Meditation

13th Sunday_Ordinary time_Year A_സ്നേഹത്തിന്റെ യുക്തിവിചാരം (മത്താ 10:37-42)

നമുക്കെല്ലാവർക്കും ജീവിക്കാൻ ഒരു കാരണമുണ്ട്, ആ കാരണം തന്നെയാണ് നമ്മുടെ ജീവിതം...

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ

“എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (v.37). അങ്ങനെയാണെങ്കിൽ, കർത്താവേ, ആര് നിനക്ക് യോഗ്യനാകും? ഇവരെല്ലാവരുമല്ലേ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർ? ഇവരല്ലേ ഞങ്ങളുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർ? കർത്താവേ, അങ്ങയുടെ നിബന്ധന ഒത്തിരി വലുതാണ്. എന്താണ് അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്? ചോദ്യങ്ങൾ നീണ്ടു പോകുകയാണ്… ഈയൊരു നിർബന്ധത്തിലൂടെ യേശു നമ്മുടെ ഉള്ളിലേക്ക് വൈകാരികമായ ഒരു മത്സരബുദ്ധി കുത്തിനിറയ്ക്കുകയാണോ? അല്ല. അവന് വ്യക്തമായി അറിയാം; അങ്ങനെയൊരു മത്സരം നടന്നാൽ ആരും വിജയിക്കുകയില്ല എന്ന കാര്യം. ഒഴിവാക്കലിന്റെയോ അവഗണനയുടെയോ പ്രത്യശാസ്ത്രം യേശു പ്രഘോഷിക്കുന്നില്ല. അവന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്നത് സ്നേഹം വിഭാവനം ചെയ്യുന്ന ‘ഒന്നായി തീരുക’ എന്ന സുന്ദരമായ യാഥാർത്ഥ്യമാണ്. ഈ വാക്കുകൾ വ്യക്തമായി മനസ്സിലാകണമെങ്കിൽ വിവാഹത്തെക്കുറിച്ച് അവൻ പറഞ്ഞിരിക്കുന്നതുമായി നമ്മൾ താരതമ്യം ചെയ്യണം. അവിടെയും പിതാവിനെയും മാതാവിനെയും ഉപേക്ഷിക്കണമെന്ന് യേശു പറയുന്നുണ്ടെങ്കിലും അവിടുത്തെ കേന്ദ്ര പോയിന്റ് ഉപേക്ഷ എന്ന സങ്കൽപ്പമല്ല, മറിച്ച് ഇരുവരും ഒരു ശരീരമായി തീരുന്ന സ്നേഹമാണ് (മത്താ 19:5).

നമ്മുടെ സ്നേഹത്തിന്റെ അതിരുകളെ വികസിപ്പിക്കാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം. നമ്മുടെ ലോകവും നമ്മുടെ സ്നേഹവും കുടുംബമെന്ന വൃത്തത്തിൽ മാത്രം ഒതുങ്ങരുത്. ഞാനും എന്റെ ആൾക്കാരും അതിൽ മാത്രമാണ് എന്റെ നന്മയും സ്നേഹവും എന്ന മനോഭാവത്തിൽ നിന്നും വിശാലമായ ചക്രവാളത്തിലേക്ക് നമ്മിലെ പ്രകാശം എത്താൻ പറ്റുന്ന തരത്തിൽ നമ്മുടെ ഹൃദയത്തിന്റെ ജനാലകളും വാതിലുകളും തുറന്നിടുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മൾ ഒരിക്കലും യേശുവിന് യോഗ്യരാകുകയില്ല.

ശരിയാണ്. വീടും വീട്ടുകാരും സ്നേഹത്തിന്റെ ഒരു ഞാറ്റുകണ്ടമാണ്. നമ്മിലെ സ്നേഹത്തിന്റെ വിത്തുകൾ തളിർത്ത ഇടമാണത്. പക്ഷേ പല പ്രാവശ്യവും അതിന്റെ വളർച്ച നമ്മുടെ ഭവനങ്ങളുടെ മേൽക്കൂര വരെയേയുള്ളൂ എന്നതാണ് സത്യം. ആ സ്നേഹമരത്തിനെ വളർന്നു പന്തലിക്കാൻ നമ്മൾ അനുവദിക്കുന്നില്ല എന്ന ഒരേയൊരു കുറവു മാത്രമാണ് നമ്മെ യേശുവിന് യോഗ്യരല്ലാതാക്കി മാറ്റുന്നത്. എന്റെ അച്ഛൻ, എന്റെ അമ്മ, എന്റെ മക്കൾ എന്ന രക്തബന്ധത്തിന്റെ വൃത്തത്തിനുള്ളിൽ മറ്റുള്ളവരെ കൂടി സ്വീകരിക്കുമ്പോൾ നമ്മുടെ സ്നേഹത്തിന്റെ ചക്രവാളം വികസിക്കും. നമ്മൾ നട്ട സ്നേഹത്തിന്റെ കടുകുമണി വളർന്ന് വലിയൊരു മരമാകുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറുകയും ചെയ്യും.

“എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും” (v.39). എന്താണ് ഈ ആഹ്വാനത്തിലൂടെ യേശു ഉദ്ദേശിക്കുന്നത്? ജീവൻ നഷ്ടപ്പെടുത്തുക എന്നാൽ മരിക്കാനായി അങ്ങ് സ്വയം വിട്ടുകൊടുക്കുക എന്നതല്ല. ഒരു ജീവൻ നഷ്ടപ്പെടേണ്ടത് ഒരു നിധി നഷ്ടപ്പെടുന്നതു പോലെയായിരിക്കണം. ആരും നിധിയെ അലക്ഷ്യമായി കൈകാര്യം ചെയ്യുകയില്ല. അതിനെ കൈമോശം വരുത്തുകയുമില്ല. അത് നമ്മിൽ നിന്നും നഷ്ടപ്പെടുന്നത് നമ്മൾ ആർക്കെങ്കിലും സമ്മാനിക്കുമ്പോൾ മാത്രമാണ്. സ്നേഹമുള്ളിടത്ത് മാത്രമേ നിധിയുടെ ഈ നഷ്ടപ്പെടൽ സംഭവിക്കു. അങ്ങനെയുള്ളിടത്ത് നിധി സ്വീകരിക്കുന്നവനേക്കാൾ അവർണ്ണനീയമായിരിക്കും അതു നൽകുന്നവന്റെ ചാരിതാർത്ഥ്യം. ഈയൊരു നൽകലിന്റെ ലോജിക്കാണ് യേശു പഠിപ്പിക്കുന്നത്. ഒത്തിരി കാര്യങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്. പലതും നമ്മുടെ സ്വത്വത്തിന്റെ ഭാഗമായിട്ടുമുണ്ട്. പക്ഷേ ഒരു കാര്യം ഓർക്കണം. നമ്മൾ മറ്റുള്ളവർക്ക് സമ്മാനിച്ചവകൾ മാത്രമാണ് ശരിക്കും നമ്മൾ സ്വന്തമാക്കിയിട്ടുണ്ടായിരുന്നത്. അത് ജീവനായിക്കൊള്ളട്ടെ, സ്നേഹമായിക്കൊള്ളട്ടെ, മറ്റ് പല സാധനങ്ങളായിക്കൊള്ളട്ടെ. സമ്മാനിക്കാത്ത കാലത്തോളം നമ്മിൽ ഈ മേൽ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് സത്യം.

നമുക്കെല്ലാവർക്കും ജീവിക്കാൻ ഒരു കാരണമുണ്ട്. ആ കാരണത്തിന് നമ്മുടെ ജീവിതത്തോളം തന്നെ വിലയുമുണ്ട്. ഒരു കണക്കിൽ പറഞ്ഞാൽ ആ കാരണം തന്നെയാണ് നമ്മുടെ ജീവിതം. യേശുവിന്റെ ജീവിതത്തിനുമുണ്ടായിരുന്നു ഒരു കാരണം. അത് ഓരോ കുഞ്ഞു ജീവകോശങ്ങളുടെയും രക്ഷയായിരുന്നു. ആ ഒരു കാരണത്തിനു വേണ്ടിയാണ് ജീവൻ പോലും അവൻ നഷ്ടപ്പെടുത്തിയത്. ഇതാണ് നൽകലിന്റെ ഏറ്റവും വലിയ മാതൃക. ഇതേ നൽകലിന്റെ മറ്റൊരു തലം അവൻ നമ്മളോടും ചോദിക്കുന്നുണ്ട്. അത് ഒരു പാത്രം വെള്ളത്തിന്റെ കാര്യമാണ്. “ഈ ചെറിയവരില്‍ ഒരുവന്‌, ശിഷ്യൻ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു” (v.42). നോക്കുക, ഈ സുവിശേഷ ഭാഗത്തിലെ ആലങ്കാരിക ബിംബങ്ങളെ. എല്ലാം ഉൾക്കൊള്ളുന്ന സ്നേഹത്തിന്റെ പ്രതീകമായ വീട്, സ്വയം ശൂന്യമാക്കുന്ന സ്നേഹത്തിന്റെ പ്രതീകമായ കുരിശ്, അവകളുടെ കൂടെ ഒരു പാത്രം വെള്ളവും. കുരിശും ഒരു പാത്രം വെള്ളവും ഒരേതലത്തിൽ നിൽക്കുന്നു. കുരിശു വഹിക്കലും ഒരു പാത്രം വെള്ളം നൽകലും ഒരേ പ്രവർത്തിയുടെ രണ്ട് അറ്റങ്ങളാണ്. ജീവൻ നഷ്ടപ്പെടുത്തുവാൻ പോലും തുനിയുന്ന അതേ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും നമ്മൾ നൽകുന്ന ഒരു പാത്രം വെള്ളത്തിലും ചാലിച്ചു ചേർക്കുവാൻ സാധിക്കും. ഓരോ ചെറിയ നന്മകളിലൂടെ നമ്മൾ നൽകുന്നത് ജീവനോളം വിലയുള്ള സ്നേഹം തന്നെയാണ്. സ്നേഹത്തെ പ്രതി ആരും കുരിശുമായി കാൽവരി കയറണമെന്നില്ല. അതിനായി നമ്മളാൽ കഴിയുന്ന കുഞ്ഞു കാര്യങ്ങൾ ചെയ്താലും മതി. അത് ചിലപ്പോൾ ഒരു പാത്രം വെള്ളമാകാം, ഒരുതരി മണി അരിയാക്കാം, അല്ലെങ്കിൽ ഒരു ചെറുപുഞ്ചിരിയാകാം. അപ്പോഴെല്ലാം നമ്മൾ നഷ്ടപ്പെടുത്തുകയാണ്. അല്ല, സമ്മാനിക്കുകയാണ്. കുരിശിൽ കയറിയവൻ തന്റെ ജീവൻ നമുക്ക് സമ്മാനിച്ചതുപ്പോലെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker