ തരുക. ഒരു സ്‌നേഹിതന്‍ യാത്രാമധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല” (vv.5-6). ഒരുവൻ, ഇതാ, അർധരാത്രിയിൽ വീടുവിട്ടിറങ്ങിയിരിക്കുന്നു. തന്റെ സുഹൃത്തിന്റെ വീട്ടിലേക്കാണ് അവൻ പോയിരിക്കുന്നത്. അവന്റെ മറ്റൊരു സുഹൃത്ത് കാതങ്ങൾ താണ്ടി തന്റെ വീട്ടിലെത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു വരവായിരുന്നു അത്. അവന് നൽകാനായി വീട്ടിൽ ഒന്നും തന്നെയില്ല. എന്ത് ചെയ്യും? നേരെ അടുത്തുള്ള സുഹൃത്തിന്റെ അരികിലേക്ക് പോകാനല്ലാതെ. അങ്ങനെ അവൻ തന്റെ സുഹൃത്തിന് വേണ്ടി മറ്റൊരു സുഹൃത്തിന്റെ വാതിലിൽ മുട്ടുകയാണ്. അതും അർധരാത്രിയിൽ. ഇതുപോലെയാണ് നമ്മളും: പാവപ്പെട്ടവർ, അപ്പോഴും സൗഹൃദങ്ങളിൽ സമ്പന്നർ. ഭക്ഷിക്കാൻ ഒരു നേരത്തെ അപ്പമില്ലെങ്കിലും അർധരാത്രിയിൽ പോലും കയറിച്ചെല്ലാൻ സാധിക്കുന്ന സൗഹൃദങ്ങളുള്ളവർ. ആ വാതിലിൽ എപ്പോൾ വേണമെങ്കിലും പോയി മുട്ടാം. എത്ര വേണമെങ്കിലും മുട്ടാം. അപ്പോഴും വെറുംകൈയോടെ അവിടന്ന് തിരിച്ചു പോരേണ്ടി വരില്ല.
നമ്മുടെ ആവശ്യങ്ങളുടെ ഭൂപടത്തിലെ വഴികൾ കുടുക്കുവഴികളാകുമ്പോൾ ഹൃദയത്തിന്റെ ചോദനയെ നമ്മൾ ശ്രവിക്കണം. അപ്പോഴത് നമ്മെ സ്നേഹത്തിലേക്ക് നയിക്കും. അങ്ങനെയാണ് പ്രാർത്ഥനകളിൽ ഇത്തിരി അപ്പവും നല്ല സൗഹൃദവും കടന്നുവരുന്നത്. ചില രാത്രിയനുഭവങ്ങളാണ് നമ്മെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിക്കുക. തെരുവിലേക്കല്ല, വീട്ടിൽ നിന്നും വീട്ടിലേക്കാണ്, ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കാണ്. കാരണം, സാന്ദ്രമായ വിശ്വാസ ശൃംഖലയാൽ മൂടപ്പെട്ടിരിക്കുന്ന ഇടമാണ് നമ്മുടെ ലോകം. അത് പ്രാർത്ഥനയുടെയും ഇടമാണ്. അതുകൊണ്ടാണ് പ്രാർത്ഥിക്കുകയെന്നത് ലോകത്തിന്റെ സിരകളിൽ സ്നേഹം നിറയ്ക്കലാണെന്നും, നിരാശാജനകമായ ചില ചരിത്രങ്ങളിൽ വിശ്വാസത്തിന്റെ ഒരു ഘടന സ്ഥാപിക്കുകയെന്നതുമാണെന്ന് പറയുന്നത്.
രണ്ട് സുഹൃത്തുക്കൾക്കിടയിൽ ഒരു അടഞ്ഞ വാതിലുണ്ട്. അതുപോലെയാണ് ആത്മീയജീവിതത്തിലും; അവസാന തടസ്സമായി ഒരു അടഞ്ഞ വാതിലുണ്ട്. അതുകൊണ്ടാണ് ഗുരു പറയുന്നത് “ചോദിക്കുവിൻ, മുട്ടുവിൻ, അന്വേഷിക്കുവിൻ” എന്ന്. മുന്നിൽ അടഞ്ഞ വാതിലുകളാണെങ്കിലും, അന്വേഷണം രാത്രിയിലാണെങ്കിലും, വിശ്വാസം ദുഷ്കരമാകുമ്പോഴും, ദൈവത്തെ ശ്മശാനമൂകതയായി തോന്നുമ്പോഴും, ഓർക്കുക, വാതിലിനപ്പുറം ഒരു സൗഹൃദ സാന്നിധ്യമുണ്ട്.
വാത്സല്യത്തിന്റെ ഗാഥയാണ് പ്രാർത്ഥന. അതുകൊണ്ടാണ് പ്രാർത്ഥനയുടെ പിന്നിൽ ഒരു പിതൃസാന്നിധ്യം നമ്മൾ കാണുന്നത്. ആ സാന്നിധ്യം മീനിന് പകരം പാമ്പിനെ തരില്ല. മുട്ടക്ക് പകരം തേളിനെ തരില്ല. അത് നമ്മെ ഭവനത്തിലേക്ക് തിരികെ കൊണ്ടുവരും. അവിടെ നമ്മൾ സ്വയം കണ്ടെത്തും. അതുകൊണ്ടുതന്നെ അടഞ്ഞവാതിലുകൾ ഒത്തിരി ദൂരെയാണെന്നു കരുതരുത്, അവ നമ്മുടെ വീടുകളാണ്.
“ചോദിക്കൂ” എന്ന് കർത്താവ് ഉദ്ബോധിപ്പിക്കുന്നു. പക്ഷെ എന്താണ് ചോദിക്കേണ്ടതെന്ന് നമുക്കറിയില്ല. അതുകൊണ്ടാണ് അവൻ “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന പഠിപ്പിക്കുന്നത്. അതിൽ നമ്മുടെ ഹൃദയചോദനകളുടെ പൂർണ്ണതയുണ്ട്. എന്താണ് നമ്മൾ ചോദിക്കേണ്ടത്? അന്നന്നുള്ള ആഹാരം, ക്ഷമിക്കാനുള്ള ഒരു മനസ്സ്, തിന്മക്കെതിരെ പോരാടാനുള്ള ഊർജ്ജം.
അന്നന്നുള്ള ആഹാരത്തിനു വേണ്ടിയുള്ള വിളി സ്വർഗ്ഗത്തിലും സഹജരിലും ആശ്രയിക്കാനുള്ള വിളി കൂടിയാണ്. എനിക്കല്ല, ഞങ്ങൾക്ക് തരണമേ എന്നാണ് പ്രാർത്ഥന. ഞാനല്ല, ദൈവവും സഹജരുമാണ് പ്രാർത്ഥനയുടെ കേന്ദ്രം. അതുകൊണ്ടാണ് ക്ഷമ ഒരു പ്രാർത്ഥനാ വിഷയമായി മാറുന്നത്. ആരും ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് മുന്നോട്ടുപോകുന്നത്. ഇടർച്ചകൾ ഉണ്ടാകും, അപ്പോൾ പരസ്പരം താങ്ങായി മാറണം നമ്മൾ. സഹജരല്ല നമ്മുടെ ശത്രു, തിന്മയാണ്. തിന്മയ്ക്കെതിരായുള്ള പോരാട്ടമാണ് പ്രലോഭനങ്ങളിലെ വിജയം. ആ പോരാട്ടത്തിൽ നമ്മുടെ കൂടെയുള്ളത് ഏകാധിപതിയായ ഒരു ദൈവമല്ല, പിതാവെന്നും സുഹൃത്തെന്നും അറിയപ്പെടാൻ ആഗ്രഹിക്കുന്ന ദൈവമാണ്. ആ ദൈവത്തിൽ ആശ്രയിക്കുന്ന ആരും നിരാശരായി തിരികെ പോകുകയുമില്ല.