Meditation

സ്നേഹസാഗരമീ ഹൃദയം ഈശോയുടെ തിരുഹൃദയം

പരസ്പരം സ്നേഹിക്കുന്നവരെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ശ്രദ്ധേയമായ ചിഹ്നമാണ് ഹൃദയം...

പ്രേംജി മുണ്ടിയാങ്കൽ

ഈശോയുടെ തിരുഹൃദയം മനുഷ്യരോടുള്ള സ്നേഹതീവ്രതയുടെ പ്രതിഫലനമാണ്. തിരുഹൃദയതിരുനാൾ ആചരിക്കുകവഴി വിശ്വാസി സമൂഹം ആഘോഷിക്കുന്നത് സ്നേഹത്തിന്റെ പങ്കു വയ്ക്കലാണ്. ദൈവത്തിന്റെ അനന്ത കരുണയും സ്നേഹവും കരുതലും അനുഭവിക്കാത്തവരായി ആരും തന്നെയില്ല എന്ന് പറയാം.

ചെറുതോ വലുതോ ആയ ഏതാവശ്യവും ചോദിച്ചുകൊണ്ട് ഈശോയുടെ മുൻപിലെത്തുന്നവരെയും ചേർത്തുനിർത്തി അനുഗ്രഹിക്കുന്ന അനുഭവമാണ് എല്ലാവർക്കുംതന്നെ പങ്കുവെക്കാനുണ്ടാവുക.
മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കാൽവരിയിലെ കുരിശുമരണം. ഇത് ഉറപ്പുവരുത്താൻവേണ്ടി പടയാളികൾ ഈശോയുടെ മാറിടം കുത്തിതുറക്കുകയാണ്. അവിടെനിന്നും അവസാനതുള്ളി രക്തവും ജലവും പുറത്തുവരുന്നു.
എന്നാല്‍, “പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവും വെള്ളവും പുറപ്പെട്ടു” (യോഹ 19 : 34). ഇതുമായി ബന്ധപ്പെട്ട് വിശുദ്ധ ബർണാർദ് പറയുന്നത് വളരെ ശ്രദ്ധേയമാണ്. “ക്രിസ്തുവിന്റെ പാർശ്വത്തിലെ പിളർപ്പ് അവിടുത്തെ നന്മയേയും ഹൃദയത്തിലെ സ്നേഹത്തേയും വെളിപ്പെടുത്തി”.

തിന്മയുടെ മേൽ നന്മ

“പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌” (1 യോഹ‍ 3:8). തിന്മ നിറഞ്ഞ ലോകത്തിൽ ചരിക്കുന്ന നമുക്കുണ്ടാകുന്ന പൈശാചിക ബന്ധനങ്ങളിൽനിന്നും ദുഷ്ടാരൂപികളുടെ പ്രവർത്തനങ്ങളിൽനിന്നും നമ്മെ മോചിപ്പിക്കുന്നതിനും രക്ഷിക്കുന്നതിനും വേണ്ടിയാണ് യേശു രക്തം ചിന്തിയത്.

ആത്മാവും ജലവുമായി വന്നവൻ രക്തം ചിന്തുന്നത് പിതാവായ ദൈവത്തിന്റെ ഹൃദയാഭിലാഷം പൂർത്തിയാക്കാനും, ലോകത്തിന് സാക്ഷ്യമേകാനുമാണ്. “മൂന്നു സാക്‌ഷികളാണുള്ളത്‌-ആത്‌മാവ്‌, ജലം, രക്‌തം- ഇവ മൂന്നും ഒരേ സാക്‌ഷ്യം നല്‍കുന്നു” (1 യോഹ‍ 5:7-8).

ജലം ശുദ്ധീകരണത്തിന്

യഹൂദപാരമ്പര്യത്തിൽ കാലുകഴുകൽ ഒരു പ്രധാന ചടങ്ങ് തന്നെയാണ്. ആഥിത്യ മര്യാദയുടെയും വൃത്തിയുടെയും പ്രതീകമാണിത്. പാപിനി കണ്ണീരുകൊണ്ട് ഈശോയുടെ കാൽ കഴുകുന്നു. പെസഹ തിരുനാൾ ആഘോഷിക്കാനായി ഒത്തുകൂടുമ്പോൾ ഈശോ ശിഷ്യരുടെ കാലുകൾ കഴുകുന്നു.

യേശുവിനായി വേർതിരിക്കപ്പെട്ടവർ വൃത്തിയും വെടിപ്പും ഉള്ളവരും വിശുദ്ധി ഉള്ളവരും ആയിരിക്കണം എന്നതുകൊണ്ടാണ് തന്റെ ശരീരവും രക്തവും പങ്കുവെക്കുന്ന വിശുദ്ധ കുർബാന സ്ഥാപിക്കുമ്പോൾ ഈശോ ജലം ഉപയോഗിച്ച് ശുദ്ധികർമ്മം നടത്തുന്നത് എന്നും വായിക്കാവുന്നതാണ്.

ജന്മ പാപവും കർമ്മ പാപവും നീക്കി യേശുവിന്റെ മൗതിക ശരീരത്തിൽ അംഗമാകുന്നതും ജലത്താലും ആത്മാവിനാലും ശുദ്ധീകരിക്കപ്പെട്ട് മാമ്മോദീസ വഴിയാണ്. ഈശോയുടെ മാറിൽ നിന്നും അവസാന തുള്ളി ജലമൊഴുക്കിക്കൊണ്ട് പോലും അവിടുന്ന് നമ്മെ ശുദ്ധരാക്കുന്നു.

ജീവനാകുന്ന സ്നേഹം

മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. ചെടികൾ വളരണങ്കിലും മനുഷ്യന് ദാഹമകറ്റണമെങ്കിലും വെള്ളം കൂടിയേ തീരൂ. ജലം ജീവന്റെ പ്രതീകം കൂടിയാകുന്നു. യേശുവിനോടൊപ്പം ആയിരിക്കുന്നവർക്ക് അവിടുന്നു നൽകുന്ന ജീവന്റെ അനുഭവമാണ് ഇതിലൂടെ നമുക്ക് വ്യക്തമാവുക.

സ്നേഹത്തിന്റെ പ്രതീകമാണ് ഹൃദയം. പരസ്പരം സ്നേഹിക്കുന്നവരെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ശ്രദ്ധേയമായ ചിഹ്നമാണ് ഹൃദയം. സ്നേഹത്തിന്റെ ഇരിപ്പിടമായിട്ടാണ് ഹൃദയത്തെ നാം അവതരിപ്പിക്കുക. സ്നേഹം ഇല്ലാത്തവരെക്കുറിച്ച് ‘ഹൃദയമില്ലാത്തവൻ’ എന്നാണ് പറയുക. ഈശോയുടെ ഹൃദയം കവിഞ്ഞൊഴുകുന്ന കരുണയുടെ ഉറവിടമാണ്. ഇതാണ് ഈശോ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നതും.

“ക്രിസ്‌തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ലൗകിക സമ്പത്ത്‌ ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?” (1 യോഹ 3:16-17).

പങ്കുചേരണം, പങ്കുവെക്കണം

സ്നേഹിക്കുന്നവരെ ഹൃദയത്തോടു ചേർത്തുനിർത്തുന്നു എന്നാണ് മനുഷ്യ സ്വഭാവം. ഇതേ രീതിയിൽ ഈശോ എല്ലാവരെയും ഹൃദയത്തോട് ചേർത്തു നിർത്തുന്നു. “ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു” (യോഹ 13 : 1).

അമ്മയുടെ മാറോടു ചേർന്ന് ഇരിക്കുമ്പോൾ കുഞ്ഞിന് അനുഭവപ്പെടുന്ന ചൂടും സുരക്ഷിതത്വം അതേപടി അനുഭവിക്കാൻ ഈശോയുടെ ഹൃദയത്തോട് ചേർന്നിരിക്കുമ്പോൾ നമുക്ക് സാധിക്കുന്നു. യേശുവിൽ “വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്‌, വിശുദ്ധലിഖിതം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും” (യോഹ 7 : 38).

ഈശോയുടെ തിരുഹൃദയം തന്നിൽനിന്ന് അകന്നുപോകുന്നവരെയും പാപത്തിലേക്ക് വീണുപോകുന്നവരെയും ഓർത്ത് അനുദിനം വിങ്ങിപ്പൊട്ടുന്നു. മനുഷ്യരുടെ പാപത്തിന്റെ അവസ്ഥയോർത്ത് അതിതീവ്രമായി ഈശോ വേദനിക്കുകയും കരയുകയും ചെയ്തു. ജീവിതത്തിൽ വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെയെല്ലാം സ്നേഹത്തിൽ ചേർത്തു നിറുത്താൻ ഈശോയുടെ തിരുഹൃദയം വെമ്പൽകൊള്ളുന്നുണ്ട്.

ഈശോയുടെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുമ്പോൾ ചെറിയ പാപം പോലും ചെയ്തുകൊണ്ട് ഈശോയെ വേദനിപ്പിക്കാതിരിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. “പാപങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ്‌ അവന്‍ പ്രത്യക്‌ഷനായത്‌ എന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല. അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല” (1 യോഹ 3 : 5-6).

അത്രയേറെ വലിയ സ്നേഹമാണ് ആണ് ഈശോ നമ്മോട് കാണിച്ചുകൊണ്ടിരിക്കുന്നത് .”കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌ ” (1 യോഹ 3 : 1). ഈ സ്നേഹത്തിൽ നിന്നും അകറ്റുന്ന രീതിയിൽ എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് കണ്ടെത്തുകയും അവയെല്ലാം ഉപേക്ഷിച്ച് ഈശോയുടെ സ്നേഹത്തിൽ ആഴപ്പെടുകയും ചെയ്യാം.

ഐ.വാൾട്ടർ പറയുന്ന വാക്കുകൾ നമുക്ക് ധ്യാന വിഷയമാക്കാം: “ദൈവത്തിന് രണ്ട് വാസസ്ഥലങ്ങളുണ്ട്, ഒന്ന് സ്വർഗ്ഗം മറ്റൊന്ന് പ്രശാന്തതയും നന്ദിയുമുള്ള ഹൃദയം”. യേശുവിന് വസിക്കാൻ തക്ക രീതിയിൽ വൃത്തിയും വെടിപ്പുമുള്ള വാസസ്ഥലമാണോ എന്റെ ഹൃദയം എന്ന് പരിശോധിക്കാം. അതിനുള്ള ഒരാഹ്വാനവും കാൽവെപ്പുമായി നമുക്ക് തിരുഹൃദയ തിരുനാൾ അർത്ഥവത്താക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker