സ്നേഹാമൃതം – മൊബൈൽ മാമോഗ്രാം യൂണിറ്റ് “Health On Wheel” ഉദ്ഘാടനം ചെയ്തു
"ക്യാൻസർ രോഗികൾക്കായി ഒരു സാന്ത്വന സ്പർശം" എന്ന ആപ്തവാക്യവുമായാണ് കിഡ്സ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.
സ്വന്തം ലേഖകൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (കിഡ്സ് – കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി) ആഭിമുഖ്യത്തിൽ മാർച്ച് 7 ശനിയാഴ്ച രാവിലെ 9.30-ന് “സ്നേഹാമൃതം – മൊബൈൽ മാമോഗ്രാം യൂണിറ്റ്” എം.പി.ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. “ക്യാൻസർ രോഗികൾക്കായി ഒരു സാന്ത്വന സ്പർശം” എന്ന ആപ്തവാക്യവുമായാണ് കിഡ്സ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.
കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി അധ്യക്ഷനായിരുന്ന യോഗത്തിൽ കിഡ്സ് ഡയറക്ടർ ഫാ.തോമസ് കളത്തിൽ, ശ്രീ.ടൈസൺ മാസ്റ്റർ, ശ്രീമതി തങ്കമണി സുബ്രഹ്മണ്യൻ, ശ്രീ.വി.എം.ജോണി, പ്രിൻസി മാർട്ടിൻ, ഫാ.ക്ളീറ്റസ് കോച്ചിക്കാട്ട് (അസി.ഡയറക്ടർ കിഡ്സ്), ഫാ.ജോസ് ഒളാട്ടുപ്പുറത്ത് (അസി.ഡയറക്ടർ കിഡ്സ്) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സമീപകാലങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ബാധ്യതയ്ക്കും, മരണത്തിനും, കുടുംബ ശിഥിലീകരണത്തിനും ഒരു കാരണമായി ക്യാൻസർ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ആരംഭത്തിൽ കണ്ടെത്തിയാൽ അതിജീവന സാധ്യതകളേറെയാണ് എന്നതും യാഥാർഥ്യം. നമ്മുടെ ഇടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ബ്രെസ്റ്റ് കാൻസർ ആണെന്നതിനാൽ, കൃത്യമായ പരിശോധനകളിലൂടെയും അവബോധനത്തിലൂടെയും അതിനെ നേരിടാൻ സാധിക്കും. ഈ യാഥാർഥ്യം മനസ്സിലാക്കി, ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും കടന്നുചെന്ന്, ഏവർക്കും പരിശോധന ലഭ്യമാക്കുന്ന കിഡ്സിന്റെ സ്നേഹാമൃതം പദ്ധതിയുടെ ഭാഗമായാണ് “Health On Wheel” പ്രവർത്തനം ആരംഭിച്ചത്.
കോൺഫറൻസ് എപ്പിസ്കോപ്പ ഇറ്റാലിയാനയുടെ (CEI) സഹായത്തോടെയും, കാരിത്താസ് ഇന്ത്യയുടെ ആശാകിരണം പദ്ധതിയുടെ സഹകരണത്തോടെയുമാണ് സ്നേഹാമൃതം – മൊബൈൽ മാമോഗ്രാം യൂണിറ്റ് “Health On Wheel” പദ്ധതി യാഥാർഥ്യമായത്.
ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി സ്നേഹാമൃതം – മൊബൈൽ മാമോഗ്രാം യൂണിറ്റ് “Health On Wheel” വാഹനം ആശീര്വദിച്ച്, പ്രവർത്തനനത്തിനായി കൈമാറി.