സുഹൃത് ബന്ധം ദൃഡമാക്കി 1975 മേജര്‍ സെമിനാരി ബാച്ചുകാരുടെ സംഗമം ഇരിങ്ങാലക്കുടയില്‍
സുഹൃത് ബന്ധം ദൃഡമാക്കി 1975 മേജര്‍ സെമിനാരി ബാച്ചുകാരുടെ സംഗമം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട; 41 വര്‍ഷത്തെ സൗഹൃദം പുതുക്കി നെയ്യാറ്റിന്‍കര ബിഷപ്പും സുഹൃത്തുക്കളും ഇരിങ്ങാലക്കുട രൂപതയിലെ കല്ലേറ്റിന്‍കരയില്‍ ഒത്തുചേര്‍ന്നു. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സുമുവല്‍ ബോംബെയിലെ കല്ല്യാണ്‍ രൂപതാ ബിഷപ് ഡോ.തോമസ് ഇലവനാല്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് , തലശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍.വര്‍ഗ്ഗീസ് എളുകുന്നേല്‍ തുടങ്ങി 1975 ആലുവ ബാച്ചിലെ മേജര്‍ സെമിനാരിക്കാരുടെ കൂട്ടായ്‌മയാണ് ഇരിങ്ങാലക്കുടയില്‍ ഒത്തുചേര്‍ന്നത്.
സൗഹൃദത്തിന്റെ ഊഷ്‌മളത ആത്‌മീയ പ്രവര്‍ത്തനത്തില്‍ ചൈതന്യം നല്‍കുമെന്ന് കൂട്ടായമയുടെ അനുഭവം പങ്കുവച്ച് നെയ്യാറ്റിന്‍കര ബിഷപ് പറഞ്ഞു. കഴിഞ്ഞ തവണ നെയ്യാറ്റിന്‍കര രൂപതയിലെ ലോഗോസ് പാസ്റ്ററല്‍ സെന്ററിലായിരുന്നു സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നത്. അടുത്ത വര്‍ഷം കല്ല്യാണ്‍ രൂപതയില്‍ ഇവരുടെ 42 ാമത് സംഗമം നടക്കും. കേരളത്തിലെ 3 റീത്തുകളിലും ഉള്‍പ്പെടുന്ന വൈദികര്‍ ഈ കൂട്ടായ്‌മയിലുണ്ട്. പരസ്‌പരം ആശയങ്ങള്‍ പങ്കുവക്കാനും പുതിയ തീരുമാനങ്ങളിലൂടെ കരുത്തരാകാനും കൂട്ടായ്‌മ സഹായകമായെന്ന് വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ് പറഞ്ഞു.
ഇത്തവണ 32 പേരാണ് കൂട്ടായ്‌മയില്‍ പങ്ക് ചേര്‍ന്നത്. കൂട്ടായ്‌മയുടെ ഭാഗമായി നടന്ന ദിവ്യബലിയില്‍ കല്ല്യാണ്‍ രൂപതാ ബിഷപ് ഡോ.തോമസ് ഇലവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ വചന സന്ദേശം നല്‍കി.