സുവിശേഷം പ്രവർത്തിയിലാക്കി ഫാ.ജിജോ കുര്യന്‍
സുവിശേഷം പ്രസംഗിക്കാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാനുമെന്ന് തെളിയിച്ച് ഫാ.ജിജോ കുര്യന്‍
അനിൽ ജോസഫ്
ഇടുക്കി: വൈദികര്‍ പ്രസംഗത്തില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ ഫാ.ജിജോ കുര്യന്‍. ടാര്‍പ്പോളിനും ഓലക്കൂരയും പൊതിഞ്ഞ വീടുകള്‍ ധാരാളമുളളത് ഉത്തരേന്ത്യയിലാണെന്നാണ് വയ്പെങ്കിലും, നമ്മുടെ സ്വന്തം നാടായ കേരളവും പിന്നിലല്ലെന്ന തിരിച്ചറിവാണ് അച്ചനെകൊണ്ട് ‘നിര്‍ദ്ധനര്‍ക്ക് പാര്‍ക്കാനൊരിടം’ എന്ന സ്വപ്നത്തിലേക്ക് നയിച്ചത്.
പ്രളയാനന്തരം പകച്ച് നില്‍ക്കുന്ന കേരളത്തില്‍ പക്ഷെ കോടികളുടെ സൗധങ്ങള്‍ ഉയരുന്നതിലും കുറവുമില്ല. വെറും ’12 ദിവസം കൊണ്ട് രണ്ടോ മൂന്നോ പേര്‍ക്ക് താമസിക്കാവുന്ന ഒരു കൊച്ചു വീട്’ ഇതാണ് ഫാ.ജിജോയുടെ പദ്ധതി. വേണ്ടത് ഒന്നോ രണ്ടോ സെന്റ് വസ്തുമാത്രം. നിര്‍മ്മാണ ചെലവ് ഒന്നര ലക്ഷം മുതല്‍ 2 ലക്ഷം വരെ.
ഇടുക്കി ജില്ലയില്‍ മാത്രം അച്ചന്റെ ശ്രമഭലമായി 15 വീടുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഫേയ്സ് ബുക്ക് കൂട്ടായമയിലൂടെ പ്രവാസി മലയാളികളാണ് ഓരോ വീടിന്റെയും സ്പോണ്‍സര്‍മാര്‍. 220 മുതല്‍ 300 ചതുരശ്ര അടിയുളള വീടുകളാണ് അച്ചന്‍ നിര്‍മ്മിക്കുന്നത്. പ്ളാന്‍ തയ്യാറാക്കലും എസ്റ്റിമേറ്റ് ഉണ്ടാക്കലുമെല്ലാം അച്ചന്‍ സ്വന്തമായി തന്നെ. കൂടെ സഹായിക്കാന്‍ മേസ്തിരിയും സഹായികളുമുണ്ട്. സര്‍ക്കാര്‍ സഹായം ലഭിക്കാതെ വലയുന്നവരും മക്കളുപേക്ഷിച്ച മാതാപിതാക്കളുമായിരുന്നു ആദ്യം അച്ചന്റെ സഹായം ചോദിച്ചെത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ മറ്റുളളവരും സഹായത്തിനായി അച്ചനെ സമീപിക്കുന്നു.
ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൃഷിയിലും അച്ചന്‍ കാര്യമായി ഇടപെടുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവും അച്ചന്റെ ഹോബിയാണ്. പ്രസംഗത്തിലൂടെ സമൂഹത്തിന് നല്‍കുന്ന ആശയങ്ങള്‍ പ്രവര്‍ത്തിയിലൂടെ കാണിച്ച് കൊടുക്കന്ന വേറിട്ട അനുഭവമാണ് ജിജോ അച്ചന്റെ ജീവിതം.
കടപ്പാട് ; മലയാള മനോരമ