Meditation

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഓടുന്നത് മഗ്ദലേനയും പത്രോസും യേശു സ്നേഹിച്ചിരുന്ന ശിഷ്യനുമാണ്...

ഉത്ഥാന ദിനം

ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും കൂടി കല്ലറയിലേക്ക് ഓടുന്നു. എല്ലാവരും തിടുക്കത്തിലും തിരക്കിലുമാണ്. എന്തിനാണ് ഈ തിരക്ക്? കാരണം സ്നേഹത്തിന് മന്ദത അറിയില്ല. ഉത്ഥാനം ഉണർവാണ്. ആത്മീയ മയക്കത്തിൽ നിന്നും നമ്മൾ സ്വയം പുറത്തുവരാനും, ഉത്സാഹത്തോടെ നീങ്ങാനുമുള്ള ഒരു ക്ഷണം.

മരിച്ച ഒരാളുടെ ജീവനിലേക്കുള്ള തിരിച്ചുവരവാണോ ഉത്ഥാനം? അതു മാത്രമല്ല. സുവിശേഷങ്ങളിൽ ഉത്ഥാനം ആഴമേറിയ ഒരു യാഥാർത്ഥ്യമാണ്. അത് മരിച്ചവരെക്കുറിച്ച് മാത്രമുള്ള സംഗതിയല്ല, ജീവിച്ചിരിക്കുന്നവരെ കുറിച്ചുമുള്ളതാണ്. മരണത്തെ പോലും മറികടക്കാൻ കഴിവുള്ള നമ്മുടെ ജീവിതത്തിന്റെ സമ്പൂർണ്ണതയാണത്. ഉത്ഥാനം ഒരു ഭാവി പ്രതിഫലമല്ല, ഒരു ജീവിതരീതിയാണ്. അതുകൊണ്ടാണ് പൗലോസപ്പൊസ്തലൻ പറയുന്നത്: “ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാ 2: 20). ജീവിച്ചിരിക്കുന്നവരോടാണ് ഉത്ഥാനം സംസാരിക്കുന്നത്. കാരണം, ദൈനംദിന ജീവിതത്തിൽ വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കേണ്ടത് ഞാനാണ്, നമ്മളാണ്.

എല്ലാം തുടങ്ങുന്നത് ഒരു ഓട്ടത്തിൽ നിന്നാണ്: കല്ലറ മുതൽ സെഹിയോൻ വരെയുള്ള ഓട്ടത്തിൽ നിന്ന്. ഓടുന്നത് മറിയമാണ്. അവൾക്ക് അറിയില്ല തന്റെ വാക്കുകൾ ചരിത്രത്തെ മാറ്റിമറിക്കുമെന്ന്. സെഹിയോനിൽ നിന്നും കല്ലറയിലേക്ക് ഇന്നും പലരും ഓടുന്നുണ്ട്. പരാജയത്തിന്റെയും ഭയത്തിന്റെയും പശ്ചാത്താപത്തിന്റെയും ഭാരം വഹിച്ചുകൊണ്ട് പത്രോസിനെ പോലെ ഉത്ഥാനത്തിൻ്റെ വെളിച്ചത്തിലേക്ക് തിരക്ക് കൂട്ടുകയാണ്.

“ജ്ഞാനികൾ നടക്കുന്നു, നീതിമാൻ ഓടുന്നു, പക്ഷെ സ്നേഹമുള്ളവർ മാത്രം പറക്കുന്നു.”

ഓടുന്നത് മഗ്ദലേനയും പത്രോസും യേശു സ്നേഹിച്ചിരുന്ന ശിഷ്യനുമാണ്. ഓടുകയല്ല, പറക്കുകയാണവർ. ഇടർച്ചയുടെ കയങ്ങൾ താണ്ടിയവനാണ് പത്രോസ്. യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ ഗുരുവിന്റെ ഹൃദയസ്പന്ദനം അറിഞ്ഞവനുമാണ്. ഹൃദയത്തുടിപ്പറിഞ്ഞവൻ ഇടറിയവനോടൊപ്പം ഓടുന്നു. അവൻ ആദ്യം കല്ലറയിൽ എത്തുന്നു, പക്ഷേ പത്രോസിനെ അകത്തേക്ക് കടത്തിവിടുന്നു.

സഭ എങ്ങനെയായിരിക്കണമെന്ന് കാണിക്കുന്ന മനോഹരമായ ഒരു ചിത്രമാണിത്: സഭ കാത്തിരിക്കുന്നവരാണ്, ഒറ്റയ്ക്ക് എത്താൻ തിടുക്കം കാണിക്കാത്തവർ. എല്ലാവർക്കും അവരുടേതായ സമയമുണ്ട്. ഉത്ഥിതനായവനിലുള്ള വിശ്വാസം ഒറ്റയ്ക്ക് അനുഭവിക്കുന്ന ഒന്നല്ല, ഒരുമിച്ച് അനുഭവിക്കുന്ന ഒന്നാണ്. ആദ്യം എത്തുന്നവരും എന്നാൽ പിന്നിലായവർക്കായി ക്ഷമയോടെ കാത്തിരിക്കുന്നവരുമായ ഒരു ഓട്ടമത്സരം പോലെയാണത്.

ഹൃദയത്തെയാണ് യേശു സ്നേഹിച്ചിരുന്നവൻ പ്രതിനിധീകരിക്കുന്നത്. കല്ലറയിൽ അവൻ ആദ്യം എത്തുന്നു, പക്ഷേ അധികാരത്തെ പ്രതിനിധീകരിക്കുന്ന പത്രോസിനായി മാറികൊടുക്കുന്നു. അവർ അകത്തു കയറുന്നു, തുവലയും കച്ചകളും കാണുന്നു, വിശ്വസിക്കുന്നു. അവരുടെ യുക്തി ഹൃദയത്തിന്റെ യുക്തിയാണ്. അടയാളങ്ങൾ വ്യക്തമല്ലാത്തപ്പോൾ അവയെ എങ്ങനെ വായിക്കണമെന്ന് ആ യുക്തിക്കറിയാം.

വിശ്വസിക്കാൻ ഒരു സെൻസേഷണൽ അത്ഭുതം കാണേണ്ടതില്ല. കൺമുന്നിലുള്ളത് എങ്ങനെ നോക്കണമെന്ന് അറിഞ്ഞാൽ മതി. പക്ഷേ അതിന് ഉണർന്നിരിക്കുന്ന, തുറന്ന ഒരു ഹൃദയം വേണം.

വിശ്വാസം യുക്തിസഹമായ യുക്തിയിൽ നിന്ന് ഉണ്ടാകുന്നതല്ല, യാഥാർത്ഥ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ നിന്നും ഉടലെടുക്കുന്നതാണ്. വിശ്വസിക്കുക എന്നതിനർത്ഥം “എല്ലാം മനസ്സിലാക്കുക” എന്നുമല്ല, മറിച്ച് എല്ലാത്തിലും – നമ്മെ വേദനിപ്പിക്കുന്നതിലും, നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നതിൽ പോലും – ഒരു അർത്ഥമുണ്ടെന്ന തിരിച്ചറിവാണ്.

സഹനങ്ങൾക്ക് യേശു ഒരിക്കലും ഒരു സൈദ്ധാന്തികമായ വിശദീകരണം നൽകിയിട്ടില്ല. അവൻ കുരിശിനെക്കുറിച്ച് ഒരു പ്രസംഗം പോലും നടത്തിയിട്ടുമില്ല. അവൻ അതിനെ അംഗീകരിച്ചു, അതിനെ അതിജീവിച്ചു. ആ അതിജീവനമാണ് ഉത്ഥാനം. നൊമ്പരങ്ങളോട് ഒരു വിശദീകരണത്തിലൂടെയല്ല ദൈവം പ്രതികരിച്ചത്, ഒരു വസ്തുതയിലൂടെയാണ്. ആ വസ്തുതയാണ് ഉത്ഥാനം.

ശൂന്യമായ കല്ലറയാണ് ഉത്ഥാനത്തിന്റെ ആദ്യ അടയാളം. ഒരു ശരീരം മരണത്തിന്റെ കണക്കുപുസ്തകത്തിൽ നിന്നും കാണാതായിരിക്കുന്നു. ഒരു അഭാവം പ്രത്യാശയ്ക്കായി നിലവിളിക്കുന്നു. സ്നേഹത്തിനെ ആർക്കും കല്ലറയിൽ തളച്ചിടാൻ സാധിക്കില്ല. അതിനാൽ ക്രിസ്തു ഉയിർത്തെഴുന്നേറ്റു. സ്നേഹം മാത്രമായിരുന്ന ഒരു ജീവിതം ശൂന്യതയിൽ അവസാനിക്കുന്നില്ല. ഉത്ഥാനം സ്നേഹത്തിന്റെ വിജയമാണ്. ഉത്തമഗീതം പറയുന്നതുപോലെ: “സ്നേഹം മരണം പോലെ ശക്തമാണ്.” കൂടുതൽ ശക്തം!

യേശുവിന്റെ സ്നേഹം അനുഭവിച്ചവരാണ് ആ പ്രഭാതത്തിൽ കല്ലറയിൽ പോയത്. അത് യാദൃശ്ചികമല്ല. അവരാണ് സ്നേഹം മരണത്തെ കീഴടക്കിയതെന്ന് ആദ്യം തിരിച്ചറിഞ്ഞത്. സ്നേഹത്തിന് മാത്രമേ ഉത്ഥാനത്തെ തിരിച്ചറിയാൻ സാധിക്കു.

ഇനിയെന്താണ് മുന്നിലുള്ളത്? സ്നേഹം വിശ്വാസമായി വളരണം. അതിന് നമ്മുടെ മുന്നിൽ അമ്പത് ദിവസങ്ങളുണ്ട്. നോമ്പുകാലം നാല്പത് ദിവസമായിരുന്നു, ഈസ്റ്റർ സമയം അമ്പത് ദിവസമാണ്. സഹനത്തെക്കാൾ സന്തോഷത്തിൽ വിശ്വസിക്കാൻ കൂടുതൽ സമയമെടുക്കും. ക്രൂശിതനോട് അടുത്തുനിൽക്കാൻ എളുപ്പമാണ്; സഹനം എന്താണെന്ന് നമുക്കറിയാം. പക്ഷെ ഉത്ഥിതനോട് അടുത്തിരിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം, സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്. സഹനം വന്നു ഭവിക്കുന്നതാണ്. പലർക്കും നൊമ്പരം ഒരു ശീലമായതിനാൽ യേശു ഉയിർത്തെഴുന്നേറ്റു എന്നു പോലും മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ ഉത്ഥിതനെ അവരുടെ ജീവിതത്തിൽ അവർക്ക് ദർശിക്കാൻ സാധിക്കുന്നില്ല.

കർത്താവ് ഉയിർത്തെഴുന്നേറ്റു! ഇതാണ് എല്ലാറ്റിന്റെയും കാതൽ! നമ്മൾ ജീവനുള്ള ദൈവത്തിന്റെ ശിഷ്യന്മാരാണ്. ഈ സന്തോഷം നമ്മുടെ മുഖങ്ങളിലും, നമ്മുടെ കുർബാനകളിലും, നമ്മുടെ യോഗങ്ങളിലും കാണാൻ കഴിഞ്ഞാൽ എത്ര മനോഹരമായിരിക്കും. ക്രിസ്തു എല്ലാവർക്കും വേണ്ടി ഉയിർത്തെഴുന്നേറ്റു.

മരണമല്ല അവസാനവാക്ക്, പ്രത്യേകിച്ച് ജീവിതത്തെ സ്നേഹമായി മാറ്റുന്നവർക്ക്. അങ്ങനെയുള്ളവരെ ഒരു കല്ലറയിലും അടച്ചിടുവാൻ സാധിക്കുകയില്ല. ഇതാണ് ഉത്ഥാനത്തിന്റെ സന്തോഷവാർത്ത; മരിക്കാൻ അർഹതയില്ലാത്ത കാര്യങ്ങൾ അനുഭവിക്കാൻ വേണ്ടിയാണ് നമ്മൾ ഇവിടെ വന്നിരിക്കുന്നത്. സ്നേഹത്തോടെ ചെയ്യുന്നതെല്ലാം… നിലനിൽക്കും. എപ്പോഴും.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker