Sunday Homilies

14th Sunday_Year B_അവഗണിക്കപ്പെടുന്ന ക്രിസ്തു

തിരുസഭയോടൊപ്പം ചേർന്നു ഈ ലോകത്തിൽ പ്രവാചക ദൗത്യം സ്വീകരിക്കുവാനുള്ളവരാണ് നാം...

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ

ഒന്നാം വായന: എസക്കിയേൽ 1:28b-2:5
രണ്ടാം വായന: 2 കോറിന്തോസ് 12:7-10
സുവിശേഷം: വി. മാർക്കോസ് 6:1-6

ദിവ്യബലിക്ക് ആമുഖം

“നിനക്ക് എന്റെ കൃപ മതി എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത്”. ഈ തിരുവചനങ്ങളോട് കൂടിയാണ് ഈ ഞായറാഴ്ച തിരുസഭ നമ്മെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നത്. നമ്മുടെ ജീവിതത്തിലെ കുറവുകളെക്കുറിച്ച് നാം വേവലാതിപ്പെടുമ്പോൾ ആ കുറവുകളിലൂടെ നമ്മെ ശക്തിപ്പെടുത്തുന്ന യേശുവിനെ പൗലോസപ്പൊസ്തലൻ ഇന്നത്തെ രണ്ടാം വായനയിൽ വെളിപ്പെടുത്തുന്നു. കൊറോണാ മഹാമാരിയും ജീവിത ക്ലേശങ്ങളും നമ്മെ തളർത്തുമ്പോൾ ക്രിസ്തുവിന്റെ കൃപയിൽ അഭയം തേടി ശക്തിപ്രാപിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

ദൈവവചന പ്രഘോഷണകർമ്മം

യേശു സ്വദേശത്ത് അവഗണിക്കപ്പെടുന്ന സുവിശേഷഭാഗമാണ് നാമിന്ന് ശ്രവിച്ചത്. ഈ സുവിശേഷത്തിലൂടെ വി. മാർക്കോസ് “ദൈവവചനത്തിനോട് തുറവിയില്ലാത്ത നസറത്തുകാരുടെ മനോഭാവം വ്യക്തമാക്കുകയാണ്. നസറത്തുകാർ അവരുടെ അറിവിന്റെയും ബോധ്യത്തിന്റെയും പരിമിതികളിൽ നിന്നുകൊണ്ട്, യേശുവിനെയും യേശുവിന്റെ വാക്കുകളെയും പ്രവർത്തികളെയും മനസിലാക്കാൻ ശ്രമിക്കുന്നു. ദൈവപുത്രനായ യേശുവിനെ അവന്റെ ജന്മസ്ഥലത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും, ബന്ധുക്കളുടെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നു.

അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് തിരുസഭയെ വിലയിരുത്തുന്ന ആധുനിക ലോകത്തിന്റെ ആദിമ രൂപമാണ് നസറത്തുകാർ. യേശുവിന്റെ പഠനങ്ങളിലും പ്രവർത്തികളിലും ആശ്ചര്യപ്പെടുന്നുവെങ്കിലും അതിനെ അംഗീകരിക്കുവാനോ,  അതിൽ വിശ്വസിക്കുവാനോ നസറത്തുകാർ ശ്രമിക്കുന്നില്ല. മറിച്ച്, ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, യേശുവും അവരിൽ ഒരുവൻ മാത്രമാണെന്നുവരുത്തി തീർക്കുവാൻ ശ്രമിക്കുകയാണവർ. ആധുനിക ലോകം യേശുവിന്റെ സഭയെ കാണുന്നതും ഇപ്രകാരം തന്നെയാണ്. ഒരുവശത്ത്, സഭയുടെ മഹത്വത്തിലും, അടിസ്ഥാനത്തിലും, പഠനങ്ങളിലും, പ്രവർത്തനങ്ങളിലും അത്ഭുതപ്പെടുന്നുണ്ടെങ്കിലും “തിരുസഭയെ” വെറുമൊരു സംഘടന മാത്രമായി കാണുവാനാണ് ഈ ലോകം ആഗ്രഹിക്കുന്നത്.

നസറത്തുകാരുടെ ഇടർച്ചയിൽ യേശു പ്രതികരിക്കുന്നത് പഴയനിയമത്തിലെ പ്രവാചകൻമാരുടെ ജീവിതം ഉദാഹരണമാക്കിയാണ്. ഇന്നത്തെ ഒന്നാം വായനയിൽ എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ ഒരു പ്രവാചകന്റെ ദുഷ്കരമായ ദൗത്യം നാം ശ്രവിച്ചു.

ഒരു പ്രവാചകൻ ദൈവത്തിന്റെ സന്ദേശ വാഹകനാണ്. ഈ ലോകം ഇഷ്‌ടപ്പെടുന്ന, ഈ ലോകത്തോട് അനുരൂപപ്പെടുന്ന കാര്യങ്ങൾ പ്രഘോഷിക്കുകയല്ല അവന്റെ ദൗത്യം. മറിച്ച്, ഈ ലോകത്തിന് ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവത്തിന്റെ വചനം ധീരമായി പ്രഘോഷിക്കേണ്ടവരാണവർ. “ജനം കേട്ടാലും കേൾക്കാൻ വിസമ്മതിച്ചാലും” പ്രവാചകൻ തന്റെ ദൗത്യം പൂർത്തിയാക്കണം. ഇതേ പ്രവാചക ദൗത്യം പൂർത്തിയാക്കാൻ വിളിക്കപ്പെട്ടവളാണ് തിരുസഭയും. നമ്മെ ശ്രവിക്കുന്നവർ നമ്മെ തള്ളിപ്പറഞ്ഞാലും, അവമതിച്ചാലും നമ്മുടെ പ്രവാചക ദൗത്യം നാം തുടർന്നുകൊണ്ടേയിരിക്കണം.

കൂടുതൽ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാതെ അവരുടെ വിശ്വാസ രാഹിത്യത്തിൽ അത്ഭുതം കൊള്ളുന്ന യേശുവിനെ നാം കാണുന്നു. ഈ തിരുവചന ഭാഗം നമുക്ക് നൽകുന്ന സന്ദേശമിതാണ്‌.

എപ്പോഴൊക്കെയാണോ നാം നമ്മുടെ യുക്തിയും അറിവും മാത്രമാണ് ശരിയെന്ന് വാശിപിടിക്കുന്നത് അവിടെ ദൈവാത്മാവിന് ഒന്നും പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. മറിച്ച്, നാം ദൈവവചനത്തോട് തുറവിയുള്ളവരും, നമ്മുടെ അറിവിനപ്പുറം ദൈവാത്മാവിനെ സ്വീകരിക്കാൻ താല്പര്യമുള്ളവരുമാണെങ്കിൽ നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ സാധ്യമാകും.

തിരുസഭയോടൊപ്പം ചേർന്നു ഈ ലോകത്തിൽ പ്രവാചക ദൗത്യം സ്വീകരിക്കുവാനുള്ളവരാണ് നാം ഓരോരുത്തരും. മുൻവിധി ഇല്ലാതെ യേശുവിന്റെ വചനങ്ങളെ സ്വീകരിക്കുവാൻ നമുക്ക് പഠിക്കാം. അതുപോലെ തന്നെ നമുക്കോർമ്മിക്കാം വിശ്വാസമില്ലാതെ അത്ഭുതങ്ങളുമില്ല.

ആമേൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker