Meditation

15th Ordinary Sunday_Year B_സുവിശേഷത്തിന്റെ ലാളിത്യം (മർക്കോ 6: 7-13)

അയക്കപ്പെടുക എന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഷ്യമാണ്...

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

ഗ്രാമപ്രദേശങ്ങൾ ചുറ്റിസഞ്ചരിച്ചു പഠിപ്പിക്കുന്ന ഗുരു തന്റെ ശിഷ്യരോട് കൽപ്പിക്കുന്നത് അടങ്ങിയൊതുങ്ങിയ സ്വസ്ഥമായ ജീവിതമാണെന്ന് കരുതരുത്. അവനെ അനുഗമിക്കാനുള്ള വിളി അയക്കപ്പെടുന്നതിനു തുല്യമാണ്. വിളിക്കപ്പെട്ടവർ എല്ലാവരും അയക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ബൈബിൾ ചരിത്രം. അത് അബ്രഹാമിൽ നിന്നും തുടങ്ങി അപ്പോസ്തലന്മാർ വരെ നീണ്ടുകിടക്കുന്ന ചരിത്രമാണ്. സ്വച്ഛമായ ജീവിതം സുഖകരമായ ജീവിതം തന്നെയാണ്. പക്ഷെ അതിൽ ക്രൈസ്തവികതയുടെ പൂർണമായ അർത്ഥം ഉൾക്കൊള്ളുന്നുണ്ടോ എന്ന കാര്യം സംശയമാണ്. പുതിയ ചിന്തകളിലേക്കും പുതിയ ചക്രവാളങ്ങളിലേക്കും ഗുരുവിന്റെ സന്ദേശങ്ങളുമായി നടന്നു കയറേണ്ടവരാണ് ക്രിസ്തു ശിഷ്യർ.

അയക്കപ്പെടുക എന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഷ്യമാണ്. അത് സർഗ്ഗാത്മകതയും ക്രിയാത്മകതയും മുറ്റിനിൽക്കുന്ന ദൈവീക സംരംഭമാണ്. നമ്മുടെ തന്നെ അഹത്തിലേക്കുള്ള നടന്നടുക്കലാണ് അയക്കപ്പെടലിന്റെ ആദ്യപടി. നീ ആര് എന്ന തിരിച്ചറിവിൽ നിന്നും മാത്രമേ ലോകത്തെ കണ്ടെത്താനും സഹജരിലേക്ക് നടന്നടുക്കാനും നിനക്ക് സാധിക്കു. അതിന് ആദ്യം വേണ്ടത് നിന്റെ ഗുരുവായ യേശുവിന്റെ കൂടെയായിരിക്കാനുള്ള മനസ്സാണ്. കാരണം അവൻ ദൈവമാണ്. അവൻ നിന്റെ ഉള്ളിലെ അത്ഭുത ലോകത്തെ കാണിച്ചു തന്നതിനു ശേഷമേ മറ്റുള്ളവരിലേക്ക് നിന്നെ അയക്കൂ. അതുകൊണ്ടാണ് സുവിശേഷകൻ പറയുന്നത്: “അശുദ്ധാത്മാക്കളുടെമേൽ അവർക്ക് അധികാരം കൊടുത്തു” (v.7). ഈ അധികാരം ശിഷ്യർക്ക് ലഭിച്ചിരിക്കുന്ന ആന്തരിക സൗന്ദര്യമാണ്. ഉള്ളിലെ വെട്ടമാണ് ശിഷ്യരുടെ അധികാരം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രിസ്തു തന്റെ ശിഷ്യരെ സഞ്ചരിക്കുന്ന പ്രകാശ ഗോപുരങ്ങളാക്കി മാറ്റി എന്നതാണ്. ഉള്ളിൽ തേജസ് ഉള്ളവർക്ക് അന്ധകാര ശക്തികളെ ഭയക്കേണ്ട കാര്യമില്ല. അവരിലെ വെളിച്ചം അവരുടെ അധികാരമാണ്.

ആരും ഒറ്റയ്ക്ക് അയക്കപ്പെടുന്നില്ല. ആരും ഒറ്റയ്ക്ക് അല്ല താനും. ദൈവം പോലും ഒറ്റയ്ക്കല്ല. ഇതാണ് ക്രൈസ്തവികതയുടെ ലാവണ്യം. ഏകതയുടെ ആത്മാരാധന അനാഥത്വത്തെ മഹത്വീകരിക്കും. രണ്ടു പേരാകുമ്പോൾ സ്നേഹത്തിന്റെ നിശബ്ദവീചികളാൽ അവർ ബന്ധിതരാകും. ഒരേ ലക്ഷ്യത്തിലേക്ക് അവർ നടന്നടുക്കും. അങ്ങനെയാകുമ്പോൾ ദൈവരാജ്യത്തെ വാക്കുകൾകൊണ്ട് പ്രഘോഷിക്കേണ്ട ആവശ്യം വരില്ല. കാരണം രണ്ടു ശിഷ്യർ ഒത്തുചേരുമ്പോൾ അവിടെ ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു വടിയല്ലാതെ ഒന്നും നീ എടുക്കേണ്ട. അത് അധികാരത്തിന്റെ അടയാളമല്ല. മുന്നിലേക്ക് വയ്ക്കുന്ന ഓരോ ചുവടിനുമുള്ള താങ്ങ് മാത്രമാണ്.

ലാളിത്യമാണ് അയക്കപ്പെടുന്നവരുടെ അടയാളം. അത് പറക്കുന്നതിന് തുല്യമാണ്. ഭാരമുള്ളതെല്ലാം കുതിപ്പിന് തടസ്സമായി മാറും. അതുകൊണ്ടാണ് ഗുരു പറയുന്നത് അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ കരുതരുതെന്ന്. കൂടെയുള്ളവനെ കരുതുക, കരുതലായി മാറുക. ശുദ്ധമായ മനുഷ്യത്വമാണ് മഹത്തായ പ്രഘോഷണം. സ്വരൂപിച്ചുകൂട്ടുക എന്ന സമൃദ്ധിയുടെ താത്ത്വിക വിചാരങ്ങൾക്ക് ബദലായി ഗുരു മുന്നിലേക്ക് വയ്ക്കുന്നത് കരുതലായ് മാറുന്ന മനുഷ്യത്വമാണ്. അനന്തതയോളം മഹത്തായ കാര്യങ്ങൾ പ്രഘോഷിക്കാൻ നീ നിയുക്തനാണെങ്കിൽ നിത്യതയോളം ചെറുതാകാനുള്ള മനസ്സും നീ കാണിക്കണം. സ്വയം ശൂന്യനായവനു മാത്രമേ കുരിശിൽ നഗ്നനായവനെ പ്രഘോഷിക്കാൻ സാധിക്കു എന്ന കാര്യവും മറക്കരുത്.

വീടുവിട്ടിറങ്ങി വന്നവരെ ഗുരുനാഥൻ അയക്കുന്നത് വീടുകളിലേക്ക് തന്നെയാണ്. ഭവനമാണ് അയക്കപ്പെട്ടവർ എത്തിപ്പെടുന്ന ഇടം. പ്രഘോഷിക്കേണ്ട ഇടം നമ്മുടെ ഭവനങ്ങൾ തന്നെയാകുമ്പോഴാണ് സുവിശേഷം അർത്ഥപൂർണമാകുന്നത്. ഏതെങ്കിലും ഭവനത്തിൽ പ്രവേശിക്കുകയെന്നു പറഞ്ഞാൽ അവിടത്തെ ആനന്ദവും നൊമ്പരവും രുചിയും മണവും എല്ലാം സ്വാംശീകരിക്കുകയെന്നും അർത്ഥമുണ്ട്. ആശയങ്ങളേക്കാളുപരി വ്യക്തികൾക്ക് പ്രാധാന്യം കൊടുക്കുന്ന ഏക ഇടം ഭവനം മാത്രമാണ്. ആശയങ്ങൾ പ്രഘോഷിക്കാനല്ല നമ്മൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്, വ്യക്തിയെയാണ്: യേശു എന്ന വ്യക്തിയെ. അതുകൊണ്ടാണ് ഗുരു പറയുന്നത് ആരെങ്കിലും നിങ്ങളെ തിരസ്കരിക്കുകയാണെങ്കിൽ തർക്കത്തിലൊന്നും ഏർപ്പെടേണ്ട കാര്യമില്ല. നിശബ്ദമായി അവിടം വിട്ടു പോകുക. ഇനിയുമുണ്ട് മുന്നിൽ ഭവനങ്ങളും നഗരങ്ങളും ഹൃദയങ്ങളും. സ്നേഹത്തിന്റെ നാടോടിയാകാനാണ് അവൻ നിന്നെ വിളിച്ചതും അയച്ചിരിക്കുന്നതും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker