ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ
ഗലീലിയുടെ മറുകര ഗെരസേനരുടെ ദേശമാണ്. അവിടെവച്ചാണ് അവൻ പിശാചുബാധിതനെയും ജായ്റോസിന്റെ മകളെയും രക്തസ്രാവക്കാരിയെയും ദൈവരാജ്യത്തിന്റെ തനിമയിലേക്ക് ചേർത്തുനിർത്തുന്നത്. വേണമെങ്കിൽ അവരുടെ നൊമ്പരങ്ങളുടെ മുമ്പിൽ അവന് നിസ്സംഗനാകാമായിരുന്നു. അവനത് സാധിക്കില്ല. കാരണം നിസ്സംഗതയുടെ വിപരീതമാണവൻ. അതുകൊണ്ടുതന്നെ നൊമ്പരങ്ങളെ അവൻ അവഗണിക്കില്ല. അസാധാരണമാണ് അവന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും. വലിയൊരു ജനക്കൂട്ടം ചുറ്റിനും എപ്പോഴുമുണ്ട്. അവൻ കടന്നുപോകുന്നിടത്തെല്ലാം വിസ്മയം തഴച്ചുവളരുകയാണ്. ജനങ്ങൾ ആർപ്പുവിളിക്കുന്നു. പക്ഷേ സ്വദേശത്ത്, സ്വന്തം സിനഗോഗിൽ അവൻ ഇടർച്ചയാകുന്നു. വിജാതീയർ അവനെ പൊതിയുമ്പോൾ സ്വജാതീയർ അവനെ അവഗണിക്കുന്നു.
“ഇല്ല, ഇവൻ മിശിഹായാകാൻ ഒരു സാധ്യതയുമില്ല! ഇവൻ ആ മരപ്പണിക്കാരനല്ലേ? ഇങ്ങനെയുള്ള കുടുംബത്തിൽ നിന്നും ഒരു മിശിഹായും വരില്ല. മിശിഹാ വ്യത്യസ്തനും ഗംഭീരനും സർവ്വശക്തനുമായിരിക്കണം.” ഇതൊക്കെയാണ് നസ്രത്ത് ദേശക്കാരുടെ ചിന്തകൾ. ചുരുക്കിപ്പറഞ്ഞാൽ നമ്മോടൊപ്പം കളിച്ചുവളർന്ന ആരും മിശിഹായാകാൻ പാടില്ല. സാധാരണതയിൽ ദൈവീകത ദർശിക്കാൻ സാധിക്കാത്തവർക്ക് സാധാരണക്കാരിലെ വിശുദ്ധിയെയും കാണാൻ പറ്റില്ല. കൂടെയുള്ളവനെ പ്രവാചകനായി ആർക്കൊക്കെ അംഗീകരിക്കാൻ സാധിക്കും? ബുദ്ധിമുട്ടാണ്. അപ്പോൾ നമ്മൾ ചോദിക്കും; എന്നെക്കാൾ എന്ത് മേന്മയാണ് അവനുള്ളത്?
അവഗണനയുടെ മുൻപിൽ യേശു പിന്മാറുന്നില്ല. അവനറിയാം, പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലും അപരിചിതനാണെന്ന കാര്യം. ഒരു അത്ഭുതവും അവനവിടെ പ്രവർത്തിക്കുന്നില്ല. അതെ, സ്വദേശത്ത് ആരും പ്രവാചകനല്ല. അത് എല്ലാവർക്കും അറിയാം. എങ്കിലും സ്വന്തം നാട്ടുകാർ തന്നെ സ്വീകരിക്കുമെന്നാണ് അവൻ വിചാരിച്ചത്. പക്ഷേ അവർ അവിശ്വസിക്കുകയാണ് ചെയ്തത്. അവരിൽ വിസ്മയമുണ്ട്, പക്ഷേ വിശ്വാസമില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നതു പോലെയാണത്. കാതങ്ങൾക്ക് അകലെയുള്ളവരെ കുറിച്ചൊർത്ത് നമ്മൾ ആവേശഭരിതരാകും, പക്ഷേ തൊട്ടരികിൽ ഉള്ളവന് ഒരു കൈത്താങ്ങാകാൻ നമുക്ക് പറ്റില്ല. ഓർക്കുക, സ്വന്തം ഭവനത്തിലുമുണ്ടാകും നമ്മെ അവിശ്വസിക്കുന്നവർ.
യേശുവിൻ്റെ വാക്കുകൾ കേട്ടപ്പോഴാണ് അവർ അവനിൽ ഇടറിയത്. ഒരിക്കലും കേട്ടിട്ടില്ലാത്തതും പുതിയതും വിപ്ലവകരവും അപകടകരവുമായ കാര്യങ്ങളായിരിക്കണം അവൻ പഠിപ്പിച്ചിട്ടുണ്ടാവുക. അവരുടെ മതപരമായ മാനദണ്ഡങ്ങളും നിയമങ്ങളും അവൻ തകിടംമറിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. നിർജീവമായ ആചാരങ്ങളെ അവൻ അർത്ഥശൂന്യമായി കണക്കാക്കി. അവരുടെ ഭാവനയിലുള്ള ദൈവത്തെയാണ് അവൻ അപനിർമ്മിച്ചത്. വർഷങ്ങളോളം ശീലമാക്കിയ പലതും ഇപ്പോഴിതാ ശൂന്യമാകുന്നു. എങ്ങനെ അവനിൽ അവർ ഇടറാതെയിരിക്കും! ഇടർച്ച അഥവാ skandalizó (σκανδαλίζω). ആ പദത്തിൽ എല്ലാമുണ്ട്. അവനോടുള്ള രോഷവും തിരസ്കരണവും. നസ്രത്തിലെ യേശുവിനെ ഒന്നുകിൽ നമ്മൾക്ക് ഭ്രാന്തമായി സ്നേഹിക്കാം അല്ലെങ്കിൽ അവനെ മരണം വരെ വെറുക്കാം. ഒരിക്കലും അവനോട് നിസംഗത പുലർത്താൻ നമുക്ക് കഴിയില്ല.
തിരസ്കരിക്കപ്പെടുന്ന പ്രവാചകന്റെ ചിത്രം നമ്മൾ ശ്രവിക്കാതിരുന്ന അനേകം പ്രവാചകന്മാരുടെ ചിത്രങ്ങൾ തന്നെയാണ്. ദൈവം ഇപ്പോഴും അവരിലൂടെ സംസാരിക്കുന്നുണ്ട്, നമ്മൾ അവരെ ശ്രവിക്കാതെ മുന്നോട്ടുപോവുകയും ചെയ്യുന്നു. കാരണം, കേൾക്കാൻ ഇമ്പമുള്ള കാര്യങ്ങൾ പറയുന്ന പ്രവാചകരെയാണ് നമുക്കിഷ്ടം. നസ്രത്ത് നിവാസികളെ പോലെയാണ് നമ്മളും. മതാത്മകരാണ് നമ്മൾ, പക്ഷേ പ്രവാചകസ്വരത്തെ തിരിച്ചറിയാൻ സാധിക്കുന്നില്ല. നമുക്ക് നമ്മുടെ ഭാവനയ്ക്കൊത്ത പ്രവാചകരെ വേണം. സന്ദേശവാഹകനല്ല, സന്ദേശമാണ് പ്രധാനമെന്ന കാര്യം നമ്മൾ വിസ്മരിക്കുന്നു. സഭയുടെ നന്മയെ സ്വപ്നം കാണുന്ന ഒത്തിരി സാധാരണക്കാർ നമ്മുടെയിടയിലുണ്ട്. സാധാരണക്കാർ ആയതുകൊണ്ടു മാത്രം ശ്രവിക്കപ്പെടാത്ത പ്രവാചകരാണ് അവർ. അപരിചിതമായ അവരുടെ മുഖത്തെ അനന്തതയെ ദർശിക്കാൻ കഴിയാതെ പോയതാണ് നമ്മുടെ ഏറ്റവും വലിയ വീഴ്ച.
തങ്ങളുടെ ഇടയിലുള്ള ഒരു മരപ്പണിക്കാരനിൽ ദൈവ വചനം സന്നിവേശിതമായിരിക്കുന്നുവെന്ന് വിശ്വസിക്കാൻ നസ്രത്ത് നിവാസികൾക്ക് താല്പര്യമില്ല. ദൈവീകമായ ഒരു ചെറിയ ഇടപെടൽ മതി നമ്മുടെ കുടുംബത്തിൽ പോലും ചില ശീലങ്ങൾ തകിടംമറിയും. അങ്ങനെ സംഭവിക്കുമ്പോൾ ദൈവീക ചൈതന്യവുമായി കടന്നുവന്നവന്റെ മേൽ നമ്മളും വിരൽ ചൂണ്ടും; നീ മരപ്പണിക്കാരനല്ലേ? നീ വെറും സാധാരണക്കാരനല്ലേ? നീ എന്തിന് ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നു?അവനിലെ ദൈവീക കണത്തെ തിരസ്കരിക്കുകയാണ് നമ്മൾ. കാരണം, നമ്മുടെ ശീലങ്ങളെയാണ് നമ്മൾ വിശുദ്ധമായി കരുതിയിരിക്കുന്നത്. അതുകൊണ്ടാണ് ആവിലയിലെ അമ്മത്രേസ്യ പറയുന്നത്: “തങ്ങൾ വിശുദ്ധരാണെന്ന് കരുതുന്നവരിൽ നിന്നും ദൈവം നമ്മെ രക്ഷിക്കട്ടെ!”
മൂന്ന് കാര്യങ്ങളുണ്ട്. അവ നമ്മുടെ ചിന്തകളെക്കാളും ലേബലുകളെക്കാളും വലുതാണ്. ദൈവം, യാഥാർത്ഥ്യം, വ്യക്തികൾ ആണവ. അതുകൊണ്ട് മറക്കരുത്; നിരീശ്വരവാദികളല്ല യേശുവിനെ വധിച്ചത് മതവിശ്വാസികളാണ്. അനുഷ്ഠാനങ്ങൾക്ക് അതീതമായ ഒരു ദൈവത്തെ പ്രഖ്യാപിച്ചതുകൊണ്ടാണ് പാരമ്പര്യത്തിനോട് വിശ്വസ്തത പുലർത്തിയിരുന്നവർ അവനോട് ക്ഷമിക്കാതിരുന്നത്. അവൻ പ്രഘോഷിച്ച ദൈവം സ്ത്രീകളുടെ സുഹൃത്തും ജീവൻ്റെ ഉറവിടവും കരുണാമയനുമാണ്. പാരമ്പര്യങ്ങളിലും അനുഷ്ഠാനങ്ങളിലും ദൈവത്തെ ദർശിക്കുന്നവർക്ക് അങ്ങനെയുള്ള ചിന്തകളോടു കൂട്ടുകൂടാൻ സാധിക്കില്ല. നസ്രത്ത് അവനെ തള്ളിപ്പറഞ്ഞതും അതുകൊണ്ടുതന്നെയാണ്.
പക്ഷേ ഇതൊന്നും യേശുവിന് ഒരു തടസ്സമല്ല. “അവൻ പഠിപ്പിച്ചുകൊണ്ട് ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു”. ഒരു അവഗണനയുടെ മുൻപിലും അവൻ പിന്മാറുന്നില്ല, ഓടിപ്പോകുന്നുമില്ല. പ്രവചനത്തെ തടസ്സപ്പെടുത്താം പക്ഷേ ഇല്ലാതാക്കാൻ പറ്റില്ല. അവൻ്റെ ചൈതന്യത്തെ ആർക്കും തടയാൻ സാധിക്കില്ല. കാരണം അത് ദൈവത്തിൽ നിന്നും വരുന്നതാണ്. സ്നേഹം എപ്പോഴും വിസ്മയിപ്പിക്കും. അത് തളരില്ല. പകയും സൂക്ഷിക്കില്ല.
ഇത്തിരി സങ്കടത്തോടെയാണ് അവൻ സ്വദേശത്തു നിന്നും ഇറങ്ങിപ്പോകുന്നത്. അവഗണനയുടെ മുമ്പിൽ തളർന്നിരിക്കാൻ അവന് സമയമില്ല. പിതാവ് അവനെ ഏൽപ്പിച്ച ദൗത്യം നിറവേറ്റേണ്ടിയിരിക്കുന്നു. എല്ലാവരും എന്നെ അംഗീകരിക്കണമെന്നു ശാഠ്യം പിടിക്കുന്നതിൽ കാര്യമില്ല. മറ്റൊരു പാത സ്വീകരിക്കുക. മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തു പറയുന്നു എന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ട. അങ്ങനെയുള്ള ചിന്തകളിൽ യേശു ഒരിക്കലും സമവായം തേടിയില്ല. അവൻ സ്വതന്ത്രനായിരുന്നു. മനുഷ്യൻ തിരിച്ചറിയുന്നില്ലെങ്കിൽ ദൈവവും നിഷ്ക്രിയനാകും എന്നതാണ് സത്യം. വിശ്വാസമില്ലാത്ത ഇടത്ത് എങ്ങനെ അത്ഭുതമുണ്ടാകാനാണ്! ഒരു ചെറുകാറ്റിൽ അണയുന്ന മെഴുകുതിരി പോലെയാണ് വിശ്വാസം. അത് അവന് നല്ല പോലെ അറിയാം. അതുകൊണ്ടാണ് അത്ഭുതങ്ങളുടെ പാതയിൽ കൂടെയുണ്ടായിരുന്നവർ കാൽവരിയിലെ വഴിത്താരയിൽ കൂടെയില്ലാതെ പോയതും.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.