ഹഗിയ സോഫിയാ ബസലിക്കയായി തുടരണം; മിലാനിലെ ഇമാമും ഇറ്റലിയിലെ മുസ്‌ലീം വിഭാഗത്തിന്റെ പ്രസിഡന്റുമായ യാഹ്യാ പല്ലവിച്ചീനി
ഇത് തികച്ചും രാഷ്രീയപരമായ കണക്കുകൂട്ടലുകളും ഫലം...
സ്വന്തം ലേഖകൻ
മിലാൻ: ഹഗിയ സോഫിയാ ബസലിക്കയായി തുടരണമെന്നും, ആരാധനയ്ക്കുള്ള ഇടങ്ങൾ അങ്ങനെതന്നെ നിലനിറുത്തണമെന്നും മിലാനിലെ ഇമാമും ഇറ്റലിയിലെ മുസ്‌ലീം വിഭാഗത്തിന്റെ പ്രസിഡന്റുമായ യാഹ്യാ പല്ലവിച്ചീനി. ഹഗിയ സോഫിയയെ ഒരു മുസ്ളീം പള്ളിയാക്കാനുള്ള തുർക്കി പ്രസിഡന്റ് എർദോഗന്റെ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം.
“ഇസ്‌ലാമിന്റെ ചരിത്രത്തിൽ, എപ്പോഴൊക്കെയാണോ ഒരു ഇസ്ലാം മതനേതാവ്/മത പണ്ഡിതൻ സിനഗോഗോ, മഠമോ, സെമിത്തേരിയോ സന്ദർശിച്ചത്, അപ്പോഴൊക്കെ ആ സ്ഥലങ്ങളുടെ സ്വത്വത്തെ ബഹുമാനിച്ചിരുന്നുവെന്ന് ഇമാം യാഹ്യാ പല്ലവിച്ചീനി പറഞ്ഞു. അതുകൊണ്ടുതന്നെ ഹഗിയ സോഫിയാ ബസലിക്കയായി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഇസ്തംബൂളിൽ ധാരാളം മോസ്കുകൾ ഉണ്ടെന്നതും, അതിനായി പുതുതായൊരെണ്ണത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത് തികച്ചും രാഷ്രീയപരമായ കണക്കുകൂട്ടലുകളും ഫലം മാത്രമാണെന്നും ചൂണ്ടിക്കാട്ടി. ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ച ദുഃഖം തനിക്ക് ഉൾക്കൊള്ളാനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.