Editorial

സ്വർഗ്ഗത്തിലെ ഐടി പ്രതിഭ ഇനി കാത്തലിക്ക് വോക്‌സിന്റെയും സ്വർഗ്ഗീയ മധ്യസ്ഥൻ

"Connecting to the INFINITE..." കാത്തോലിക് വോക്‌സിന്റെ ആപ്‍തവാക്യം...

എഡിറ്റോറിയൽ, ഫാ.സന്തോഷ് രാജൻ

ജീൻസും, സ്പോർട്സ് ഷൂവും, ജാക്കറ്റും വേഷം. സ്ഥിരമായി കമ്പ്യൂട്ടറും പ്രത്യേകിച്ച് ഇന്റെർനെറ്റും ഉപയോഗിക്കും, വീഡിയോ ഗെയിം (പ്ലേസ്റ്റേഷൻ-പി എസ് 2) കളിക്കും, കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്യും, ആക്ഷൻ സിനിമകൾ കാണും, ഫുട്ബോൾ കളിക്കും, പട്ടികളെയും പൂച്ചകളെയും ഇഷ്ടപ്പെടും… ഒരു സാധാരണ കൗമാരക്കാരനെ കുറിച്ചുള്ള വിവരണമല്ലിത് മറിച്ച്, 1991-ൽ ജനിച്ച് 2006-ൽ തന്റെ പതിനഞ്ചാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞ, പരിശുദ്ധ കത്തോലിക്കാ സഭ ഒക്ടോബർ പത്താം തീയതി (ഇന്ന്) അസീസിയിൽ വച്ച് “വാഴ്ത്തപ്പെട്ടവനായി” പ്രഖ്യാപിച്ച കാർലോ അക്യുറ്റിസിന്റെ ജീവിതമാണിത്.

കൗമാരക്കാരായ കുട്ടികളെ ഭക്താനുഷ്ഠാനങ്ങളിൽ പങ്കെടുക്കുവാനും, പ്രാർത്ഥിക്കുവാനും, ദിവ്യബലിയിൽ പങ്കെടുക്കുവാനും മാതാപിതാക്കൾ നിർബന്ധിക്കുന്ന ഒരു കാലഘട്ടത്തിൽ 15 വർഷം മാത്രമുള്ള തന്റെ ചെറിയ ജീവിതത്തിലൂടെ നാമമാത്ര വിശ്വാസികളായ മാതാപിതാക്കളെയും, ബന്ധുക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്താനും, എന്തിനേറെ തന്റെ വീട്ടിലെ ബ്രാഹ്മണനായ ജോലിക്കാരനെ കത്തോലിക്കാ വിശ്വാസിയാക്കി മാറ്റാൻ തക്കവിധത്തിൽ തനിക്ക് ചുറ്റുമുള്ളവരെ ആത്മീയമായി സ്വാധീനിക്കുകയാണ് “കൊച്ചു കാർലോ” ചെയ്തത്.

ഏഴാം വയസ്സിൽ ദിവ്യകാരുണ്യം സ്വീകരിച്ച, പന്ത്രണ്ടാം വയസ്സിൽ സ്ഥൈര്യലേപനം സ്വീകരിച്ച, എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുത്ത, ദിനംപ്രതി ജപമാല ചൊല്ലിയിരുന്ന, തന്റെ മാതാപിതാക്കളോടൊപ്പം തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്ന, ബുദ്ധിമുട്ടുള്ള സുഹൃത്തുക്കളെ സഹായിച്ചിരുന്ന, മാതൃകാപരമായ ആത്മീയ ജീവിതം നയിച്ചിരുന്ന ഈ ബാലനെ വ്യത്യസ്തനാക്കുന്നത് ഇതൊന്നുമല്ല! ഏറ്റവും പ്രായംചെന്നവർ വച്ചുപുലർത്തുന്ന ദീർഘവീക്ഷണത്തോടുകൂടി ഈ നൂറ്റാണ്ടിൽ ഇനി “ഇന്റെർനെറ്റിന്റെ” യുഗമാണ് വരാൻ പോകുന്നത് എന്ന് മുൻകൂട്ടിയറിഞ്ഞ്, കംപ്യൂട്ടറിലും ഇന്റെർനെറ്റിലും പ്രോഗ്രാമിംഗിലുമുള്ള തന്റെ വൈദഗ്ധ്യത്തെ യേശുവിന്റെ നാമം ഈ ലോകം മുഴുവൻ അറിയിക്കാനായി ഉപയോഗിച്ചു എന്നുള്ളതാണ്. ഈ ലോകത്തിൽ സംഭവിച്ചിട്ടുള്ള “ദിവ്യകാരുണ്യ അത്ഭുതങ്ങൾ” ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടെ സമാഹരിച്ച് ഒരു “വിർച്ച്വൽ ദിവ്യകാരുണ്യ പ്രദർശനം” ഇന്റർനെറ്റിൽ യാഥാർത്ഥ്യമാക്കി. കൂടാതെ, “പരിശുദ്ധ അമ്മയുടെ ദർശനങ്ങൾ” എന്ന വിർച്ച്വൽ പ്രദർശനത്തിന് ജോലി ആരംഭിച്ചുവെങ്കിലും, പിൽക്കാലത്ത് അനുയായികളും സുഹൃത്തുക്കളും അത് പൂർത്തിയാക്കുകയായിരുന്നു.

ഇന്ന് ഇരുന്നൂറിലധികം വെബ്സൈറ്റുകൾ വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെക്കുറിച്ച് തന്നെയുണ്ട്. കമ്പ്യൂട്ടറും ഇന്റെർനെറ്റും ആഡംബരമല്ല മറിച്ച് അത്യാവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തിന്റെ, പ്രത്യേകിച്ച് ഇവ കൂടുതലായി ഉപയോഗിക്കുന്ന യുവതലമുറയുടെ ആരാധനാപാത്രമാവുകയാണ് വാഴ്ത്തപ്പെട്ട കാർലോ. നാമകരണ പ്രക്രിയയുടെ ഭാഗമായി കമ്പ്യൂട്ടർ വിദഗ്ധർ കാർലോ അക്യുറ്റിസ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും, സന്ദർശിച്ച വെബ്സൈറ്റുകളും പരിശോധിച്ചപ്പോൾ, ആ കൗമാരക്കാരാൻ തന്റെ കമ്പ്യൂട്ടറും ഇന്റെർനെറ്റും ഒരിക്കലും തെറ്റായ എന്തെങ്കിലും കാര്യത്തിനു വേണ്ടിയോ, തിന്മയ്ക്കായോ ഉപയോഗിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് ഇവിടെ എടുത്തു പറയേണ്ടതാണ്.

2018 ലെ യുവജന സിനഡാനന്തരം പുറത്തിറങ്ങിയ “ക്രിസ്തുസ് വിവിത്ത്” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിലൂടെ ‘യുവജനങ്ങൾ കാർലോ അക്യൂറ്റിസിനെ മാതൃകയാക്കി, നവസാമൂഹ്യമാധ്യമങ്ങളിലൂടെ യേശുവിനെ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ജീവിതം ഫലപ്രദമാക്കി മാറ്റണ’മെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് കേരള കത്തോലിക്കാ ഓൺലൈൻ മാധ്യമ ശുശ്രൂഷാ രംഗത്ത് സജീവ സാന്നിധ്യമായ, നെയ്യാറ്റിൻകര രൂപതയിലെ കാത്തലിക് വോക്സ് ഓൺലൈൻ പോർട്ടലും, കാത്തലിക് വോക്സ് യൂട്യൂബ് ചാനലും തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. “Our AIM has to be the INFINITE and not the FINITE…” എന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ വാക്കുളിലെ പ്രേരണയിൽ നിന്ന് രൂപംകൊണ്ട “Connecting to the INFINITE…” ആയിരിക്കും കാത്തോലിക് വോക്‌സിന്റെ ആപ്‍തവാക്യം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker