Articles

സോദരന്റെ കാവലാളാകാന്‍; കേരള ലത്തീന്‍ സമുദായദിനം ഡിസംബര്‍ 6-ന്

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

പ്രചോദനവും പ്രേരണയുമായി കേരള ലത്തീന്‍ സമുദായദിനം ഡിസംബര്‍ 6 ഞായറിന് ആചരിക്കുമ്പോള്‍ സമിശ്രവികാരമാണുള്ളത്. ഫ്രാന്‍സിസ് പാപ്പായുടെ ചാക്രിക ലേഖനം “എല്ലാവരും സോദരര്‍” (ഫ്രത്തേല്ലി തൂത്തി) സമുദായ ദിനാചരണത്തിന് ദിശാബോധം നല്‍കുന്നു. മൂന്നാം ഖണ്ഡിക, ‘അതിരുകളില്ലാതെ’ എന്നതു വിവരിക്കുമ്പോള്‍ ഫ്രാന്‍സിസ് അസ്സീസി, ഈജിപ്തിലെ സുല്‍ത്താന്‍ മാലിക്-അല്‍-കമിലിനെ സന്ദര്‍ശിച്ചത് സൂചിപ്പിക്കുന്നു. ഉദ്ഭവത്തിന്റെയോ, ദേശീയതയുടെയോ, വര്‍ണ്ണത്തിന്റെയോ, മതത്തിന്റെയോ വ്യത്യസ്തതകള്‍ക്ക് അപ്പുറമായിരുന്നു വി.ഫ്രാന്‍സിസിന്റെ തുറവി. എന്നാല്‍, സമുദായദിനത്തിനായി സന്ദേശമായും, വിഷയമായും, മുദ്രാവാക്യമായും “സഹോദരന്റെ കാവലാളാവുക” എന്നു മുഴങ്ങിക്കേള്‍ക്കുന്നത് പ്രായോഗിക ജീവിതത്തില്‍ നിലനിര്‍ത്താന്‍ അത്ര എളുപ്പമല്ല.

ബി.സി.സി., കെ.എല്‍.സി.എ., കെ.എല്‍.സി.ഡബ്ല്യു.എ. എന്നിവയോട് ചേര്‍ന്നുസഞ്ചരിച്ച കഴിഞ്ഞ നാളുകളില്‍ നിന്നു ലഭിക്കുന്ന ബോധ്യം സഹോദരനാവുക, കാവലാളാവുക എന്നത് വലിയ വെല്ലുവിളിയാണെന്നാണ്. സ്വയം ചെറുതായി, അപരനെ വലുതാക്കുക എന്ന ക്രിസ്തുസന്ദേശം ജിവിതത്തില്‍ പകര്‍ത്തിയ അസ്സീസിയിലെ വി.ഫ്രാന്‍സിസ്, തനിക്കു ചാക്രികലേഖനമെഴുതാന്‍ കാരണമായെന്ന പാപ്പായുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ അതു സാധ്യമായേക്കും.

12 രൂപതകളിലായി, വ്യത്യസ്ത പ്രാദേശിക ഭാഷ, സംസ്കാരം, ശൈലി, തൊഴില്‍ എന്നിങ്ങനെ വിവേചനത്തിന്റെയും വിഭാഗീയതയുടെയും അതിര്‍വരമ്പുകള്‍ ഇനിയും മാറേണ്ടതുണ്ട്. രൂപതകള്‍ക്കുള്ളില്‍ വിവിധ തലങ്ങളില്‍ സഭാനേതൃത്വവും, അല്‍മായ നേതൃത്വവും പരസ്പരം ബഹുമാനിച്ചും സഹകരിച്ചും വളരാനും വളര്‍ത്താനും സാധിക്കണം. സമുദായ ദിനത്തില്‍ നിന്നും സമുദായവാരവും, സമുദായ മാസവും, സമുദായ വര്‍ഷവുമായി മാറിയെങ്കില്‍ മാത്രമേ സത്താപരമായ മാറ്റവും ഫലവുമുണ്ടാവുകയുള്ളു. അതിനാല്‍ കേവലമൊരു ദിനാചരണത്തില്‍ ഒതുങ്ങാതെ, ആളുന്ന ആവേശം കൈമാറി തുടര്‍ പ്രക്രിയയാകേണ്ട സമുദായ പരിശീലനവും പരിപോഷണവുമാണ് ആവശ്യം.

സമുദായദിനം നൽകുന്ന/നൽകേണ്ട പാഠങ്ങള്‍

1. മഹാമാരിയില്‍ ലോകം പകച്ചും വിറച്ചും നില്‍ക്കുമ്പോള്‍ സഭയുടെയും സമുദായത്തിന്റെയും കരുതലില്‍ പരസ്പരം സോദരരായി മാറിയതിന്റെ ചരിത്രം എല്ലാ രൂപതകളിലുമുണ്ട്.
2. വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഓരോ രൂപതയിലും നിന്നും ലഭിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ വിജയങ്ങളും നേട്ടങ്ങളും സാഹോദര്യത്താല്‍ ഉയരങ്ങള്‍ കീഴടക്കാമെന്നതിനു ബലം നല്‍കുന്നു.
3. പെട്ടിമുടി, രാജാമല, വിഴിഞ്ഞം, ചെല്ലാനം പ്രദേശത്തെ ജനങ്ങളെ ഒന്നായിക്കണ്ട് സമുദായദിനത്തിന്റെ ഭാഗമായുള്ള സജീവചര്‍ച്ചയായെടുത്ത, തിരസ്കരിക്കപ്പെടുന്ന ഇടങ്ങളും അവഗണിക്കപ്പെടുന്ന സമൂഹങ്ങളും എന്നത് തുടര്‍പ്രവര്‍ത്തനമാക്കി, മുഖ്യധാരയിലേക്കുകൊണ്ടുവരേണ്ടതാണ്.
4. തിരഞ്ഞെടുപ്പില്‍ സമുദായനേതാക്കള്‍ക്ക് പ്രാതിനിധ്യസ്വഭാവത്തോടെയും, സാമൂഹ്യനീതിയോടെയും പലയിടത്തും അവസരം നല്‍കിയല്ല എന്ന പരാതിയുമായാണ് സമുദായദിനമാഘോഷിക്കപ്പെടുന്നത്. സമുദായാംഗങ്ങള്‍ പരസ്പരം റിബല്‍ സ്ഥാനാര്‍ത്ഥിയായിക്കൊണ്ട് ബലം നഷ്ടപ്പെടുത്തുന്നതും മനസ്സിലാക്കുന്നു. മറ്റൊരാള്‍ക്കായി മാറിനില്‍ക്കാതെ, നേതൃത്വത്തിന്റെ ചില ശാഠ്യസ്വഭാവങ്ങള്‍ പരാജയങ്ങള്‍ക്ക് വഴിവെയ്ക്കുന്നത് പാഠമാക്കാത്തത് കഷ്ടമാണ്.
5. ക്രിസ്തുമസ്സിനൊരുക്കമായുള്ള ആഗമനകാലത്തെ സമുദായദിനത്തില്‍, പ്രതീക്ഷയുടെ നക്ഷത്രവെളിച്ചങ്ങള്‍ മുന്നിലുണ്ട്. ഇവയാണ് ഏതാനും ചിലത്: യുവജനങ്ങള്‍, സ്ത്രീകള്‍, വിവിധ പ്രായക്കാര്‍, വ്യത്യസ്ത രാഷ്ട്രീയമുന്നണികളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്; ആയിരംതൈയ്യിലെ ലിന്‍സി-സിജോ ദമ്പതികളുടെ M.B.B.S. വിജയത്തിലെ മാതൃക; വാടയക്കല്‍ സ്വദേശിയായ അശ്വിന്‍ ബി.ഈപ്പന്‍ കേരള ദലിത് യുവജന ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്, etc.

സമുദായത്തിനുള്ളിലെ ഏവരേയും സോദരരായികാണാനുള്ള സന്ദേശം അശ്വിനിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ലത്തീന്‍ കത്തോലിക്കനായ, മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിരുദദാരിയായ, പ്രവാസി ഇന്റെര്‍നാഷണല്‍ ലീഗല്‍ സര്‍വ്വീസ് ജോയിന്‍റ് സെക്രട്ടറിയായ, ഈ യുവാവ് സ്വന്തമിഷ്ടത്താലും താല്പര്യത്താലും പിന്നോക്കക്കാര്‍ക്കായി നിലകൊള്ളുന്നതിനുള്ള ബഹുമതിയാണ് ഈ സ്ഥാനലബ്ദി.

“സോദരന്റെ കാവലാളാകാന്‍”, സമുദായത്തെ അഭിമാനത്തോടും ആദരവോടുംകൂടി കാണാനും, കൂടെയുള്ളവരെ ചേര്‍ത്തുനിര്‍ത്തി ഉയര്‍ത്താനും സാധിക്കട്ടെ. സമുദായ ദിനാശംസകള്‍…

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker