പെസഹാക്കാലം ആറാം ഞായർ
ഒന്നാംവായന: അപ്പൊ.10:25-26, 34-35, 44-48
രണ്ടാംവായന: 1 യോഹന്നാൻ 4:7-10
സുവിശേഷം: വി.യോഹന്നാൻ 15:9-17
ദിവ്യബലിയ്ക്ക് ആമുഖം
കഴിഞ്ഞ ഞായറാഴ്ച യേശു മുന്തിരിച്ചെടിയും നാം അതിന്റെ ശാഖകളുമാണെന്ന തിരുവചന ഭാഗം ശ്രവിയ്ക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയായി നാം ദാസന്മാരല്ല സ്നേഹിതന്മാരാണെന്ന് യേശു ഇന്ന് നമ്മോട് പറയുന്നു. ഇന്നത്തെ ഒന്നാംവായനയിൽ തന്നിൽ വിശ്വസിക്കുന്ന എല്ലാവരുടെ മേലും യഹൂദനെന്നോ, വിജാതീയനെന്നൊ വ്യത്യാസമില്ലാതെ ദൈവം തന്റെ ആത്മാവിനെ അയയ്ക്കുന്നതും ശ്രവിക്കുന്നു. ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും രക്ഷയിലേയ്ക്ക് നയിക്കുന്ന ദൈവത്തിന്റെ സന്നിധിയിൽ വന്നിരിക്കുന്ന നമുക്ക് സ്നേഹത്തിന്റെ ഈ വചനം ശ്രവിക്കാം, സ്നേഹത്തിന്റെ ഈ തിരുബലി അർപ്പിക്കാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
അന്ത്യ അത്താഴ വേളയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് തന്റെ ശിഷ്യന്മാരും ഭാവിയിലെ ക്രിസ്തു വിശ്വാസികളും എങ്ങനെയായിരിക്കണമെന്ന യേശുവിന്റെ ഉപദേശങ്ങളുടെ തുടർച്ചയാണ് നാമിന്ന് സുവിശേഷത്തിൽ ശ്രവിച്ചത്. ഇന്നത്തെ തിരുവചനങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന രണ്ട് യാഥാർത്ഥ്യങ്ങളാണ് സ്നേഹവും, സൗഹൃദവും. ആദ്യമേതന്നെ ഈ ആശയങ്ങളുടെ പഴയനിയമ പശ്ചാത്തലം യഥാക്രമം നമുക്ക് പരിശോധിക്കാം.
യഹൂദമതത്തിന്റെ ആത്മാവും ജീവനുമാണ് “ദൈവസ്നേഹം”, അവരുടെ ദൈനംദിന പ്രാർത്ഥനകൾ തന്നെ ദൈവത്തെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ ശക്തിയോടും സ്നേഹിക്കണമെന്നാണ്. ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ച് കൊണ്ടാണ് അവർ ദൈവസ്നേഹം പ്രകടിപ്പിച്ചത്. എന്നാൽ പുതിയ നിയമത്തിൽ യേശു സ്നേഹത്തെ തന്നെ പുതിയ ഒരു നിയമമായി നൽകുകയാണ്. പരസ്പരം സ്നേഹിച്ചു കൊണ്ട് ദൈവസ്നേഹം പ്രകടിപ്പിക്കുന്ന, സ്നേഹിതനു വേണ്ടി സ്വന്തം ജീവൻപോലും ബലിനൽകുന്ന സ്നേഹത്തിന്റെ ഒരു പുതിയ നിയമം വിശ്വാസികളായ നമുക്ക് യേശു നൽകുന്നു. സ്നേഹത്തിനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലന്ന യേശുവിന്റെ വാക്കുകൾ പിന്നീട് കുരിശിൽ കിടന്ന്കൊണ്ട് “എല്ലാം പൂർത്തിയായി” എന്ന് പറഞ്ഞുകൊണ്ട് യേശു തന്നെ നിറവേറ്റുന്നു.
പഴയ നിയമത്തിൽ ദൈവദാസന്മാരായ അബ്രഹാമിനേയും, മോശയേയും, പ്രവാചകന്മാരേയുമൊക്കെ പലപ്പോഴായി ദൈവത്തിന്റെ സ്നേഹിതന്മാരായി വിശേഷിപ്പിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ആത്മാർത്ഥ സുഹൃത്തിനു എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തി കൊടുക്കുന്നതുപോലെ ദൈവത്തിന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ ദൈവം അവർക്ക് തന്റെ പദ്ധതികൾ വെളിപ്പെടുത്തി കൊടുക്കുന്നു. ഈ പഴയനിയമ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് വേണം “ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു” എന്ന യേശുവിന്റെ വാക്കുകൾ നാം മനസ്സിലാക്കേണ്ടത്. ദാസനും, സ്നേഹിതനും തമ്മിലുള്ള വ്യത്യാസം നമുക്കെല്ലാവർക്കും അറിയാം. ദാസൻ ഭയത്തോടു കൂടി യജമാനന്റെ ആജ്ഞകളെ അന്ധമായി അനുസരിക്കുന്നു. അവനു യജമാനനോട് സ്നേഹത്തേക്കാളേറെ ഭയമാണ്. അവൻ കാര്യമെന്താണെന്നറിയാതെ യാന്ത്രികമായി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നു. അവന് അവകാശങ്ങളില്ല കടമകൾ മാത്രമെ ഉള്ളു. എന്നാൽ സൗഹൃദത്തിന്റെ കാര്യം അങ്ങനെയല്ല. ആത്മാർത്ഥ സുഹൃത്തുക്കൾ തമ്മിൽ രഹസ്യങ്ങളൊന്നുമില്ല, അവർ പരസ്പരം തുറന്ന മനോഭാവത്തോടെ ഇടപെടുന്നു, എല്ലാം പങ്ക് വയ്ക്കുന്നു. പിതാവിൽ കേട്ടതൊക്കെയും നമുക്ക് പറഞ്ഞുതന്നുകൊണ്ട് ഒരു മഹോന്നതമായ “സ്‌നേഹിത പദവിയിലേയ്ക്കാണ്” യേശു നമ്മെ ഉയർത്തിയിരിക്കുന്നത്.
യുദ്ധവും, വർഗ്ഗീയതയും, കുടിപ്പകയും നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത് സ്നേഹത്തിന്റെ നിയമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ രണ്ടാം വായനയും പരസ്പരം സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്നതും. യേശു വിഭാവന ചെയ്ത സ്നേഹത്തിന്റെ സഭയും സംസ്കാരവും തമ്മിലൂടെ നിറവേറപ്പെടേണ്ട നിരന്തര പ്രക്രീയയാണ്. അന്ത്യ അത്താഴ വേളയിൽ യേശുവിന് ചുറ്റും ഒരുമിച്ച്കൂടിയ ചെറിയ ഒരു ശിഷ്യഗണത്തിൽനിന്നും ഇന്ന് ലോകം മുഴുവൻ കോടിക്കണക്കിന് വിശ്വാസികളുള്ള സാർവ്വത്രികസഭയായി തിരുസഭ മാറിക്കഴിഞ്ഞു. ഈ സഭയിലെ ഓരോ വ്യക്തിയും യേശുവിന്റെ സ്നേഹിതനും, പരസ്പരം സുഹുത്തുക്കളുമാണ്. തിരുസഭയിലും ഇടവകയിലും ചെറുതും വലുതുമായ ശുശ്രൂഷ ചെയ്യുന്നവർ യേശുവിന്റെ സ്നേഹത്തിന്റെ നിയമം സഭയിൽ പ്രാവത്തികമാക്കാൻ വിളിക്കപ്പെട്ടവരാണ് അതുപോലെ തന്നെ സഭയിലുള്ളവരെല്ലാം സ്നേഹിതന്മാരാണെങ്കിൽ തുറന്ന് പങ്കുവയ്ക്കുന്ന സുതാര്യമായ ഒരു സഭയേയും ഇന്നത്തെ സുവിശേഷം വിഭാവനം ചെയ്യുന്നു.
ആമേൻ
ഫാ.സന്തോഷ് രാജൻ