Kerala

സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവക ഇനി, തീർഥാടന കേന്ദ്രം

സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവക ഇനി, തീർഥാടന കേന്ദ്രം

പെരുമ്പാവൂർ : വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവകയായ പുല്ലുവഴി സെന്റ് തോമസ് പള്ളി ഇനി തീർഥാടന കേന്ദ്രം. ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദൈവാലയത്തെ എറണാകുളം അതിരൂപതയിലെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

തിരുശേഷിപ്പ് പ്രയാണത്തോടെയാണ‌ു ചടങ്ങുകൾ ആരംഭിച്ചത്. അൾത്താരയിൽ മുഖ്യകാർമികനായിരുന്ന കർദിനാൾ കാഴ്ച സമർപ്പണം സ്വീകരിച്ചു. മുഖ്യകാർമികനും സഹകാർമികരായ ബിഷപ്പുമാരും ചേർന്നു നിലവിളക്കു തെളിച്ച‌ു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ സഹോദരി സെൽമി പോൾ അടക്കമുള്ളവർ ബൈബിൾ വചനങ്ങൾ വായിച്ചു.

ബിഷപ് ഡോ. ജോസഫ് കരിയിൽ വചന സന്ദേശം നൽകി. തുടർന്ന് കുർബാനയ്ക്കൊടുവിൽ കർദിനാൾ പള്ളിയെ തീർഥാടന കേന്ദ്രമായി പ്രഖ്യാപി‌ച്ചു. സിസ്റ്റർ റാണി മരിയയിലൂടെ പുല്ലുവഴി പസിദ്ധമാകുമെന്ന് കർദിനാൾ പൊതുസമ്മേളനത്തിൽ പറഞ്ഞു.

ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ മാത്യു  വാണിയക്കിഴക്കേൽ, മാർ എഫ്രേം നരികുളം എന്നിവർ കുർബാനയിൽ സഹകാർമികരായി.

പള്ളിയോടു ചേർന്നു, സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന റാണി മരിയ മ്യൂസിയവുമുണ്ട്. റാണി മരിയയുടെ ബാല്യം,
വിദ്യാഭ്യാസം, പ്രേഷിത  പ്രവർത്തനം, രക്തസാക്ഷിത്വം എന്നിവ വിവരിക്കുന്ന മ്യൂസിയത്തിൽ സിസ്റ്റർ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. എംസി റോഡിൽ പെരുമ്പാവൂരിനും മൂവാറ്റുപുഴയ്ക്കും ഇടയിലാണ് പള്ളി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker