Sunday Homilies

2nd Sunday_Ordinary Time_Year B_സ്നാപകൻ കാട്ടിക്കൊടുത്ത ക്രിസ്തുവിനെ ഇന്ന് കാട്ടിക്കൊടുക്കേണ്ടത് നമ്മളാണ്

കാണുകയും, കേൾക്കുകയും, കൂടെവസിച്ച് മനസിലാക്കുകയും ചെയ്ത യേശുവിനെക്കുറിച്ച് മറ്റുള്ളവരോടും പങ്കുവയ്ക്കുക...

ആണ്ടുവട്ടം രണ്ടാം ഞായർ
ഒന്നാം വായന: 1 സാമുവൽ 3:3-10.19
രണ്ടാം വായന: 1 കൊറിന്തോസ് 6:13c-15.17-20
സുവിശേഷം: യോഹന്നാൻ 1:35-42

ദിവ്യബലിയ്ക്ക് ആമുഖം

“വന്നു കാണുക” എന്ന ക്ഷണത്തോടെ തന്റ ആദ്യശിഷ്യൻമാരെ സ്വാഗതം ചെയ്യുന്ന യേശുവിനെ സുവിശേഷത്തിൽ നാം കാണുന്നു. സാമുവലിനെ വിളിക്കുന്ന ദൈവത്തേയും, ആ വിളിയ്ക്ക് പ്രത്യുത്തരം നൽകുന്ന ബാലനായ സാമുവലിനെയും ഒന്നാംവായന നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദൈവീകസ്വരത്തിന് മറുപടി നൽകുവാനും, യേശുവിന്റെ ശിഷ്യരായി സാക്ഷ്യം നൽകുവാനും തിരുസഭ ആണ്ടുവട്ടത്തിലെ രണ്ടാം ഞായറാഴ്ചയായ ഇന്ന് നമ്മെ ഓരോരുത്തരേയും ക്ഷണിക്കുകയാണ്. ക്രിസ്തുശിഷ്യരായ നമുക്ക് ഗുരുവും നാഥനുമായ യേശുവിനെ ശ്രവിക്കുവാനും സ്വീകരിക്കുവാനുമായി ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

യേശു, തന്റെ ആദ്യ ശിഷ്യന്മാരെ സ്വീകരിക്കുന്ന സുവിശേഷ ഭാഗമാണ് നാമിന്ന് ശ്രവിച്ചത്. ദൈവവിളിയെപ്പറ്റി പ്രതിപാദിക്കുന്ന ഈ സുവിശേഷ ഭാഗം വൈദീകരുടേയും, സന്യസ്തരുടേയും മാത്രം ദൈവവിളിയെപ്പറ്റിയല്ല പരാമർശിക്കുന്നത്. മറിച്ച് യേശുവിനെ അനുഗമിക്കുന്ന ഓരോ വിശ്വാസിക്കും ഇന്നത്തെ സുവിശേഷം മാതൃകയാണ്. ഇന്നത്തെ ലോകത്തിൽ എങ്ങനെയാണ് നാം യേശുവിന് സാക്ഷ്യം നൽകേണ്ടതെന്നും, പ്രേക്ഷിത ദൗത്യം എന്താണന്നും, എങ്ങനെയാണെന്നും രണ്ട് ഘട്ടങ്ങളിലൂടെ വി.യോഹന്നാൻ സുവിശേഷകൻ നമുക്ക് വ്യക്തമാക്കുന്നു.

ഓരോ ക്രിസ്ത്യാനിയും യേശുവിനെ കാണിച്ച് കൊടുക്കുന്ന ചൂണ്ടുപലക

ഒന്നാമത്തെ ഘട്ടത്തിൽ യേശുവിനെ നോക്കി സ്നാപക യോഹന്നാൻ തന്റെ ശിഷ്യന്മാരോട് “ഇതാ ദൈവത്തിന്റെ കുഞ്ഞാട്” എന്നുപറയുകയാണ്. പെസഹാ തിരുനാൾ ആഘോഷിക്കുന്ന ഏതൊരു യഹൂദനും മനസ്സിലാകുന്ന ഭാഷയിലാണ് സ്നാപകൻ തന്റെ ശിഷ്യരോട് സംസാരിക്കുന്നത്. പ്രവാസകാലം മുതൽ തന്നെ യഹൂദജനത്തെ വീണ്ടും ദൈവവുമായി രമ്മിപ്പിക്കുന്ന, എല്ലാ പാപങ്ങളും നീക്കുന്ന ദൈവകുഞ്ഞാടിനെ അവർ കാത്തിരുന്നു. അതുകൊണ്ടു തന്നെയാണ് സ്നാപകന്റെ വാക്കുകൾ കേട്ടയുടനെ ശിഷ്യന്മാർ യേശുവിനെ അനുഗമിക്കുന്നത്. വിശ്വാസ ജീവിതത്തിന്റേയും, പ്രേക്ഷിത പ്രവർത്തനത്തിന്റേയും വലിയ പാഠം സ്നാപകൻ നമ്മെ പഠിപ്പിക്കുന്നു. ഓരോ ക്രിസ്ത്യാനിയും മറ്റുള്ളവർക്ക് യേശുവിനെ കാണിച്ച് കൊടുക്കുന്ന ചൂണ്ടുപലകയാണ്.

കൂടെ വസിക്കുക

യേശുവിനെ കാണുന്ന ശുഷ്യർ അവനെ അനുഗമിക്കുകയും, യേശുവിന്റെ കൂടെ പോകുകയും അവനോടൊപ്പം വസിക്കുകയും ചെയ്യുന്നു. വി.യോഹന്നാന്റെ സുവിശേഷത്തിൽ “വസിക്കുക” എന്നുപറഞ്ഞാൽ വെറുതെ കൂടെ താമസിക്കുക എന്നർയത്ഥത്തെക്കാളുപരി പരസ്പരമുള്ള ആഴമേറിയ ബന്ധത്തേയും, അറിവിനേയും കാണിക്കുന്നു. യേശുവിനെ കാണുമ്പോൾ ഈ ശിഷ്യന്മാർ ചോദിക്കുന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. “റബ്ബീ, അങ്ങ് എവിടെയാണ് വസിക്കുന്നത്?”. യേശു എവിടെയാണ് വസിക്കുന്നതെന്ന ചോദ്യം അന്നും ഇന്നും പ്രസക്തമാണ്. തിരുവചനത്തിൽ നാം അതിന് പല ഉത്തരങ്ങളും കാണുന്നുണ്ട്. യേശു നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്നു. രണ്ടോ മൂന്നോ പേർ യേശുവിന്റെ നാമത്തിൽ എവിടെ ഒരുമിച്ച് കൂടുന്നുവോ അവൻ അവിടെയുണ്ടെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. വചനം പങ്ക് വയ്ക്കുമ്പോഴും, പുണ്യപ്രവർത്തികൾ ചെയ്യുമ്പോഴും അവിടെയും യേശു വസിക്കുന്നു. എന്നാൽ ഇതിന് എല്ലാറ്റിനും ഉപരിയായി യേശു വസിക്കുന്ന സ്ഥലം നമ്മുടെ ഇടവക ദേവാലയമാണ്. ഇവിടെയാണ് യേശുവിന്റെ ബലിയുടെ ഓർമ്മ പുതുക്കപ്പെടുന്നത്. ഇവിടെയാണ് നാം ദിവ്യകുഞ്ഞാടിന്റെ തിരുശരീര രക്തങ്ങൾ കാണുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ദേവാലയത്തിലാണ് നാം ഉറപ്പായും യേശുവിനോട് കൂടെ വസിക്കുന്നത്. എല്ലാ വചന കൂട്ടായ്മകളുടെയും, പ്രാർത്ഥനാ യോഗങ്ങളുടെയും, ഉപവി പ്രവർത്തികളുടെയും അടിസ്ഥാനം ദേവാലയത്തിലെ ദിവ്യസക്രാരിയിലെ യേശുവിന്റെ വാസമാണ്. ശിഷ്യത്വത്തിന്റെ ഒന്നാമത്തെ ഘട്ടം ഇടവക ദേവാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നാം പോകുന്നു യേശുവിനെ കാണുന്നു, അവനൊപ്പം വസിക്കുന്നു. ഇത് നമ്മെ പ്രേക്ഷിത ഭൗത്യത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലേയ്ക്ക് ഒരുക്കുന്നു.

പങ്കുവയ്ക്കുക

എന്താണ് രണ്ടാമത്തെ ഘട്ടം? നാം കാണുകയും, കേൾക്കുകയും, കൂടെവസിച്ച് മനസിലാക്കുകയും ചെയ്ത യേശുവിനെക്കുറിച്ച് മറ്റുള്ളവരോടും പങ്കുവയ്ക്കുക. ശിഷ്യനായ അന്ത്രയോസ് ചെയ്യുന്നതും അതാണ്. “ഞങ്ങൾ മിശിഹായെ കണ്ടു” എന്ന് പറഞ്ഞ് കൊണ്ട് തന്റെ സഹോദരനായ ശിമയോനെ യേശുവിന്റെ അടുക്കലേയ്ക്ക് കൊണ്ടുവരുന്നു. പിൽക്കാലത്ത് എടുത്തു ചാട്ടക്കാരനും, അൽപ്പവിശ്വാസിയുമാണെന്ന് നാം മനസ്സിലാക്കുന്ന ശിമയോനെ ആദ്യമെ “പാറ” എന്ന് വിളിച്ചുകൊണ്ട് ശിഷ്യ പ്രമുഖനായി യേശു സ്വീകരിക്കുന്നു.

യോഹന്നാൻ തന്റെ ശിഷ്യന്മാർക്ക് യേശുവിനെ കാട്ടിക്കൊടുക്കുന്നു. ആ യേശുവിനെ അനുഭവിച്ചറിഞ്ഞ ശിഷ്യന്മാർ മറ്റൊരുവനെ യേശുവിന്റെ അടുക്കലേയ്ക്ക് കൊണ്ടുവരുന്നു. ഇങ്ങനെ ഒരു ചങ്ങല പോലെ തുടരുന്നതാണ് ക്രിസ്തുവിന്റെ അനുയായികൾ – ക്രിസ്ത്യാനികൾ – അതാണ് നമ്മൾ. നമ്മിലൂടെ ഈ ദൗത്യം തുടരണം. പ്രേക്ഷിത പ്രവർത്തനത്തിനായി എല്ലാവിധ ആധുനിക സംവിധാനങ്ങളും, നവമാധ്യമങ്ങളും ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തിലും, തിരുസഭയോട് ചേർന്ന് നിൽക്കുന്ന മാതൃകപൂർണ്ണമായ ക്രൈസ്തവ ജീവിതമാണ് ഏറ്റവും വലിയസാക്ഷ്യം എന്നോർമിച്ചുകൊണ്ട് നമുക്കീ ദൗത്യം തുടരാം.

ആമേൻ.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker