
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ
അയക്കപ്പെട്ടവർ, ഇതാ, മടങ്ങിവന്നിരിക്കുന്നു. യേശുവിൽ നിന്നും ആരംഭിച്ചു, യേശുവിലേക്ക് തന്നെ മടങ്ങുന്നു. കാരണം, അവനാണ് അയക്കപ്പെട്ടവരുടെ കേന്ദ്രം. രണ്ടു കാര്യത്തിനാണ് യേശു ശിഷ്യന്മാരെ വിളിച്ചത്; അവനോടൊപ്പം ആയിരിക്കാനും സുവിശേഷം പ്രഘോഷിക്കാനും. പ്രഘോഷിക്കാൻ പോയവർ വിളിച്ചവന്റെ അടുത്തേക്ക് തന്നെ വരുന്നു. എന്തിനാണ് അവർ മടങ്ങി വരുന്നത്? അവർ ചെയ്ത കാര്യങ്ങൾ അവനോട് പങ്കുവയ്ക്കുന്നതിനു വേണ്ടി. ഇതൊരു പിൻവാങ്ങലാണ്. ഒരു റിട്രീറ്റ്. ഗുരുവിനോടൊപ്പമുള്ള ഒരു ആത്മശോധന. ഇങ്ങനെയൊരു പിൻവാങ്ങൽ നമുക്കും ഉണ്ടാകണം. ഇടയ്ക്കൊക്കെ നമ്മൾ ചോദിക്കണം: ഞാൻ ചെയ്യുന്നത് ശരിയാണോ? എന്റെ പ്രവർത്തികൾ എനിക്ക് സന്തോഷം നൽകുന്നുണ്ടോ? എന്റെ സ്നേഹം യഥാർത്ഥമാണോ? ഞാൻ ശരിക്കും സന്തോഷവാനാണോ? എന്റെ പ്രാർത്ഥനകൾ ജൽപ്പനങ്ങളാണോ?
അയക്കപ്പെട്ട പന്ത്രണ്ടുപേരും യേശുവിലേക്ക് മടങ്ങിവരുന്നത് അവർ ചെയ്ത കാര്യങ്ങൾ പങ്കിടാനും കഥകൾ പറയാനുമാണ്. എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി നമ്മെ സ്നേഹിക്കുന്നവരോടൊപ്പം കഥകൾ പറയുവാനും അവരുടെ ഹൃദയങ്ങളിലേക്ക് ചേർന്നുനിൽക്കുവാനും സാധിച്ചാൽ അതാണ് യഥാർത്ഥ റിട്രീറ്റ്. ഈ പിൻവാങ്ങലിൽ പങ്കുവെയ്പ്പുണ്ട്. അതു താൻ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള ചരിത്രവിവരണമല്ല, മറിച്ച് വികാരവിചാരങ്ങളുടെ ഒരു പൂവിടലാണ്. അതൊരു സ്വയം ശൂന്യവൽക്കരണമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സുതാര്യതയുടെ ആഘോഷമാണത്.
“അപ്പസ്തോലന്മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു”. യേശു അവരെ ശ്രവിക്കുന്നു, അവരെ സംസാരിക്കാൻ അനുവദിക്കുന്നു. ഇവിടെയുണ്ട് പ്രാർത്ഥനയുടെ മനോഹരമായ നിർവചനം: അത് നമ്മുടെ കഥയുടെ ആഖ്യാനമാണ്. നമ്മുടെ ജീവിതത്തിന്റെയും അനുഭവത്തിന്റെയും ചിന്തയുടെയും കഥനമാണത്. ശരിയാണ്, ദൈവത്തിന് നമ്മെക്കുറിച്ച് എല്ലാം അറിയാം. എങ്കിലും നമ്മെക്കുറിച്ചു കേൾക്കാൻ അവന് ഇഷ്ടമാണ്. നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ സ്നേഹിക്കുന്നുവെന്ന് നമുക്കറിയാം, എങ്കിലും അത് പറയുന്നത് കേൾക്കാൻ എന്തു സുഖമാണ്! നമ്മുടെ ദിനങ്ങൾ, പ്രതീക്ഷകൾ, നൊമ്പരങ്ങൾ, ഭയം എന്നിവയെക്കുറിച്ച് ദൈവത്തോടു പറയാൻ നമുക്കുമുണ്ടാകണം എല്ലാ ദിവസവും ചില നിശ്ചിത സമയങ്ങൾ. അങ്ങനെ മാത്രമേ നമ്മുടെ ബലഹീനതകളെ സ്വർഗ്ഗത്തിനോടു ചേർത്തുനിർത്താൻ പറ്റൂ. പ്രാർത്ഥന നമ്മുടെ ജീവിതത്തെ മാറ്റില്ല, അത് നമ്മെ മാറ്റും, നമ്മുടെ ഹൃദയങ്ങളെ മാറ്റും.
ശിഷ്യന്മാർ ക്ഷീണിതരാണ്. എങ്കിലും സന്തോഷവാന്മാരാണ്. യേശു എന്താണ് ചെയ്യുന്നത്? അവൻ അവരെ ആശ്വസിപ്പിക്കുന്നു, അവരെ ശ്രവിക്കുന്നു, വിശ്രമിക്കാൻ അവരെ ക്ഷണിക്കുന്നു: “നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം”. ആക്ടിവിസത്തിൽ കുടുങ്ങിപ്പോകരുത്. ചില നേരങ്ങളിൽ നമ്മൾ പിൻവാങ്ങണം. നമ്മളില്ലെങ്കിലും ലോകം മുന്നോട്ട് പോകും.
