സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കും സെക്രട്ടറിയേറ്റ് വള്ളങ്ങൾ കൊണ്ട് നിറയ്ക്കും; തിരുവനന്തപുരം അതിരൂപതാ വൈദിക സമിതി
വിഴിഞ്ഞം തുറമുഖ പ്രദേശത്തെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ഉൾപ്പെടെയുള്ള കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ...
ജോസ് മാർട്ടിൻ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തമാക്കുമെന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാനും, സെക്രട്ടറിയേറ്റ് വള്ളങ്ങൾ കൊണ്ട് നിറയ്ക്കാനും ഇന്ന് നടന്ന തിരുവനന്തപുരം അതിരൂപതാ വൈദിക സമിതി യോഗം തീരുമാനിച്ചതായി തിരുവനന്തപുരം അതിരൂപതാ മീഡിയാ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ദീപക് ആന്റോ അറിയിച്ചു.
തിരുവനന്തപുരം അതിരൂപതയിലെ എല്ലാ തീരദേശ ഇടവകകളിൽ നിന്നും നൂറോളം വള്ളങ്ങളുമായി എത്തുന്ന തീരദേശവാസികൾ മ്യൂസിയം ജംഗ്ഷനിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ ജാഥ നടത്തും. വിഴിഞ്ഞം തുറമുഖ പ്രദേശത്തെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ഉൾപ്പെടെയുള്ള കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സമര സമിതി അറിയിച്ചു.
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമാണപ്രവർത്തനങ്ങളിലെ അപാകതകൾ നിമിത്തം ഒരോ മഴക്കാലത്തും കടൽ കരയെടുക്കുന്നതിന്റെ അളവ് കൂടിവരുന്നുവെന്നും, തുറമുഖനിർമാണം പൂർത്തിയാകുന്നതിനനുസരിച്ച് ശംഖുമുഖം ബീച്ചും വിമാനത്താവളവും കടലിനടിയിലാവുമെന്നും സമര സമിതി പറയുന്നു. വിമാനത്താവളത്തിലേക്കുള്ള റോഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കടലെടുത്ത് തകർന്നതിന്റെ കാരണം തുറമുഖ നിർമാണമെന്നാണെന്ന യാഥാർഥ്യം സർക്കാരോ അദാനിയോ കണ്ടെന്ന് നടിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. തങ്ങളുടെ മണ്ണ് തുടച്ചു മാറ്റപ്പെടുമെന്നും, തീരദേശം അന്യവരുമെന്നും, ഇത് തങ്ങളുടെ അതിജീവന സമരമാണെന്നും പ്രദേശവാസികൾ പറയുന്നു.