ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്
ഭാരത കത്തോലിക്കാ സഭയിൽ ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി കർദ്ദിനാളാൾ സ്ഥാനത്ത് അവരോധിക്കപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ഡോ.ആന്റണി പൂള...

ജോസ് മാർട്ടിൻ
ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി പൂളയെ ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ഭാരതത്തിലെ കത്തോലിക്കാ മെത്രാൻമാരുടെ സമ്മേളത്തിൽ വെച്ച് തെരഞ്ഞെടുത്തു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ സ്ഥാനത്താണ് ലത്തീൻ റീത്തിൽ നിന്നുള്ള കർദ്ദിനാൾ ഡോ.ആന്റണി പൂള തിരഞ്ഞെടുക്കപ്പെട്ടത്.
ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതാംഗങ്ങളായ ആരോഗ്യമ്മ-ആന്റണി ദമ്പതികളുടെ മകനായി 1961 നവംബർ 15-ന് ജനിച്ച അദ്ദേഹം പോലുരു, പ്രകാശം, കുറനൂൽ പരിഷത്ത്, സെന്റ് മേരിസ് എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസവും കൃഷ്ണദേവരായ കോളേജിൽനിന്ന് ബി. കോം ബിരുദവും കരസ്ഥമാക്കി. അതിനുശേഷമാണ് സെന്റ് പോൾ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചത്. തുടർന്ന്, റോമിലെ ഉർബാനിയാന സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിലും, തിയോളജിയിലും ബാച്ചിലർ ബിരുദങ്ങൾ കരസ്ഥമാക്കി.
1992 ഫെബ്രുവരി 20-ന് വൈദീകപട്ടം സ്വീകരിച്ച അദ്ദേഹത്തെ 2008-ൽ കുർനൂൽ രൂപതാധ്യക്ഷനായും 2020 നവംബർ 19 -ന് ഹൈദരാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പായും 2022 ഓഗസ്റ്റ് 27-ന് കർദ്ദിനാളായും പരിശുദ്ധ പിതാവിനാൽ നിയമിതനായി. ഭാരത കത്തോലിക്കാ സഭയിൽ ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി കർദ്ദിനാളാൾ സ്ഥാനത്ത് അവരോധിക്കപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ഡോ.ആന്റണി പൂള.