എന്തിനാണ് യേശു ശിഷ്യന്മാരെ പ്രഘോഷണത്തിനായി അയക്കുന്നത്? കാരണം യേശുവിനറിയാം എല്ലായിടത്തേക്കും തനിക്ക് പോകാൻ സാധിക്കില്ല എന്ന കാര്യം. സഹകാരികളും സഹായവും അവനും ആവശ്യമാണ്. ഉത്തരവാദിത്തങ്ങൾ ഭാഗിച്ചുകൊടുക്കുകയും കൂടെയുള്ളവരെ ശക്തിപ്പെടുത്തുകയും ചെയ്താൽ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്യണം എന്ന ആകുലതയിൽ നിന്നും നമുക്കും രക്ഷപ്പെടാൻ സാധിക്കും. സമയദാരിദ്ര്യമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. ഒത്തിരി കാര്യങ്ങളിൽ നമ്മൾ മുഴുകുന്നുണ്ട്, പക്ഷെ അവശ്യമായതിന് സമയമില്ല. സ്നേഹിക്കാൻ സമയമില്ല, കൂടെയിരിക്കാൻ സമയമില്ല, ശ്രവിക്കാൻ സമയമില്ല, പ്രാർത്ഥിക്കാൻ സമയമില്ല വിശ്രമിക്കാൻ സമയമില്ല…
ഏതു കാര്യവും നന്നായി ചെയ്യാൻ, ഇടയ്ക്ക് അവയിൽ നിന്നും ഒരു ഇടവേളയെടുക്കണം. അതായത്, ഇടയ്ക്കിടെ വിശ്രമിക്കണം. അതും ഒരു വിനയപ്രവൃത്തിയാണ്. നമ്മുടെ ജോലികൾ നമ്മെ വിഴുങ്ങരുത്. നമ്മെ അവ എരിച്ചു കളയുകയും ചെയ്യരുത്. നമ്മൾ ആരും സർവശക്തരല്ല. നമ്മുടെ പരിമിതികളെ മാനിക്കാൻ നമ്മൾ പഠിക്കണം. എങ്കിൽ മാത്രമേ നമ്മിൽ അടിച്ചേൽപ്പിക്കുന്ന തിരക്കുകളിൽ നിന്നും പതിയെ പിൻവാങ്ങി ജീവിതം ആസ്വദിക്കാൻ സാധിക്കു.
ശിഷ്യന്മാരോട് വിശ്രമിക്കാൻ പറഞ്ഞ യേശു തന്റെ വിശ്രമം ബലികഴിക്കുന്ന ഒരു ചിത്രവും ഇന്നത്തെ സുവിശേഷത്തിലുണ്ട്. ജനങ്ങളോടുള്ള അനുകമ്പയാണ് അവനെ വിശ്രമരഹിതനാക്കുന്നത്. കാരണം അവർ ഇടയനില്ലാത്ത ആട്ടിൻപറ്റം പോലെ ആയിരുന്നു. കൂടെയുള്ളവരോടും കൂട്ടത്തിൽ അല്ലാത്തവരോടും അനുകമ്പ തോന്നുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ ഇടയനാകുന്നത്. കൂടെയുള്ളവരെ ചേർത്തുനിർത്തി മുന്നിൽ നിൽക്കുന്ന വലിയൊരു ജനക്കൂട്ടത്തിലേക്ക് നന്മയായി ഇറങ്ങിച്ചെല്ലുന്ന ഒരു മനസ്സ് അതാണ് യഥാർത്ഥ ഇടയത്തം. ഇവിടെ ആരും ആരെയും ഉപേക്ഷിക്കുന്നില്ല. കൂടെയുള്ളവരിലേക്കും അല്ലാത്തവരിലേക്കും കരുണ പകർന്നു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. കരുണയെക്കാൾ മൂല്യം ഒന്നിനുമില്ല. അത് നമ്മുടെ കാഴ്ചയിൽ നിന്നും അപരന്റെ ഹൃദയത്തിലേക്കുള്ള ഒരു ഒറ്റയടിപ്പാതയാണ്. യേശുവിന്റെ കാഴ്ചയിലും നോട്ടത്തിലും ഈയൊരു തനിമയുണ്ട്. കരുണയ്ക്ക് മാത്രമേ ഒരേ നിമിഷം വചനവും അപ്പവുമാകാൻ സാധിക്കു. അത് സംതൃപ്തിയാണ്. അതുകൊണ്ടാണ് യേശുവിനെ കണ്ടുമുട്ടിയിട്ടുള്ള എല്ലാവരും സന്തുഷ്ടരായി തിരികെപോകുന്നത്.
വേദനയല്ല നമ്മുടെ ഭയം, വേദനയിലുള്ള ഒറ്റപ്പെടലാണ്, സ്നേഹസാന്നിധ്യമില്ലാത്ത ഏകാന്തതയാണ്. വേദനകളിലെ പങ്കുപറ്റലാണ് കരുണ അഥവാ അനുകമ്പ. നീ ഒറ്റയ്ക്കല്ല, നിന്നോടൊപ്പം ഞാനുമുണ്ട് എന്നു പറയാൻ സാധിക്കുന്ന മനസ്സാണത്. അത് കണ്ണുകളിലെ ഈറനിലും കരങ്ങളിലെ ഊഷ്മളതയിലും പാദങ്ങളിലെ ദൃഢതയിലും നിറഞ്ഞുനിൽക്കും. അപ്പോഴും ഓർക്കണം, ഒരാളുടെ ദൗർഭാഗ്യത്തിന്റെ ഭാഗമാകുക എന്നത് മാത്രമല്ല കരുണ, അയാൾക്കൊപ്പം ആനന്ദവും ഉത്ക്കണ്ഠയും സന്തോഷവും വേദനയും അനുഭവിക്കലും കൂടിയാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.