Categories: Sunday Homilies

13th Sunday Ordinary time Year A ചെറിയ നന്മകൾക്ക് പോലും പ്രതിഫലം ലഭിക്കും

നമ്മുടെ സമകാലീന സാഹചര്യത്തിൽ ഈ തിരുവചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്...

ആണ്ടുവട്ടം പതിമൂന്നാം ഞായർ
ഒന്നാം വായന : 2 രാജാ 4: 8-11.14-16
രണ്ടാം വായന : റോമാ 6:3-4.8-11
സുവിശേഷം : വി. മത്തായി 10:37-42

ദിവ്യബലിക്ക് ആമുഖം

യേശുവിനെ അനുഗമിക്കേണ്ടത് എപ്രകാരമാണ്? യേശുവിന്റെ നാമത്തിൽ വരുന്നവരെ സ്വീകരിച്ചാൽ നമുക്ക് എന്ത് ലഭിക്കും? എന്നീ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷം. ഈ രണ്ട് ചോദ്യോത്തരങ്ങളേയും സാധൂകരിക്കുന്ന തിരുവചനങ്ങളും, അത്ഭുത പ്രവൃത്തിയുമാണ് രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലും, റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള രണ്ടാം വായനയിലും നാം ശ്രവിക്കുന്നത്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

വചന വിചിന്തനം

ആരാധകരല്ല അനുയായികൾ

ഇന്നത്തെ സുവിശേഷ ഭാഗത്തെ (മത്തായി 10: 37-42) രണ്ടായി തിരിക്കാം. ആദ്യത്തെ ഭാഗത്തിൽ യേശുവിനെ പിന്തുടരുന്നതിലെ പ്രത്യേകതകളേയും നിബന്ധനകളേയും കുറിച്ച് യേശു പറയുന്നു. “എന്നെക്കാൾ അധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല. എന്നെക്കാൾ അധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്ക് യോഗ്യനല്ല. സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല. സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അത് നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവർ അതു കണ്ടെത്തും”. ആദ്യമേ തന്നെ പറയാം ഇത് സ്വന്തം മാതാപിതാക്കളെയും മക്കളെയും വെറുക്കാനും അവരോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള സുവിശേഷം അല്ല. ഈ സുവിശേഷ വാക്യങ്ങളുടെ യഥാർത്ഥ അർത്ഥം അറിയാൻ നാം മനസ്സിലാക്കേണ്ടത് യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്ന ആൾക്കാരെ കുറിച്ചാണ്. യേശുവിന്റെ കൂടെ അപ്പോസ്തലന്മാർ മാത്രമല്ല മറ്റ് അനുയായികളും ഉണ്ടായിരുന്നു. ചിലർ യേശുവിന്റെ കൂടെ കുറച്ച് സമയം മാത്രം ചെലവഴിക്കാനായി വന്നവർ, ചിലർ അത്ഭുതത്തിനും രോഗ ശാന്തിക്കും വേണ്ടി വന്നവർ, മറ്റുചിലരാകട്ടെ തൽക്കാലത്തേക്ക് മാത്രം യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കാനായി മാത്രം വന്നവർ. അങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങളോടും ശൈലികളോടും കൂടി യേശുവിനെ അനുധാവനം ചെയ്തവരുണ്ട്. ഈ അവസ്ഥയിലാണ് യഥാർത്ഥത്തിൽ യേശുവിനെ അനുഗമിക്കുന്നത് എങ്ങനെയാണെന്ന് യേശു പഠിപ്പിക്കുന്നത്. സ്വന്തം കുരിശും എടുത്ത് യേശുവിന്റെ പുറകെ പോവുക എന്നാൽ അത് വെറും താരാരാധനയോ വീരാരാധനയോ ഫാൻസ് അസോസിയേഷനോ അല്ല മറിച്ച് സ്വന്തം ജീവിതത്തിൽ സമൂലമായ മാറ്റം വരുത്തിക്കൊണ്ട്, യേശുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി കൊണ്ട് യേശുവിന്റെ പാത പിന്തുടരുക എന്നതാണ്. ആരാധകരെ അല്ല അനുയായികളെ ആണ് യേശുവിന് ആവശ്യം.

നമ്മുടെ സമകാലീന സാഹചര്യത്തിൽ ഈ തിരുവചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇന്ന് ഒരുപക്ഷേ നവമാധ്യമങ്ങളിൽ കൂടിയും വചനപ്രഘോഷണ പരമ്പരകളിലൂടെയും ധ്യാന കേന്ദ്രങ്ങൾ വഴിയും യേശുവിനെക്കുറിച്ച് കേൾക്കാത്തവരായി ആരും കാണുകയില്ല. എന്നാൽ ആരാണ് യേശുവിന്റെ സ്വന്തം കുരിശും എടുത്ത് അനുഗമിക്കുക എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയിട്ട് തന്നെയാണ് തന്നെ അനുഗമിക്കുന്നതിൽ അടങ്ങിയിരിക്കുന്ന നിബന്ധനകളെ കുറിച്ചും അതിലെ പ്രത്യേകതകളെക്കുറിച്ചും യേശു പഠിപ്പിക്കുന്നത്.

“സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അത് നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും”. സുവിശേഷത്തിലെ ഈ തിരുവചനത്തിന് ഇന്നത്തെ രണ്ടാം വായനയിലെ വി. പൗലോസ് അപ്പോസ്തലന്റെ വാക്കുകളുമായി ദൈവശാസ്ത്രപരമായ ബന്ധമുണ്ട്. യേശുവിനെ അനുഗമിക്കുന്നതിന്റെ ആരംഭവും പരസ്യമായ അടയാളവുമാണ് ജ്ഞാനസ്നാനം. “ജ്ഞാനസ്നാനത്തിലൂടെ നാം യേശുവിനോടൊപ്പം സംസ്കരിക്കപ്പെട്ടു” എന്ന് പറയുന്ന അപ്പോസ്തലൻ “നാം ക്രിസ്തുവിനോട് കൂടെ മരിച്ചു എങ്കിൽ അവനോടു കൂടി ജീവിക്കും എന്ന് നാം വിശ്വസിക്കുന്നു” എന്ന് പ്രഖ്യാപിക്കുന്നു. ലളിതമായ ശൈലിയിൽ പറഞ്ഞാൽ: ജ്ഞാനസ്നാനത്തിലൂടെ നാം ക്രിസ്തുവിന്റെ പീഡാനുഭവത്തിലും മരണത്തിലും പങ്കുകാരാവുകയാണ്. ജ്ഞാനസ്നാനത്തിലൂടെ നാം ആരംഭിക്കുന്ന ക്രിസ്തീയജീവിതം വെല്ലുവിളികളും സഹനങ്ങളും ഞെരുക്കങ്ങളും ഉള്ളതാണ്. സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ഒരു സാക്ഷ്യത്തിലേക്ക് നമ്മുടെ വിശ്വാസം നമ്മെ നയിക്കും. നാം ഭയപ്പെടേണ്ടതില്ല, ഓരോ ക്രിസ്ത്യാനിയും യേശുവിൽ ജീവിതം നഷ്ടപ്പെടുത്തുകയല്ല മറിച്ച് അത് നേടിയെടുക്കുകയാണ്.

ചെറിയ നന്മകൾക്ക് പോലും പ്രതിഫലം ലഭിക്കും

“പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും, നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരിൽ ഒരുവന്, ശിഷ്യന് എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു (വി.മത്തായി 10:41-42) ഇന്നത്തെ സുവിശേഷത്തിലെ രണ്ടാം ഭാഗത്ത് നാം ശ്രവിച്ച വാക്കുകളാണിവ. യേശുവിന്റെ ശിഷ്യന്മാരെ യേശുവിനെ പോലെ സ്വീകരിക്കുന്നവർക്കെല്ലാം യേശു പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് നന്മ ചെയ്യാൻ യേശു പറയുന്നില്ല. എന്നാൽ ഏതൊരു ചെറിയ നന്മ പ്രവർത്തിക്കും ദൈവത്തിൽനിന്ന് പ്രതിഫലമുണ്ടെന്ന് യേശു പറയുന്നു. ഇന്നത്തെ സുവിശേഷ ഭാഗത്തിന് ഒരു ഉദാഹരണമെന്ന നിലയിൽ ഇന്നത്തെ ഒന്നാം വായനയിലെ ഏലീശാ പ്രവാചകന്റെ ജീവിതത്തിലെ സംഭവം തിരുസഭ നമുക്ക് വിചിന്തനത്തിനായി നൽകിയിരിക്കുന്നു. ഷൂനേമിലെ ധനിക, പ്രവാചകൻ അതു വഴി കടന്നു പോകുമ്പോഴെല്ലാം പ്രവാചകന് ഭക്ഷണം നൽകി, പിന്നീട് പ്രവാചകൻ “ദൈവ പുരുഷൻ” ആണെന്ന് മനസ്സിലാക്കിയ അവൾ തന്റെ ഭർത്താവിന്റെ അനുവാദത്തോടു കൂടെ മട്ടുപ്പാവിൽ പ്രവാചകന് വിശ്രമിക്കാനായി മുറി തയ്യാറാക്കുന്നു. പ്രവാചകനിൽ നിന്ന് എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് വിചാരിച്ചിട്ടല്ല അവൾ അപ്രകാരം ചെയ്തത് എന്നാൽ പ്രവാചകനെ സ്വീകരിക്കാനും താമസസ്ഥലം ഒരുക്കാനും അവൾ കാണിച്ച മനസ്സിനെയും, താല്പര്യത്തെയും മുൻനിർത്തി അവൾ ആവശ്യപ്പെടാതെ തന്നെ അവൾക്ക് ഏറ്റവും ആവശ്യമായ ഉള്ളിന്റെയുള്ളിലെ അവളുടെ ദുഃഖത്തെ ശമിപ്പിക്കുന്ന രീതിയിൽ, ‘മക്കളില്ലാത്ത അവൾക്ക് ഒരു പുത്രൻ ജനിക്കും’ എന്ന് പ്രവാചകൻ വാഗ്ദാനം ചെയ്യുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിച്ചവൾക്ക് ദൈവം പ്രവാചകന്റെ പ്രതിഫലം നൽകി അനുഗ്രഹിച്ചു.

ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നത് ഒരു വലിയ പാഠമാണ്, പ്രത്യേകിച്ച് സഭയിലെ “ദൈവ പുരുഷ”ന്മാരെയും യേശുവിന്റെ ശിഷ്യന്മാരെയും മന:പൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ യേശുവിന്റെ “പ്രതിഫല വാഗ്ദാനത്തെ”ക്കുറിച്ചുള്ള വാക്കുകൾ നമുക്ക് ഓർക്കാം.

ആമേൻ

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

1 day ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

6 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago