Diocese

10 വയസുകാരിയെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി നെയ്യാറ്റിന്‍കര രൂപതാഗം എസ്.വി.ജോസ്

10 വയസുകാരിയെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി നെയ്യാറ്റിന്‍കര രൂപതാഗം എസ്.വി.ജോസ്

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ട്രെയിനില്‍ കയറുന്നതിനിടെ റെയില്‍വെ പ്ലാറ്റ്ഫോമിലേക്ക് വീണുപോയ 10 വയസുകാരിയെ പൊക്കിയെടുത്ത മാറനല്ലൂര്‍ വെളിയംകോട് സ്നേഹഭവനില്‍ ആര്‍.പി.എഫ്. ജവാനായ എസ്.വി.ജോസിന് അഭിനന്ദന പ്രവാഹം. നെയ്യാറ്റിന്‍കര രൂപതയിലെ വെളിയംകോട് വിശുദ്ധ കുരിശ് ഇടവകാഗമാണ് എസ്.വി.ജോസ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45 നായിരുന്നു ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലെ 4- ാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് പുറപ്പെട്ട് തഞ്ചാവൂര്‍ വരെ പോകുന്ന ഉഴവന്‍ എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് 10 വയസുകാരി ട്രയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ അകപ്പെട്ടത്. തീര്‍ത്ഥാന യാത്രക്കായെത്തിയ ബീഹാര്‍ സ്വദേശിനി ആന്‍മോള്‍ ശര്‍മ്മയാണ് അപകടത്തില്‍പെട്ടത്. പിതാവ് അശ്വനികുമാര്‍ കുട്ടിക്കൊപ്പം വലിയ ബാഗുകളുമായി പുറകേ ഉണ്ടായിരുന്നു. യാത്ര പുറപ്പെട്ട ട്രയിനില്‍ കൈയ്യില്‍ കാരിബാഗുമായി പെണ്‍കുട്ടി ഓടി കയറിയെങ്കിലും വാതിലിലെ കമ്പിയില്‍ ഒരുകൈക്ക് മാത്രം പിടികിട്ടിയ കുട്ടി പ്ളാറ്റ് ഫോമിനും ട്രയിനിനും ഇടയില്‍ തൂങ്ങിപോവുകയായിരുന്നു. കാലുകള്‍ പൂര്‍ണ്ണമായും തൂങ്ങിക്കിടന്ന് 10 മീറ്ററോളം ഓടിയ ട്രയിനില്‍നിന്ന് ജോസ് കുട്ടിയെ തൂക്കിയെടുക്കുകയായിരുന്നു.

അപകട സിഗ്നല്‍ മുഴക്കിയതിനെ തുടര്‍ന്ന് ട്രെയില്‍ ഉടനെ നിര്‍ത്തിയിട്ടു. 10 മിനിറ്റിന് ശേഷം കുട്ടിയും പിതാവും സുരക്ഷിതരായി ട്രെയിനില്‍ കയറിയ ശേഷമാണ് യാത്ര തുടര്‍ന്നത്.

രാജ്യത്തെ വിവിധ റെയില്‍വെസ്റ്റേഷനുകളില്‍ ജോലിചെയ്തിട്ടുളള ജോസ് നാലരവര്‍ഷമായി ചെന്നൈ എഗ്മോറിലാണ് ജോലി നോക്കുന്നത്. ആര്‍.പി.എഫ്. ജവാന്‍ ജോസിന്‍റെ ഇടപെടലാണ് തന്‍റെ മകള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് തഞ്ചാവൂരിലെത്തിയ കുട്ടിയുടെ പിതാവ് അശ്വനികുമാര്‍ റെയില്‍വെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. തുടര്‍ന്ന്, ഇന്നലെ സതേണ്‍ റെയില്‍ വെ ഡി.ജി.പി. ഡോ.ശൈലേന്ദ്ര ബാബു ജോസിന് പാരിതോഷികവും നല്‍കി.

മാറനല്ലൂര്‍ വെളിയംകോട് സ്വദേശിനി ഷൈജ കെ.ജി.യാണ് ജോസിന്‍റെ ഭാര്യ, മകള്‍ അനാമിക 3 ാം ക്ലാസ് വിദ്യാര്‍ഥനിയാണ്. ജോസ് കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അഭിനന്ദന പ്രവാഹങ്ങളുടെ നടുവിലാണ് ജോസ്.

ജവാന്‍റെ സമയോചിതമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. വെളിയംകോട് ഇടവക വികാരി ഫാ.ബനഡിക്ട്, മുന്‍ വികാരി ഫാ.ജോസഫ് പാറാംങ്കുഴി തുടങ്ങിയവര്‍ ജോസിനെ അഭിനന്ദിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker